ഒറ്റദിവസം ഒന്നിലേറെ തവണ പ്രവര്‍ത്തനരഹിതം, സൈബര്‍ അറ്റാക്കെന്ന് മസ്‌ക്; 'എക്‌സി'ന് സംഭവിച്ചതെന്ത്?

ഒരു രാജ്യമോ വലിയൊരു ഗ്രൂപ്പോ ആകാം ഇതിന് പിന്നിലെന്നും മസ്‌ക് ആരോപിക്കുന്നുണ്ട്. യുക്രെയ്‌നിന്റെ പേര് എടുത്ത് പറഞ്ഞാണ് വിമര്‍ശനം.

dot image

ഇലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള മൈക്രോബ്ലോഗിങ് പ്ലാറ്റ്‌ഫോം എക്‌സ് ഇന്നലെ മണിക്കൂറുകളോളമാണ് പ്രവര്‍ത്തനരഹിതമായത്. ലോകമെമ്പാടും ആയിരക്കണക്കിന് പേര്‍ക്ക് എക്‌സ് ആക്‌സസ് ചെയ്യാനോ ഉപയോഗിക്കുവാനോ സാധിച്ചില്ല. ഒരു തവണയല്ല ഇന്നലെ മാത്രം രണ്ട് തവണയാണ് എക്‌സിന് സുരക്ഷാവീഴ്ച സംഭവിച്ചത്. എക്‌സ് പ്രവര്‍ത്തനരഹിതമായതിന് പിന്നില്‍ സൈബര്‍ അറ്റാക്ക് ആണെന്നാണ് മസ്‌കിന്റെ പ്രതികരണം. ഒരു രാജ്യമോ വലിയൊരു ഗ്രൂപ്പോ ആകാം ഇതിന് പിന്നിലെന്നും മസ്‌ക് ആരോപിക്കുന്നുണ്ട്. യുക്രെയ്‌നിന്റെ പേര് എടുത്ത് പറഞ്ഞാണ് വിമര്‍ശനം. എന്താണ് എക്‌സിന് സംഭവിച്ചത്? പരിശോധിക്കാം,

ഇന്ത്യ, യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളിലടക്കമാണ് കഴിഞ്ഞ ദിവസം എക്‌സ് (ട്വിറ്റര്‍) പ്രവര്‍ത്തനരഹിതമായത്. 40,000ല്‍ അധികം റിപ്പോര്‍ട്ടുകളാണ് ഡൗണ്‍ഡിറ്റക്ടറില്‍ എത്തിയത്. ഒരു ദിവസം മാത്രം ഒന്നിലേറെ തവണ എക്‌സ് പണിമുടക്കിയത് യുസേര്‍സിനെ ആശയക്കുഴപ്പത്തിലാക്കി. എക്‌സിന് എന്താണ് സംഭവിച്ചതെന്ന് പല അഭ്യൂഹങ്ങള്‍ പരക്കുമ്പോഴും ഇലോണ്‍ മസ്‌കോ എക്‌സ് ടീമോ പ്രതികരിച്ചിരുന്നില്ല.

മണിക്കൂറുകള്‍ക്ക് ശേഷമാണ് പ്രതികരണവുമായി ഇലോണ്‍ മസ്‌ക് രംഗത്തെത്തിയത്. എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു പ്രതികരണം. 'എക്‌സിനെതിരെ ശക്തമായ സൈബര്‍ ആക്രമണമാണ് ഉണ്ടായത് (ഇപ്പോഴും ഉണ്ട്). ഞങ്ങള്‍ക്കെതിരെ എല്ലാ ദിവസം ആക്രമണങ്ങളുണ്ടാകുന്നു. ഇതിന് പിന്നില്‍ വലിയൊരു ശ്രമമുണ്ട്. ഒന്നുകില്‍ ഒരു വലിയ, ഏകോപിത ഗ്രൂപ്പോ അല്ലെങ്കില്‍ ഒരു രാജ്യമോ ആണ് ഈ ആക്രമണത്തിന് പിന്നില്‍', എന്നാണ് മസ്‌ക് കുറിച്ചത്. ഇതിന് പിന്നാലെ ഫോക്‌സ് ബിസിനസിന് മസ്‌ക് നല്‍കിയ പ്രതികരണത്തില്‍, ആക്രമണത്തിന് പിന്നിലെ സിസ്റ്റത്തിന്റെ ഐപി വിലാസങ്ങള്‍ യുക്രെയ്നില്‍ നിന്നുള്ളതാണെന്നാണ് മസ്‌ക് പറഞ്ഞത്. യുക്രെയ്ന്‍ സര്‍ക്കാര്‍ എക്‌സിന്റെ അടിസ്ഥാന സുരക്ഷാ സൗകര്യങ്ങള്‍ ലംഘിച്ചതായും ഇത് ഒരു ദിവസം രണ്ട് തവണ എക്‌സ് പ്രവര്‍ത്തനരഹിതമാകുന്നതിന് കാരണമായതായും മസ്‌ക് ആരോപിച്ചു.

എക്‌സ് പ്രവര്‍ത്തനരഹിതമാകുന്നത് അസാധാരണമാണെന്നാണ് ടെക് വിദഗ്ധര്‍ പറയുന്നത്. ആപ്പിനെതിരെ പതിവായി ആക്രമണങ്ങള്‍ ഉണ്ടാകുന്നതായി സിഇഒ മസ്‌കും ആരോപിക്കുന്നു. യുക്രെയ്‌നും അമേരിക്കയും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കെയാണ് മസ്‌കിന്റെ ആരോപണം. ഫെബ്രുവരി 28ന് ഓവല്‍ ഓഫീസില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്‌കിയും തമ്മിലുള്ള കൂടിക്കാഴ്ച വാക്‌പോരില്‍ അവസാനിക്കുകയും ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകാന്‍ കാരണമാവുകയും ചെയ്തിരുന്നു.

എന്നാല്‍ മസ്‌കിന്റെ ആരോപണത്തിന് തൊട്ടുപിന്നാലെ എക്‌സിനെതിരായ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്ക് കുപ്രസിദ്ധ ഹാക്കിങ് ടീമായ 'ഡാര്‍ക്ക്‌സ്റ്റോം' രംഗത്തെത്തി. ടെലഗ്രാമിലൂടെയായിരുന്നു ഡാര്‍ക്ക് സ്‌റ്റോം സൈബര്‍ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തത്. 'ട്വിറ്ററിനെ ഓഫ്‌ലൈനാക്കി' എന്നായിരുന്നു പ്രതികരണം. ഇസ്രയേലിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളെ ലക്ഷ്യമിടുന്നതിലൂടെ പലസ്തീന്‍ അനുകൂല ഗ്രൂപ്പെന്നാണ് ഡാര്‍ക്ക് സ്റ്റോം അറിയപ്പെടുന്നത്.

Content Highlights: X was down for a couple of hours: Was it a cyber attack

dot image
To advertise here,contact us
dot image