
15 ദിവസത്തിനുള്ളില്‍ നാല് ദുബായ് യാത്ര, പിടിയിലായതാവട്ടെ, 14.8 കിലോ സ്വര്‍ണവുമായി. ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ ഇത്രയധികം ദുബായ് സന്ദര്‍ശനം നടത്തിയപ്പോള്‍ തന്നെ കന്നഡ യുവനടി രന്യ റാവു ഡിആര്‍ഐയുടെ നോട്ടപ്പുള്ളിയായി മാറിയിരുന്നു. സൂക്ഷ്മ നിരീക്ഷണത്തിലായിരുന്ന രന്യ ഏറ്റവും ഒടുവില്‍ എമിറേറ്റ്‌സ് വിമാനത്തില്‍ ബെംഗളൂരുവില്‍ വന്നിറങ്ങിയതോടെ ഇനി പരിശോധന വൈകേണ്ടതില്ലെന്ന നിഗമനത്തില്‍ ഉദ്യോഗസ്ഥരെത്തുന്നത് അങ്ങനെയാണ്. അവര്‍ക്ക് തെറ്റിയില്ല. പരിശോധനയില്‍ ദേഹത്ത് ധരിച്ചിരുന്ന ബെല്‍റ്റിലും മറ്റ് ശരീരഭാഗങ്ങളിലും രന്യ സ്വര്‍ണം ഒളിപ്പിച്ചത് അന്വേഷണ സംഘം കണ്ടെത്തി. പിടിച്ചെടുത്ത സ്വര്‍ണത്തിന് നിലവില്‍ 12 കോടിയോളം രൂപ വില വരും.
കര്‍ണാടകയിലെ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളാണെന്ന് രന്യ അവകാശപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ കേസില്‍ രന്യ പിതാവിന്റെ സ്വാധീനം ഉപയോഗിച്ചിരുന്നോ എന്നും ഡിആര്‍ഐ അന്വേഷിക്കുന്നുണ്ട്. സാധാരണ രീതിയില്‍ ഐപിഎസ് ഉദ്യോഗസ്ഥന്റെ മകളായതിനാല്‍ വിമാനത്താവളത്തില്‍ എത്തുന്ന രന്യയെ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥന്‍ അനുഗമിക്കാറുണ്ട്. ചില സമയങ്ങളില്‍ സര്‍ക്കാര്‍ വാഹനത്തിലാണ് രന്യ വിമാനത്താവളത്തില്‍നിന്ന് മടങ്ങാറുള്ളത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി ബെംഗളൂരു വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്ത് റാക്കറ്റുകള്‍ സജീവമായതിനാല്‍ ഇവരുമായി രന്യയ്ക്ക് ബന്ധമുണ്ടോയെന്നും അന്വേഷണ സംഘത്തിന് സംശയമുണ്ട്.
പഠനത്തില്‍ മിടുക്കിയായിരുന്ന രന്യ എഞ്ചിനീയറിഗ് ബിരുദം നേടിയെങ്കിലും അഭിനയത്തോടുള്ള അഭിനിവേശം അവരെ കിഷോര്‍ നമിത് കപൂര്‍ ആക്ടിങ്ങില്‍ എത്തിക്കുകയായിരുന്നു. പഠനം പൂര്‍ത്തിയാക്കി മോഡലായി തന്റെ കരിയറിന് അവര്‍ തുടക്കമിട്ടു. സിനിമകളില്‍ അഭിനയിക്കുന്നതിന് മുന്‍പേ നിരവധി പരസ്യചിത്രങ്ങളില്‍ രന്യ വേഷമിട്ടിട്ടുണ്ട്. 2014-ല്‍ പുറത്തിറങ്ങിയ 'മാണിക്യ' എന്ന കന്നഡ ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്കുള്ള ഇവരുടെ പ്രവേശം. 2016ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രമായ വാഗയും, 2017ല്‍ പുറത്തിറങ്ങിയ പടകി എന്ന ചിത്രവും സിനിമാരംഗത്ത് കാലുറപ്പിക്കാന്‍ രന്യയെ സഹായിച്ചു. ഈ ചിത്രങ്ങളിലെ രണ്യ റാവുവിന്റെ പ്രകടനത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ അവരെ പ്രശംസിച്ചു. ചുരുക്കം ചിത്രങ്ങളിലൂടെ ദക്ഷിണേന്ത്യന്‍ ചലച്ചിത്രമേഖലയില്‍ ശക്തമായ സാന്നിധ്യം അറിയിക്കുന്നതിനിടയിലാണ് സ്വര്‍ണക്കടത്തില്‍ ഇവര്‍ പിടിയിലാകുന്നത്. അറസ്റ്റിന് പിന്നാലെ കോടതിയില്‍ ഹാജരാക്കിയ നടിയെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Content Highlights: Who Is Ranya Rao, Kannada Actor Arrested On Gold Smuggling Charges