അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് ട്രംപിന്റെ കാബിനറ്റില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് ഇന്ത്യന്‍ വംശജന്‍ വിവേക് രാമസ്വാമി രംഗത്തെത്തിയത്. ഇലോണ്‍ മസ്‌കിന് പൂര്‍ണ ചുമതല നല്‍കിക്കൊണ്ട്, സര്‍ക്കാരിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ രൂപീകരിച്ച ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഗവണ്‍മെന്റ് എഫിഷ്യന്‍സി(ഡോജ്)യില്‍ നിന്നാണ് വിവേക് രാമസ്വാമി പിന്മാറിയത്.
റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വത്തിനായി മത്സരിച്ച് പരാജയപ്പെട്ട 39കാരനായ വിവേക് നിലവില്‍ ട്രംപിന്റെയും വൈസ് പ്രസിഡന്റ് ജെഡി വാന്‍സിന്റെയും വിശ്വസ്തന്‍ കൂടിയാണ്. ഇങ്ങനെയിരിക്കെ വിവേകിന്റെ പിന്മാറ്റം വലിയ അഭ്യൂഹങ്ങള്‍ക്കാണ് തുടക്കമിട്ടത്. തിരഞ്ഞെടുപ്പ് വിജയത്തിന് തൊട്ടുപിന്നാലെയാണ് ഡോജിന്റെ തലപ്പത്ത് മസ്‌കിനൊപ്പം വിവേകിനെയും ട്രംപ് നിയമിച്ചത്. എന്നാല്‍ ഡോജിന്റെ പൂര്‍ണ ചുമതല മസ്‌കിനെ ഏല്‍പ്പിച്ചതാണ് വിവേകിന്റെ ഇപ്പോഴത്തെ പിന്മാറ്റത്തിന് പിന്നിലെന്നാണ് ഒരു വാദം. മസ്‌കിനെ സഹായിക്കുന്ന ചുമതലയാണ് ഡോജില്‍ വിവേകിന് ലഭിച്ചതെന്നും ഇതില്‍ അദ്ദേഹം അസംതൃപ്തനായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഓഹായോ ഗവര്‍ണര്‍ സ്ഥാനം മുന്നില്‍ കണ്ടാണ് വിവേകിന്റെ നീക്കമെന്നും സൂചനയുണ്ട്. ഗവര്‍ണര്‍ സ്ഥാനത്തേക്ക് വിവേക് മത്സരിക്കുമെന്നാണ് വിവരം. ഇക്കാര്യം വൈകാതെ തന്നെ വിവേക് പ്രഖ്യാപിക്കുമെന്നും ഇതിന്റെ ആലോചനകള്‍ നടക്കുന്നതായും വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2026 നവംബറിലാണ് ഒഹിയോ ഗവര്‍ണര്‍ തിരഞ്ഞെടുപ്പ് നടക്കുക.
'ഡോജിന്റെ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കാനും സഹായിക്കാനും സാധിച്ചത് എനിക്കുള്ള അംഗീകാരം കൂടിയാണ്. സര്‍ക്കാരിനെ കാര്യക്ഷമമാക്കുന്നതില്‍ ഇലോണും സംഘവും വിജയിക്കുമെന്ന് എനിക്കുറപ്പുണ്ട്. വൈകാതെ തന്നെ ഒഹിയോയിലെ എന്റെ ഭാവി പദ്ധതികളെ കുറിച്ച് കൂടുതല്‍ പറയാനുണ്ടാകും. അമേരിക്കയെ വീണ്ടും മികച്ചതാക്കാന്‍ ട്രംപിന് പൂര്‍ണ പിന്തുണയുമായി ഞങ്ങളുണ്ടാകും', ഡോജില്‍ നിന്നുള്ള പിന്മാറ്റത്തിന് പിന്നാലെ വിവേക് ട്വിറ്ററില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. വിവേകിന് പിന്തുണയുമായി ഡോജിന്റെ പ്രസ്താവനയും പുറത്തുവന്നിരുന്നു.
1985ല്‍ ഒഹിയോയില്‍ ജനിച്ച വിവേക് രാമസ്വാമിയുടെ പിതാവ് പാലക്കാട് വടക്കഞ്ചേരി സ്വദേശിയും അമ്മ എറണാകുളം തൃപ്പൂണിത്തുറ സ്വദേശിയുമാണ്. ഉത്തര്‍പ്രദേശ് സ്വദേശിയായ അപീര്‍വ തിവാരിയാണ് ഭാര്യ. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലും, യെയ്ല്‍ ലോ സ്‌കൂളിലുമായായിരുന്നു വിദ്യാഭ്യാസം. റോയ്വന്റ് സയന്‍സസ് എന്ന സ്വന്തം സംരംഭം വിവേക് ആരംഭിച്ചത് 29-ാം വയസിലായിരുന്നു. ഫോബ്‌സ് മാഗസിന്റെ അണ്ടര്‍ 30, അണ്ടര്‍ 40 ശതകോടീശ്വര സംരംഭകരുടെ പട്ടികയില്‍ അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്.
Content Highlights: Why Vivek Ramaswamy Abruptly Quit DOGE After Donald Trump Took Charge