മുന്നാം മോദി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ ബജറ്റ് പ്രഖ്യാപിച്ചുകഴിഞ്ഞു. പൂർണമായും മധ്യവർഗത്തെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ബജറ്റാണ് തന്റെ എട്ടാമത്തെ ബജറ്റായി കേന്ദ്ര ധനകാര്യവകുപ്പ് മന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ചത്. 12 ലക്ഷം വരെ വരുമാനമുള്ളവർക്ക് പുതിയ നികുതി ഘടന പ്രകാരം ആദായ നികുതി നൽകേണ്ട എന്നതാണ് ബജറ്റിലെ ഏറ്റവും ആകർഷകമായ പ്രഖ്യാപനമായി വിലയിരുത്തപ്പെടുന്നത്. നികുതി സ്ലാബിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.
ആരൊക്കെയാണ് നികുതി അടക്കേണ്ടത് ?
എറ്റവും ലളിതമായി പറഞ്ഞാൽ നിലവിൽ സർക്കാർ നിശ്ചയിച്ച 12 ലക്ഷത്തിൽ കൂടുതൽ വരുമാനം ഉള്ളവർ എല്ലാം നികുതി അടയ്ക്കണം. 2014 ലെ ബജറ്റിലാണ് നികുതിയില്ലാത്ത വരുമാന പരിധി 2.5 ലക്ഷം രൂപയായി ഉയർത്തിയത്. പിന്നീട് 2019-ൽ 5 ലക്ഷം രൂപയായും 2023 ൽ ഇത് 7 ലക്ഷം രൂപയായും ഉയർത്തി. പുതിയ ബജറ്റിൽ നികുതി പരിധി 12 ലക്ഷമായി ഉയർത്തുകയായിരുന്നു. അതായത് പ്രതിമാസം ശരാശരി വരുമാനം 1 ലക്ഷം രൂപ. ഇതിനോടൊപ്പം സർക്കാർ പ്രഖ്യാപിച്ച 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ കൂടി ഉൾപ്പെടുത്തി 12.75 ലക്ഷം വരുമാനമുള്ളവർ നികുതി അടക്കേണ്ടതില്ല. അതായത് 1,06250 രൂപവരെ വരുമാനം ഉള്ളവർ ഒറ്റ രൂപ പോലും നികുതി അടയ്‌ക്കേണ്ടതില്ല.
അതേസമയം നിങ്ങളുടെ വരുമാനം 12,75,000 ത്തിൽ കൂടുതൽ ആയാൽ നിങ്ങളുടെ വരുമാനത്തിന്റെ മുഴുവൻ തുകയ്ക്കും നിങ്ങൾ നികുതി അടയ്ക്കണം. ഉദാഹരണത്തിന് നിങ്ങളുടെ മാസ വരുമാനം 1,07000 രൂപയാണെന്ന് കരുതുക. അപ്പോൾ ഒരുവർഷത്തിൽ നിങ്ങളുടെ വരുമാനം 12,84,000 രൂപയായി മാറും. ഇതോടെ നിങ്ങൾ നികുതി അടയ്‌ക്കേണ്ട വ്യക്തിയായി മാറും. ഈ തുകയിൽ നിന്ന് 75000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനായി കുറയ്ക്കാം. അപ്പോൾ നിങ്ങളുടെ വരുമാനം 12,09,000 ആയി കണക്കാക്കും.
പുതുതായി പ്രഖ്യാപിച്ച നികുതി സ്ലാബ് പ്രകാരമാണ് ഈ തുകയ്ക്ക് നികുതി അടയ്‌ക്കേണ്ടത്. അത് പ്രകാരം നിങ്ങളുടെ വരുമാനമായ 12,09,000 രൂപയിൽ ആദ്യത്തെ 4 ലക്ഷം രൂപയ്ക്ക് നിങ്ങൾ നികുതി അടക്കേണ്ട. 4 ലക്ഷം മുതൽ 8 ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് 5 ശതമാനവും 8 ലക്ഷം മുതൽ 12 ലക്ഷം വരെ 10 ശതമാനവും 12 മുതൽ 16 ലക്ഷം വരെ 15 ശതമാനവും നികുതി അടയ്‌ക്കേണ്ടി വരും. അതായത് ആദ്യത്തെ 8 ലക്ഷം രൂപയ്ക്ക് 20,000 രൂപയും അടുത്ത നാല് ലക്ഷം രൂപയ്ക്ക് 40,000 രൂപയും അടുത്ത 9000 രൂപയ്ക്ക് 1350 രൂപയുമായി മാറും. ഇത്തരത്തിൽ നോക്കുമ്പോൾ ആകെ അടയ്‌ക്കേണ്ട നികുതി (20000+40000+1350) 61,350 രൂപയായി മാറും. ഈ തുകയ്‌ക്കൊപ്പം 4 ശതമാനം സെസ് തുക കൂടി നൽകണം. അതായത് നികുതിയായ 61,350 രൂപയുടെ 4 ശതമാനമായ 2450 രൂപ. ആകെ 63,800 രൂപയായിരിക്കും നിങ്ങളുടെ നികുതി. ഇതില്‍ വീണ്ടും ഡിഡക്ഷനുകള്‍ വരാം.
Content Highlights: Confused about income tax threshold and tax slab? these are the details