കഥയുടെയും തിരക്കഥയുടെയും സമവാക്യങ്ങൾ എംടിയോളം ഹൃദിസ്ഥമായ മറ്റൊരാളുണ്ടോ മലയാളത്തിൽ?

എം ടിയുടെ കഥാപാത്രമായി തങ്ങൾ വരണമെന്ന ആ​ഗ്രഹം എത്രയോ തവണ പ്രകടിപ്പിച്ചവരായിരുന്നു ഇവിടത്തെ മഹാരഥൻമാരായ നടൻമാരൊക്കെയും.

dot image

കഥയെഴുത്തും തിരക്കഥയെഴുത്തും തമ്മിലുള്ള സമവാക്യം എം ടിയോളം ഹൃദിസ്ഥമായ മറ്റൊരാൾ മലയാളത്തിൽ ഇല്ല എന്ന് തന്നെ പറയാം. നാലുകെട്ടും മഞ്ഞും രണ്ടാമൂഴവുമൊക്കെ എഴുതിയ എം ടി തന്നെയാണ് വടക്കൻ വീര​ഗാഥയും വൈശാലിയും പെരുന്തച്ചനും സുകൃതവും സ​ദയവും ആൾക്കൂട്ടത്തിൽ തനിയേയുമൊക്കെ എഴുതിയത്. സ്കൂൾവിദ്യാഭ്യാസകാലത്തു തന്നെ എഴുതിത്തുടങ്ങിയ എം ടി മലയാളിയുടെ ഏറ്റവും പ്രിയങ്കരനായ എഴുത്തുകാരനായി പതിയെ മാറിയ കാലഘട്ടമായിരുന്നു 60 കളും 70 കളും. എം ടിയും വൈക്കം മുഹമ്മ​​ദ് ബഷീറും തകഴിയും എസ് കെ പൊറ്റെക്കാടുമല്ലാം മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരായി ചിരപ്രതിഷ്ഠ നേടിത്തുടങ്ങിയ കാലം.

Also Read:

1954-ൽ ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ സംഘടിപ്പിച്ച ലോകചെറുകഥാമത്സരത്തിന്റെ ഭാഗമായി കേരളത്തിൽ മാതൃഭൂമി നടത്തിയ കഥാമത്സരത്തിൽ എം.ടി.യുടെ ‘വളർത്തുമൃഗങ്ങൾ’ എന്ന കഥ ഒന്നാം സ്ഥാനം നേടിയതോടെയാണ് മലയാള സാഹിത്യലോകത്ത് എം ടി ശ്രദ്ധേയനായിത്തുടങ്ങിയത്. ശേഷം ’പാതിരാവും പകൽ‌വെളിച്ചവും’ എന്ന ആദ്യനോവൽ വരുന്നു. 1958 ആവുമ്പോഴേക്കും ‘നാലുകെട്ട്’വരുന്നു.
1963-64 കാലമായപ്പോഴേക്കും സ്വന്തം കഥയായ ‘മുറപ്പെണ്ണ്’ തിരക്കഥയെഴുതി എം.ടി. ചലച്ചിത്രലോകത്തും പ്രവേശിക്കുന്നു. 1973-ൽ ആദ്യമായി സംവിധാനം ചെയ്ത് നിർമ്മിച്ച ‘നിർമാല്യം’ എന്ന ചിത്രത്തിന് രാഷ്ട്രപതിയുടെ സ്വർണ്ണപ്പതക്കം ലഭിച്ചു. അമ്പതിലേറെ തിരക്കഥകളെഴുതിയിട്ടുള്ള അദ്ദേഹത്തിന് നാലുതവണ ദേശീയപുരസ്കാരവും ലഭിച്ചു. കടവ്‌, ഒരു വടക്കൻ വീരഗാഥ, സദയം, പരിണയം തുടങ്ങിയ ചിത്രങ്ങൾക്ക് ദേശീയപുരസ്കാരവും ലഭിച്ചു.

തന്റെ കഥാപാത്രങ്ങളേയും കഥകളേയും ദൃശ്യഭാഷയൊരുക്കുന്നതിൽ മറ്റേത് സാഹിത്യകാരൻമാരേക്കാളും ഏറെ മുന്നിലായിരുന്നു എം ടി. മലയാളികൾ ഏറെ ആഘോഷിക്കുന്ന മഹാനായ സാഹിത്യകാരൻ വൈക്കം മുഹമ്മ​ദ് ബഷീർ പോലും ഭാർ​ഗവീനിലയത്തിലും ബാല്യകാലസഖിയിലും തന്റെ തിരക്കഥാരചന അവസാനിപ്പിച്ചപ്പോഴാണ് എം ടി ഇത്രയധികം തിരക്കഥകളുമായി മലയാള സിനിമാ ചരിത്രത്തിൽ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിരിക്കുന്നത്. തകഴിയുടെ വിഖ്യാതമായ ചെമ്മീന് തിരക്കഥാരൂപം ഒരുക്കിയത് പോലും എസ് എൽ പുരം സദാനന്ദനാണ്. മലയാളത്തിൽ എം മുകുന്ദനും സി വി ബാലകൃഷ്ണനും ജോർജ് ഓണക്കൂറും ഇങ്ങേ തലമുറയിലെ ജി ആർ ഇന്ദു​ഗോപൻ അടക്കം എഴുത്തുകാർ തിരക്കഥാകൃത്തുക്കളായ അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും എംടിയോളം വിജയിച്ചവർ വേറെയില്ലെന്ന് നമുക്ക് കൃത്യമായി പറയാൻ കഴിയും.

സാഹിത്യത്തെ അകമഴിഞ്ഞ് ആഘോഷിച്ച തലമുറ സിനിമകളിലേക്ക് തങ്ങളുടെ ഇഷ്ടം ഷിഫ്റ്റ് ചെയ്ത 70 കളിൽ അതേ സമയം തന്നെ തന്റെ എഴുത്തിനെയും പരിഷ്ക്കരിച്ച് ദൃശ്യഭാഷയിലേക്ക് സന്നിവേഷിപ്പിച്ചവരിൽ മുൻപന്തിയിലാണ് എം ടി. എം ടി വാസുദേവൻ നായർ രചിച്ച നിരവധി മലയാളം നോവലുകളും ചെറുകഥകളും വിജയകരമായി സിനിമകളായി മാറിയിട്ടുണ്ട്. ചെറുകഥയുടെ ഭാഷയെ കൃത്യമായി സിനിമകളിലേക്ക് കൊണ്ടുവരാനും അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 'പള്ളിവാളും കാൽചിലമ്പും' എന്ന ചെറുകഥയെ ആസ്പദമാക്കി അദ്ദേഹം തന്നെ തിരക്കഥയും സംഭാഷണവും സംവിധാനവും ചെയ്ത നിർമാല്യമൊക്കെ ഇന്ത്യൻ ചലച്ചിത്രചരിത്രത്തിലെ തന്നെ ശ്രദ്ധേയചിത്രമായി മാറിയത് നമ്മൾ കണ്ടിട്ടുണ്ടല്ലോ.

എം ടിയുടെ ആഘോഷിക്കപ്പെടുന്ന സിനിമകൾക്കൊപ്പം തന്നെ എടുത്ത് പറയേണ്ട മറ്റ് ചില ചിത്രങ്ങൾ കൂടിയുണ്ട്. എം ടിയുടെ എഴുത്തിന് ഒടുവിൽ ഉണ്ണിക്കൃഷ്ണൻ എന്ന നടനവിസ്മയം അരങ്ങിൽ നിറഞ്ഞാടിയപ്പോൾ ഒരു ചെറുപുഞ്ചിരി നമ്മുടെ മുന്നിൽ വിരിയുന്നത് നമ്മൾ കണ്ടിട്ടുണ്ട്. മാർക്കറ്റിങ്ങിന്റെയും താരപ്പെരുമയുടെയും ബഹളങ്ങൾക്കൊപ്പം നിൽക്കാതെയും എംടിയുടെ സിനിമകൾ പ്രേക്ഷകർ ഏറ്റെടുത്തിരുന്നു എന്നതിന്റെ ഉദാഹരണമായിരുന്നു അത്തരത്തിലുള്ള ചിത്രങ്ങൾ. ഒരു വരി ഡയലോ​ഗ് പോലും മാറ്റമില്ലാതെ തങ്ങൾ ഷൂട്ട് ചെയ്തോളാം എന്ന് പറഞ്ഞ് ആ എഴുത്തുകാരന് മുന്നിൽ ക്യൂ നിന്നിരുന്നു ഒരു കാലത്ത് സംവിധായകർ. എം ടിയുടെ കഥാപാത്രമായി വരണമെന്ന തങ്ങളുടെ ആ​ഗ്രഹം എത്രയോ തവണ പ്രകടിപ്പിച്ചവരായിരുന്നു ഇവിടത്തെ മഹാരഥൻമാരായ നടൻമാരൊക്കെയും.


എംടി യുടെ കഥാപാത്രസൃഷ്ടി അദ്ദേഹത്തിന്റെ തന്നെ 'മഞ്ഞി'ൽ പറഞ്ഞത് പോലെ, 'എന്റെ പിമ്പേയുള്ളവരുടെയും മരണം ഞാൻ മരിക്കുകയാണ്; എന്റെ പിമ്പേയുള്ളവരുടെയും ജീവിതം ഞാൻ ജീവിക്കുകയാണ്' എന്നത് പോലെയായിരുന്നു. പ്രേക്ഷകന്റെ മാനസികവ്യാപാരങ്ങളിലേക്ക് നേരിട്ടെത്തുന്ന ദൃശ്യഭാഷ.

Content Highlights: M T Vasudevan Nair the script writer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us