
'അന്ന് ഇക്കാണുന്ന തരത്തിലുള്ള റെയിൽവേ സംവിധാനങ്ങളൊന്നുമില്ല. ആകെയുള്ളത് ഒരു ജയന്തി ജനതയാണ്. അതിലാണെങ്കിൽ തിരക്കോട് തിരക്കും. ടിക്കറ്റ് കിട്ടിയാൽ ഭാഗ്യം. അല്ലെങ്കിൽ ജനറൽ തന്നെ. ചൂടെടുത്ത് വശം കെടും, പക്ഷെ ജയന്തി ജനത, ജയന്തി ജനത തന്നെയാണ്'; 1980 - 90 കാലഘട്ടത്തിൽ ബോംബെയിലേക്ക് കുടിയേറി താമസിച്ച മലയാളികളുടെ അടുത്തുനിന്നും ഇങ്ങനെയൊരു വിവരണം കേൾക്കാത്ത മലയാളി കുറവായിരിക്കും. സാമ്പത്തിക തലസ്ഥാനമായി ബോംബെ വളരുന്ന സമയത്താണ് കേരളത്തിൽ നിന്നും അല്ലാതെയും അങ്ങോട്ടുള്ള കുടിയേറ്റം വലിയ രീതിയിൽ വർധിച്ചത്. ബോംബെ നഗരത്തിന്റെ വാതിലാകാൻ, കേരളത്തിനെ ബോംബെയുമായി 'ഘടിപ്പിക്കാൻ' അന്ന് ഒരേയൊരു തീവണ്ടിയെ നമുക്ക് ഉണ്ടായിരുന്നുള്ളു. അതാണ് മലയാളികളുടെ പ്രിയപ്പെട്ട ജയന്തി ജനത ! നൊസ്റ്റാൾജിയകളുടെ ഒരു കൂടാരം തന്നെയാകും ബോംബെ മലയാളികളെ സംബന്ധിച്ച് ഈ ട്രെയിൻ എന്നതിന് സംശയമുണ്ടാകില്ല.
1973 ജനുവരി 26 നാണ് ആദ്യത്തെ ജയന്തി ജനത സർവീസ് തുങ്ങിയത്. എന്നാൽ അത് ബോംബെ വണ്ടിയായിരുന്നില്ല. എറണാകുളം/മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് ന്യൂഡൽഹി വരെ പോകുന്ന തീവണ്ടിയായാണ് ജയന്തി ജനത ആദ്യം സർവീസ് ആരംഭിക്കുന്നത്. എറണാകുളം, മംഗലാപുരം എന്നിവിടങ്ങളിൽ നിന്ന് വരുണൻ റേക്കുകൾ, ഷൊർണൂരിൽ വെച്ച് കൂടിച്ചേർന്ന് ഡൽഹിയിലേക്ക് പോകുക എന്നതായിരുന്നു രീതി.
വലിയ രീതിയിലാണ് ഈ ട്രെയിൻ സർവീസ് ആരംഭിച്ചത്. ഭക്ഷണം ഇരുന്നുകഴിക്കാൻ പ്രത്യേകം കോച്ച്, റിസർവേഷൻ മാത്രം ചെയ്യാനാവുന്ന കമ്പാർട്മെന്റുകൾ, ബുക്ക് സ്റ്റാൾ എന്നിവയെല്ലാം ട്രെയിനിൽ ഉണ്ടാകുമെന്നായിരുന്നു പ്രഖ്യാപനവേളയിൽ അന്നത്തെ റെയിൽവേ മന്ത്രി ലളിത് നാരായൺ മിശ്ര പറഞ്ഞിരുന്നത്.
1976 ജനുവരി 26നാണ് ഇന്ന് നമ്മൾ കാണുന്ന ജയന്തി ജനതയുടെ തുടക്കം. എറണാകുളം മുതൽ ബോംബെയിലെ വിക്ടോറിയ ടെർമിനസ് വരെയായിരുന്നു ട്രെയിൻ സർവീസ് നടത്തിയിരുന്നത്. മലയാളികൾക്ക് എല്ലാ തരത്തിലും ഉപകാരമാകുന്ന ഈ ജയന്തി ജനതയിൽ എന്നും തിരക്കോട് തിരക്കായിരുന്നു. തമിഴ്നാട്, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലൂടെയും തിരുപ്പതി, പൂനെ വഴിയും പോകുന്ന ട്രെയിനായതു കാരണം ടിക്കറ്റുകൾ വളരെ വേഗം തീർന്നുപോകുമായിരുന്നു. ജയന്തി ജനതയിൽ ടിക്കറ്റ് കിട്ടി എന്ന പറയുന്നതുപോലും ഒരു അഭിമാന വിഷയമായി ആളുകൾ കരുതിയിരുന്നു. ജയന്തി ജനത അവർക്ക് എന്തായിരുന്നുവെന്ന് ഇപ്പോഴും പല ബോംബെ മലയാളികളും പറയുന്നത് നമുക്ക് കേൾക്കാം. പിന്നീട് ഘട്ടം ഘട്ടമായി, പല കാലങ്ങളിൽ ട്രെയിൻ തിരുവനന്തപുരത്തേക്കും തമിഴ്നാട്ടിലേക്കും നീട്ടുകയായിരുന്നു.
1998ൽ കൊങ്കൺ റെയിൽവേ വന്നതോടെ മലയാളികൾക്ക് ബോംബെ യാത്ര കൂടുതൽ എളുപ്പമായി. പിന്നീട് നേത്രാവതി പോലുളള ദിവസേന തീവണ്ടികൾ വന്നതോടെ ജയന്തി ജനതയുടെ 'ഗ്ലാമർ' അൽപ്പം കുറഞ്ഞു. കുറഞ്ഞ ചിലവിൽ, കുറഞ്ഞ സമയത്തിൽ കൊങ്കൺ വഴി ബോംബെയിലേക്കെത്താം എന്നത് ജയന്തി ജനതയുടെ സ്ഥിരം യാത്രക്കാരെ മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചു.
മുംബൈ സിഎസ്എംടി വരെ സർവീസ് നടത്തിയിരുന്ന മലയാളികളുടെ 'നൊസ്റ്റുവണ്ടി' ഇപ്പോൾ കന്യാകുമാരി മുതൽ പൂനെ വരെ മാത്രമാണ് സർവീസ് നടത്തുന്നത്. കൊവിഡ് വന്നതോടെ നിർത്തിവെക്കപ്പെട്ട എല്ലാ ട്രെയിൻ സർവീസുകളും പുനരാരംഭിച്ചപ്പോൾ, ജയന്തി ജനത ഇനി പൂനെ വരെ മതി എന്ന് റെയിൽവേ തീരുമാനിക്കുകയായിരുന്നു. ഇതോടെ മലയാളികളെ സാമ്പത്തിക തലസ്ഥാനവുമായി ബന്ധപ്പെടുത്തിയ, വലിയ ഓർമകളുടെ ഒരു കണ്ണി കൂടിയാണ് അറ്റുപോയത്. ആധുനിക എൽഎച്ച്ബി കോച്ചുകളും മറ്റും ട്രെയിനിന് നൽകിയെങ്കിലും, പണ്ടത്തെ ആ രാജകീയ പദവി ജയന്തി ജനതയ്ക്ക് ഇപ്പോളില്ല എന്നതാണ് യാഥാർഥ്യം.
Content Highlights: Story of Malayalees once favourite train, Jayanti Janata