ആ റെക്കോഡിന് ഉടമകള്‍ സുനിതയും ബുച്ചുമല്ല;വിവിധഘട്ടങ്ങള്‍ക്കൊടുവില്‍ കടലില്‍ പതിക്കുന്ന മടക്കയാത്ര:അറിയേണ്ടവ

ഇരുവരെയും വഹിച്ചുകൊണ്ടുള്ള യാത്രാപേടകം 10.30ന് ബഹിരാകാശ നിലയം വിടുമെന്നാണ് നാസ അറിയിച്ചത്.

dot image

287 ദിവസത്തെ ബഹിരാകാശ വാസത്തിനൊടുവില്‍ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും ഭൂമിയിലേക്ക്. ലോകമെമ്പാടുമുള്ള ശാസ്ത്രപ്രേമികളുള്‍പ്പെടെ ആവേശത്തോടെ, ആകാംക്ഷയോടെ അല്പം ആശങ്കയോടെ കാത്തിരിക്കുന്ന മടക്കം. ഇരുവരെയും വഹിച്ചുകൊണ്ടുള്ള യാത്രാപേടകം 10.30ന് ബഹിരാകാശ നിലയം വിടുമെന്നാണ് നാസ അറിയിച്ചിരുന്നത്.

വിവിധഘട്ടങ്ങള്‍ നീണ്ട മടക്ക പ്രക്രിയ

ഡ്രാഗണ്‍ പേടകത്തെ ബഹിരാകാശ നിലയവുമായി ബന്ധിക്കുന്ന കവാടം അടയ്ക്കുകയാണ് ആദ്യപടി. ഇതിനെ ഹാച്ചിങ് ക്ലോഷര്‍ എന്നാണ് പറയുന്നത്. രാവിലെ എട്ടരയോടെ ആരംഭിച്ച നടപടി വിജയിച്ചതോടെ 10.15ന് അണ്‍ഡോക്കിങ് തുടങ്ങി. മടക്കയാത്രയുടെ അതിനിര്‍ണായക ഘട്ടമാണ് ഇത്. ഈ ഘട്ടത്തില്‍ ബഹിരാകാശ നിലയത്തില്‍ നിന്ന് വേര്‍പെടുകയാണ് ചെയ്യുക. അടുത്തഘട്ടം അണ്‍ഡോക്കിങ് പൂര്‍ത്തിയാക്കി ഭൂമിയിലേക്കുള്ള യാത്ര തിരിക്കലാണ്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 2.41ന് ഡീഓര്‍ബിറ്റ് ബേണ്‍ പ്രക്രിയ ആരംഭിക്കും. അതായത് വേഗം കുറച്ച് ഡ്രാഗണ്‍ പേടകം ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കും. 3.30ഓടെ പേടകം ഫ്‌ളോറിഡയിലെ കടലില്‍ പതിക്കും. മെക്‌സിക്കോ ഉള്‍ക്കടല്‍, അറ്റ്‌ലാന്റിക് സമുദ്രം എന്നിവയിലേതെങ്കിലും ഒന്നിലായിരിക്കും പേടകം പതിക്കുക. ഇവരെ പിന്നീട് ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ എത്തിക്കും. എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഭൂമിയിലെത്തുന്ന തീയതിയിലും സമയത്തിലും മാറ്റങ്ങള്‍ സംഭവിച്ചേക്കാം. മടക്കയാത്ര തത്സമയം കാണിക്കുമെന്ന് നാസ അറിയിച്ചിട്ടുണ്ട്.

മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ പരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും ബഹിരാകാശ നിലയത്തിലെത്തുന്നത്. ഒരാഴ്ചയുടെ ദൗത്യത്തിനെത്തിയവര്‍ക്ക് പക്ഷെ സ്റ്റാര്‍ലൈനറിനുണ്ടായ സാങ്കേതിക തകരാറുമൂലം മാസങ്ങള്‍ തങ്ങേണ്ടി വന്നു. മടങ്ങിയെത്തുന്ന ഇരുവര്‍ക്കും സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തണമെങ്കില്‍ അല്പം സമയമെടുക്കും. നടക്കാനുള്ള ബുദ്ധിമുട്ടുള്‍പ്പെടെ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ ഇവര്‍ക്കുണ്ടാകും. ഇവര്‍ക്ക് ആവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ നാസയുടെ ജോണ്‍സണ്‍ സ്‌പേസ് സെന്ററില്‍ ഒരുക്കിയിട്ടുണ്ട്. ഭൂമിയുടെ ഗുരുത്വാകര്‍ഷണവുമായി പൊരുത്തപ്പെടാന്‍ ഇവര്‍ക്ക് സമയം എടുത്തേക്കും.

ഡ്രാഗണ്‍ മൊഡ്യൂള്‍ എന്താണ്

ബഹിരാകാശ നിലയത്തിലേക്ക് ആളുകളെയും കാര്‍ഗോയും എത്തിക്കുന്ന ദൗത്യം നടത്തിയിട്ടുള്ള സ്‌പേസ് എക്‌സിന്റെ വിശ്വസ്ത പേടകമാണ് ഡ്രാഗണ്‍ മൊഡ്യൂള്‍. മനുഷ്യരെ ബഹിരാകാശത്തെത്തിച്ച ആദ്യ സ്വകാര്യ പേടകമാണ് ഇത്. 49 ദൗത്യങ്ങള്‍ ഇത് പൂര്‍ത്തിയാക്കിയിട്ടുണ്ട്.

ആ റെക്കോഡിന് ഉടമകള്‍ സുനിതയും ബുച്ചുമല്ല

ഒറ്റയാത്രയില്‍ ഇത്രയേറെ ദിവസം ബഹിരാകാശ നിലയത്തില്‍ കഴിയേണ്ടി വന്ന ബഹിരാകാശ യാത്രികര്‍ പക്ഷെ സുനിതയും ബുച്ചുമല്ല. അത് 437 ദിവസം ബഹിരാകാശ നിലയത്തില്‍ തങ്ങിയ റഷ്യന്‍ യാത്രികന്‍ വലേരി പോളിയാക്കോവ് ആണ്. 1994 ജനുവരി എട്ടിനാണ് പോളിയാക്കോവ് ദൗത്യം ആരംഭിച്ചത്. 95 മാര്‍ച്ച് 22ന് ഭൂമിയില്‍ തിരിച്ചെത്തുംവരെ 7000 തവണയാണ് അദ്ദേഹം ഭൂമിയെ വലംവച്ചത്. 371 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച ഫ്രാങ്ക് റൂബിയാണ് നാസയുടെ യാത്രികരില്‍ ഒന്നാംസ്ഥാനത്ത്. ആറുമാസത്തെ ദൗത്യത്തിനാണ് ഫ്രാങ്ക് റൂബിയോയും സംഘവും യാത്രതിരിച്ചതെന്ന വ്യത്യാസമുണ്ട്. എന്നാല്‍ സോയൂസ് പേടകത്തിലെ കൂളന്റ് ചോര്‍ച്ച കാരണം ഇവര്‍ക്ക് ദൗത്യം നീട്ടേണ്ടി വന്നു.

Content Highlights: sunita williams returning to earth how and where she will land

dot image
To advertise here,contact us
dot image