മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിന് കാലതാമസം ഉണ്ടാകില്ല; മന്ത്രി കെ രാജൻ| Interview

മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളോട് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ പ്രതികരിക്കുന്നു

dot image

മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം നടന്നിട്ട് മൂന്ന് മാസം പിന്നിടുമ്പോഴും ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട ആശങ്കകളും അനിശ്ചിതത്വങ്ങളും ബാക്കിയാണ്. പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ ഭൂമിയുമായി ബന്ധപ്പെട്ട കോടതി വ്യവഹാരങ്ങളും നടപടിക്രമങ്ങളും ഇനിയും വൈകുമോയെന്ന ചോദ്യവും അവശേഷിക്കുന്നുണ്ട്. പുനരധിവാസ പ്രവർത്തനങ്ങളുടെ ഗതിവേഗം വർദ്ധിപ്പിക്കേണ്ടതുണ്ടെന്ന ആവശ്യവും ഈ ഘട്ടത്തിൽ ശക്തമാണ്. മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഉയരുന്ന ചർച്ചകളോട് പ്രതികരിക്കുകയാണ് റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ.

മുണ്ടക്കൈയിലെ പുനരധിവാസത്തിനായി സർക്കാർ കണ്ടെത്തിയ എസ്റ്റേറ്റ് ഭൂമിയുടെ ഉടമകൾ കോടതിയെ സമീപിച്ചിരിക്കുകയാണല്ലോ. ഇത് പുനരധിവാസ പദ്ധതിയുടെ മുന്നോട്ടുപോക്കിനെ ബാധിക്കുമോ?

നിലവിലെ സാഹചര്യത്തിൽ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരുടെ പുനരധിവാസത്തിൽ കാലതാമസം വരേണ്ട സാഹചര്യമില്ല. ഭൂമി ഏറ്റെടുക്കൽ നിയമം 2013ന്റെ നടപടിക്രമങ്ങൾ അനുസരിച്ച് 120 ദിവസമെങ്കിലും ഏറ്റവും ചുരുങ്ങിയത് നിർബന്ധിത കാലയളവ് അതിന് ആവശ്യമാണ്. രണ്ടാമത് ഇതിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കങ്ങളുണ്ട്. ദുരന്തനിവാരണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത് ഭൂമിയുടെ കൈവശാവകാശം വേഗത്തിൽ കിട്ടാൻ വേണ്ടിയാണ്. ആവശ്യമായ നഷ്ടപരിഹാരം നൽകി ഭൂമിയേറ്റെടുക്കണമെന്ന വാദമാണ് ബന്ധപ്പെട്ട എസ്റ്റേറ്റുകൾ കോടതിയിൽ ഉന്നയിക്കുന്നത്. അർഹമായ നഷ്ടപരിഹാരം അർഹതപ്പെട്ടവർക്ക് നൽകുന്നതിന് ഒരു തർക്കവും സർക്കാരിനില്ല. അർഹമായ നഷ്ടപരിഹാരം കൊടുത്ത് തന്നെ ഭൂമി ഏറ്റെടുക്കാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അത് കോടതിയെ ബോധ്യപ്പെടുത്തും. പിന്നെയതിന്റെ അർഹതയാണ്. അത് കോടതി നിശ്ചയിക്കട്ടെ. കോടതി നിശ്ചയിക്കുന്ന മുറയ്ക്ക് എവിടെയും പണം കെട്ടിവെയ്ക്കാൻ സർക്കാർ തയ്യാറാണ്. ഇത് കോടതിയെ ബോധ്യപ്പെടുത്തും. കോടതിയ്ക്ക് ഇത് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനാൽ തന്നെ പുനരധിവാസത്തിനായി ഭൂമി ഏറ്റെടുക്കുന്നതിൽ കാലതാമസമുണ്ടാകില്ല. നവംബർ നാലിന് ഇതുമായി ബന്ധപ്പെട്ട കേസ് കേൾക്കാൻ കോടതി നിശ്ചയിച്ചിട്ടുണ്ട്. അന്ന് പോസിറ്റീവായ ഒരു നിലപാട് കോടതി എടുക്കുമെന്നാണ് പ്രതീക്ഷ.

കോടതി വ്യവഹാരം നീണ്ട് പോയാലോ?

സ്ഥലം ഏറ്റെടുക്കുക എന്നത് സർക്കാരിന്റെ അധികാരത്തിൽ പെടുന്നതാണ്. അത് വേണ്ടെന്ന് പറയാൻ കഴിയില്ലല്ലോ. അതിന് സമയം വൈകാതിരിക്കാൻ അഡ്വാൻസ്ഡ് പൊസഷൻ കിട്ടാൻ നമ്മൾ അത് ഡിസാസ്റ്റർ ആക്ട് പ്രകാരം ഏറ്റെടുത്തു എന്നേയുള്ളു. അർഹമായ നഷ്ടപരിഹാരം കൊടുക്കുമോ എന്നതാണ് ചോദ്യം. അർഹമായ നഷ്ടപരിഹാരം കൊടുക്കും എന്നതാണ് സർക്കാരിന്റെ ഉത്തരം. അത് വേഗതയിലാകാൻ അഡ്വാൻസ് പൊസഷൻ എടുത്തുവെന്ന് മാത്രം. ഒരുകാര്യം ആവർത്തിച്ച് വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു. അർഹമായ നഷ്ടപരിഹാരം അർഹമായവർക്ക് കൊടുക്കുമെന്നതാണ് സർക്കാരിന്റെ നിലപാട്. അത് കൊണ്ട് വേറെ പ്രയാസമുണ്ടാകില്ല എന്നാണ് നമ്മൾ കണക്കാക്കുന്നത്.

തോട്ടം ഭൂമിയുമായി ബന്ധപ്പെട്ട് അനധികൃതമായി ഭൂമി കൈവശം വെയ്ക്കുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. ഇത്തരം സംവിധാനങ്ങൾ അടിയന്തിരസാഹചര്യങ്ങൾ ഉപയോഗിക്കുന്നതിനെപ്പറ്റി ആലോചിച്ചിരുന്നോ? അല്ലെങ്കിൽ അത്തരമൊരു സാധ്യത ഇനി മുന്നിലുണ്ടോ?

നിർമ്മാണത്തിലും പുനരധിവാസത്തിലും ഇന്നേവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത ലോകോത്തര മോഡലാണ് യഥാർത്ഥത്തിൽ കേരളം നടത്തുന്നത്. ആഗസ്റ്റ് 24ന്, ഈ ദുരന്തം സംഭവിച്ച് 24-ാമത് ദിവസം ക്യാമ്പിൽ കിടക്കുന്ന ആളുകളെ ഉൾപ്പെടെ പങ്കാളികളാക്കി എംഎൽഎമാർ ഉൾപ്പെടെയുള്ള മുഴുവൻ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും വിളിച്ച് ചേർത്ത് ചീഫ് സെക്രട്ടറി നേരിട്ട് പങ്കെടുത്ത് യോഗം നടത്തി. എങ്ങനെയാണ് പുനരധിവാസം വേണ്ടത്, എവിടെ പുനരധിവാസം വേണം, എന്താണ് നിങ്ങളുടെ അഭിപ്രായം എന്നാണ് ചോദിച്ചത്. അത്തരമൊരു മോഡൽ ഇന്ത്യയിലെവിടെയും നടന്നിട്ടില്ല. പുനരധിവാസത്തിനായി 25ഓളം എസ്റ്റേറ്റുകളാണ് നോക്കി കണ്ടത്. മധ്യപ്രദേശ് സർക്കാരുമായി കേരളം തർക്കത്തിലുള്ള ബീനാച്ചി എസ്റ്റേറ്റും കണ്ടിരുന്നു. മേപ്പാടി പഞ്ചായത്തിൽ അല്ലെങ്കിൽ അതിനോട് ചേർന്ന് വേണം പുനരധിവാസമെന്നാണ് ജനകീയ പുനരധിവാസ യോഗത്തിൽ എല്ലാവരും പറഞ്ഞത്. പുത്തുമലയിൽ നിന്ന് ഞങ്ങൾ ചൂരൽമലയിലെത്തി ഇനി അടുത്ത ദുരന്തത്തിന് ഏത് മലയിലേയ്ക്ക് ഞങ്ങൾ പലായനം ചെയ്യണമെന്നതായിരുന്നു ജനങ്ങൾക്ക് മുന്നിലുള്ള പ്രശ്‌നം. അതിനാലാണ് ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ഭൗമശാസത്രസംഘം ദുരന്തം നടന്ന പ്രദേശങ്ങളും കൂടാതെ പുനരധിവാസത്തിന് ആലോചിച്ച സ്ഥലങ്ങളും സന്ദർശിച്ചത്. ജനകീയ പുനരധിവാസത്തിനുള്ള ആലോചനാ യോഗത്തിന്റെ നിർദ്ദേശം, ജോൺ മത്തായിയുടെ ഭൗമശാസ്ത്രസംഘം ഏറ്റവും സുരക്ഷിതമാണെന്ന് കണ്ടെത്തിയ പ്രദേശം, ആ മാസം തന്നെ ചേർന്ന മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സർവ്വകക്ഷിയോഗത്തിലെ തീരുമാനം ഈ മൂന്നിന്റെയും പൊതുധാരണകളുടെ അടിസ്ഥാനത്തിലാണ് ഇപ്പോൾ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങളിലേയ്ക്ക് സർക്കാർ എത്തിച്ചേർന്നത്. ഈ രണ്ട് എസ്റ്റേറ്റുകളുമായി ഞാനും നിയമമന്ത്രിയും കൂടിക്കാഴ്ച നടത്തിയിരുന്നു. തങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം എന്ന കാര്യത്തിലേ അവർക്ക് തർക്കമുള്ളു, ആ തർക്കത്തിൽ ഞങ്ങൾക്കും തർക്കമില്ല. കേസുകൾ കേസുകളുടെ വഴിക്ക് നടക്കട്ടെ. എവിടെ വേണമെങ്കിലും സർക്കാർ പണം കെട്ടിവെയ്ക്കും. ഇത് കോടതിയെ ബോധ്യപ്പെടുത്തും. അഡ്വാൻസ് പൊസഷൻ എടുത്ത് ഒരു തീർപ്പുണ്ടാക്കിയാൽ ഈ വിഷയം വേഗത്തിൽ പരിഹരിക്കാം.

രണ്ടുഘട്ടമായിട്ടാണല്ലോ പുനരധിവാസ പ്രവർത്തനം ആലോചിച്ചിരിക്കുന്നത്? രണ്ടാം ഘട്ടം വൈകുമോ?

രണ്ട് ഘട്ടവും ഒരുപോലെ പ്രാവർത്തികമാക്കാനാണ് ആഗ്രഹിക്കുന്നത്. നവംബർ 13ന് തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ആദ്യഘട്ടത്തിലെ മുഴുവൻ ആളുകളുടെയും പേരുകൾ പ്രസിദ്ധീകരിക്കും. അതിൽ ജനങ്ങൾക്ക് അഭിപ്രായം പറയാനുള്ള അവസരം കൊടുക്കും. അഭിപ്രായം കേട്ട് പുതിയ ആളുകളെ ചേർക്കേണ്ടതുണ്ടെങ്കിൽ ഒരു ജനകീയ കമ്മിറ്റി അവർ അർഹരാണോ എന്ന് പരിശോധിക്കും. അത് പൂർത്തിയാക്കി കഴിഞ്ഞാൽ ഒന്നാംഘട്ടമായി. ജോൺ മത്തായി അടിസ്ഥാനമാക്കി നോ ടു ഗോ സോൺ ഏതാണെന്ന് പരിശോധിക്കും. അതായിരിക്കും രണ്ടാംഘട്ടം. അതൊരു ദീർഘകാല പരിപാടിയായിരിക്കില്ല. രണ്ടും ഏകദേശം ഒരോ സമയത്ത് തീർക്കാനാണ് ആലോചിക്കുന്നത്. ദുരന്തം നേരിട്ട് ബാധിച്ചവരുടെ പട്ടികയാണ് ആദ്യം തയ്യാറാക്കേണ്ടത് എന്നതിനാലാണ് അങ്ങനെ ആലോചിച്ചിരിക്കുന്നത്.

ഇവരുടെ പുനരധിവാസം പൂർണ്ണമായും പ്രാവർത്തികമാക്കാനുള്ള കാലയളവ് എത്രയായിരിക്കും?

ഇപ്പോൾ അതൊന്നും പറയുന്നില്ല. തിരഞ്ഞെടുപ്പിന്റെ കോഡ് ഓഫ് കോൺടാക്ട് നിലനിൽക്കുന്നതിനാൽ പുതിയ കാര്യങ്ങളൊന്നും പറയാൻ കഴിയില്ല.

300 രൂപവെച്ച് ആളുകൾക്ക് കൊടുക്കാൻ തീരുമാനിച്ചിരുന്നു, ബാങ്ക് വായ്പ എഴുതി തള്ളുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം പൂർണ്ണമായ അർത്ഥത്തിൽ പ്രാവർത്തികമാകുന്നുവെന്ന് മോണിട്ടർ ചെയ്യുന്നുണ്ടോ?

തീർച്ചയായും പല തവണ മോണിട്ടർ ചെയ്തിട്ടുണ്ട്. 10,11,12 വാർഡുകളാണ് ദുരന്തബാധിത വാർഡുകളായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ആ ദുരിത വാർഡിലെ ദുരിതബാധിതരായിട്ടുള്ള കുടുംബത്തിൽ ഏതെങ്കിലും ഒന്നിന് സർക്കാർ പ്രഖ്യാപിച്ച ധനാശ്വാസം കിട്ടുന്നില്ല എന്ന പരാതി രേഖാമൂലം നൽകിയാൽ അതിന്റെ പിറ്റേന്ന് കൊടുക്കാനുള്ള പണം സർക്കാരിന്റെ കൈയ്യിലുണ്ട്. പക്ഷെ ഇവർ ദുരിതബാധിതമായി പ്രഖ്യാപിക്കപ്പെട്ട വാർഡുകളിൽ ഉള്ളവരാകണം. ആർക്കെങ്കിലും പാരാതിയുണ്ടെങ്കിൽ അതിനായി വയനാട് കളക്ടറേറ്റിൽ അസിസ്റ്റന്റ് കളക്ടറുടെ നേതൃത്വത്തിൽ ഒരു സെല്ലുതന്നെ ഉണ്ടാക്കിയിട്ടുണ്ട്. പരാതി നൽകുന്നത് അർഹതപ്പെട്ടവരാണ് എന്ന് ബോധ്യപ്പെട്ടാൽ അനുകൂലനടപടി ഉടനടി ഉണ്ടാകും. ദേശസാൽകൃത ബാങ്കുകളുടെ കടം എഴുതി തള്ളാൻ ദേശീയ ദുരന്തനിവാരണ അതോറിറ്റിക്ക് പ്രത്യേക ഉത്തരവ് കൊടുക്കാൻ അധികാരമുണ്ട്. ദുരന്തം നടന്നിട്ട് ഇത്രയും ദിവസമായല്ലോ കേന്ദ്രസർക്കാർ എന്താണ് ചെയ്തത്. 30 ദിസത്തേയ്ക്ക് 300 രൂപവരെ കൊടുക്കാൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. എൻഡിഎംഎക്ക് വേണമെങ്കിൽ 90 ദിവസത്തേയ്ക്ക് പ്രഖ്യാപിക്കാം. പക്ഷെ അത് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഈ ദുരന്തം ഏത് വിഭാഗത്തിൽപ്പെട്ടതാണെന്ന് ഇതുവരെ വ്യക്തമാക്കിയിട്ടില്ല. ദുരന്തമേഖലയ്ക്കുള്ള അധികധനസഹായവും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ദേശസാത്കൃത ബാങ്കുകൾ കടം എഴുതിതള്ളണമെന്ന് ഇതുവരെ കേന്ദ്രം ആവശ്യപ്പെട്ടിട്ടില്ല. സംസ്ഥാനസർക്കാരിന്റെ അധികാരം വെച്ച് കടംഎഴുതി തള്ളാൻ സാധിക്കുക കേരള ബാങ്കിന്റെ മാത്രമാണ്. കേരള ബാങ്ക് അത് എഴുതിതള്ളിയിട്ടുണ്ട്. ദേശസാത്കൃത ബാങ്കുകളുടെ കടം എഴുതിതള്ളാൻ യോഗം ചേരാൻ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും പ്രത്യേകം അഭ്യർത്ഥിച്ചു. ബാങ്കുകളുടെ കമ്മിറ്റി കൂടട്ടെ എന്ന് പറഞ്ഞ് അവർ അത് നീട്ടുകയാണ്. നിർബന്ധിക്കാനുള്ള അധികാരം സംസ്ഥാന സർക്കാരിനില്ല, അഭ്യർത്ഥിക്കാൻ മാത്രമേ കഴിയൂ. നിർബന്ധിക്കാൻ അധികാരമുള്ള കേന്ദ്രസർക്കാർ അനുകൂല നിലപാട് എടുക്കുന്നുമില്ല.

രണ്ട് സ്ഥലങ്ങൾ കണ്ടെത്തിയല്ലോ. അവിടുത്തേയ്ക്കുള്ള ആളുകളുടെ പ്രയോരിറ്റി എങ്ങനെയാവും നിശ്ചയിക്കുക?

പുതിയ തീരുമാനങ്ങൾ ഇപ്പോൾ പറയുന്നില്ല. ലിസ്റ്റ് ഫൈനലൈസ് ചെയ്യുന്ന രീതി നമ്മൾ പ്രഖ്യാപിച്ചിട്ടുണ്ട്. ചോദിച്ച വിഷയം തീരുമാനിച്ചിട്ടില്ല.

പുനരധിവാസവുമായി ബന്ധപ്പെട്ട ടൗൺഷിപ്പിന്റെ മോഡൽ എങ്ങനെയാവും?

ടൗൺഷിപ്പ് കേവലം കെട്ടിടവും വീടും മാത്രമായിരിക്കില്ല. അവർക്ക് വേണ്ടത് എന്തൊക്കെയാണോ അതൊക്കെ ഉണ്ടാകും. ഒരു കമ്മ്യൂണിറ്റി ലിവിങ്ങിനെ പൂർണ്ണമായും ഉൾക്കൊള്ളാവുന്നതാവും പുതിയ ടൗൺഷിപ്പ്.

നേരത്തെ നടന്ന പുനരധിവാസവുമായി ബന്ധപ്പെട്ട പോരായ്മകൾ ചർച്ചയിലുണ്ടല്ലോ? ഇത്തരം പോരായ്മകൾ ശ്രദ്ധയിലുണ്ടോ?

നേരത്തെ നടന്ന പുനരധിവാസങ്ങളുടെ പാക്കേജുകളുടെ മോഡലുകളൊന്നും കേരളത്തിന് ഗുണകരമായിരുന്നില്ല. പലതരത്തിലുള്ള പ്രശ്‌നങ്ങൾ ഉണ്ടായിട്ടുണ്ട്. ലിസ്റ്റുകൾ പ്രഖ്യാപിച്ചതിലും ഏകപക്ഷീയത ഉണ്ടായിട്ടുണ്ട്. കോമാണായി ഒരു ധാരണ ഉണ്ടാക്കാൻ കഴിയാത്തതിന്റെ പ്രശ്‌നമുണ്ട്. പലരായി നിർമ്മിച്ച് തന്ന വീടുകളുടെ പലതരത്തിലുള്ള സ്വഭാവവും സൗകര്യവുമുണ്ട്. ഇവിടെ എല്ലാത്തിനും ഒരൊറ്റ മോഡലായിരിക്കും. നേരത്തെ പുനരധിവാസവുമായി ബന്ധപ്പെട്ട് ഉണ്ടായ എല്ലാ പോരായ്മകളും പരിഹരിക്കും. ലോക നിലവാരത്തിലുള്ള പുനരധിവാസത്തിന്റെ മോഡലുകൾ ഉൾക്കൊണ്ട് പുനരധിവാസത്തിന്റെ ഒരു കേരള മോഡലാണ് ഇവിടെ ഉദ്ദേശിക്കുന്നത്.

സന്നദ്ധ സംഘടനകൾ, വ്യക്തികൾ, കൂട്ടായ്മകൾ തുടങ്ങിയവരെല്ലാം പുനരധിവാസത്തിന് സഹായം വാഗ്ദാനം ചെയ്തിരുന്നു. ഈ സഹായങ്ങൾ സ്വീകരിക്കുമോ അതോ സർക്കാർ സ്വന്തം നിലയിൽ വിഭവങ്ങൾ ഉപയോഗിക്കുകയാണോ ചെയ്യുക?

സർവ്വകക്ഷിയോഗത്തിൽ ഇത് ചർച്ച ചെയ്തു. മന്ത്രിസഭയും ഇത് പരിഗണിച്ചു. ഒന്ന് മുതൽ 100 വരെ വീടുകൾ സ്‌പോൺസർ ചെയ്യാൻ സന്നദ്ധത അറിയിച്ച എല്ലാവരുടെയും യോഗം മുഖ്യമന്ത്രി വിളിക്കും. ആ യോഗത്തിൽ സർക്കാരിന്റെ അഭിപ്രായം സർക്കാർ പറയും. അവിടെയുള്ളവരുടെ അഭിപ്രായം കൂടി കേട്ടശേഷം ഉചിതമായ തീരുമാനം എടുക്കാനാണ് ആലോചിച്ചത്. പക്ഷേ ആ യോഗം കൂടുന്നതിന് മുമ്പായി കോഡ് ഓഫ് കോൺടാക്ട് വന്നു. കോഡ് ഓഫ് കോൺടാക്ട് കഴിഞ്ഞാൽ ആദ്യപരിപാടി മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള ആ യോഗം വിളിക്കുക എന്നതായിരിക്കും. അതിന്റെ പൊതുതീരുമാനം എന്താണോ അത് അംഗീകരിക്കും. സർക്കാരിന് ഏതെങ്കിലും വിധത്തിലുള്ള നിർബന്ധങ്ങൾ ഉണ്ടാകില്ല. ഒരു പൊതുലീഡർഷിപ്പിൽ പണിതീർക്കുക അതിന്റെ സംഭാവനകൾ ബന്ധപ്പെട്ടവർ നൽകുക എന്നതാണ് സർക്കാരിന്റെ നിർദ്ദേശം. ആ യോഗത്തിന്റെ അഭിപ്രായം കേട്ട് ഈ വിഷയത്തിൽ സർക്കാർ ഒരു തീരുമാനമെടുക്കും.

Content Highlights: Revenue minister K Rajan stated that there will be no delay in rehabilitating the victims of the Mundakkai-Chooralmala disaster

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us