ലണ്ടനില്‍ നിന്ന് ന്യൂയോർക്കിലേക്ക് മാറ്റുന്നത് കോടിക്കണക്കിന് ഡോളറിന്റെ സ്വര്‍ണം; നീക്കത്തിന് പിന്നില്‍

ലണ്ടനില്‍ നിന്ന് സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം ന്യൂയോര്‍ക്കിലേക്ക് എത്തിക്കഴിഞ്ഞുവെന്നാണ് 'ഇന്‍ഡിപെന്‍ഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്

dot image

കോടിക്കണക്കിന് ഡോളറിന്റെ സ്വര്‍ണമാണ് അമേരിക്കന്‍ ബാങ്കുകള്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് മുതല്‍ തന്നെ സ്വര്‍ണത്തിന്റെ ഈ 'ഒഴുക്ക്' ആരംഭിച്ചിരുന്നു. ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ നിലവറകളില്‍ 200 ബില്യണ്‍ പൗണ്ടിലധികം വിലമതിക്കുന്ന നൂറുകണക്കിന് ടണ്‍ സ്വര്‍ണ ശേഖരമാണുള്ളത്. കനത്ത സുരക്ഷയിലുള്ള ഒമ്പത് നിലവറകളിലായാണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. ഇവിടെ നിന്നാണ് സ്വര്‍ണം ന്യൂയോര്‍ക്കിലേക്ക് മാറ്റിക്കൊണ്ടിരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അധികാരമേറ്റതിന് പിന്നാലെ ഉയര്‍ന്ന യൂറോപ്പിനെതിരായ താരിഫ് ഭീഷണികളും ഇതുമുലം നിലനില്‍ക്കുന്ന ആഗോള വ്യാപാര യുദ്ധത്തെ കുറിച്ചുള്ള ആശങ്കകളുമാണ് ഈ നീക്കത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലണ്ടനില്‍ നിന്ന് സ്വര്‍ണത്തിന്റെ വലിയൊരു ഭാഗം ന്യൂയോര്‍ക്കിലേക്ക് എത്തിക്കഴിഞ്ഞുവെന്നാണ് 'ഇന്‍ഡിപെന്‍ഡന്റ്' റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതോടെ അമേരിക്കയുടെ സ്വര്‍ണ ശേഖരം ഇരട്ടിയിലധികമാണ് വര്‍ധിച്ചത്. നവംബര്‍ 5-ന് 50 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണശേഖരമാണ് അമേരിക്കയിലുണ്ടായിരുന്നതെങ്കില്‍, നിലവില്‍ ഏകദേശം 106 ബില്യണ്‍ ഡോളറിന്റെ സ്വര്‍ണം അവരുടെ കൈവശമുണ്ട്. തിടുക്കപ്പെട്ടുള്ള ഈ നീക്കം ലണ്ടനില്‍ സ്വര്‍ണവിലയില്‍ കാര്യമായ ഇടിവുണ്ടാക്കിയിട്ടുണ്ട്.

ട്രംപിന്റെ താരിഫ് ഭീഷണികള്‍ തന്നെയാണ് ഈ തിടുക്കപ്പെട്ടുള്ള 'നീക്ക'ത്തിന് കാരണം. കഴിഞ്ഞ ആഴ്ച സ്റ്റീല്‍, അലുമിനിയം എന്നിവയ്ക്ക് ട്രംപ് 25% നികുതി പ്രഖ്യാപിച്ചിരുന്നു. ഇതോടെ ട്രംപ് സ്വര്‍ണത്തിന് മേലും തീരുവ ഏര്‍പ്പെടുത്തുമോയെന്ന് വ്യാപാരികള്‍ക്ക് ആശങ്കയുണ്ട്. രാജ്യത്തെ സ്വര്‍ണത്തിന്റെ ആവശ്യകത കാര്യമായ വര്‍ധനവുണ്ടാകാന്‍ ഇത് ഇടയാക്കുന്നുവെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

ജെപി മോര്‍ഗന്‍, എച്ച്എസ്ബിസി തുടങ്ങിയ പ്രമുഖ ബാങ്കുകള്‍ ഷോര്‍ട്ട് പൊസിഷനുകളിലെ നഷ്ടം നികത്താന്‍ സ്വര്‍ണത്തിന്റെ ഈ നീക്കം തുടരുകയാണ്. യുകെയില്‍ നിന്ന് മാറ്റുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും എത്തുന്നത് ന്യൂയോര്‍ക്ക് നഗരത്തിലാണ്. ലണ്ടനിലുള്ളതിനേക്കാള്‍ അധിക വില ന്യൂയോര്‍ക്കില്‍ സ്വര്‍ണത്തിനുണ്ട്. എന്നാല്‍ ലണ്ടനില്‍ ഇത് സ്വര്‍ണത്തിന്റെ ഗണ്യമായ ക്ഷാമത്തിനാണ് വഴിവെച്ചിരിക്കുന്നത്.

ലണ്ടനിലെ വിലയും ന്യൂയോര്‍ക്കിലെ ഫ്യൂച്ചേഴ്‌സ് മാര്‍ക്കറ്റ് വിലയും തമ്മില്‍ ഗണ്യമായ വ്യാത്യാസം നിലനില്‍ക്കുന്നതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന് മേലുള്ള സമ്മര്‍ദ്ദത്തിന് കാരണമായിട്ടുണ്ടെന്നാണ് ഡെപ്യൂട്ടി ഗവര്‍ണര്‍ സര്‍ ഡേവ് റാംസ്ഡന്‍ പറയുന്നത്. ഈ വര്‍ഷം മാത്രം ന്യൂയോര്‍ക്കിലെ ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് നിരക്ക് 11 ശതമാനമാണ് വര്‍ധിച്ചതെന്ന് ടെലിഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടനില്‍ നിന്നും സ്വിസ് റിഫൈനറികളില്‍ നിന്നും വലിയ അളവില്‍ സ്വര്‍ണം പിന്‍വലിച്ചുകൊണ്ടാണ് ബാങ്കുകള്‍ ഇപ്പോള്‍ ഈ വിലവ്യത്യാസം മുതലെടുക്കുന്നത്. ഈ മാസം മാത്രം ജെപി മോര്‍ഗന്‍ നാല് ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്വര്‍ണം വിതരണം ചെയ്യാന്‍ പദ്ധതിയിടുന്നുണ്ടെന്നാണ് വിവരം.

Content Highlights: Why are US banks flying gold from London to New York?

dot image
To advertise here,contact us
dot image