പത്തുഗ്രാമിന് ഒരുലക്ഷം; ഇന്ത്യന്‍ വീട്ടമ്മമാരെ ധനാഢ്യരാക്കി സ്വര്‍ണം; വില ഇനി കുറയുമോ?

ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ് ഈ വിലക്കയറ്റം.

dot image

ത്തുഗ്രാമിന് ഒരു ലക്ഷം തൊട്ടിരിക്കുകയാണ് സ്വര്‍ണവില. ഇന്ത്യയിലെ മധ്യവര്‍ഗ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഇരുട്ടടിയാണ് ഈ വിലക്കയറ്റം. ഇന്ത്യന്‍ വിവാഹങ്ങളില്‍ അത്രത്തോളമാണ് സ്വര്‍ണത്തിന്റെ സ്വാധീനം എന്നുള്ളത് തന്നെയാണ് അതിനുള്ള കാരണം. സ്വര്‍ണവില കൂടിയതോടെ സ്വര്‍ണാഭരണങ്ങള്‍ മാത്രം സ്വത്തായുള്ള ഇന്ത്യന്‍ വീട്ടമ്മമാരെല്ലാം ധനാഢ്യരായിരിക്കുകയാണ്. കേരളത്തില്‍ ഒരു പവന്‍ സ്വര്‍ണത്തിന് ഇന്നത്തെ വില 74,320 രൂപയാണ്. ഗ്രാമിന് 275 രൂപ വര്‍ധിച്ച് 9290 രൂപയായി. വൈകാതെ സ്വര്‍ണവില 75,000 മറികടക്കുമെന്നാണ് സൂചന. ഇത്തരത്തില്‍ സ്വര്‍ണവില അടിക്കടി ഉയരുന്നത് സമീപകാല ചരിത്രത്തില്‍ ആദ്യമാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടയില്‍ പവന് 8520 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.

എന്താണ് സ്വര്‍ണവില ഉയരുന്നതിന് കാരണം. എപ്പോഴെങ്കിലും വില കുറയുമോ?

യുഎസ് ഡോളറിന്റെ മൂല്യം ദുര്‍ബലമായതോടെ സുരക്ഷിത നിക്ഷേപമായി സ്വര്‍ണം മാറിയതാണ് സ്വര്‍ണ വില വര്‍ധനവിനുള്ള ഒരു കാരണം. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര സംഘര്‍ഷം വിപണിയിലെ അനിശ്ചിതത്വം വര്‍ധിപ്പിക്കുന്നുണ്ട്. ഇതും സ്വര്‍ണവില കൂടുന്നതിന് കാരണമാണ്.

ഡോളറിന്റെ ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യയിലെ സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങല്‍ ഗണ്യമായി വര്‍ധിപ്പിച്ചിരിക്കുകയാണ്. 2024ല്‍ മാത്രം ആഗോള സെന്‍ട്രല്‍ ബാങ്കുകള്‍ 1,037 ടണ്‍ സ്വര്‍ണം സ്വന്തമാക്കിയതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പണപ്പെരുപ്പത്തെ കുറിച്ചുള്ള ആശങ്കകള്‍, ജിയോപൊളിറ്റിക്‌സ് എന്നിവയുടെ പശ്ചാത്തലത്തില്‍ ഡോളറില്‍ പൂര്‍ണമായും വിശ്വാസമര്‍പ്പിക്കാന്‍ സാധിക്കാത്തതാണ് സ്വര്‍ണവില കൂടാന്‍ കാരണം.

യുഎസ് സ്റ്റാഗ്ഫ്‌ളേഷനെ അഭിമുഖീകരിക്കാന്‍ സാധ്യതയുണ്ടെന്ന് ഫെഡറല്‍ റിസര്‍വ് ചെയര്‍ ജെറോം പവല്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയിരുന്നു. സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതിനൊപ്പം പണപ്പെരുപ്പവും സ്റ്റാഗ്ഫ്‌ളേഷന്റെ പ്രത്യേകതയാണ്. ഈ സാമ്പത്തിക സ്തംഭനത്തിനും വിലക്കയറ്റത്തിനും എതിരായ പ്രതിരോധകവചമാണ് സ്വര്‍ണം കുതിച്ചുയരുന്നത്. മിഡില്‍ ഈസ്റ്റിലെയും കിഴക്കന്‍ യൂറോപ്പിലെയും ജിയോപൊളിറ്റിക്കല്‍ സാഹചര്യങ്ങള്‍ റിസ്‌ക് എടുക്കുന്നതില്‍ നിന്ന് നിക്ഷേപകരെ പിന്‍വലിക്കുകയും ചെയ്യുന്നുണ്ട്. ഇതും സ്വര്‍ണത്തില്‍ നിക്ഷേപം ഉയര്‍ത്തുന്നതിനുള്ള ഒരു കാരണമാണ്.

യുഎസില്‍ സാമ്പത്തിക മാന്ദ്യത്തിന് സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ മാര്‍ക്കറ്റിനെ ബാധിച്ചിട്ടുണ്ട്. യുഎസ് ട്രഷറിയിലെ വിറ്റൊഴിക്കലും ആത്മവിശ്വാസം കുറയുന്നതിന്റെ സൂചനയാണ് കാണിക്കുന്നത്. പലിശ നിരക്കുകള്‍ കുറഞ്ഞതോടെ വീണ്ടും പലരും സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി കാണാന്‍ തുടങ്ങിയതും സ്വര്‍ണവിലയെ സ്വാധീനിച്ചിട്ടുണ്ട്.

സ്വര്‍ണവില ഉയര്‍ത്തുന്നതിനുള്ള കാരണങ്ങള്‍ ഇപ്പോഴും സജീവമാണ്. അതിനാല്‍ തന്നെ വലിയൊരു വിലയിടിവ് പ്രതീക്ഷിക്കാനുള്ള സാഹചര്യം നിലവിലില്ലെന്നാണ് എച്ച്ഡിഎഫ്‌സി സെക്യൂരിറ്റീസ് കമ്മോഡിറ്റി, കറന്‍സി മേധാവി അനുജ് ഗുപ്ത പറയുന്നത്. വിലകുറയുകയാണെങ്കില്‍ തന്നെ അത് കൂടുതല്‍ സ്വര്‍ണം വാങ്ങിവയ്ക്കാനുള്ള ഒരു അവസരമായി കാണണമെന്നും അദ്ദേഹം പറയുന്നു. വ്യാപരത്തിലുള്ള സംഘര്‍ഷങ്ങളും, പണപ്പെരുപ്പ സാധ്യതകളും സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും ഇതേരീതിയില്‍ സ്വര്‍ണവില തുടരുന്നതിന് കാരണമാകുമെന്നാണ് മോട്ടിലാല്‍ ഒസ്വാലിലെ സീനിയര്‍ വൈസ് പ്രസിഡന്റ് നവനീത് ദമാനി പറയുന്നത്. അദ്ദേഹവും വിലകുറയുന്ന സമയം കൂടുതല്‍ സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കണമെന്നാണ് നിക്ഷേപകര്‍ക്ക് നിര്‍ദേശം നല്‍കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ താരിഫ് നയങ്ങളുടെ പശ്ചാത്തലത്തില്‍ ഓഹരി വിപണി തകര്‍ന്നടിഞ്ഞിരുന്നു. ഡോളര്‍ കൂപ്പുകുത്തിയതും അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതയും സ്വാഭാവികമായും നിക്ഷേപകരെ ആശങ്കയിലാഴ്ത്തി. ഇതെല്ലാം നിക്ഷേപം പിന്‍വലിച്ച് സ്വര്‍ണത്തില്‍ നിക്ഷേപം നടത്താന്‍ നിക്ഷേപകരെ നിര്‍ബന്ധിച്ചിരിക്കുകയാണ്.

Content Highlights: Rs 1 Lakh Gold: What's Behind the Sharp Rise and Will Prices Fall?

dot image
To advertise here,contact us
dot image