1958ല്‍ ആദ്യ വധശിക്ഷ, 91ല്‍ റിപ്പര്‍ ചന്ദ്രന്‍; കേരളത്തിൽ ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ

കേരളത്തില്‍ ഏറ്റവും അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991ലാണ്

dot image

പാറശ്ശാല ഷാരോണ്‍ വധകേസില്‍ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധ ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. നെയ്യാറ്റിന്‍കര സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ത്രീയാണ് ഗ്രീഷ്മ.

ഇതുവരെ നടപ്പാക്കിയത് 26 വധശിക്ഷകള്‍

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസുകളിലാണ് ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ വധ ശിക്ഷ വിധിക്കുക. ഇത്തരത്തില്‍ കേരളത്തിലിതുവരെ 26 പേരെയാണ് വധശിക്ഷയ്ക്ക് വിധേയമാക്കിയിരിക്കുന്നത്. സംസ്ഥാനത്ത് 1958ലാണ് ആദ്യമായി വധശിക്ഷ നടപ്പാക്കുന്നത്. 1960മുതല്‍ 1963 കാലഘട്ടത്തില്‍ അഞ്ച് പേരെയാണ് തൂക്കിലേറ്റിയത്. കേരളത്തിലെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഏറ്റവും ഉയര്‍ന്ന നിരക്കായിരുന്നു അത്. 1967 മുതല്‍ 1972വരെയുള്ള കാലഘട്ടത്തില്‍ മൂന്ന് വധശിക്ഷയും നടപ്പാക്കിയിട്ടുണ്ട്.

കേരളത്തില്‍ ഏറ്റവും അവസാനമായി വധശിക്ഷ നടപ്പാക്കിയത് 1991ലാണ്. 14പേരെ ചുറ്റികകൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ റിപ്പര്‍ ചന്ദ്രനെയാണ് തൂക്കിലേറ്റിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് റിപ്പര്‍ ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. ശേഷം മൂപ്പത് വര്‍ഷത്തിലധികമായിട്ട് കേരളത്തില്‍ വധശിക്ഷ നടപ്പാക്കിയിട്ടില്ല. ഇന്ന് ഷാരോണ്‍ കേസില്‍ വധശിക്ഷ വിധിച്ചതോടെ നിലവില്‍ സംസ്ഥാനത്ത് 40 പേരാണ് വിവിധ ജയിലുകളിലായി വധ ശിക്ഷ കാത്ത് കിടക്കുന്നത്.

വധശിക്ഷ റദ്ദാക്കാന്‍ പ്രതിയ്ക്ക് മേല്‍ക്കോടതികളെ സമീപിക്കാം

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമെന്ന് കോടതിയ്ക്ക് ബോധ്യപ്പെടുന്ന സാഹചര്യത്തിലാണ് വധശിക്ഷ വിധിക്കുന്നത്. കോടതി വധ ശിക്ഷ വിധിച്ചാലും അപ്പീലുമായി പ്രതിയ്ക്ക് മേല്‍കോടതികളെ സമീപിക്കാവുന്നതാണ്. സുപ്രീംകോടതി ഹര്‍ജി റദ്ദാക്കിയാല്‍ രാഷ്ട്രപതിയ്ക്ക് മുന്‍പില്‍ ദയാഹര്‍ജി നല്‍കാനും പ്രതിയ്ക്ക് അവസരമുണ്ട്. ഇതിലെല്ലാം വധ ശിക്ഷ ശരിവെച്ചാല്‍ മാത്രമാണ് ഒരു കുറ്റവാളിയെ വധ ശിക്ഷയ്ക്ക് വിധേയമാക്കാന്‍ സാധിക്കുകയുള്ളൂ. ദയാഹര്‍ജി തള്ളുന്നത് വരെ മറ്റുതടവുകാരെ പോലെ തന്നെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ പരിഗണിക്കുക. മറ്റുതടവുകാരോടൊപ്പം താമസിപ്പിക്കും. ജയിലില്‍ ജോലികള്‍ ചെയ്യണം. പക്ഷേ അവര്‍ക്ക് പരോള്‍ ലഭിക്കില്ല.

വധ ശിക്ഷ നടപ്പിലാക്കുന്ന രീതി

രാഷ്ട്രപതി ദയാഹര്‍ജി തള്ളിയ ശേഷമായിരിക്കും പ്രതിയെ ഏകാന്ത തടവിന് വിധേയമാക്കുക. ഒറ്റയ്ക്ക് ഒരു സെല്ലിലായിരിക്കും താമസിപ്പിക്കുക. മാനസിക ആരോഗ്യ വിദഗ്‌ധന്റെ സഹായം നല്‍കും. ദിവസവും ഡോക്ടര്‍മാര്‍ പരിശോധിക്കും. പ്രതി വധശിക്ഷയ്ക്ക് മുന്‍പായി മാനസികമായും മരണത്തിനായി തയ്യാറെടുക്കണം. പൂര്‍ണ്ണ ആരോഗ്യം ഉറപ്പാക്കിയ ശേഷമായിരിക്കും വധ ശിക്ഷ നടപ്പാക്കുക. തൂക്കിലേറ്റുന്നതിന് മുന്‍പായി പ്രതിയുടെ ഭാരം കൊലക്കയറിന് അനുയോജ്യമാണോയെന്നും പരിശോധിക്കും. അതിരാവിലെ സൂര്യനുദിക്കുന്നതിന് മുന്‍പായിട്ടായിരിക്കും വധശിക്ഷ നടപ്പിലാക്കുക.

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് കൂടുതല്‍ വധ ശിക്ഷ നടപ്പിലാക്കുന്നത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ രണ്ട് തൂക്കുമരവും തിരുവനന്തപുരം പൂജപ്പുര ജയിലില്‍ ഒരു തൂക്കുമരവുമാണ് ഉള്ളത്. അതേസമയം ഒരു ജയിലിലും സ്ഥിരമായ ആരാച്ചാര്‍ ഉണ്ടാകില്ല. രണ്ട് ലക്ഷം രൂപയാണ് ആരാച്ചാരുടെ പ്രതിഫലം.

Content Highlights: Kerala has executed 26 death penalties

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us