എക്സിക്യൂട്ടീവ് ഉത്തരവുകളുടെ ഒരു നിര തന്നെ ഒപ്പുവെച്ചുകൊണ്ടാണ് നാല് വര്‍ഷത്തിന് ശേഷം വൈറ്റ് ഹൗസിലേക്ക് ഡൊണാള്‍ഡ് ട്രംപ് മടങ്ങിയെത്തിയത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവുകളില്‍ ഒന്നാണ് ജന്മാവകാശ പൗരത്വം റദ്ദാക്കുന്നത്. പൗരന്മാരല്ലാത്ത മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികളുടെ സ്വയമേവയുള്ള പൗരത്വം അവസാനിപ്പിക്കാനുള്ള നീക്കത്തിനാണ് ഇത് തുടക്കമിട്ടത്. അമേരിക്കയില്‍ ജനിക്കുന്ന കുട്ടിക്ക് പൗരത്വം ലഭിക്കണമെങ്കില്‍, കുറഞ്ഞത് ഒരു രക്ഷിതാവെങ്കിലും യുഎസ് പൗരനോ നിയമപരമായി സ്ഥിര താമസക്കാരനോ (ഗ്രീന്‍ കാര്‍ഡ് ഹോള്‍ഡര്‍) അല്ലെങ്കില്‍ യുഎസ് സൈന്യത്തിലെ അംഗമോ ആയിരിക്കണം എന്ന് ട്രംപ് ഒപ്പിട്ട എക്സിക്യൂട്ടീവ് ഉത്തരവില്‍ വ്യക്തമാക്കുന്നു.
അമേരിക്കയില്‍ ജനിക്കുന്ന അനധികൃത വിദേശികളുടെ കുട്ടികള്‍ക്ക് സ്വയമേവയുള്ള ജനനാവകാശ പൗരത്വം ഫെഡറല്‍ ഗവണ്‍മെന്റ് അംഗീകരിക്കില്ല. തിങ്കളാഴ്ച നടന്ന ബ്രീഫിംഗില്‍ ട്രംപ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. എല്ലാ നിയമവിരുദ്ധമായ കടന്നുകയറ്റങ്ങളും ഉടനടി നിര്‍ത്തലാക്കുമെന്നും ദശലക്ഷക്കണക്കിന് അനധികൃത കുടിയേറ്റക്കാരെ അവര്‍ വന്ന സ്ഥലങ്ങളിലേക്ക് തിരികെ അയക്കുന്നതിനുള്ള പ്രക്രിയ ആരംഭിക്കുവെന്നും ട്രംപ് ഉദ്ഘാടന പ്രസംഗത്തിലും വ്യക്തമാക്കി.
ജന്മാവകാശ പൗരത്വം എന്താണ്?
അമേരിക്കന്‍ മണ്ണില്‍ ജനിച്ച ആര്‍ക്കും സ്വയമേവ യുഎസ് പൗരത്വം നല്‍കുന്ന നിമയമാണിത്. മാതാപിതാക്കളുടെ പൗരത്വമോ ഇമിഗ്രേഷന്‍ നിലയോ ഒന്നും ഇതിനെ ബാധിക്കില്ല. 1868ലാണ് ഈ വ്യവസ്ഥ നിലവില്‍ വന്നത്.
നിയമം ഇല്ലാതാകല്‍ ഇന്ത്യക്കാരെ എങ്ങനെ ബാധിക്കും?
വിസ നില പരിഗണിക്കാതെ ഇന്ത്യന്‍ മാതാപിതാക്കള്‍ക്ക് യുഎസില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് ഇനി സ്വയമേ പൗരത്വം ലഭിക്കില്ല. താത്കാലിക തൊഴില്‍ വിസകളിലുള്ള അല്ലെങ്കില്‍ ഗ്രീന്‍ കാര്‍ഡുകള്‍ക്കായി കാത്തിരിക്കുന്ന ഇന്ത്യക്കാർക്ക് ജനിച്ച കുട്ടികള്‍ക്ക് വിസ ലഭിക്കുന്നതും അനിശ്ചിതത്വത്തിലാകും. കൂടാതെ ദീര്‍ഘകാല ഗ്രീന്‍ കാര്‍ഡ് ബാക്ക് ലോഗുകള്‍ നേരിടുന്ന ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് അവരുടെ കുട്ടികള്‍ക്ക് ജനനസമയത്ത് പൗരത്വത്തിന് അര്‍ഹതയില്ലെങ്കില്‍ കൂടുതല്‍ കാലതാമസം നേരിടേണ്ടിവരും. യുഎസില്‍ ജനിച്ച കുട്ടികള്‍ക്ക് ജന്മാവകാശ പൗരത്വം ലഭിച്ചില്ലെങ്കില്‍ 21 വയസ്സ് തികഞ്ഞതിന് ശേഷം മാതാപിതാക്കളെ യുഎസിലേക്ക് കൊണ്ടുവരാന്‍ അപേക്ഷിക്കാനാവില്ല. 'ബെര്‍ത്ത് ടൂറിസം' (പ്രസവത്തിനായി പ്രത്യേകമായി യുഎസിലേക്ക് യാത്ര ചെയ്യുന്ന സമ്പ്രദായത്തെ വിവരിക്കാന്‍ ഉപയോഗിക്കുന്ന പദം) കുറയ്ക്കുക എന്നത് കൂടി നയം ലക്ഷ്യമിടുന്നതിനാല്‍ അവരുടെ കുട്ടികള്‍ക്കും യുഎസ് പൗരത്വം അവകാശപ്പെടാനാകില്ല.
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജനിക്കുന്ന കുട്ടികള്‍ക്ക് യുഎസ് പൗരത്വം ഉറപ്പാക്കുന്നതില്‍ വെല്ലുവിളികള്‍ നേരിടേണ്ടിവരും. യുഎസില്‍ പഠിക്കുന്ന വിദേശ വിദ്യാർത്ഥികളില്‍ വലിയൊരു ഭാഗം ഇന്ത്യന്‍ വിദ്യാർത്ഥികളാണ്.
അമേരിക്കന്‍ ഇമിഗ്രേഷന്‍ കൗണ്‍സിലിന്റെ 2011-ലെ ഫാക്ട്ഷീറ്റ് പറയുന്നത്, ജന്മാവകാശ പൗരത്വം നീക്കം ചെയ്യുന്നത് എല്ലാവരേയും ബാധിക്കുമെന്നും അമേരിക്കയിലെ സ്ഥിരതാമസക്കാരല്ലാത്ത മാതാപിതാക്കള്‍ക്ക് അവരുടെ കുട്ടികളുടെ പൗരത്വം തെളിയിക്കാന്‍ ബുദ്ധിമുട്ടാകുമെന്നുമാണ്. ജനന സർട്ടിഫിക്കറ്റുകള്‍ നിലവില്‍ പൗരത്വത്തിന്റെ തെളിവാണെന്നിരിക്കെ, ജന്മാവകാശ പൗരത്വം ഇല്ലാതാക്കുന്നതോടെ ഇത് സാധുവല്ലാതെയാകും. അതായത് പൗരത്വത്തിന്റെ തെളിവായി ജനന സർട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കാനാകില്ല.
Content Highlights: donald trump moves to end birthright citizenship in us how will it impact indians