![search icon](https://www.reporterlive.com/assets/images/icons/search.png)
നാഷ്‌നല്‍ ഇന്റലിജന്‍സ് ഡയറക്ടറായി ഹിന്ദുമത വിശ്വാസിയായ തുള്‍സി ഗബ്ബാര്‍ഡിനെ ഡോണള്‍ഡ് ട്രംപ് നിയോഗിച്ചത് പലരുടെയും നെറ്റി ചുളിപ്പിച്ചിരിക്കുകയാണ്. ഇന്റലിജന്‍സ് മേഖലയില്‍ വേണ്ടത്ര അനുഭവ പരിജ്ഞാനമോ, നേരത്തേ ഏതെങ്കിലും സര്‍ക്കാര്‍ വകുപ്പുകളുടെ ചുമതലയോ വഹിക്കാത്ത തുള്‍സി എങ്ങനെ നാഷ്‌നല്‍ ഇന്റലിജന്‍സ് ഡയറക്ടറുടെ പദവിക്ക് അനുയോജ്യയാകുമെന്നാണ് അവരില്‍ പലരും ചോദ്യമുന്നയിക്കുന്നത്. ഒപ്പം പൂര്‍വകാലത്തെ തുള്‍സിയുടെ നിലപാടുകളും അവര്‍ ചോദ്യം ചെയ്യുന്നു. അമേരിക്കന്‍ വിരുദ്ധതയെ ചൈനക്കും പുട്ടിനും എഡ്വാര്‍ഡ് സ്‌നോഡനും പിന്തുണ നല്‍കി പ്രോത്സാഹിപ്പിച്ചിരുന്ന വ്യക്തിയാണ് പൂര്‍വകാലത്തെ തുള്‍സി. അങ്ങനെയൊരാളാണ് രാജ്യസുരക്ഷയുടെ ഉന്നതപദവിയിലെത്തുന്നത്. രാജ്യത്തെ 18 ഇന്റലിജന്‍സ് ഏജന്‍സികളുടെ ഏകോപനം എന്ന വലിയ ചുമതലയാണ് തുള്‍സിയെ ട്രംപ് ഏല്‍പ്പിച്ചിരിക്കുന്നത്.
ആരാണ് തുള്‍സി ഗബ്ബാര്‍ഡ്
യുഎസ് ജനപ്രതിനിധാ സഭയിലെ മുന്‍ അംഗവുമായ തുള്‍സി ട്രംപിന്റെ അടുത്ത അനുയായികളിലൊരാളാണ്. ഹവായില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്നു. അനുഭവസമ്പത്തിനേക്കാളുപരി വിശ്വസ്തരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുക എന്ന ട്രംപ് നയത്തിന്റെ ഭാഗമായാണ് തുള്‍സിക്ക് ഈ പദവി ലഭിച്ചിരിക്കുന്നത്. യുഎസ് പാര്‍ലമെന്റിലെ ഹിന്ദുമതവിശ്വാസിയായ ആദ്യ അംഗമാണ് 43കാരിയായ തുള്‍സി. ഹിന്ദുമത വിശ്വാസിയാണെന്നതും പേരും പലരും ഇവരെ ഇന്ത്യന്‍ വംശജയെന്ന് തെറ്റിദ്ധരിക്കുന്നതിലേക്കും നയിച്ചു. അമേരിക്കന്‍ സമോവന്‍ വംശജയാണ് തുള്‍സി. അമേരിക്കക്കാരിയായ തുള്‍സിയുടെ അമ്മ ഹിന്ദുമതത്തില്‍ ആകൃഷ്ടയാകുകയും കുടുംബം ഹിന്ദുമതം സ്വീകരിക്കുകയുമായിരുന്നു. മക്കള്‍ക്കെല്ലാം ഇവര്‍ ഹിന്ദുപേരുകളാണ് ഇട്ടത്.
2020ല്‍ ട്രംപിനെതിരെ തുള്‍സി മത്സരരംഗത്തെത്തിയിരുന്നു. എന്നാല്‍ പിന്നീട് പിന്മാറി. 2022ലാണ് ഇവര്‍ ഡെമോക്രാറ്റിക് പാര്‍ട്ടി വിടുന്നത്. വരേണ്യ വര്‍ഗത്തിന്റെ പാര്‍ട്ടിയെന്ന് കുറ്റപ്പെടുത്തി പാര്‍ട്ടി വിട്ട ഇവര്‍ പിന്നീട് സ്വതന്ത്രയായി മത്സരിച്ചു. 2024ലാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഇവര്‍ അംഗത്വമെടുക്കുന്നത്. ട്രംപിന്റെ നേതൃത്വം പാര്‍ട്ടിയെ മാറ്റിമറിച്ചുവെന്നും ജനങ്ങളുടെ, സമാധാനത്തിന്റെ പാര്‍ട്ടിയായി റിപ്പബ്ലിക്കന്‍ പാര്‍ട്ടി മാറിയെന്നുമാണ് പാര്‍ട്ടിയില്‍ ചേര്‍ന്നുകൊണ്ട് തുള്‍സി പറഞ്ഞത്. ആര്‍മി നാഷനല്‍ ഗാര്‍ഡില്‍ അംഗമായിരുന്ന ഇവര്‍ ഇറാഖിലും കുവൈത്തിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. യുദ്ധത്തെ എതിര്‍ക്കുന്ന യുദ്ധമുഖത്ത് സേവനമനുഷ്ഠിച്ചിട്ടുള്ള വ്യക്തി, റിപ്പബ്ലിക്കനായി മാറിയ ഡെമോക്രാറ്റ് തുടങ്ങി നിലപാടുകളിലെല്ലാം വിരോധാഭാസമുള്ള വ്യക്തിത്വമാണ് തുള്‍സി. ട്രംപിന്റെ ഒന്നാം ഊഴത്തില്‍ അദ്ദേഹത്തെ നിശിതമായി തുള്‍സി വിമര്‍ശിച്ചിരുന്നു. ബെസ്റ്റ്‌സെല്ലിങ് എഴുത്തുകാരി കൂടിയാണ് ഇവര്‍. ഹിന്ദുമതാചാരപ്രകാരമാണ് തുള്‍സി ഹവായിലെ സിനിമാട്ടോഗ്രാഫറായ അബ്രഹാം വില്യംസിനെ വിവാഹം ചെയ്യുന്നത്. കാമ്പെയ്ന്‍ പരസ്യങ്ങള്‍ ചെയ്യുന്നതിനിടയില്‍ വച്ചാണ് ഇരുവരും പരിചയപ്പെടുന്നതും
ശബ്ദമുയര്‍ത്തിയത് ഒരേയൊരാള്‍
കെന്‍ചുകിയില്‍ നിന്നുള്ള സെനറ്റര്‍ മിച്ച് മക്‌കോനല്‍ മാത്രമാണ് തുള്‍സിക്കെതിരെ വോട്ട് രേഖപ്പെടുത്തിയ ഏക റിപ്പബ്ലിക്കന്‍. തുള്‍സി നേരത്തെ നടത്തിയ പരാമര്‍ശങ്ങളും ചെയ്തികളും ചൂണ്ടിക്കാട്ടി അനാവശ്യമായ റിസ്‌ക് ഏറ്റെടുക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുകയും ചെയ്തു. രാജ്യത്തിന്റെ വിശ്വാസം നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ട ഒരാളെ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതപദവിയേല്‍പ്പിക്കുന്നതിലെ അനൗചിത്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
അഭിനന്ദിച്ച് മോദി
തുള്‍സി ഗബ്ബാര്‍ഡിനെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുമോദിച്ചു. തുള്‍സിയുമായി ബുധനാഴ്ച കൂടിക്കാഴ്ച നടത്തിയ പ്രധാനമന്ത്രി ഇന്ത്യ-യുഎസ് സൗഹൃദത്തെ കുറിച്ചും അവരോട് സംസാരിച്ചു. രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായി ബുധനാഴ്ചയാണ് മോദി അമേരിക്കയിലെത്തിയത്. ഇലോണ്‍ മസ്‌കും തുള്‍സിയെ അഭിനന്ദിച്ച് എക്‌സില്‍ പോസ്റ്റ് പങ്കുവച്ചു.
Met USA’s Director of National Intelligence, @TulsiGabbard in Washington DC. Congratulated her on her confirmation. Discussed various aspects of the India-USA friendship, of which she’s always been a strong votary. pic.twitter.com/w2bhsh8CKF
— Narendra Modi (@narendramodi) February 13, 2025
Content Highlights: US' First Hindu-American Spy Chief Chosen By Donald Trump