രാസാത്തി ഉന്നെ കാണാതെ നെഞ്ചം..; ഭാഷാവരമ്പുകൾ മറികടന്ന പി ജയചന്ദ്രന്റെ ഭാവ​ഗാനങ്ങൾ

പി ജയചന്ദ്രൻ മലയാളത്തിന്റെ മാത്രം ഭാവഗായകനായിരുന്നില്ല, ഹൃദയം കൊണ്ട് പാടി അതിരുകളെയും ഭാഷയെയും ജയിച്ചവനായിരുന്നു.

dot image

'രാസാത്തി ഉന്നൈ കാണാതെ നെഞ്ചം' എന്ന പാട്ട് പാടാത്ത സിനിമാപ്രേമികളുണ്ടാകുമോ, അല്ലെങ്കിൽ ആ വരികൾക്ക് ഈണമോ താളമോ പിടിക്കാത്ത ഒരു സംഗീതാസ്വാദകനുണ്ടാകുമോ? പി ജയചന്ദ്രൻ മലയാളത്തിന്റെ മാത്രം ഭാവഗായകനായിരുന്നില്ല. ഹൃദയം കൊണ്ട് പാടി അതിരുകളെയും ഭാഷയെയും ജയിച്ചവനായിരുന്നു. മലയാളിക്കെന്ന പോലെ മലയാളിയല്ലാത്തവർക്കും പ്രണയവും വിരഹവും സന്തോഷവും നിരാശയുമെല്ലാം ഒരു കാലത്ത് ജയചന്ദ്രന്റെ ശബ്‌ദമായിരുന്നു. അദ്ദേഹം പാടിയ പല മലയാള പാട്ടുകളെയും പോലെ തന്നെ മലയാളി അയാളെ അറിഞ്ഞത് മറ്റ് ഭാഷാ ഗാനങ്ങളിലൂടെയും കൂടിയായിരുന്നു എന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവില്ല. ഹിറ്റുകൾക്ക് വേണ്ടിയല്ലാതെ പാടി ഹിറ്റായ പാട്ടുകാരൻ.

ആറ് പതിറ്റാണ്ട് നീണ്ട സംഗീത ജീവിതത്തിൽ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകൾക്ക് വേണ്ടിയെല്ലാം അദ്ദേഹം ശബ്ദം നൽകി. പതിനാറായിരത്തോളം പാട്ടുകൾ പാടി. 1973 ൽ പുറത്തിറങ്ങിയ 'മണിപ്പയല്‍' എന്ന സിനിമയിലെ 'തങ്കച്ചിമിഴ് പോല്‍…' ആയിരുന്നു ജയചന്ദ്രന്റെ ആദ്യ തമിഴ്ഗാനം. അവിടെ നിന്നും നാനേ രാജ നാനേ മന്ത്രി സിനിമയിലെ മയങ്കിനേന്‍ സൊല്ല തയങ്കിനേന്‍, വാനത്തെ പേലെയിലെ കാതല്‍ വെണ്ണിലാ, അമ്മന്‍ കോവില്‍ കിഴക്കാലെയിലെ പൂവാ എടുത്തു തുടങ്ങി ഡസൻ കണക്കിന് പാട്ടുകൾ കൊണ്ട് മലയാളിയെയും അന്യഭാഷാ കലാപ്രേമിയെയും ജയചന്ദ്രൻ പാട്ടുകൾ ഏറെ ആകർഷിച്ചു.

തമിഴ്നാട് സർക്കാർ 1997-ല്‍ കലൈമാമണി പുരസ്കാരം നൽകി അദ്ദേഹത്തെ ആദരിക്കുന്നതും ആ സമഗ്ര സംഭാവനകൾ മുൻ നിർത്തിയായിരുന്നു. 1994-ല്‍ കിഴക്ക് സീമയിലേ എന്ന ചിത്രത്തിലെ കട്ടാഴം കാട്ടുവഴി എന്ന ഗാനത്തിലൂടെ മികച്ച ഗായകനുള്ള പുരസ്കാരവും തമിഴ്നാട് സർക്കാരിൽ നിന്ന് ഏറ്റുവാങ്ങി.

1982 ല്‍ തെലുങ്കിലും 2008 ല്‍ ഹിന്ദിയിലും അതിനിടയില്‍ കന്നടയിലും അദ്ദേഹം വരവറിയിച്ചു. 1982-ല്‍ പുറത്തിറങ്ങിയ എവരു വീരു എവരു വീരു എന്ന തെലുങ്ക് സിനിമയിലെ 'ഇധി മാതാലു റാണി വേല' യിൽ തുടങ്ങിയ ഗാനാലാപനം ഇരുപതോളം ചിത്രങ്ങളിലേക്ക് നീണ്ടു. കന്നടയിലും ഇരുപതോളം ചിത്രങ്ങളിൽ ഗാനമാലപിച്ചു. അമൃത ഘലിഗെ എന്ന കന്നഡ ചിത്രത്തിലെ ഹിന്ദുസ്ഥാൻവു എന്ന മറേയടയിൽ തുടങ്ങിയ ഗാനാലാപനം, റൈതന മക്കൾ എന്ന സിനിമയിലെ 'മനസ്സു കളഞ്ഞു' വരെ നീണ്ടു.

2008 ല്‍ എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ 'എ വേ ഓഫ് ലൈഫ്' എന്ന ചിത്രത്തിനായി പാടി ഹിന്ദിയിലും സാന്നിധ്യമറിയിച്ചു. പല ഭാഷകളിലെയും ഭക്തി ഗാനങ്ങളിലും ആൽബങ്ങളിലും പി ജയചന്ദ്രൻ പാടി. സംഗീത ഗന്ധർവ്വൻ യേശുദാസിന്റെ കാലത്തും ശബ്ദം കൊണ്ട് പൂർണ്ണനായി. '1965ൽ പുറത്തിറങ്ങിയ’കുഞ്ഞാലിമരയ്ക്കാര്‍’ എന്ന ചിത്രത്തിലെ ഒരുമുല്ലപ്പൂമാലയുമായ് ’ എന്ന ഗാനത്തിലൂടെ വന്ന് രാജ്യത്തെ സംഗീത ലോകത്തെ വിസ്മയമായി മാറിയ ഗായകന് നിത്യശാന്തി.

Content Highlights:obituary to malyalam play back singer P Jayachandran

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us