മലയാളിയുടെ പ്രിയപ്പെട്ട ഭാവഗായകൻ പി ജയചന്ദ്രൻ ഓർമയാവുമ്പോൾ നമ്മുടെ മനസിൽ ഓടിയെത്തുന്ന എത്രയോ മനോഹരഗാനങ്ങളുണ്ട്. ഭാഷാഭേദമില്ലാതെ കഴിഞ്ഞ അര പതിറ്റാണ്ടും മലയാളികൾ നെഞ്ചോട് ചേർത്ത ഗാനങ്ങൾ. മലയാളി യേശുദാസിനൊപ്പം തന്നെ പ്രതിഷ്ഠിക്കുന്ന ജയചന്ദ്രന്റെ ഗാനങ്ങൾ ഒരു കാലത്ത് സിനിമകളുടെ സക്സസ് ഫോർമുലകളിൽ ഒന്നായിരുന്നു. യേശുദാസിന്റെയും എസ് ജാനകിയുടെയും പി ലീലയുടേയും വാണി ജയറാമിന്റേയും ശബ്ദങ്ങൾക്കൊപ്പം പാട്ടിലെ ഭാവങ്ങൾ കൃത്യമായി ഒപ്പുന്ന ഗായകശബ്ദമായി ജയചന്ദ്രൻ തലയെടുപ്പോടെ നിന്നിരുന്നു.
ആദ്യഗാനം തന്നെ ഹിറ്റാവുകയും അത് ജീവിതം മാറ്റിയെഴുതുകയും ചെയ്ത ചരിത്രമാണ് ജയചന്ദ്രന്റേത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ നിന്നും സുവോളജിയില്‍ ബിരുദമെടുത്ത ശേഷം ചെന്നൈയില്‍ പ്യാരി എന്ന കമ്പനിയില്‍ കെമിസ്റ്റായി ജോലിക്ക് ചേര്‍ന്ന സമയത്തും സംഗീതമായിരുന്നു ആ മനസ് നിറയെയും. ആ സമയത്താണ് കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചിത്രത്തിനു വേണ്ടി പാടാനുള്ള അവസരം ലഭിച്ചത്. അതിനു ശേഷം കളിത്തോഴനിലും പാടാനുള്ള അവസരം ലഭിച്ചു. കുഞ്ഞാലി മരയ്ക്കാറിലാണ് ആദ്യം പാടിയതെങ്കിലും, ആദ്യം പുറത്തു വന്നത് കളിത്തോഴന്‍ എന്ന ചിത്രത്തിനു വേണ്ടി പാടിയ 'മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി, ധനു മാസ ചന്ദ്രിക വന്നു' എന്നു തുടങ്ങുന്ന ഗാനമാണ്.
അതോടെ മലയാളികളുടെ സ്വകാര്യ അഹങ്കാരങ്ങളിലൊന്നായി പി ജയചന്ദ്രൻ എന്ന ഗായകനും പിറവിയെടുക്കുകയായിരുന്നു.
ആ ഗാനം മലയാളക്കാര ഏറ്റെടുക്കുകയായിരുന്നു. പി.ഭാസ്കരന്‍ എഴുതിയ വരികള്‍ക്ക് ഈണമിട്ടത് ജി. ദേവരാജന്‍ മാസ്റ്ററായിരുന്നു. 1966ല്‍ ആയിരുന്നു ഈ ഗാനം പുറത്തുവന്നത്. പിന്നീടിങ്ങോട്ട് ഏതാണ്ട് ആറ് പതിറ്റാണ്ടോളം മലയാളിയെ രസിപ്പിച്ചതും അനുഭൂതികൾ നിറച്ചതുമായ ആയിരക്കണക്കിന് പാട്ടുകൾ അദ്ദേഹം പാടുകയുണ്ടായി. അന്ന് തൊട്ടിന്നോളം ആ ശബ്ദത്തിന് വലിയ വ്യത്യാസമൊന്നും വന്നിട്ടില്ലെന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ കൃത്യമായി ഫോളോ ചെയ്യുന്ന ആളുകൾക്ക് മനസിലാവും. ശബ്ദത്തിലെ ഭാവതീവ്രതയായിരുന്നു അദ്ദേഹത്തിന്റെ പാട്ടുകളെ വ്യത്യസ്തമാക്കിത്തീർത്തത്.
കേവലം മർത്യഭാഷ കേൾക്കാത്ത ദേവദൂതികയാണ് നീ എന്ന് പാടിയ ജയചന്ദ്രൻ തന്നെയാണ് ഏകാന്തപഥികനും സുപ്രഭാതവും നീലഗിരിയിലെയും മലയാളഭാഷതൻ മാദകഭംഗിയും, രാസാത്തി ഉന്നെ കാണാതെ നെഞ്ചവും തുടങ്ങിയ പാട്ടുകൾ പാടിയത്. 70 കളിലും 80 കളിലും നായകൻമാരുടെ ശബ്ദത്തിന് പ്രധാന സ്രോതസായി ജയചന്ദ്രൻ നിന്നപ്പോൾ 90 കളായപ്പോഴേക്കും പുതിയ നായകരുടെ കുത്തൊഴുക്കുണ്ടായപ്പോഴും അവർക്കും ശബ്ദമായി ജയചന്ദ്രന്റെ പാട്ടുകൾ നിറഞ്ഞുനിന്നു. കുഞ്ചാക്കോ ബോബന്റെ ആദ്യകാല ഹിറ്റ് ചിത്രമായ നിറത്തിലെ പ്രായം നമ്മിൽ മോഹം നൽകി എന്നു തുടങ്ങുന്ന സോംഗ് ഇന്നും നമ്മുടെ മനസിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇതേ ജയചന്ദ്രൻ തന്നെയാണ് ഓലഞ്ഞാലി കുരുവിയും നീയൊരു പുഴയായും മറന്നിട്ടുമെന്തിനോയും പാടിയത്. ഇതേ ജയചന്ദ്രൻ തന്നെയാണ് ഈ കാലത്തെ പൊടിമീശ മുളയ്ക്കണ കാലം എന്ന ഇടക്കാലത്ത് റീൽസ് ഭരിച്ച സോംഗും ആലപിച്ചത്.
മികച്ച ഗായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ പി ജയചന്ദ്രന്റെ ഗാനങ്ങൾ മലയാളത്തിൽ മാത്രമല്ല, തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളിലും നമ്മൾ എത്രയോ തവണ കേട്ടിട്ടുണ്ട്. ജയചന്ദ്രൻ വിടപറയുമ്പോൾ മലയാളിയുടെ ഒരു സംഗീതകാലം കൂടിയാണ് അസ്തമിക്കുന്നത്.
Content Highlights: P Jayachandran song memories