10 ലക്ഷം വരെ ആദായ നികുതിയില്ല, ഭവന വായ്പക്കാര്‍ക്ക് ഇളവ്; ബജറ്റിലെ പ്രതീക്ഷകള്‍

നികുതിഭാരം കുറച്ചാല്‍ പൊതുജനങ്ങളുടെ കയ്യിലുള്ള മിച്ചം വരുന്ന പണം വിപണിയിലേക്കിറങ്ങും, രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ അത് ഗുണം ചെയ്യും

dot image

2025-26 ലേക്കുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രമാണ് അവശേഷിക്കുന്നത്. നിത്യജീവിതം എളുപ്പമാക്കുന്ന ബജറ്റായിരിക്കുമോയെന്ന ഉത്കണ്ഠയിലാണ് ഇന്ത്യന്‍ ജനസംഖ്യയുടെ ഭൂരിഭാഗം വരുന്ന മധ്യവര്‍ഗം. അതില്‍തന്നെ ആദായനികുതി നല്‍കേണ്ടാത്ത വരുമാന പരിധി ഈ ബജറ്റില്‍ ഉയര്‍ത്തുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. നികുതിഭാരം കുറച്ചാല്‍ പൊതുജനങ്ങളുടെ കയ്യിലുള്ള മിച്ചം വരുന്ന പണം വിപണിയിലേക്കിറങ്ങുകയും രാജ്യത്തിന്റെ സമ്പദ്ഘടന മെച്ചപ്പെടുത്താന്‍ അത് ഗുണം ചെയ്യുമെന്നുമാണ് പൊതുവെയുള്ള വിലയിരുത്തല്‍.

അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനായി ധനനിക്ഷേപം നടത്തണമെന്ന വെല്ലുവിളിയും കേന്ദ്രത്തിന്റെ മുന്നിലുണ്ട്. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നികുതി ഇളവ് പ്രതീക്ഷിക്കാമെന്ന സൂചനകളാണ് നല്‍കുന്നത്. 10 ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളര്‍ക്ക് നികുതിയളവ് നല്‍കുമെന്നാണ് പ്രതീക്ഷ. അതേസമയം 15-20 ലക്ഷം രൂപയ്ക്കിടയില്‍ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് പുതിയ 25 ശതമാനം ടാക്‌സ് അവതരിപ്പിക്കുമെന്നും കരുതുന്നു. മധ്യവര്‍ഗത്തെ സംബന്ധിച്ചിടത്തോളം ഇതു വലിയൊരു സഹായകമാകും. സെക്ഷന്‍ 24(ബി) പ്രകാരം ഭവനവായ്പ എടുത്തവര്‍ക്കുള്ള 2 ലക്ഷം രൂപയുടെ കിഴിവ് ചിലപ്പോള്‍ മൂന്നുലക്ഷമായി ഉയര്‍ത്താനും സാധ്യതയുണ്ട്.

വികസനത്തിനെത്ര

2047 ലക്ഷ്യമിട്ടുകൊണ്ടുള്ള മോദിയുടെ വികസിത് ഭാരത് ലക്ഷ്യത്തിലെത്തുന്നതിന് വേണ്ടി നിക്ഷേപം നടത്തുകയാണ് അതില്‍ പ്രധാനം. ഇതിലൂടെ രാജ്യത്തിന്റെ അടിസ്ഥാനവികസനം സാധ്യമാകുന്നതിനൊപ്പം ഒരുപാട് തൊഴില്‍സാധ്യതകളും ഇതുവഴി സൃഷ്ടിക്കപ്പെടുമെന്നാണ് പ്രതീക്ഷ. ഒരോ മേഖല തിരിച്ചുകൊണ്ടുള്ള നിക്ഷേപമായിരിക്കും കേന്ദ്രം നടത്തുക. റെയില്‍വേയുടെ ആധുനികവല്‍ക്കരണത്തിനായി ഒരു ലക്ഷം കോടിയുടെ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അതുപോലെ തദ്ദേശീയ നിര്‍മാണം ലക്ഷ്യമിട്ട് പ്രതിരോധ മേഖല ആറുലക്ഷം കോടി, കര്‍ഷകരുടെ ഉന്നമനം ലക്ഷ്യമിട്ട് കാര്‍ഷിക മേഖലയ്ക്കായി 1.35-1.4 ലക്ഷം കോടി നിക്ഷേപം എന്നിവയും പ്രതീക്ഷിക്കുന്നു.

ജനങ്ങള്‍ക്ക് ആശ്വാസവും അതേസമയം ദീര്‍ഘകാല വളര്‍ച്ചയെ ഉദ്ദീപിക്കുകയും, പണപ്പെരുപ്പത്തെ മെരുക്കുകയും സാമ്പത്തിക വളര്‍ച്ച ലക്ഷ്യമിടുകയും തൊഴിലില്ലായ്മയെ അഭിസംബോധനചെയ്യുകയും വികസനം ഉറപ്പുവരുത്തുകയും സംസ്ഥാനങ്ങള്‍ക്ക് ഗുണം നല്‍കുകയും ചെയ്യുന്ന ഒരു ബജറ്റായിരിക്കണം എന്നുള്ളതാണ് നിര്‍മല സീതാരാമന് മുന്നിലുള്ളത്. അതിനോട് എത്രത്തോളം നീതി പുലര്‍ത്താന്‍ ധനമന്ത്രിക്കായിട്ടുണ്ടെന്നുള്ളത് മണിക്കൂറുകള്‍ക്കുള്ളില്‍ അറിയാന്‍ സാധിക്കും.

Content Highlights: All Personal Taxation Changes Expected From FM Nirmala Sitharaman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us