കേന്ദ്രബജറ്റ്: സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ്, മെഡിക്കല്‍ കോളേജ് സീറ്റുകള്‍... വിദ്യാഭ്യാസ മേഖലയ്ക്ക് എന്തെല്ലാം?

മൂന്നാമത് മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണബജറ്റാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്

dot image

വിദ്യാഭ്യാസ മേഖലയ്ക്കായി നിരവധി പ്രഖ്യാപനങ്ങളാണ് കേന്ദ്രബജറ്റില്‍ ഇത്തവണ ഇടംപിടിച്ചിരിക്കുന്നത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ് കണക്ടിവിറ്റി, കൂടുതല്‍ മെഡിക്കല്‍ കോളേജ് സീറ്റുകള്‍ തുടങ്ങിയവ പ്രഖ്യാപനങ്ങളില്‍ ചിലതാണ്. മൂന്നാമത് മോദി സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റാണ് നിര്‍മ്മല സീതാരാമന്‍ ഇന്ന് അവതരിപ്പിച്ചത്. നിര്‍മ്മല സീതാരാമന്റെ എട്ടാമത്തെ കേന്ദ്രബജറ്റ് അവതരണമായിരുന്നു ഇത്.

സ്‌കൂളുകളില്‍ ഇന്റര്‍നെറ്റ്

എല്ലാ സര്‍ക്കാര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും ബ്രോഡ്ബാന്‍ഡ് കണക്ടിവിറ്റി സ്ഥാപിക്കുമെന്നാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രഖ്യാപനം. കുട്ടികളിലെ ശാസ്ത്രബോധവും ജിജ്ഞാസയും വളര്‍ത്തുന്നതിനായി സ്‌കൂളുകളില്‍ 50,000 അടല്‍ ടിങ്കറിങ് ലാബുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപനമുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ മാതൃഭാഷകളില്‍ വിഷയങ്ങള്‍ മനസില്ലാക്കാന്‍ ഭാരതീയ ഭാഷാ പുസ്തകം പദ്ധതി നടപ്പിലാക്കാനും ഇത്തവണ ബജറ്റില്‍ നിര്‍ദേശമുണ്ട്.

രാജ്യത്തെ ഐഐടികളുടെ കപ്പാസിറ്റി വര്‍ധിപ്പിക്കുമെന്നും ധനമന്ത്രി പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 23 ഐഐടികളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണം 100 ശതമാനം വര്‍ധിച്ചിട്ടുണ്ട്. 2024ന് ശേഷം സൃഷ്ടിക്കപ്പെട്ട 5 ഐഐടികളില്‍ 6500 വിദ്യാര്‍ത്ഥികള്‍ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുമെന്നും ധനമന്ത്രി അറിയിച്ചു. അടുത്ത വര്‍ഷത്തേക്ക് ഐഐടി ഐഐഎസ്സി ഗവേഷണത്തിനായി പതിനായിരം പിഎം റസര്‍ച്ച് സ്‌കോളര്‍ഷിപ്പ് നല്‍കാനാണ് തീരുമാനം.

കൂടുതല്‍ മെഡിക്കല്‍ കോളേജ് സീറ്റുകള്‍

രാജ്യത്താകമാനമുള്ള മെഡിക്കല്‍ കോളേജുകളില്‍ അടുത്ത വര്‍ഷത്തോടെ 10,000 സീറ്റുകള്‍ വര്‍ധിപ്പിക്കുമെന്ന് ബജറ്റില്‍ പ്രഖ്യാപനമുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 75,000 സീറ്റുകളുടെ വര്‍ധനവാണ് ലക്ഷ്യമിടുന്നത്.

എഐ വിദ്യാഭ്യാസത്തിന് പുതിയ കേന്ദ്രം

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പഠനകേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനായി 500 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. 100 കോടി ചെലവില്‍ എഐയ്ക്കായി അഞ്ച് സെന്റര്‍ ഓഫ് എക്‌സലന്‍സ് ശാലകള്‍ സ്ഥാപിക്കും. എഐ മേഖലയില്‍ ആഗോള പങ്കാളിത്തം ഉറപ്പാക്കുമെന്നും പ്രഖ്യാപനമുണ്ട്.

Content Highlights: Union Budget 2025, Internet For Government Schools, 10,000 Medical College Seats Next Year

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us