പലസ്തീൻ, വംശഹത്യയുടെ രാഷ്ട്രീയം തിരിച്ചറിഞ്ഞ പാപ്പ; തീവ്ര വലതുപക്ഷ വാദികളുടെ കണ്ണിലെ കരട്

പലസ്തീനികൾ അവരുടെ നാടായ ഗാസയിൽ തന്നെ തുടരണമെന്ന് ട്രംപിന് മറുപടി കൊടുത്ത മാർപാപ്പ

dot image

കത്തോലിക്കാ സഭയിൽ മാറ്റങ്ങൾക്കും പരിഷ്കരണങ്ങൾക്കും വാതിൽ തുറന്നുവെച്ച ഇടയനായിരുന്നു ഫ്രാൻസിന് മാർപാപ്പ. ആഗോള കത്തോലിക്കാ സഭയുടെ വ്യവസ്ഥാപിതമായ പല കാഴ്ചപ്പാടുകളെയും തീരുമാനങ്ങളെയും ഫ്രാൻസിസ് മാർപാപ്പ മാറ്റിമറിച്ചു. എല്‍ജിബിടിക്യു പ്ലസ് സമൂഹത്തോടുള്ള കാഴ്ച്ചപ്പാടുകള്‍, കുടിയേറ്റ ജനതയോടുള്ള കരുതല്‍, പൗരോഹിത്യ ദുഷ്പ്രഭുത്വം, വിവാഹം, വിവാഹ മോചനം തുടങ്ങിയ വിഷയങ്ങളിലും മാര്‍പാപ്പയുടെ കാഴ്ചപ്പാടുകള്‍ വ്യത്യസ്തമായിരുന്നു. ഇതുകൊണ്ടൊക്കെത്തന്നെ പരമോന്നത ഇടയൻ പരിഷ്കരണ വിരുദ്ധവാദികളുടെയും, തീവ്ര വലതുപക്ഷ വാദികളുടെയും കണ്ണിലെ കരടായിരുന്നു. ഒരു ഘട്ടത്തിൽ അമേരിക്കയിലെ തീവ്ര വലതുപക്ഷം  വത്തിക്കാനിലെ കമ്മ്യൂണിസ്റ്റ് എന്ന് അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നു. അപ്പോഴും ഫ്രാൻസിസ് മാ‍ർപാപ്പ കുലുങ്ങിയില്ല. 'ഞാൻ കമ്യൂണിസ്റ്റ് അല്ല. പക്ഷേ, അവർ ശരിപറഞ്ഞാൽ അത് ശരിയാണ് എന്ന് ഞാൻ പറയും' എന്നായിരുന്നു ഇതിനോടുള്ള മാ‍ർപാപ്പയുടെ പ്രതികരണം.

പല ലോകരാജ്യങ്ങളിലെയും ജനങ്ങൾ സുഖലോലുപരായി ഉറങ്ങുമ്പോൾ പലസ്തീനികൾക്ക് ഉറക്കംപോലും നിഷേധിക്കപ്പെടുന്നുവെന്ന് തുറന്നുപറയാൻ മാർപാപ്പ ധൈര്യം കാട്ടി. ഏപ്രിൽ 20ൻ്റെ ഈസ്റ്റർ ദിനത്തിൽ പോലും ഗാസയിൽ സമാധാനം വേണമെന്നും വെടിനിർത്തൽ ഉടനുണ്ടാകണമെന്നും പാപ്പ ആഹ്വാനം ചെയ്തു. ഗാസയിൽ, പലസ്തീനികൾക്ക് നേരെ നടക്കുന്നത്, അമാനുഷികമായതും മനുഷ്യത്വരഹിതമായതുമായ അക്രമണങ്ങളാണെന്ന് പാപ്പ ഒരു മടിയുമില്ലാതെ തുറന്നുപറഞ്ഞു. പലസ്തീനികൾക്ക് സമാധാനത്തോടെ ജീവിക്കാനുള്ള എല്ലാ അവകാശങ്ങളുമുണ്ടെന്ന് മാർപാപ്പ അസന്നിഗ്ധമായി വ്യക്തമാക്കി. പലസ്തീനികളെ ഗാസയിൽ നിന്ന് മാറ്റുമെന്ന ട്രംപിന്റെ ആഹ്വാനത്തോട്, പലസ്തീനികൾ അവരുടെ നാടായ ഗാസയിൽ തന്നെ തുടരണമെന്ന മറുപടിയും അദ്ദേഹം നൽകി. ആ നിലയിൽ വിശാല മാനവികതയുടെ വലിയ വാതിലാണ് വത്തിക്കാനായി ഫ്രാൻസിസ് മാർപാപ്പ തുറന്നിട്ടത്.

ഭിന്ന ലൈംഗികതയില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകളെ വിപ്ലവകരമായ നിലപാട് എന്നുതന്നെ വിശേഷിപ്പിക്കാം. സ്വവര്‍ഗരതി കുറ്റകൃത്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. ഭിന്ന ലൈംഗികതയും മാരക പാപത്തിന്റെ പട്ടികയില്‍ നിന്ന് പുറത്തായി. വിവാഹം എന്നതിന്റെ നിര്‍വചനം പോലും കത്തോലിക്ക സഭയ്ക്ക് പുനര്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കേണ്ടി വന്നു.

ഈ പരിഷ്‌കാരങ്ങളും നിലപാടുകളുമൊക്കെ പ്രവര്‍ത്തികമാക്കുക എന്നത് അത്ര എളുപ്പമായിരുന്നില്ല. എന്നാലും ആ തലങ്ങളിലേക്ക് സഭയുടെ നേതൃത്വത്തിന്റെ ചിന്തയെ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. എട്ട് പ്രത്യേക സിനഡുകളാണ് ഈ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ അദ്ദേഹം വിളിച്ചു ചേര്‍ത്തത്. ആദ്യ സിനഡില്‍ കര്‍ദിനാള്‍മാര്‍ ഒന്നു ചേര്‍ന്ന് അദ്ദേഹത്തിന്റെ പരിഷ്‌കരണ നടപടികളെ വോട്ട് ചെയ്ത് തോല്‍പിച്ചു.

'മാർപ്പാപ്പ തീർത്തും യാഥാസ്ഥിതികനാണ്' എന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും യാഥാസ്ഥിതികനാണെന്ന് ഫ്രാൻസിസ് മാർപാപ്പ പറയുമ്പോഴും യഥാർത്ഥത്തിൽ ലോകം അദ്ദേഹത്തെ അങ്ങനെയായിരുന്നില്ല വിലയിരുത്തിയിരുന്നത്. യാഥാസ്ഥികനായിരിക്കുമ്പോഴും തൻ്റെ കാഴ്ചപ്പാടുകളിൽ സമൂലമായി പുരോഗമനപര നിലപാടുണ്ടായിരുന്ന മാർപാപ്പ എന്നതായിരുന്നു പോപ്പ് ഫ്രാൻസിസിൻ്റെ സ്വീകാര്യത.

അഭയാർത്ഥികൾക്കും കുടിയേറ്റക്കാർക്കും നൽകിയ പിന്തുണയിലൂടെയും ഫ്രാൻസിസ് മാർപാപ്പ ലോകത്തിൻ്റെ ആദരവ് പിടിച്ചുപറ്റി. ലാറ്റിനമേരിക്കയിലെ വിമോചന പോരാട്ടങ്ങളോട് അനുഭാവം പ്രകടിപ്പിച്ച മാർപാപ്പയുടെ സമീപനവും ഏറെ ചർച്ചയായിരുന്നു. ദരിദ്രരോടുള്ള അദ്ദേഹത്തിൻ്റെ ഉത്കണ്ഠ ശ്രദ്ധേയമായിരുന്നു. വത്തിക്കാൻ പ്ലാസയെ ഭവനരഹിതരുടെ അഭയകേന്ദ്രമാക്കി അദ്ദേഹം മാറ്റി. അവരെ "തെരുവിലെ പ്രഭുക്കന്മാർ" എന്ന് അദ്ദേഹം വിളിച്ചു.

Content Highlights: Marpappa,a man with great guts who stood for vatican

dot image
To advertise here,contact us
dot image