
അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നടന്ന സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അവതരിപ്പിച്ച സൂത്രവാക്യമാണ് 'MAGA+MIGA=MEGA'. ട്രംപിന്റെ മാഗ ( മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍) എന്ന മുദ്രാവാക്യത്തില്‍ നിന്ന് പ്രചോദമുള്‍ക്കൊണ്ട് മോദി അവതരിപ്പിച്ച മുദ്രാവാക്യമായിരുന്നു മിഗ അതായത് മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍ എന്നത്. അമേരിക്കയും ഇന്ത്യയും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, MAGAയും MIGAയും ചേര്‍ന്ന് MEGA പങ്കാളിത്തമായി മാറുമെന്നായിരുന്നു മോദി പറഞ്ഞത്.
'അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ മാഗ-അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന മുദ്രാവാക്യത്തെ കുറിച്ച് അമേരിക്കന്‍ ജനതയ്ക്ക് നന്നായി അറിയാം. പൈതൃകത്തിലും വികസനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇന്ത്യയിലെ ജനങ്ങളും വികസിത് ഭാരത് എന്ന ലക്ഷ്യത്തിലേക്ക് അതിവേഗം മുന്നേറുന്നത്. അമേരിക്കയുടെ ഭാഷയില്‍ പറഞ്ഞാല്‍ ഇത് മേക്ക് ഇന്ത്യ ഗ്രേറ്റ് എഗെയ്ന്‍(മിഗ) ആണ്. അമേരിക്കയും ഇന്ത്യയും ഒന്നിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, ഈ മാഗയും മിഗയും ചേര്‍ന്ന് സമൃദ്ധിക്കായുള്ള 'മെഗാ' പങ്കാളിത്തമായി മാറുന്നു. ഈ മെഗാ സ്പിരിറ്റാണ് നമ്മുടെ ലക്ഷ്യങ്ങള്‍ക്ക് പുതിയ വ്യാപ്തിയും പ്രതീക്ഷയും നല്‍കുന്നത്', പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
2030 ആകുമ്പോഴേക്കും ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 500 ബില്യണ്‍ യുഎസ് ഡോളറായി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ഇരുനേതാക്കളും പ്രഖ്യാപിച്ചു. ഇരുരാജ്യങ്ങള്‍ക്കും ഗുണകരമാകുന്ന തരത്തില്‍ വ്യാപാര കരാര്‍ അന്തിമമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മോദി പറഞ്ഞു. സംയുക്ത വികസനം, സംയുക്ത ഉല്‍പ്പാദനം, സാങ്കേതികവിദ്യ കൈമാറ്റം എന്നീ മേഖലകളില്‍ ഇരു രാജ്യങ്ങളും മുന്നോട്ട് നീങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അമേരിക്ക ഇന്ത്യയുമായി അതിശയകരമായ വ്യാപാര ഇടപാടുകള്‍ നടത്താന്‍ പോകുന്നുവെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്. ചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാര ഇടനാഴി ഉണ്ടാക്കാനായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനമുണ്ട്. ഇന്ത്യയില്‍ നിന്ന് ആരംഭിച്ച് ഇസ്രയേലിലൂടെ അമേരിക്കയിലെത്തുന്നതാണ് വ്യാപാര ഇടനാഴി. എല്ലാ സഖ്യരാജ്യങ്ങളുടെയും റോഡ്, റെയില്‍, സമുദ്രാന്തര കേബിളുകള്‍ എന്നിവ വഴി ബന്ധിപ്പിക്കുന്നതാകും ഈ ഇടനാഴിയെന്നും ട്രംപ് വ്യക്തമാക്കി.
അമേരിക്കയും ഇന്ത്യയും തമ്മില്‍ ഊര്‍ജ്ജ വ്യാപാര രംഗത്ത് ശ്രദ്ധേയമായ കരാറില്‍ എത്തിച്ചേര്‍ന്നെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. ഈ ധാരണയോടെ എണ്ണയും പ്രകൃതിവാതകവും ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യുന്ന ഏറ്റവും പ്രധാനപ്പെട്ട പങ്കാളിയായി അമേരിക്ക മാറും. നമ്മുടെ എണ്ണയും വാതകവും ഇന്ത്യ ധാരാളമായി വാങ്ങാന്‍ പോകുന്നു. അമേരിക്കന്‍ ആണവ വ്യവസായത്തിനായും ഇന്ത്യന്‍ വിപണി തുറക്കുമെന്ന സൂചനയും ട്രംപ് നല്‍കി. ഇന്ത്യയുമായുള്ള സൈനിക വ്യാപാരം വര്‍ധിപ്പിക്കുമെന്നും പ്രഖ്യാപനമുണ്ട്.
Content Highlights: PM Modi's "MAGA+MIGA=MEGA" Equation To India-US Ties. What It Means