
അമേരിക്കയുടെ പുതിയ പ്രസിഡന്റ് ആയി ഡൊണാൾഡ് ട്രംപ് അധികാരമേറ്റതോടെ ആശങ്കയിലായത് അമേരിക്കയിലെ വിവിധ കുടിയേറ്റക്കാരാണ്. അനധികൃത കുടിയേറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപിച്ച ട്രംപ് ഭരണകൂടം അമേരിക്കയിലെ ഗ്രീൻ കാർഡ് ഉടമകളായ ഇന്ത്യക്കാരടക്കമുള്ള ആളുകൾക്കിടയിൽ പരിശോധന നടത്തുന്നത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
അമേരിക്കയിൽ സ്ഥിര താമസമാക്കാൻ കഴിയുന്ന പെർമിഷനാണ് ഗ്രീൻകാർഡ് എന്ന പേരിൽ അറിയപ്പെടുന്നത്. അമേരിക്കൻ പൗരത്വത്തിന് തൊട്ടുമുമ്പുള്ള ഘട്ടമായിട്ടാണ് ഗ്രീൻ കാർഡ് കണക്കാക്കപ്പെടുന്നത്. അമേരിക്കയിലെ ഗ്രീൻകാർഡ് ഉടമകൾക്ക് മറ്റ് കുടിയേറ്റക്കാരിൽ നിന്ന് വ്യത്യസ്തമായ അവകാശങ്ങൾ ഉണ്ട്. നാടുകടത്തൽ ഭീഷണി നേരിട്ടാൽ നിയമപരമായി നേരിടാനും ഇവർക്ക് സാധിക്കും.
എന്തൊക്കെയാണ് അമേരിക്കയിലെ ഗ്രീൻ കാർഡ് ഉടമകളുടെ അവകാശങ്ങൾ എന്നുനോക്കാം,
2024 സാമ്പത്തിക വർഷത്തിൽ യുഎസിൽ പൗരത്വം നേടുകയോ ഗ്രീൻ കാർഡുകൾ നേടുകയോ ചെയ്യുന്ന ആളുകളിൽ രണ്ടാം സ്ഥാനത്ത് ആണ് ഇന്ത്യക്കാരുടെ സ്ഥാനം. കഴിഞ്ഞ സാമ്പത്തിക വർഷം മാത്രം 49,700 ഇന്ത്യക്കാർക്കാണ് പൗരത്വം ലഭിച്ചിട്ടുള്ളത്. രാജ്യത്തെ പുതിയ പൗരന്മാരിൽ 6.1 ശതമാനം വരുമിത്. എന്നാൽ ട്രംപ് അധികാരത്തിൽ എത്തിയതോടെയാണ് കുടിയേറ്റക്കാർക്കെതിരെ നടപടി ശക്തമായത്.
ഇതിനിടെ ഗ്രീൻ കാർഡ് ഉടമകളെ അധികൃതർ പരിശോധനയ്ക്ക് വിധേയരാക്കുകയും ചിലരെ നാടുകടത്തുകയും ചെയ്തിരുന്നു. നിയമപരമായ സ്ഥിര താമസക്കാർ (LPRs) എന്ന കാറ്റഗറിയിൽ ഉള്ളവർക്കാണ് ഗ്രീൻകാർഡ് നൽകാറുള്ളത്. ഇവർക്ക് വിദേശയാത്രകൾ നടത്തിയാലും നേരിട്ട് അമേരിക്കയിലേക്ക് തന്നെ മടങ്ങിവരാനായി നയമപരമായി അവകാശമുണ്ട്. എന്നാൽ തിരികെ വരുന്ന വ്യക്തികളെ പരിശോധിക്കാനും ഇവരുടെ ഗ്രീൻകാർഡ് യോഗ്യത പരിശോധിക്കാനുമുള്ള അധികാരം അമേരിക്കയിലെ കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (CBP) ഉദ്യോഗസ്ഥർക്കുണ്ട്. വേണ്ടി വന്നാൽ ഗ്രീൻകാർഡ് ഉടമകളെ ചോദ്യം ചെയ്യാനും ഇവർക്ക് സാധിക്കും.
'ഇമിഗ്രേഷൻ നിയമപ്രകാരമുള്ള തെറ്റായ ഒരു പ്രവൃത്തിയും ചെയ്യുന്നില്ലെങ്കിൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സിൽ സ്ഥിരമായി താമസിക്കാൻ സാധിക്കും' എന്നാണ് ഗ്രീൻകാർഡ് ഉടമകളുടെ അവകാശങ്ങളെ കുറിച്ച് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് (യുഎസ്സിഐഎസ്) പറയുന്നത്. സുരക്ഷാകാരണങ്ങൾ മുൻനിർത്തി യുഎസ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്ന ചില ജോലികൾ ഒഴികെ യോഗ്യത അനുസരിച്ച് ഏത് ജോലി ചെയ്യാനുള്ള നിയമപരമായ അവകാശം ഗ്രീൻകാർഡ് ഉടമകൾക്ക് ഉണ്ട്. ഇവർക്ക് യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസ് അനുസരിച്ച് യുഎസിലെ നിയമങ്ങൾ മുൻനിർത്തി സംരക്ഷണം ലഭിക്കും.
ഇത്തരം ഗ്രീൻകാർഡ് ഉടമകൾ യുഎസിലെയും അവരവർ താമസിക്കുന്ന പ്രദേശങ്ങളിൽ പ്രത്യേകമായിട്ടുള്ളതുമായ എല്ലാ നിയമങ്ങളും അനുസരിക്കുകയും ആദായനികുതി റിട്ടേൺ കൃത്യമായി സമർപ്പിക്കുകയും വേണം. ഇതിന് പുറമെ യുഎസ് ഇന്റേണൽ റവന്യൂ സർവീസിനും (ഐആർഎസ്) സ്റ്റേറ്റ് ടാക്‌സ് ഉദ്യോഗസ്ഥർക്കും ഗ്രീൻകാർഡ് ഉടമകൾ തങ്ങളുടെ വരുമാനം കൃത്യമായി റിപ്പോർട്ട് ചെയ്യുകയും വേണം.
രാജ്യത്തെ ജനാധിപത്യ സർക്കാരിനെ പിന്തുണയ്ക്കാമെങ്കിലും ഇവർക്ക് ഫെഡറൽ തിരഞ്ഞെടുപ്പിലോ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിലോ വോട്ടുചെയ്യാൻ അവകാശമുണ്ടായിരിക്കില്ല. 18നും 25നും ഇടയിൽ പ്രായമുള്ള പുരുഷന്മാരാണ് ഗ്രീൻ കാർഡ് ഉടമകളെങ്കിൽ ഇവർ സൈനിക സേവനത്തിനായി സെലക്ടീവ് സർവീസിൽ രജിസ്റ്റർ ചെയ്യണം. ഇതിന് പുറമെ എന്തെങ്കിലും കാരണവശാൽ യുഎസിൽ ഒരു വിസ തെറ്റായി റദ്ദാക്കപ്പെട്ടാൽ, വിസ നൽകുന്ന കോൺസുലേറ്റിൽ പുനഃപരിശോധന അഭ്യർത്ഥിക്കുകയോ പ്രവേശനയോഗ്യമല്ലെന്ന് ചൂണ്ടിക്കാണിച്ചാൽ ഇളവ് തേടുകയോ ചെയ്യാവുന്നതാണ്. ഫെഡറൽ കോടതിയെ കോൺസുലേറ്റിന്റെ തീരുമാനത്തിനെതിരെ സമീപിക്കാനും സാധിക്കും.
അതേസമയം ചില പ്രത്യേകസാഹചര്യങ്ങളിൽ ഗ്രീൻകാർഡ് റദ്ധ് ചെയ്യാനും അമേരിക്കയ്ക്ക് സാധിക്കും. മിക്ക ഗ്രീൻ കാർഡുകളും 10 വർഷത്തിനുള്ളിൽ പുതുക്കേണ്ടതുണ്ട്.
വിവാഹ തട്ടിപ്പ്, കുറ്റകൃത്യങ്ങൾ, ലഹരിവസ്തുക്കളുടെ ദുരുപയോഗം എന്നിവ നടത്തിയാൽ ഗ്രീൻകാർഡ് റദ്ധാക്കാൻ സാധിക്കും. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ, അവർ യുഎസിൽ ശിക്ഷ അനുഭവിക്കുമെങ്കിലും, ഇതിനൊപ്പം ഇമിഗ്രേഷൻ ജഡ്ജിയുടെ സാന്നിധ്യത്തിൽ പുറത്താക്കൽ നടപടികൾ നേരിടേണ്ടിയുംവരും. ഇമിഗ്രേഷൻ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയാലും ഈ നടപടി സ്വീകരിക്കും. തീവ്രവാദികളെയോ തീവ്രവാദസംഘടനയോ പിന്തുണയ്ക്കുകയോ തീവ്രവാദപ്രവർത്തനത്തിൽ ഏർപ്പെടുകയോ ചെയ്താലും ഗ്രീൻകാർഡ് റദ്ധ് ചെയ്യും.
Content Highlights: What are the rights of green card holders in USA