അന്ന് ഉദ്ഘാടനത്തിന്, ഇന്ന് നൃത്തം പഠിപ്പിക്കാൻ; പ്രതിഫലം ചോദിക്കുന്ന നടിമാരോട് തുടരുന്ന മന്ത്രിയുടെ വിമർശനം

മന്ത്രിയുടെ വിമര്‍ശനത്തിന് അന്ന് വേദിയിൽ വെച്ചുതന്നെ നടി നവ്യാ നായര്‍ മറുപടി പറഞ്ഞിരുന്നു

dot image

വിവിധ പരിപാടികൾക്ക് പ്രതിഫലം ചോദിച്ച സെലിബ്രിറ്റികൾക്കെതിരെ പരസ്യവിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി എത്തുന്നത് ആദ്യമായിട്ടല്ല. കേരള സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിനായി നൃത്തം അഭ്യസിപ്പിക്കാൻ പ്രശ്‌സത സിനിമ താരം പ്രതിഫലം ചോദിച്ചതാണ് ഇത്തവണ മന്ത്രിയെ ചൊടിപ്പിച്ചതെങ്കിൽ മുമ്പ് കേരള സർവ്വകലാശാലയുടെ കലോത്സവ ചടങ്ങിന് ഉദ്ഘാടനത്തിന് എത്തുന്നതിന് ഒരു നടി പ്രതിഫലവും താമസസൗകര്യവും ചോദിച്ചതായിരുന്നു മന്ത്രിയെ ചൊടിപ്പിച്ചത്.

2024 മാർച്ചിൽ നടന്ന കേരളസർവകലാശാലയുടെ കലോത്സവ ചടങ്ങിന്റെ ഉദ്ഘാടനത്തിന് അന്ന് തിരുവനന്തപുരത്ത് ഉണ്ടായിരുന്ന ഒരു നടിയെ ക്ഷണിച്ചിരുന്നെന്നും എന്നാൽ അവർ വിമാനക്കൂലിയും പഞ്ചനക്ഷത്ര ഹോട്ടലിൽ താമസസൗകര്യവും ആവശ്യപ്പെട്ടെന്നും സെലിബ്രിറ്റികൾ വന്ന വഴി മറക്കരുതെന്നുമായിരുന്നു അന്ന് മന്ത്രി പറഞ്ഞത്. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ ഉദ്ഘാടനത്തിന് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ നടൻ മമ്മൂട്ടി പ്രതിഫലം വാങ്ങിയിട്ടില്ല. സർവകലാശാല കലോത്സവ നടത്താൻ സാമ്പത്തിക ബുദ്ധിമുട്ടുണ്ടെന്നും ശിവൻകുട്ടി പറഞ്ഞിരുന്നു.

പരിപാടി ഉദ്ഘാടനം ചെയ്യാൻ എത്തിയ നടി നവ്യാനായരെ വേദിയിൽ ഇരുത്തിയായിരുന്നു അന്ന് മന്ത്രിയുടെ വിമർശനം. ഇതിന് വേദിയിൽ വെച്ചുതന്നെ അന്ന് നവ്യ മറുപടി പറഞ്ഞിരുന്നു. താൻ പ്രതിഫലം വാങ്ങാതെയാണ് എത്തിയതെന്നും വന്ന വഴി മറന്ന ആളല്ല താനെന്നും നവ്യ പറഞ്ഞിരുന്നു. ഇതിന് പുറമെ പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാർത്ഥന്റെ മരണത്തിൽ വിമർശനവും നടി ഉന്നയിച്ചിരുന്നു.

മാസങ്ങൾക്ക് ശേഷം സമാനമായ വിമർശനം ആവർത്തിക്കുകയായിരുന്നു. ഇത്തവണ സ്‌കൂൾ കലോത്സവത്തിന്റെ അവതരണ ഗാനത്തിന് കുട്ടികളെ നൃത്തം പഠിപ്പിക്കാൻ പ്രശസ്ത അഭിനേത്രിയെ ക്ഷണിച്ചെന്നും എന്നാൽ അഞ്ച് ലക്ഷം രൂപ നടി പ്രതിഫലമായി ആവശ്യപ്പെട്ടെന്നും മന്ത്രി പറഞ്ഞു. 'എത്ര അഹങ്കാരികളായി ഇവർ മാറുന്നു എന്നു നിങ്ങൾ മനസ്സിലാക്കണം. 5 ലക്ഷം രൂപയാണ് ചോദിച്ചിരിക്കുന്നത്. എത്ര അഹങ്കാരമാണ്. പണത്തോടുള്ള ആർത്തി തീർന്നിട്ടില്ല ഇവർക്ക്. ഞാൻ പറഞ്ഞു വേണ്ടെന്ന്. പകരം പഠിപ്പിക്കാൻ ഇവിടെ എത്ര പേർ വേണമെങ്കിലും ഉണ്ടാകുമെന്ന നിലയിൽ പറഞ്ഞ് ആ നടിയെ ഉപേക്ഷിച്ചു- എന്നുമായിരുന്നു ശിവനൻകൂട്ടി പറഞ്ഞത്.

യുവജനോത്സവം വഴി വളർന്നുവന്ന ഒരു പ്രശസ്ത സിനിമാ നടിയോട് കുട്ടികളെ പത്ത് മിനിറ്റ് ദൈർഘ്യമുള്ള നൃത്തം പഠിപ്പിക്കാമോയെന്ന് ചോദിച്ചു. അവർ സമ്മതിക്കുകയും ചെയ്തു. എന്നാൽ അഞ്ച് ലക്ഷം രൂപയാണ് അവർ പ്രതിഫലം ചോദിച്ചത്. വിദ്യാഭ്യാസ മന്ത്രിയെന്ന നിലയ്ക്ക് എന്നെ ഏറെ വേദനിപ്പിച്ച സംഭവമാണ് അത്. ഇത്രയും വലിയ തുക നൽകി കുട്ടികളെ സ്വാഗതഗാനം പഠിപ്പിക്കേണ്ടെന്ന് തീരുമാനിച്ചു. സാമ്പത്തിക മോഹികളല്ലാത്ത എത്രയോ നൃത്ത അധ്യാപകരുണ്ട്. അവരെ ഉപയോഗിച്ച് സ്വാഗതഗാനം പഠിപ്പിക്കാൻ തീരുമാനിച്ചു. സ്‌കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് നൃത്തത്തിൽ വിജയിച്ചതുകാരണമാണ് ഇവർ സിനിമയിലെത്തുന്നത്. ഇത്തരക്കാർ പിൻതലമുറയിലുള്ള കുട്ടികൾക്ക് മാതൃകയാകേണ്ടവരാണ്. കുറച്ചുസിനിമയും കുറച്ച് കാശും ആയപ്പോൾ കേരളത്തോട് അഹങ്കാരം കാണിക്കുകയാണ്. കേരളത്തിലെ 47 ലക്ഷം വിദ്യാർത്ഥികളോടാണ് ഈ നടി അഹങ്കാരം കാണിക്കുന്നത്' എന്നും വി ശിവൻകുട്ടി പറഞ്ഞിരുന്നു.

നടൻ ഫഹദ്ഫാസിൽ ഓണാഘോഷത്തിന് പ്രതിഫലം വാങ്ങാതെ വിമാനത്തിൽ പരിപാടിക്കെത്തിയെന്നും മന്ത്രി പറഞ്ഞിരുന്നു. നടിയുടെ പേര് പറയാതെ നടത്തിയ വിമർശനം വലിയ ചർച്ചകൾക്കാണ് വഴിയൊരുക്കിയിരിക്കുന്നത്. ജോലിക്ക് പ്രതിഫലം ചോദിച്ച നടിയെ അധിക്ഷേപിക്കുകയും ആൾക്കൂട്ടത്തിന് ആക്രമിക്കാൻ പാകത്തിന് നടിമാരെ സംശയ നിഴലിൽ നിർത്തിയിരിക്കുകയുമാണ് മന്ത്രി ചെയ്തതെന്നും വിമർശനം ഉയരുന്നുണ്ട്.

Content Highlights: Minister V Sivankutty Continuous criticism of actresses

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us