
24-ാം പാർട്ടി കോൺഗ്രസിന് മധുരയിൽ കൊടി ഉയരുമ്പോൾ സിപിഐഎമ്മിൻ്റെ പരമോന്നത കമ്മിറ്റികളിലെ സ്ത്രീ പാതിനിധ്യവും ചർച്ചയാണ്. കേന്ദ്ര കമ്മിറ്റിയിലും പൊളിറ്റ്ബ്യൂറോയിലും സ്ത്രീ പ്രാതിനിധ്യം വർദ്ധിക്കുമെന്ന് തന്നെയാണ് പിബി അംഗം ബൃന്ദാ കാരാട്ട് വ്യക്തമാക്കുന്നത്. പ്രായപരിധി മാനദണ്ഡപ്രകാരം ബൃന്ദാ കാരാട്ടും സുഭാഷിണി അലിയും നിലവിലെ പോളിറ്റ്ബ്യൂറോയിൽ നിന്നും ഒഴിയുമെന്ന് ഏതാണ്ട് ഉറപ്പാണ്. നിലവിൽ 17 അംഗ പൊളിറ്റ്ബ്യൂറോയിൽ രണ്ട് വനിതകൾക്കാണ് പ്രാതിനിധ്യമുള്ളത്. പിബിയിലെ വനിതാ പ്രതിനിധ്യം രണ്ടിൽ നിന്ന് വർദ്ധിപ്പിക്കാനുള്ള തീരുമാനം മധുരയിൽ ഉണ്ടാകുമെന്ന സൂചനകളാണ് പാർട്ടി കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്നത്. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് കെ ഹേമലത, തമിഴ്നാട്ടിൽ നിന്നുള്ള നേതാവ് യു വാസുകി, ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ, കേരളത്തിൽ നിന്നും കെ കെ ശൈലജ എന്നിവരാണ് പോളിറ്റ്ബ്യൂറോയിലേയ്ക്ക് പരിഗണിക്കപ്പെടുന്ന വനിതാ നേതാക്കൾ.
തമിഴ്നാട്ടിൽ നിന്നുള്ള ട്രേഡ് യൂണിയൻ നേതാവും ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റുമാണ് യു വാസുകി. സിപിഐഎമ്മിൻ്റെ തമിഴ്നാട്ടിൽ നിന്നുള്ള പ്രധാന നേതാക്കളായിരുന്ന ആർ ഉമാനാഥിൻ്റെയും പാപ്പാ ഉമാനാഥിൻ്റെയും മകളാണ് യു വാസുകി. ആർ ഉമാനാഥ് സിപിഐഎമ്മിൻ്റെ പൊളിറ്റ്ബ്യൂറോ അംഗമായിരുന്നു. ബാങ്ക് ജീവനക്കാരിയായിരുന്ന യു വാസുകി ജോലിയിൽ നിന്നും നിർബന്ധിത റിട്ടയർമെൻ്റ് എടുത്ത ശേഷം സിപിഐഎമ്മിൻ്റെ മുഴുവൻ സമയ പ്രവർത്തകയാകുയായിരുന്നു. സൈദ്ധാന്തിക ശേഷിയുള്ള നേതാവ് എന്ന നിലയിലും ശ്രദ്ധേയയാണ് യു വാസുകി.
ആന്ധ്രയിൽ നിന്നുള്ള സിഐടിയു നേതാവാണ് കെ ഹേമലത. ഡോക്ടറായി തൊഴിൽ ജീവിതം ആരംഭിച്ച ഹേമലത തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി സിഐടിയുവിൽ സജീവമായ നേതാവാണ്, എംബിബിഎസ് പൂർത്തിയായതിന് ശേഷം
സിപിഐഎം നടത്തുന്ന പ്രജാ ഹോസ്പിറ്റലിൽ സേവനം അനുഷ്ഠിച്ച ഹേമലത 1970കളുടെ അവസാനം ട്രേഡ് യൂണിയൻ പ്രവർത്തനങ്ങളിൽ സജീവമാകുകയായിരുന്നു. സിഐടിയുവിൻ്റെ ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറി ആയിരിക്കെ അങ്കണവാടി തൊഴിലാളികളെയും ബീഡി മേഖലയിലെ സ്ത്രീ തൊഴിലാളികളെയും സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ചു. സിഐടിയു നേതൃത്വത്തിലുള്ള അങ്കണവാടി തൊഴിലാളികളുടെ അഖിലേന്ത്യാ യൂണിയൻ്റെ നേതൃസ്ഥാനത്തേയ്ക്കും കെ ഹേമലതയെ നിയോഗിച്ചിരുന്നു. നിലവിൽ സിഐടിയുവിൻ്റെ അഖിലേന്ത്യാ പ്രസിഡൻ്റാണ് കെ ഹേമലത.
മഹാരാഷ്ട്രയിൽ നിന്നുള്ള വനിതാ നേതാവായ മറിയം ധാവ്ളെ ജനാധിപത്യ മഹിളാ അസോസിയേഷൻ്റെ അഖിലേന്ത്യാ ജനറൽ സെക്രട്ടറിയാണ്. എസ്എഫ്ഐയിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന മറിയം ധാവ്ളെ മഹാരാഷ്ട്രയിലെ ആദിവാസി- കാർഷക മേഖലയിലെ സ്ത്രീകളെ സംഘടിപ്പിക്കുന്നതിൽ നേതൃപരമായ പങ്ക് വഹിച്ചു. രാജ്യത്ത് തന്നെ ശ്രദ്ധേയമായി മാറിയ മഹാരാഷ്ട്രയിലെ കർഷകരുടെ ലോങ്ങ് മാർച്ചിൻ്റെ പ്രധാന സംഘാടകരിൽ ഒരാളായിരുന്നു മറിയം ധാവ്ളെ. 2019ലും 2024ലും മഹാരാഷ്ട്രയിലെ ഡെഹാണു നിയമസഭാ മണ്ഡലത്തിൽ സി പി ഐഎമ്മിൻ്റെ സ്ഥാനാർത്ഥി വിനോദ് നിക്കോളെയുടെ വിജയത്തിനായി മതേതര വോട്ടുകൾ ഏകോപിപ്പിക്കുന്നതിനായി താഴെ തട്ടുമുതൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നേതൃപരമായ പങ്കുവഹിച്ച നേതാവ് കൂടിയാണ് മറിയം ധാവ്ളെ. സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗവും അഖിലേന്ത്യാ കിസാൻ സഭയുടെ പ്രസിഡൻ്റുമായ അശോക് ധാവ്ളെ ജീവിത പങ്കാളിയാണ്.
അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവാണ് കെ കെ ശൈലജ. ഒന്നാം പിണറായി മന്ത്രിസഭയിൽ ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയിൽ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയയായി. നിപ്പ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ കെ കെ ശൈലജയ്ക്ക് ആരോഗ്യ മന്ത്രി എന്ന നിലയിൽ വലിയ സ്വീകാര്യത നൽകിയിരുന്നു. എസ്എഫ്ഐയിലൂടെയും ഡിവൈഎഫ്ഐയിലൂടെയും പൊതു പ്രവർത്തന രംഗത്ത് സജീവമായ കെ കെ ശൈലജ അഖിലേന്ത്യാ ജനാധിപത്യ മഹിള അസോസിയേഷൻ നേതാവ് എന്ന നിലയിലും വ്യക്തിമുദ്ര പതിപ്പിച്ചു. അധ്യാപിക കൂടിയായിരുന്ന കെ കെ ശൈലജ കൂത്ത്പറമ്പ് മണ്ഡലത്തിൽ നിന്ന് രണ്ട് വട്ടവും പേരാവൂർ മണ്ഡലത്തിൽ നിന്ന് ഒരു തവണയും എംഎൽഎ ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവിൽ മട്ടന്നൂർ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാംഗമാണ്.
Content Highlights: Women leaders being considered for the CPIM Politburo