പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ വിഷമിക്കുന്ന വിഎസ്; യെച്ചൂരിയുടെ മരണത്തിൽ വേദനിച്ചു

പിറന്നാൾ ദിനത്തിൽ വിഎസിൻ്റെ വിശേഷങ്ങൾ മകൻ അരുൺ കുമാർ റിപ്പോർട്ടറിനോട് പങ്കുവെച്ചു

ഷെറിങ് പവിത്രൻ
4 min read|20 Oct 2024, 11:14 am
dot image

കേരള രാഷ്ട്രീയത്തിലെ പോരാട്ടനായകൻ വി എസ് അച്യുതാനന്ദൻ്റെ 101-ാം ജന്മദിനമാണിന്ന്. സാമ്രാജ്യത്തിനും മുതലാളിത്തത്തിനും വര്‍ഗ്ഗീയ ഫാസിസ്റ്റ് ശക്തികള്‍ക്കുമെതിരെ നിരന്തരം പോരാട്ടം നയിച്ച കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ തലയെടുപ്പുള്ള വിപ്ലവനേതാവ്. പ്രായം തളര്‍ത്താത്ത പോരാട്ട വീര്യവുമായി കേരള രാഷ്ട്രീയത്തിൽ സമാനതകളില്ലാത്ത വ്യക്തിമുദ്ര പതിപ്പിച്ച വിഎസിന് വിശേഷണങ്ങൾ ഏറെയാണ്. എന്നാൽ വിഎസിനെക്കുറിച്ച് മകൻ അരുൺ കുമാറിൻ്റെ അഭിപ്രായം വിഎസ് എന്ന കമ്യൂണിസ്റ്റ് സ്വന്തം കുടുംബത്തിൽ സൃഷ്ടിച്ച മൂല്യബോധത്തെക്കൂടി അടയാളപ്പെടുത്തുന്നുണ്ട്. 'എന്റെ അച്ഛന്‍ ഒരു കമ്യൂണിസ്റ്റുകാരനാണ്. ആ ജീവിതത്തിലുടനീളം അദ്ദേഹത്തോടൊപ്പം അഭിമാനത്തോടെ ഞങ്ങളും ഉണ്ടാകും' എന്ന് വിഎസിന്റെ മകന്‍ അരുണ്‍ കുമാർ പറയുമ്പോൾ അത് എല്ലാ മലയാളികളുടെയും ഹൃദയവികാരം കൂടിയായി മാറുന്നുണ്ട്. പിറന്നാൾ ദിനത്തിൽ വിഎസിൻ്റെ വിശേഷങ്ങൾ മകൻ അരുൺ കുമാർ റിപ്പോർട്ടറിനോട് പങ്കുവെച്ചു.

സ്‌നേഹനിധിയായ അച്ഛന്‍

അച്ഛന്‍ നൂറ് ശതമാനം രാഷ്ട്രീയക്കാരനാണ്. പക്ഷേ അദ്ദേഹം കാര്‍ക്കശ്യക്കാരനായി ഇതുവരെ അനുഭവപ്പെട്ടിട്ടില്ല. സ്‌നേഹ സമ്പന്നനായ, വാത്സല്യനിധിയായ ഒരു സാധാരണ മനുഷ്യന്‍ അതാണ് എനിക്ക് അച്ഛന്‍. ഞങ്ങള്‍, മക്കളുടെ പഠനകാര്യത്തിലും കുടുംബത്തിലെ മറ്റ് കാര്യങ്ങളിലും ഒരുപോലെ ശ്രദ്ധയുള്ള ആളായിരുന്നു അദ്ദേഹം. പ്രത്യേകിച്ച് പഠിക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും വേണ്ടന്നു പറയുമായിരുന്നു. പഠനമാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യമെന്നായിരുന്നു അച്ഛന്റെ പക്ഷം. വീട്ടില്‍ വരുമ്പോഴെല്ലാം അത്തരം കാര്യങ്ങളാണ് അച്ഛന്‍ ചോദിക്കാറുള്ളതും. അത് കഴിഞ്ഞാല്‍ കുടുംബത്തിലുള്ള എല്ലാകാര്യത്തിലും ശ്രദ്ധിക്കുന്ന സ്‌നേഹമുള്ള അച്ഛനാണ് എന്റെ ഓര്‍മയിലുളളത്. അദ്ദേഹം നൂറ് ശതമാനം രാഷ്ട്രീയക്കാരനാണ്. ഒരു കമ്യൂണിസ്റ്റുകാരനാണ്. അദ്ദേഹത്തിന്റെ ജീവിതമാണ് ഇത്. ഞങ്ങളെല്ലാം അതുമായി ട്യൂണ്‍ഡായി ജീവിക്കുന്നവരാണ്. അതില്‍ അഭിമാനിക്കുകയും ചെയ്യുന്നു. കുടുംബനാഥനും, അച്ഛനും, അപ്പൂപ്പനും ഒക്കെ ആയിട്ടുള്ള റോളുകളെല്ലാം ഒരുപോലെ പ്രാധാന്യം കൊടുത്തിട്ടുള്ള ആളാണ് അദ്ദേഹം.

ചിട്ടകളൊക്കെ ഇപ്പോള്‍ ഡോക്ടര്‍മാരുടെ നിയന്ത്രണത്തില്‍

വര്‍ഷങ്ങളോളം വിട്ടുവീഴ്ചയില്ലാതെ ചിട്ടയോടെ ജീവിച്ചയാളാണ് അച്ഛന്‍. രാവിലെ അഞ്ചരമണിക്ക് എഴുന്നേറ്റ് വീട്ടുമുറ്റത്തുള്ള നടത്തം. പിന്നെയല്‍പ്പം വിശ്രമം, പത്രവായന, യോഗ, വെയിലുകായല്‍ അങ്ങനെ ചിട്ടയോടെ ജീവിച്ചയാളാണ് അദ്ദേഹം. പക്ഷേ ആ ചിട്ടകളൊക്കെ പാലിച്ച് ജീവിച്ചിരുന്നത് പോലെയല്ല ഇപ്പോൾ. ഡോക്ടര്‍മാരുടെ നിയന്ത്രണത്തിലാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ജീവിതം. അവരാണ് ഇപ്പോള്‍ അച്ഛന്റെ ദൈനംദിന ആരോഗ്യവുമായി ബന്ധപ്പെട്ടുളള കാര്യങ്ങള്‍ ചിട്ടപ്പെടുത്തി തരുന്നത്. അവര്‍ തരുന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുളള കാര്യങ്ങളാണ് പിന്തുടരുന്നതും. രാവിലെയും വൈകുന്നേരവും പത്രം വായിച്ചുകൊടുക്കാറുണ്ട്. വൈകുന്നേരം ടിവിയില്‍ വാര്‍ത്ത കാണാറുണ്ട്. ടിവിയില്‍ കുട്ടികളുടെ പരിപാടികള്‍ കാണാനാണ് അച്ഛന് പണ്ടുമുതലേ ഇഷ്ടം. താല്‍പര്യമുളള വിനോദ ഉപാദിയാണ് ടിവി കാണല്‍. അത് ഇപ്പോഴും പിന്തുടരുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ട് പുറത്തുനിന്നുള്ള ആരെയും വീട്ടിലേക്ക് വരാന്‍ സമ്മതിക്കാറില്ല. പക്ഷേ ആരോഗ്യസ്ഥിതി മെച്ചമായി പോകുന്നു.

യച്ചൂരി സഖാവ് നല്‍കിയിരുന്ന കരുതല്‍

അച്ഛനുമായി വളരെ അടുത്ത ബന്ധമുള്ള ആളായിരുന്നു യച്ചൂരി സഖാവ്. അദ്ദേഹത്തിന്റെ മരണവാര്‍ത്ത അച്ഛനെ അറിയിച്ചിരുന്നു. അത്ര അടുത്ത ബന്ധമായതുകൊണ്ടുതന്നെ ആ വാര്‍ത്ത വളരെ വേദനയുണ്ടാക്കുന്ന കാര്യമായിരുന്നു. ഗോവിന്ദന്‍മാഷ് സെക്രട്ടറി ആയി ചാര്‍ജ്ജ് എടുക്കുന്ന സമയത്താണ് യച്ചൂരി സഖാവ് അവസാനമായി അച്ഛനെ കാണാന്‍ വീട്ടിലെത്തുന്നത്. അന്നത്തെ മീറ്റിംഗ് കഴിഞ്ഞ് ഗോവിന്ദന്‍ മാഷിനൊപ്പമാണ് വീട്ടില്‍ വന്നത്. കുറച്ച് സമയം ഇവിടെ ചെലവഴിച്ചിട്ടാണ് തിരികെ പോയത്. ആരോഗ്യം അത്രയും സൂക്ഷിക്കണം എന്നുള്ളതുകൊണ്ട് ഫോണിലൂടെയാണ് കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. അച്ഛനോട് പ്രത്യേക കരുതലായിരുന്നു യച്ചൂരി സഖാവിന്. നമ്മള്‍ ഒന്നും അങ്ങോട്ട് പറയേണ്ടതില്ല.

ഏറ്റവും വേദനിപ്പിക്കുന്നത് പ്രിയപ്പെട്ടവരുടെ വിയോഗം

അച്ഛനെ എപ്പോഴും വിഷമത്തോടെ കണ്ടിട്ടുള്ളത് പ്രിയപ്പെട്ടവരുടെ വിയോഗത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ്. പ്രത്യേകിച്ച് അച്ഛന്റെ
അമ്മയെക്കുറിച്ചും അമ്മയെ സംബന്ധിക്കുന്ന കഥകള്‍ പറയുമ്പോഴും. അച്ഛന് വയ്യാതായതിന് ശേഷമാണ് എനിക്ക് കൂടെ യാത്രചെയ്യാനും മറ്റും അവസരം ലഭിക്കുന്നത്. അല്ലാത്ത സമയങ്ങളിലെല്ലാം ഒറ്റയാക്കാണല്ലോ യാത്ര. കാണുന്നതും വീട്ടില്‍ വരുമ്പോള്‍ മാത്രം. ഒന്നിച്ച് യാത്രചെയ്യുമ്പോഴും ഒരുമിച്ച് സമയം ചെലവഴിക്കുമ്പോഴും വളരെ അടുപ്പമുള്ള ആള്‍ക്കാരുടെ വിയോഗമൊക്കെ വരുമ്പോള്‍ അദ്ദേഹം വിഷമിക്കുന്നത് കണ്ടിട്ടുണ്ട്. അതുപോലെ സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങളൊക്കെ വരുമ്പോള്‍ അദ്ദേഹം അതിനെക്കുറിച്ച് ആവലാതിപ്പെടുന്നത് കണ്ടിട്ടുണ്ട്.

Content Highlights: V A Arun Kumar Shares V S Achuthanandan daily routine on his birthday

dot image
To advertise here,contact us
dot image