അധികാരത്തിലെത്തിയതിന് പിന്നാലെ തന്നെ തന്റെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തല്‍ നടപടി ആരംഭിച്ചിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഭക്ഷണമോ വെള്ളമോ പോലുമില്ലാതെ, മനുഷ്യാവകാശങ്ങള്‍ നിഷേധിച്ച് ആളുകളെ നാടുകടത്തുന്ന വാര്‍ത്തകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. ഇന്ത്യക്കാരില്‍ ആദ്യ സംഘത്തെ നാട്ടിലേക്ക് സൈനിക വിമാനത്തില്‍ തിരിച്ചയച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഇരുന്നൂറിലധികം പേരെ ഇങ്ങനെ തിരിച്ചയച്ചതായാണ് റിപ്പോര്‍ട്ട്.
സൈനിക വിമാനം സി-17 ഇന്ത്യക്കാരായ കുടിയേറ്റക്കാരുമായി ടെക്‌സാസില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പുറപ്പെട്ടത്. ഓരോ രേഖകളും പരിശോധിച്ച് ഉറപ്പാക്കിയ ശേഷമാണ് നാടുകടത്തലെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. വരുന്ന ആഴ്ചകളില്‍ കൂടുതല്‍ ഇന്ത്യക്കാര്‍ ഇത്തരത്തില്‍ നാടുകടത്തപ്പെടുമെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നു. ഇങ്ങനെയെങ്കില്‍ ആയിരക്കണക്കിന് ഇന്ത്യക്കാരാകും കൂട്ടനാടുകടത്തലിന് വിധേയരാകുക.
ഏകദേശം ഇരുപതിനായിരത്തോളം ഇന്ത്യക്കാരെ നടപടി ബാധിക്കും. ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം 18,000 ഇന്ത്യക്കാരെയാണ് അമേരിക്കന്‍ അധികൃതര്‍ അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയിരിക്കുന്നത്. അമേരിക്കന്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി ഡിപ്പാര്‍ട്ട്‌മെന്റിന്റെ കണക്കുകള്‍ അനുസരിച്ച് 17,940 പേര്‍ അടിയന്തരമായി നാടുകടത്തലിന് വിധേയമായേക്കാം. മറ്റുള്ളവര്‍ യുഎസ് ഇമിഗ്രേഷന്‍ ആന്റ് കസ്റ്റംസ് എന്‍ഫോഴ്‌സ്‌മെന്റിന്റെ ഇആര്‍ഒ വിഭാഗത്തിന് കീഴില്‍ തടങ്കലിലാണ്. ഈ കണക്കുകളില്‍ വ്യത്യാസമുണ്ടാകാന്‍ സാധ്യതയുണ്ട്.
അമേരിക്കയില്‍ നിന്ന് നിയമാനുസൃതം നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരെ സ്വീകരിക്കുമെന്ന് തന്നെയാണ് ഇന്ത്യയുടെ നിലപാട്. അമേരിക്കയില്‍ നിന്ന് നാടുകടത്തപ്പെടുന്ന ഇന്ത്യക്കാരുടെ വിവരങ്ങള്‍ പരിശോധിച്ച് വരികയാണെന്നാണ് നേരത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ പറഞ്ഞത്. 'അമേരിക്ക ഉള്‍പ്പടെ ഏതൊരു രാജ്യത്തും ഞങ്ങളുടെ പൗരന്മാരില്‍ ആരെങ്കിലും, നിയമവിരുദ്ധമായി കഴിയുന്നുണ്ടെങ്കില്‍, അവര്‍ ഇന്ത്യന്‍ പൗരന്മാരാണെന്ന് ഉറപ്പുണ്ടെങ്കില്‍, ഇന്ത്യയിലേക്കുള്ള അവരുടെ വരവിനെ ഞങ്ങള്‍ എപ്പോഴും സ്വാഗതം ചെയ്യും', എന്നായിരുന്നു ജയശങ്കര്‍ പറഞ്ഞത്. കുടിയേറ്റക്കാരെ തിരിച്ചെടുക്കുന്ന കാര്യത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ശരിയായ കാര്യം ചെയ്യുമെന്ന് നരേന്ദ്രമോദിയുമായുള്ള ഫോണ്‍ സംഭാഷണത്തിന് ശേഷം ഡൊണാള്‍ഡ് ട്രംപ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
Content Highlights: Trump begins mass deportation, How many Indians will be impacted? Will India Take Them Back?