ഇതാണ് അര്‍ബുദത്തിനെതിരെ മരുന്നുപയോഗിച്ചുളള ആ അത്ഭുത ചികിത്സയുടെ ചരിത്രം

കീമോ തെറാപ്പിയുടെ ചരിത്രവും കണ്ടുപിടുത്തങ്ങളും കാട്ടിത്തരുന്നത് കാന്‍സര്‍ ചികിത്സയില്‍ വന്ന മുന്നേറ്റങ്ങളുടെ ചരിത്രം കൂടിയാണ്.

ഡോ. സഞ്ജു സിറിയക്
1 min read|04 Feb 2025, 09:12 am
dot image

ന്ന് ലോക കാന്‍സര്‍ ദിനം. കാന്‍സര്‍ ചികിത്സയില്‍ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് അര്‍ബുദത്തിനെതിരെ മരുന്നുപയോഗിച്ചുള്ള ചികിത്സയായ കീമോതെറാപ്പി. ആ വമ്പന്‍ ലിസ്റ്റില്‍ ആദ്യ കാലഘട്ടത്തിലെ മരുന്നുകള്‍ മുതല്‍ ഇമ്മ്യുണോതെറാപ്പി വരെ ഉള്‍പ്പെടുന്നു. കീമോതെറാപ്പിയുടെ ചരിത്രം കാന്‍സര്‍ ചികിത്സയില്‍ വന്ന മുന്നേറ്റങ്ങളുടെ ചരിത്രം കൂടിയാണ്. അതിലൂടെ നമുക്കും ഒന്ന് സഞ്ചരിച്ചാലോ.

കീമോ തെറാപ്പിയുടെ ചരിത്രം ഇങ്ങനെ

1948


കാന്‍സര്‍ ചികിത്സാ ശാസ്ത്രം വിജയിക്കുന്നു എന്ന് പറയണമെങ്കില്‍ ലുക്കീമിയ രോഗികള്‍ സുഖപ്പെടണം. കാരണം, കാന്‍സര്‍ എന്ന രോഗത്തിന്റെ എല്ലാ രൗദ്രഭാവങ്ങളും കാണാവുന്ന രോഗമാണ് അക്യൂട്ട് ലുക്കീമിയ. അനിയന്ത്രിതമായ കോശവിഭജനം മൂലമാണ് കാന്‍സര്‍ രോഗം ഉണ്ടാകുന്നത്. അപ്പോള്‍ കോശവിഭജനം തടയുക എന്നതാണ് ഫലപ്രദമായ കാന്‍സര്‍ ചികിത്സ എന്നതായിരുന്നു ആദ്യ കാല ചിന്തകള്‍.

സിഡ്‌നി ഫാര്‍ബര്‍ എന്ന ഡോക്ടറുടെ അശ്രാന്തപരിശ്രമങ്ങളാണ് ആദ്യ മരുന്നായ അമിനോപ്റ്ററിന്റെ ഉപയോഗത്തിലേക്ക് നയിച്ചത്. ലുക്കീമിയ രോഗികള്‍ക്ക് ഫോളിക് ആസിഡ് നല്‍കുന്നത് രോഗം വര്‍ധിക്കാന്‍ ഇടയാക്കുന്നു എന്ന് ശ്രദ്ധിച്ച അദ്ദേഹം ഫോളിക് ആസിഡ് വിരുദ്ധ മരുന്നുകള്‍ ഈ രോഗത്തിന് ഉപയോഗപ്രദമായേക്കും എന്ന അനുമാനത്തിലെത്തി. ഈ മരുന്ന് അദ്ദേഹത്തിന് നല്‍കിയതോ, ഇന്ത്യാക്കാരനായ യെല്ലാ സുബ്ബറാവു എന്ന വ്യക്തിയും.

റോബര്‍ട്ട് സാന്‍ഡ്ലര്‍ എന്ന രണ്ടു വയസ്സുള്ള കുട്ടിയില്‍ ആണ് ഈ മരുന്ന് ആദ്യമായി പരീക്ഷിക്കപ്പെടുന്നത്. മരണശയ്യയില്‍ ആയിരുന്ന കുട്ടി വളരെ പെട്ടെന്ന് തന്നെ സാധാരണ നിലയിലേക്ക് തിരിച്ചെത്തി. കാന്‍സര്‍ രോഗത്തിന് മരുന്നുകള്‍ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലായി പിന്നെ എല്ലാവരും. ഇന്നും ലുക്കീമിയ, ട്രോഫോബ്ലാസ്റ്റിക് ഡിസീസ്, ലിംഫോമ, ഓസ്റ്റിയോസാര്‍കോമ, വായിലെ അര്‍ബുദം തുടങ്ങി പല അര്‍ബുദ രോഗങ്ങള്‍ക്കുമായി ഈ മരുന്നിന്റെ വകഭേദമായ മെതോട്രെക്‌സേറ്റ് സജീവമായി രംഗത്തുണ്ട് .

1961


1943 ല്‍ ജര്‍മന്‍ വ്യോമസേന സഖ്യകക്ഷികളുടെ കപ്പലുകള്‍ ആക്രമിക്കുന്നു. ബാരി തുറമുഖത്ത് നിര്‍ത്തിയിട്ട 'ജോണ്‍ ഹാര്‍വെ' എന്ന അമേരിക്കന്‍ കപ്പലില്‍ ടണ്‍ കണക്കിന് മസ്റ്റാര്‍ഡ് ഗ്യാസ് എന്ന രാസായുധം ഉണ്ടായിരുന്നു. തൊലിപ്പുറത്ത് പൊള്ളല്‍ ഏല്‍പിക്കുക എന്നതായിരുന്നു ഈ രാസായുധത്തിന്റെ ലക്ഷ്യം എങ്കിലും ആയിരക്കണക്കിന് നാവികരും തുറമുഖത്തെ സാധാരണ മനുഷ്യരും മരണത്തിലേക്ക് വഴുതി വീണു. അവരുടെ രക്തം പരിശോധിച്ച ശാസ്ത്രജ്ഞര്‍ ഞെട്ടി. ശ്വേതാണുക്കള്‍ തീര്‍ത്തും അപ്രത്യക്ഷമായിരിക്കുന്നു. മജ്ജയില്‍ മസ്റ്റാര്‍ഡ് ഗ്യാസ് വരുത്തുന്ന തകരാര്‍ ആയിരുന്നു കാരണം.ഈ രാസപദാര്‍ത്ഥത്തെ രക്തസംബന്ധപ്പെട്ട കാന്‍സര്‍ രോഗങ്ങള്‍ക്ക് നിയന്ത്രിത ഡോസില്‍ ഉപയോഗിച്ചു കൂടെ എന്നൊരു ചിന്ത ഉരുത്തിരിഞ്ഞു. കാരണം ശ്വേതാണുക്കളുടെ രോഗം ആണല്ലോ ലുക്കീമിയ, ലിംഫോമ തുടങ്ങിയവ. ആദ്യ ഫലങ്ങള്‍ ശുഭപ്രതീക്ഷ നല്‍കി. ഹോജ്കിന്‍ ലിംഫോമയുടെ ചികിത്സയ്ക്കായി ഡോ. വിന്‍സെന്റ് ഡെവിറ്റയുടെ നേതൃത്വത്തില്‍ മറ്റ് മരുന്നുകളുടെ കൂടെ വിജയകരമായി ഉപയോഗിക്കപ്പെട്ടു. പിന്നീട് മറ്റ് ഫലപ്രദമായ മരുന്നുകളുടെ ആവിര്‍ഭാവത്തോടെ ഈ മരുന്ന് ക്ലിനിക്കല്‍ ഉപയോഗത്തില്‍ നിന്നും പുറത്തായി.

1973


വൈദ്യുതി തരംഗങ്ങള്‍ കൊണ്ട് ബാക്ടീരിയയെ നശിപ്പിക്കാന്‍ സാധിക്കുമോ? മിഷിഗണ്‍ യൂണിവേഴ്‌സിറ്റിയില്‍ ചില പരീക്ഷണങ്ങള്‍ നടന്നു. ബാക്ടീരിയല്‍ ലായനിയില്‍ പ്ലാറ്റിനം ഇലക്ട്രോഡുകള്‍ വഴി വൈദ്യുതി പ്രവഹിപ്പിച്ചപ്പോള്‍ കോശവിഭജനം തടയാനാകുമെന്ന് കണ്ടെത്തി. എന്നാല്‍ ഇത് വൈദ്യുതി മൂലമല്ല, മറിച്ച്, പ്ലാറ്റിനം ഇലക്ട്രോഡ് രാസമാറ്റത്തിന് വിധേയമാകുമ്പോള്‍ സിസ്പ്ലാറ്റിന്‍ എന്ന രാസപദാര്‍ത്ഥം ഉണ്ടാകുകയും, അതാണ് കോശവിഭജനത്തെ തടയുന്നത് എന്നും തിരിച്ചറിഞ്ഞു. അങ്ങനെ സിസ്പ്ലാറ്റിന്‍ എന്ന മരുന്നിന്റെ വരവായി. ടെസ്റ്റിക്യുലാര്‍ കാന്‍സറിനായിരുന്നു ആദ്യ ഉപയോഗം. ജോണ്‍ ക്ലീലാന്‍ഡ് എന്ന രോഗി ഫലപ്രദമായ മരുന്നുകള്‍ ഇല്ലാതെ മരണക്കിടക്കയില്‍ ആയിരുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് DR ലാറി ഐന്‍ഹോണ്‍ എന്ന യുവ ഡോക്ടറും. ജോണ്‍ ക്ലീലാന്‍ഡ് സുഖപ്പെട്ടു. ഇന്നും പല അര്‍ബുദങ്ങള്‍ക്കും (ഉദാ: ടെസ്റ്റിക്യുലാര്‍ കാന്‍സര്‍, ഓസ്റ്റിയോസാര്‍കോമ, ശ്വാസകോശ കാന്‍സര്‍, അന്നനാള കാന്‍സര്‍) വളരെ ഫലപ്രദമായ മരുന്നാണ് സിസ്പ്ലാറ്റിന്‍.

1994


ശാസ്ത്രം പുരോഗമിക്കുന്നത് ഇന്നലെയുള്ള കണ്ടെത്തലുകള്‍ക്ക് മേലെ ഉള്ളത് ഇന്ന് കണ്ടെത്തണം എന്നുള്ള ത്വര കൂടി കൊണ്ടാണ്. അങ്ങനെ ഒന്നാണ് ഹെര്‍ 2 എന്ന ജീനിന്റെ ഉയര്‍ന്ന സാന്നിധ്യം ചില സ്തനാര്‍ബുദ രോഗികളുടെ കോശങ്ങളില്‍ ഉണ്ടെന്ന കണ്ടെത്തല്‍. ഹെര്‍ 2 ന് എതിരായുള്ള മരുന്നുമായി വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു ഡെന്നിസ് സ്ലാമണ്‍ എന്ന ഡോക്ടര്‍ക്ക്. ബാര്‍ബറ ബ്രാഡ്ഫീല്‍ഡ് എന്ന രോഗിയെ മരുന്നുമായി സമീപിച്ച അദ്ദേഹത്തിന്റെ ആദ്യ ഫോണ്‍കോള്‍ പരാജയപ്പെട്ടു. രണ്ടാമത്തെതില്‍ ഡോക്ടറുടെ ആത്മാര്‍ത്ഥത മനസ്സിലാക്കിയ ബാര്‍ബറ ചികിത്സയ്ക്ക് സമ്മതിച്ചു. 18 ആഴ്ചത്തെ കീമോ കഴിഞ്ഞ് ഇന്നും രോഗവിമുക്തയായി അവര്‍ കഴിയുന്നു, ചികിത്സ ഒന്നും ഇല്ലാതെ സ്തനാര്‍ബുദ ചികിത്സാ രീതിയില്‍ പുതുചരിത്രം കുറിച്ച ഒന്നാണ് ഹെര്‍ 2 ചികിത്സ.

1998


കാലം മുന്നോട്ട് പോയി, കാന്‍സര്‍ പഠനമേഖലയും. കാന്‍സറിന് കാരണമാകുന്നത് കോശങ്ങളിലെ ജനിതക മാറ്റങ്ങള്‍ ആണെന്നതും ഈ മാറ്റങ്ങളെ കേന്ദ്രീകരിച്ച് ചികിത്സ നടത്തിയാല്‍ കൂടുതല്‍ ഫലപ്രദമാകുമെന്നതും ഒരുപാട് പ്രതീക്ഷ നല്‍കി. ആദ്യമായി ഈ ചികിത്സ നടത്താനായത് CML അഥവാ ക്രോണിക് മൈലോയ്ഡ് ലുക്കീമിയ എന്ന രോഗത്തിനായിരുന്നു.CML രോഗത്തിന് കാരണഭൂതം BCR ABL എന്ന ജനിതക മാറ്റം ആണ്. ഈ മാറ്റത്തിന് എതിരായ മരുന്ന് നല്‍കിയാല്‍ CML രോഗത്തെ ഫലപ്രദമായി ചികിത്സിക്കാം എന്നത് ബ്രയാന്‍ ഡ്രൂക്കര്‍ എന്ന പ്രഗല്‍ഭനായ യുവ ഡോക്ടറുടെ ആശയമായിരുന്നു. ആ മരുന്ന് പരീക്ഷണത്തിനായി അഞ്ച് വര്‍ഷത്തോളം പല സാഹചര്യങ്ങളുമായി പൊരുതേണ്ടി വന്നു ഡോക്ടര്‍ക്ക് .കാന്‍സര്‍ രോഗത്തിന് എതിരായുള്ള മാജിക് ബുള്ളറ്റ് ആയി 'ഇമാറ്റിനിബ്' എന്ന ഈ മരുന്നിനെ ലോകം വാഴ്ത്തി. പിന്നീട് എത്രയോ രോഗങ്ങളില്‍ ഫലപ്രദമായ ഒന്നായി ടാര്‍ജറ്റഡ് ചികിത്സ മാറി. കാന്‍സര്‍ കോശങ്ങളെ അപേക്ഷിച്ച് സാധാരണ കോശങ്ങള്‍ക്ക് കേട് പാട് സംഭവിക്കാനുള്ള സാധ്യത കുറവാണ് എന്നത് വലിയ ആശ്വാസവും നല്‍കി.

2012


കാന്‍സര്‍ കോശങ്ങള്‍ക്ക് എതിരെ രോഗ പ്രതിരോധത്തിന് ഉള്ള അണുക്കളെ തിരിച്ചു വിട്ടാലോ എന്ന ചിന്തയ്ക്ക് കാലങ്ങള്‍ പഴക്കമുണ്ട്. പക്ഷേ വിജയകരമായില്ല, പലപ്പോഴും സുരക്ഷിതവുമായിരുന്നില്ല. കാന്‍സര്‍ കോശങ്ങളില്‍ നിന്ന് ഈ അണുക്കളെ അകറ്റി നിര്‍ത്തുന്ന കണികകളെ തെരഞ്ഞു പിടിച്ച്, ആ കണികകള്‍ക്ക് എതിരായി മരുന്നു കൊടുത്താല്‍, രോഗ പ്രതിരോധ അണുക്കള്‍ക്ക് കാന്‍സര്‍ കോശങ്ങളെ നശിപ്പിക്കാന്‍ കഴിയുമെന്ന ചിന്ത കാന്‍സര്‍ ചികിത്സാരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് വഴിതെളിച്ചു. മെലനോമ, ശ്വാസകോശ കാന്‍സര്‍, വൃക്കകളുടെ കാന്‍സര്‍, ലിംഫോമ, കരള്‍ കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ ചികിത്സയില്‍ സമൂലമാറ്റം വരുത്തിയ ഒന്നായി ഇമ്മ്യുണോ തെറാപ്പി. 2018 ലെ നോബേല്‍ സമ്മാനം ജയിംസ് അലിസണ്‍ - ടാസുകു ഹോന്‍ജോ ദ്വയത്തിന് നല്‍കാന്‍ ഒരു ചിന്തയും വേണ്ടി വന്നില്ല.

അവസാനമായി….

അങ്ങനെ രാസായുധത്തില്‍ നിന്നും പ്ലാറ്റിനം ഇലക്ട്രോഡില്‍ നിന്നും ഒക്കെ ആകസ്മികമായി കണ്ടെത്തിയ മരുന്നുകള്‍ മുതല്‍ ജനിതക മാറ്റങ്ങള്‍ കേന്ദ്രീകരിച്ചും രോഗപ്രതിരോധ കോശങ്ങളെ ഉദ്ദീപിപ്പിച്ചും ഉള്ള ചികിത്സ വരെ എത്തി നില്‍ക്കുന്നു ഇന്ന് കാന്‍സര്‍ ചികിത്സ. പഴയത് ഉപേക്ഷിക്കുക എന്ന നയം ഇവിടെ പ്രസക്തമല്ല. കാരണം, ഇവയില്‍ പലതും പല രോഗങ്ങള്‍ക്കും ഇന്നും ഏറ്റവും പ്രയോജനപ്പെടുന്ന ചികിത്സകളില്‍ പെടുന്നു. എന്നാല്‍ പുതിയവ സ്വീകരിക്കാന്‍ മടിക്കുകയും പാടില്ല. കാരണം, അവയും ചില രോഗങ്ങള്‍ക്ക്, പ്രത്യേകിച്ചും ചികിത്സിക്കാന്‍ ബുദ്ധിമുട്ടുള്ള ചിലതിന്, വളരെ പ്രയോജനകരമാണ്.

ഒരു കാര്യം സ്മരിക്കാതെ അവസാനിപ്പിക്കാന്‍ വയ്യ. മേല്‍ പറഞ്ഞ ഓരോ ഡോക്ടറും അവരുടെ രോഗികളുടെ ദുരിതങ്ങള്‍ കണ്ട് ചികിത്സയ്ക്കായുള്ള മരുന്നുകള്‍ക്ക് നടത്തിയ അശ്രാന്ത പരിശ്രമം ഒന്നുകൊണ്ട് മാത്രമാണ് കാന്‍സര്‍ രോഗ ചികിത്സ ഇന്ന് നാം കാണുന്ന പരുവത്തില്‍ ആയത്. അതിനായി അവരോട് ചേര്‍ന്ന് നിന്ന അസംഖ്യം രോഗികളോടും ശാസ്ത്രം കടപ്പെട്ടിരിക്കുന്നു.കാലം ഇനിയും ഒരുപാട് കരുതിവച്ചിരിക്കുന്നു.മഹാമാരിയെ ഒരു നാള്‍ നാം കീഴ്‌പ്പെടുത്തുക തന്നെ ചെയ്യും. അത് ഞങ്ങളുടെ മാത്രം ആഗ്രഹം അല്ല. മാനവരാശിയുടെ മൊത്തം ആഗ്രഹം തന്നെയാണ്.

Content Highlights :This is the history of the miraculous treatment with drugs against cancer. The history and inventions of chemotherapy also show the history of advances in cancer treatment

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us