
ദിവസം ഒരു നേരമെങ്കിലും ചോറ് കഴിക്കാത്ത മലയാളികളുണ്ടാകുമോ? പണ്ടൊക്കെ ചോറ് കഴിക്കാത്ത ഒരു ദിവസമെന്നത് കേരളീയർക്ക് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. എന്നാൽ ഇന്നതല്ല സ്ഥിതി.
നമ്മുടെ തീൻമേശകളെ അടക്കിവാണിരുന്ന അരിയുടെയും ചോറിന്റെയുമൊക്കെ കാലം കഴിഞ്ഞുവെന്നാണ് പുതിയ കണക്കുകൾ പറയുന്നത്. കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മലയാളികളുടെ അരി ഉപഭോഗം പകുതിയായി കുറഞ്ഞിരിക്കുന്നു.
ചോറ് കാരണം, പൊണ്ണത്തടിയും, ജീവിതശൈലി രോഗങ്ങളും കൂടുന്നു എന്ന ചിന്തയുള്ളവരാണ് ചോറിനോട് ഗുഡ്ബൈ പറഞ്ഞു തുടങ്ങിയത്. എന്നാൽ, അരിയെ പുറത്താക്കിയത് കൊണ്ട് മാത്രം പ്രശ്നപരിഹാരമാകുമോ? മലയാളികൾക്ക് എന്തുകൊണ്ടാണ് അരിയോടുള്ള പ്രിയം ഇത്ര പെട്ടെന്ന് കുറഞ്ഞത്? അരിക്ക് പകരമായി ആളുകൾ കൂടുതലായി തിരഞ്ഞെടുക്കുന്ന ഭക്ഷണം ഏതൊക്കെയാണ്… അരി ഒഴിവാക്കിയത് ആരോഗ്യകരമായ തീരുമാനമാണോ പരിശോധിക്കാം.
കേന്ദ്ര സ്ഥിതിവിവര മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, കേരളത്തിലെ ഗ്രാമങ്ങളിൽ പ്രതിമാസം ഒരാൾ ഉപയോഗിക്കുന്ന അരിയുടെ അളവ് 2011-12 കാലത്ത് 7.39 കിലോഗ്രാം ആയിരുന്നത്, 2022-23 കാലമായപ്പോൾ 5.82 കിലോഗ്രാമായി കുറഞ്ഞിരിക്കുന്നു. നഗരപ്രദേശങ്ങളിൽ ഇത് 6.74 കിലോഗ്രാമിൽ നിന്ന് 5.25 കിലോഗ്രാമായി കുറഞ്ഞു. ഈ കണക്കുകൾ സൂചിപ്പിക്കുന്നത് അരിയുടെ ഉപഭോഗം കേരളത്തിൽ ഗണ്യമായി കുറഞ്ഞിട്ടുണ്ട് എന്നാണ്.
മലയാളികൾ അരി ആഹാരം കഴിക്കാൻ തുടങ്ങിയതിന് പിന്നിൽ സാമൂഹികവും, സാമ്പത്തികവും, രാഷ്ട്രീയവുമായ കുറേ കാരണങ്ങളുണ്ട്. എന്നാൽ ഇപ്പോൾ അരി ഒഴിവാക്കിയ തീരുമാനത്തിന് പിന്നിൽ മലയാളികൾക്ക് ഒരൊറ്റ കാരണമേയുള്ളൂ പുതിയ തലമുറയുടെ ആരോഗ്യചിന്തകള്‍.
കൊവിഡ് കാലത്തിന് ശേഷം മലയാളികൾ ആരോഗ്യ കാര്യത്തിൽ വളരെയധികം ജാഗരൂകരാണ്.
വ്യായാമം ചെയ്യുന്നവരുടെ എണ്ണംകൂടി. കഴിക്കുന്ന ഭക്ഷണത്തിലെ കലോറിയും പ്രോട്ടീനും അളന്നുകുറിച്ച് കഴിക്കുന്നവരുമുണ്ട്. അതൊക്കെ ശരിയാണ്… എന്നാൽ അരിയോടുള്ള പ്രിയം കുറയുന്നു എന്നത് അല്പം ആശങ്കയും ഉണ്ടാക്കുന്നുണ്ട്, കാരണം. അരിയെ ഒഴിവാക്കിയ ചിലരെല്ലാം വയറു നിറയ്ക്കുന്നത് പകരം ജങ്ക് ഫുഡുകൾ കൊണ്ടാണ്.
അരിയുടെ ഉപയോഗം കുറഞ്ഞതോടെ ഗോതമ്പിലേക്ക് കുറേ പേരൊക്കെ മാറിയിട്ടുണ്ടെങ്കിലും ഒരു വിഭാഗം ഫാസ്റ്റ് ഫുഡിലേക്കും പോയിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് ചോറിനു പകരം ഫാസ്റ്റ് ഫുഡ് ഐറ്റംസ് കഴിക്കുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. ചെറുപ്പക്കാർക്കിടയിലാമണ് ഈ ശീലം കൂടുതലായി കണ്ടുവരുന്നത്. അരിയുടെ ഉപഭോഗം കുറഞ്ഞതോടെ റൈസ് മില്ലുകളും പുതിയ രീതിയിലേക്ക് മാറാൻ തുടങ്ങിയിട്ടുണ്ടെന്നതാണ് വസ്തുത. പല റൈസ് മില്ലുകളും ഇപ്പോൾ ഗോതമ്പ് ഉൽപ്പന്നങ്ങളും മറ്റു ഭക്ഷ്യവസ്തുക്കളും ആണ് ഉത്പാദിപ്പിക്കുന്നത്
ആളുകൾ അരിയുടെ ഉപഭോഗം കുറച്ചെങ്കിലും, ആരോഗ്യകരമായ ഭക്ഷണം തിരഞ്ഞെടുക്കുന്നില്ല എന്നതാണ് ഗൗരവമായി കാണേണ്ട കാര്യം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളുടെ ഉപയോഗം മലയാളികൾക്കിടയിൽ വർധിച്ചിട്ടുണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. കേരളത്തിൽ പൊണ്ണത്തടി വർധിക്കുന്നതും ആശങ്കാജനകമാണ്.
20 വയസ്സിന് മുകളിലുള്ള, 90 ശതമാനം ആളുകളും പൊണ്ണത്തടിയുടെ വിഭാഗത്തിലാണ്. 25 വയസ്സിന് മുകളിലുള്ള പുരുഷന്മാർക്കും സ്ത്രീകൾക്കും അരക്കെട്ടിന്റെ ചുറ്റളവ് വളരെ കൂടുതലാണെന്നും റിപ്പോർട്ടുകളിൽ പറയുന്നു. ശരീരത്തിൽ കൊഴുപ്പ് അധികമാകുന്നതാണ് കാൻസർ വ്യാപകമാകാൻ കാരണം എന്ന് ഗവേഷകർ പറയുന്നുണ്ട്. ശരീരഭാരം കുറച്ചാൽ ഏകദേശം 30 തരം കാൻസറുകളിൽ നിന്ന് രക്ഷപ്പെടാനാവുമെന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.
ദേശീയ പോഷകാഹാര ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണക്കനുസരിച്ച്, ശരീരത്തിലെത്തുന്ന മൊത്തം കലോറിയുടെ 45% ൽ കൂടുതൽ ധാന്യങ്ങളിൽ നിന്ന് ലഭിക്കരുതെന്നാണ്. അതായത്, ആഹാരം സമീകൃതമായിരിക്കണം.
അപ്പൊ, ചുരുക്കിപ്പറഞ്ഞാൽ അരി ഒഴിവാക്കിയതുകൊണ്ട് മാത്രം കാര്യമില്ല. പകരം, നമ്മുടെ ഫുഡ് മെനുവിൽ ഒരേ സമയം ധാന്യങ്ങളും പഴങ്ങളും പച്ചക്കറികളുമെല്ലാമുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് വേണ്ടത്.
Content Highlights: Are Malayalee's saying no to rice food ?