ഡൽഹി വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ തന്റെ ആപ്പിൾ വാച്ച് മോഷ്ടിച്ചെന്ന് നുണക്കഥ എഴുതിയിട്ട ഡോക്ടറുടെ കള്ളക്കഥ പൊളിച്ച് കേന്ദ്ര സുരക്ഷാ സേന. ഗുരുഗ്രാമിലെ ഡോക്ടറായ തുഷാർ മേത്തയാണ് തന്റെ വാച്ച് സുരക്ഷാപരിശോധനയ്ക്കിടെ മോഷ്ടിക്കപ്പെട്ടതായി എക്‌സ് പ്ലാറ്റ്‌ഫോമിൽ പോസ്റ്റിട്ടത്. വാച്ച് മോഷ്ടിച്ച ആളെ താൻ കണ്ടെന്നും ഇയാളെ വാച്ച് കടയിലേക്ക് പിന്തുടരുകയും വാച്ച് മറ്റൊരാൾക്ക് നൽകുന്നത് താൻ കണ്ടെന്നും ഇയാൾ പറഞ്ഞിരുന്നു.
വാച്ച് മോഷ്ടിച്ചെന്ന് ആരോപിക്കുന്ന ആളുടെ പേരും സെയിൽസ്മാന്റെ പേരും ഇയാൾ എക്‌സിലെ പോസ്റ്റിനൊപ്പം പങ്കുവെച്ചിരുന്നു. ഇത് രണ്ടും മുസ്‌ലിം പേരുകളായിരുന്നു. മുസ്‌ലിങ്ങൾക്കെതിരെ വൻ വിദ്വേഷ പരാമർശങ്ങളായിരുന്നു പോസ്റ്റിന് താഴെ വന്നത്. പോസ്റ്റ് നിമിഷ നേരം കൊണ്ട് വൈറലാവുകയും നിരവധി സോഷ്യൽ മീഡിയ അക്കൗണ്ടിൽ പ്രചരിക്കുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ വിഷയത്തിൽ ഇടപ്പെട്ട സിഐഎസ്എഫ്, സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും തുഷാർമേത്തയുടെ വാദങ്ങൾ വ്യാജമാണെന്ന് വെളിപ്പെടുത്തുകയും ചെയ്തു. എക്‌സിലൂടെ തുഷാറിന്റെ പോസ്റ്റിന് മറുപടിയായിട്ടായിരുന്നു ഇത്. വ്യാജ പ്രചരണം നടത്തിയ തുഷാറിനെതിരെ കേസ് എടുക്കണമെന്ന് ആവശ്യമുയർന്നതോടെ തന്റെ എക്‌സ് അക്കൗണ്ട് ഡോക്ടർ തുഷാർ ഡീആക്ടിവേറ്റ് ചെയ്യുകയായിരുന്നു.
'ഇത്തരം അടിസ്ഥാനരഹിതമായ സന്ദേശങ്ങൾ പോസ്റ്റു ചെയ്യുന്നത് യാത്രക്കാരുടെ മനസ്സിൽ അനാവശ്യമായ ആശങ്കകള്‍ സൃഷ്ടിക്കുന്നു, അതിനാൽ ഒഴിവാക്കേണ്ടതാണ്,' എന്നായിരുന്നു സിഐഎസ്എഫ് നൽകിയ മറുപടി.
എക്‌സ് പ്ലാറ്റ്‌ഫോമിൽ തുഷാർ മേത്ത പങ്കുവെച്ച കുറിപ്പ് ഇങ്ങനെയായിരുന്നു, 'സെക്യൂരിറ്റി ചെക്ക് ഇൻ ആയി തന്റെ ആപ്പിൾ വാച്ച് അടക്കമുള്ളവ ട്രേയിൽ ഇട്ടു. സെക്യൂരിറ്റി കടന്ന നിമിഷം ഞാൻ സാധനങ്ങൾ എന്റെ ലാപ്ടോപ്പ് ബാഗിലേക്ക് തിരികെ വയ്ക്കാൻ തുടങ്ങി. എന്തോ നഷ്ടപ്പെട്ടതായി എനിക്ക് തോന്നി, എന്റെ കൈയ്യിൽ എന്റെ വാച്ച് ഇല്ലെന്ന് എനിക്ക് മനസ്സിലായി. അവിടെ നിന്നിരുന്ന സിഐഎസ്എഫുകാരനോട് ഞാൻ ചോദിച്ചു. അവൻ എന്നോട് വീണ്ടും നോക്കാൻ ആവശ്യപ്പെട്ടു. എന്റെ ബാഗ്, പോക്കറ്റ് മുതലായവ ഞാൻ ഇതിനകം പരിശോധിക്കുകയും ചെയ്തിരുന്നു. ഇതിനിടെ നടന്നു പോകുമ്പോൾ ആരോ എന്നെ തിരിഞ്ഞു നോക്കുന്നത് കണ്ടു. സിഐഎസ്എഫ്കാരൻ എന്താണ് പറയുന്നതെന്നോ ചെയ്യുന്നതെന്നോ ശ്രദ്ധിക്കാതെ ആ പയ്യന് പിന്നാലെ ഞാൻ നടക്കാൻ തുടങ്ങി. ഏതാനും ചുവടുകൾ മുന്നോട്ട് വെച്ച അവൻ ടൈറ്റൻ വാച്ചസ് ഹീലിയോസിൽ നിൽക്കുന്നത് കണ്ടു. ഞാൻ അവന്റെ പോക്കറ്റിന് മുകളിൽ ബലമായി കൈ വെച്ചു, എനിക്ക് വാച്ച് അവിടെ ഉണ്ടെന്ന് തോന്നി. ഹീലിയോസിൽ നിന്നിരുന്ന വിൽപ്പനക്കാരൻ എന്നോട് ദേഷ്യത്തോടെ പെരുമാറാൻ തുടങ്ങി.' ഇതിനിടെ മറ്റേ ചെറുപ്പക്കാരൻ അവിടെ നിന്ന് രക്ഷപ്പെട്ടെന്നും എന്നാൽ തനിക്ക് വാച്ച് തിരികെ ലഭിച്ചെന്നും തുഷാർ ഡിലിറ്റ് ചെയ്ത പോസ്റ്റിൽ പറഞ്ഞിരുന്നു.
വിമാനം പുറപ്പെടാൻ വൈകിയതിനാൽ തർക്കത്തിന് ശേഷം താൻ കടയിൽ നിന്ന് ഇറങ്ങിയെന്നും ഇതിനിടെ ഗേറ്റിൽ നിന്നിരുന്ന സിഐഎസ്എഫ്കാരനൊപ്പം സെയിൽസ്മാൻ വന്നെന്നും തന്നോട് എന്താണ് കാരണമെന്ന് ചോദിച്ചെന്നും തുഷാർ പറയുന്നു. ഉടനെ തന്നെ താൻ മുമ്പ് ചികിത്സിച്ചിരുന്ന ഒരു മുതിർന്ന ഉദ്യോഗസ്ഥനെ വിളിച്ചെന്നും തുടർന്ന് സിഐഎസ്എഫുകാരൻ തന്നോട് മാപ്പു ചോദിച്ചെന്നുമാണ് തുഷാർ എക്സ് കുറിപ്പില്‍ അവകാശപ്പെട്ടത്. വാച്ച് എടുത്ത വ്യക്തി മുഹമ്മദ് സാഖിബ് ആണെന്നും സെയിൽസ് മാൻ ഷുഹൈബ് ആയിരുന്നെന്നും ഇയാൾ എക്‌സിൽ വാദിച്ചിരുന്നു.
Dear Pax,
— APS - CISF (@CISFAirport) January 26, 2025
The review of the CCTV has contradicted the sequence of events as narrated above. After security check, you were seen wearing your watch and heading for boarding gate without interaction with any CISF personnel. The boarding was completed smoothly and hassle-free.(1/2)
പോസ്റ്റ് വിവാദമായതോടെ സിഐഎസ്എഫിന്റെ എയർപോർട്ട് സെക്യൂരിറ്റി വിഭാഗം പോസ്റ്റിനോട് പ്രതികരിക്കുകയും വിഷയം അന്വേഷിക്കാൻ പിഎൻആറും ബന്ധപ്പെടാനുള്ള നമ്പറും പങ്കിടാൻ തുഷാർ മേത്തയോട് ആവശ്യപ്പെടുകയും ചെയ്തു. പിന്നീടാണ് തുഷാർ മേത്തയുടെത് വ്യാജ പ്രചരണമാണെന്ന് കണ്ടെത്തിയത്. വിമാനത്താവളത്തിലെ സിസിടിവി ദൃശ്യങ്ങൾ അടക്കം പരിശോധിച്ചതിന് ശേഷമാണ് കള്ളം പൊളിച്ച് സിഐഎസ്എഫ് മറുപടി നൽകിയത്.
Content Highlights: Dr Tushar's Post claiming watch was stolen CISF finally debunks doctor's false story