മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ, മനുഷ്യ-വന്യജീവി സംഘർഷം, വിഴിഞ്ഞം തുറമുഖ വികസനം, സാമ്പത്തിക പ്രതിസന്ധി തുടങ്ങി നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും വർഷമായിരുന്നു കേരളത്തിന് 2024. അപ്രതീക്ഷിത ദുരന്തങ്ങളിൽ നിന്ന് കരകയറാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നതിനിടെ 2025ലെ ബജറ്റ് പ്രഖ്യാപനം ഏറെ പ്രതീക്ഷയോടെയാണ് കേരളം ഉറ്റുനോക്കിയത്. പക്ഷേ കേന്ദ്രം പതിവു തെറ്റിച്ചില്ല, ഇക്കുറിയും ബജറ്റിൽ കേരളത്തിന് കാര്യമായി ഒന്നുമില്ല.
തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വോട്ട് ലക്ഷ്യം വെച്ച് ബിഹാറിന് വാരിക്കോരി കേന്ദ്രം സഹായങ്ങൾ പ്രഖ്യാപിച്ചപ്പോഴും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താൻ സാധിക്കാതെ പ്രയാസപ്പെടുന്ന കേരളത്തിലെ ജനതയെ കേന്ദ്രം തഴഞ്ഞു. പാലക്കാട്ടെ ഐഐടിക്ക് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചതൊഴിച്ചാൽ ബജറ്റ് അവതരണത്തിൽ ധനമന്ത്രി കേരളത്തെ കുറിച്ച് പരാമർശിച്ചതേയില്ല.
വയനാട്ടിലെ മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള പ്രത്യേക പാക്കേജ് പ്രഖ്യാപനമാണ് കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്നത്. കേരളത്തിലെ മലയോര മേഖലയിലെ മനുഷ്യ-വന്യജീവി സംഘർഷം പരിഹരിക്കാനും വിഴിഞ്ഞം തുറമുഖത്തിൻ്റെ വികസനത്തിനും പ്രത്യേക പാക്കേജുകളും കേരളം ആവശ്യപ്പെട്ടിരുന്നു. സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജും കേരളത്തിൻ്റെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു.
മുൻ ബജറ്റിലും കേരളം ആവശ്യപ്പെട്ടിട്ടും പ്രഖ്യാപിക്കാതെ പോയ എയിംസ്, സിൽവർലൈൻ പദ്ധതി, റെയിൽ വികസനം തുടങ്ങിയവയ്ക്കായുള്ള പാക്കേജ് കേരളം ഇക്കുറിയും ആവശ്യപ്പെട്ടിരുന്നു. പക്ഷേ മറുപടിയൊന്നും ഉണ്ടായില്ല.. കേരളത്തിൻ്റെ ദീർഘകാല ആവശ്യമായ അങ്കമാലി-ശബരി, തലശ്ശേരി-മൈസൂരു റെയിൽപാതയും കേരളം വീണ്ടും ആവശ്യപ്പെട്ടിരുന്നു. വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തിന് 5000 കോടി രൂപയുടെ പ്രത്യേക പാക്കേജാണ് കേരളം ആവശ്യപ്പെട്ടത്.
2000 കോടി രൂപയുടെ പ്രത്യേക പാക്കേജായിരുന്നു മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി കേരളം ആവശ്യപ്പെട്ടത്. വന്യജീവി-മനുഷ്യ സംഘർഷങ്ങളെ പരിഹരിക്കാനുള്ള പദ്ധതികൾക്കായി 1000 കോടി രൂപ, തീരദേശ ശോഷണം പരിഹരിക്കുന്നതിന് 11,650 കോടി രൂപ, കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് ഉയർന്ന് വന്നിരിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി 4500 കോടി രൂപ, പ്രവാസികൾക്കും തിരികെയെത്തുന്ന പ്രവാസികൾക്കും സംരക്ഷണം ഉറപ്പാക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പ്രത്യേക പദ്ധതിക്കായി 3940 കോടി രൂപ എന്നിങ്ങനെയും കേരളം ആവശ്യപ്പെട്ടിരുന്നു. കാർഷിക മേഖലയുടെ കൈത്താങ്ങിനായും കേരളം ധനസഹായം ആവശ്യപ്പെട്ടിട്ടുണ്ട്. റബറിന് മിനിമം വില ഉറപ്പാക്കുന്നതിനായി 1000 കോടി രൂപ, നെല്ല് സംഭരണത്തിന് 2000 കോടി രൂപ എന്നിങ്ങനെയും കേരളം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ഇതൊന്നും കേന്ദ്രത്തിന്റെ പരിഗണനയിൽ പോലും വന്നില്ല എന്ന് വേണം ബജറ്റ് പ്രഖ്യാപനത്തിൽ നിന്ന് മനസിലാക്കാൻ. കേരളത്തിൽ നിന്ന് ഒരു എംപിയുണ്ടായിട്ടും കേരളത്തോട് കേന്ദ്രം കാണിക്കുന്ന അവഗണനയ്ക്ക് മാറ്റമൊന്നും ഉണ്ടായിട്ടില്ല. കഴിഞ്ഞ ബജറ്റിലും കേന്ദ്രം കേരളത്തിന്റെ ആവശ്യങ്ങൾക്ക് മുന്നിൽ കണ്ണടയ്ക്കുകയായിരുന്നു. എയിംസ് ഉൾപ്പെടെ ആവശ്യങ്ങൾ കേന്ദ്രത്തിന് മുന്നിൽ കേരളം വ്യക്തമാക്കിയിട്ടും സംസ്ഥാനത്തിന്റെ പേര് പോലും ധനമന്ത്രി പരാമർശിച്ചിരുന്നില്ല.
ഇത്തവണയും ബജറ്റിൽ മുന്തിയ പരിഗണന ലഭിച്ചത് ബിഹാറിനായിരുന്നു. പുതിയ ഗ്രീൻഫീൽഡ് എയർപോർട്ട് , കർഷകർക്ക് മഖാന ബോർഡ്, നാഷണൽ ഫുഡ് ടെക് ഇൻസ്റ്റിറ്റ്യൂട്ട് അടക്കം ബിഹാറിനായി വമ്പൻ പദ്ധതികളാണ് ധനമന്ത്രി നിർമ്മലാ സീതാരാമൻറെ ബജറ്റിൽ ഇടം പിടിച്ചിരിക്കുന്നത്. പട്ന എയർപോർട്ട് നവീകരണം, അഞ്ച് ഐഐടികളിലെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നത്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി തുടങ്ങി നീളുന്നു ബിഹാറിന് കേന്ദ്രമൊരുക്കിയ പദ്ധതികൾ.
Content Highlight: Union Budget 2025; Kerala faces backlash; Centre denied package for wayanad