
എന്‍ഡിഎ സര്‍ക്കാരിന്റെ മൂന്നാംമൂഴത്തിലെ സമ്പൂര്‍ണ്ണ ബജറ്റില്‍ ബിഹാറിന് വാരിക്കോരി കൊടുത്ത് ധനമന്ത്രി നിര്‍മലാ സീതാരാമന്‍. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നിതീഷ് കുമാറിനെ കൂടെ നിര്‍ത്താന്‍ നിരവധി പുത്തന്‍ പദ്ധതികളും ധന സഹായവുമാണ് ബിഹാറില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിഹാറിനെ ഇന്ത്യയുടെ ഫുഡ് ഹബ്ബാക്കി മാറ്റുമെന്നതാണ് ബജറ്റിലെ ധനമന്ത്രിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്.
മഖാന എന്ന പ്രത്യേകതരം താമരവിത്ത് ഉല്‍പ്പാദനം ത്വരിതപ്പെടുത്താനും മഖാന കര്‍ഷകരെ ശാക്തീകരിക്കാനുമായി ബിഹാറിന് പ്രത്യേക മഖാന ബോര്‍ഡ് അനുവദിച്ചു. കിഴക്കന്‍ ഇന്ത്യയില്‍ ഭക്ഷ്യ സംസ്‌കരണം വര്‍ധിപ്പിക്കുന്നത് കൂടി ലക്ഷ്യമിട്ട് ബിഹാറില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫുഡ് ടെക്നോളജി സ്ഥാപിക്കുമെന്നായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം.
ബിഹാറില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങള്‍ കൊണ്ടുവരുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ചു. ഇതിന് പുറമെ പട്‌ന എയര്‍പോര്‍ട്ടിന്റെ നവീകരികരണവും അഞ്ച് ഐഐടികളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. ഈ വര്‍ഷം നവംബറില്‍ ബിഹാറില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
തൊഴിലാളികള്‍ക്ക് ആരോഗ്യ പരിരക്ഷ, അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കും പോഷകാഹാര പദ്ധതി, ഹോം സ്റ്റേകള്‍ക്ക് മുദ്ര ലോണ്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ സീറ്റ് വര്‍ധിപ്പിക്കല്‍, എംഎസ്എംഇകള്‍ക്ക് കൈത്താങ്ങ് തുടങ്ങിയ മറ്റനവധി പ്രഖ്യാപനങ്ങളും ബജറ്റില്‍ അവതരിപ്പിച്ചു.
ബിഹാറിനുള്ള തുടര്‍ പ്രഖ്യാപനങ്ങളെ പ്രതിപക്ഷം ചോദ്യം ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് കേന്ദ്ര ബജറ്റില്‍ ബിഹാറിന് വാരിക്കോരി പദ്ധതികള്‍ നകുന്നതെന്നാണ് പ്രതിപക്ഷ വിമര്‍ശനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനാകാതെ വന്ന സാഹചര്യത്തില്‍ തങ്ങളെ അളവറ്റ സഹായിച്ച നിതീഷ് കുമാറിന്റെ ജെഡിയുവും ചന്ദ്രബാബു നായിഡുവിന്റെ ടിഡിപിയെയുംം എന്‍ഡിഎ സര്‍ക്കാര്‍ മറന്നില്ലെന്ന് ബജറ്റില്‍ വ്യക്തമാകുന്നു.പ്രത്യേകിച്ച് ഈ വര്‍ഷം അവസാനത്തോടെ തെരഞ്ഞെടുപ്പിനെ നേരിടുന്ന ബിഹാറിനെ. ഇലക്ഷന്‍ സാഹചര്യം കൂടിയായതോടെ ബിഹാരിന് ബജറ്റില്‍ വലിയ പരിഗണന ലഭിച്ചു.
ബിഹാറിന് കഴിഞ്ഞ ബജറ്റിലും ധനമന്ത്രി പ്രത്യേക പരിഗണന കൊടുത്തിരുന്നു. 2600 കോടി രൂപയുടെ എക്‌സ്പ്രസ് വേ പദ്ധതിയാണ് കഴിഞ്ഞവര്‍ഷത്തെ പ്രധാനപ്പെട്ട ബജറ്റ് പ്രഖ്യാപനങ്ങളില്‍ ഒന്ന്. 2400 മെഗാവാട്ട് വരുന്ന വൈദ്യുതി പ്ലാന്റും കഴിഞ്ഞവര്‍ഷത്തെ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. പ്രളയ ദുരിതം നേരിടാന്‍ ബീഹാറിന് 11,500 കോടിയുടെ സഹായമാണ് അനുവദിച്ചത്. ബിഹാറിന് 13000 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് ബിഹാര്‍ ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരി നിര്‍മല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
Content Highlights: Union Budget 2025 announcements for Bihar