
ഏപ്രില്‍ 22... കശ്മീര്‍ വിറച്ചുപോയ, രക്തത്തിന്റെ മണമുള്ള ആ ഇരുണ്ടദിനം...
മിനി സ്വിറ്റസര്‍ലന്‍ഡ് എന്നുവിളിപ്പേരുള്ള ഭൂമിയിലെ സ്വര്‍ഗത്തില്‍ വെച്ച് നിരപരാധികളായ 26 പേരെയാണ് ഭീകരവാദികള്‍ കൊന്നൊടുക്കിയത്. വിനോദസഞ്ചാരികളുടെ പറുദീസയായ പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ട ആ 26 പേരും നമുക്ക് പ്രിയപ്പെട്ടവരാണ്. പക്ഷെ അവര്‍ക്കിടയില്‍ സെയ്ദ് ആദില്‍ ഹുസൈന്‍ ഷായെന്ന ചെറുപ്പക്കാരന്റെ ഓര്‍മകള്‍ അല്പംകൂടി തെളിഞ്ഞുനില്‍ക്കും.
പഹല്‍ഗാമില്‍ നിന്ന് ഏകദേശം 20 കിലോമീറ്റര്‍ അകലെയുള്ള ഹപത് നാര്‍ ഗ്രാമത്തിലെ നിന്നുളള കശ്മീരി യുവാവ്. പിതാവ് സയ്യിദ് ഹൈദര്‍ ഹുസൈന്‍ ഷാ, മാതാവ് ബിബി ജാന്‍, സഹോദരങ്ങള്‍, ഭാര്യ, ഒരു കുഞ്ഞ് എന്നിവരടങ്ങുന്ന വലിയ കുടുംബത്തിന്റെ ഏക അത്താണി. കശ്മീരിലെത്തുന്ന വിനോദസഞ്ചാരികളെ ബൈസരന്‍ പോലുള്ള മനോഹര സ്ഥലങ്ങളിലേക്ക് കുതിരവണ്ടിയില്‍ കൂട്ടിക്കൊണ്ടുപോവുക, സുരക്ഷിതമായി തിരിച്ചെത്തിക്കുക അതായിരുന്നു ആദിലിന്റെ ജോലി. മൂന്നുറുരൂപ മാത്രമായിരുന്നു ആദിലിന്റെ പ്രതിദിന വരുമാനം.
എന്നത്തേയും പോലെ ഏപ്രില്‍ 22നും കുടുംബത്തോട് യാത്ര പറഞ്ഞ് ജോലിക്കായി വീട്ടില്‍നിന്ന് ഇറങ്ങിയതായിരുന്നു ആദില്‍. വിനോദസഞ്ചാരികളുമായി ഹപത് നഗറില്‍ നിന്ന് ബൈസരനിലേക്കെത്തുന്ന സമയത്തൊന്നും തന്റെ ജീവിതത്തില്‍ മണിക്കൂറുകള്‍ക്കകം സംഭവിക്കാന്‍ പോകുന്ന വലിയൊരു ദുരന്തത്തിന്റെ വിദൂരചിന്തപോലും ആ യുവാവിന് ഉണ്ടായിക്കാണില്ല. തന്റെ കുതിരവണ്ടിയില്‍ കയറിയ വിനോദ സഞ്ചാരിയുമായി ബൈസരന്‍ താഴ്വരയിലെ പുല്‍മേടുകളിലേക്ക് ആദില്‍ യാത്ര തിരിച്ചു. ദക്ഷിണ കശ്മീരിലെ അനന്ത്നാഗ് ജില്ലയിലെ പഹല്‍ഗാം എന്ന മലയോര മേഖലയില്‍ നിന്നും കേവലം അഞ്ച് കിലോമീറ്റര്‍ മാത്രം അകലെയുളള ബൈസരന്‍ താഴ്വര വിനോദസഞ്ചാരികളുടെ ഇഷ്ട കേന്ദ്രങ്ങളില്‍ ഒന്നാണ്. അന്നും നിരവധി ആളുകള്‍ ഇവിടുത്തെ പുല്‍മേടുകളിലെ കുതിര സവാരിക്കായി എത്തിയിരുന്നു.. അവധിക്കാലം ആഘോഷമാക്കാന്‍ എത്തിയവരും മധുവിധു ആഘോഷമാക്കാനെത്തിയവരും അക്കൂട്ടത്തിലുണ്ടായിരുന്നു.
സമാധാനത്തോടെ പ്രകൃതി സൗന്ദര്യം ആസ്വദിച്ചിരുന്ന അവരുടെ ഇടയിലേക്ക് വേഷംമാറിയെത്തിയ ഭീകരവാദികള്‍ ആക്രമണം അഴിച്ചുവിട്ടത് വളരെ പെട്ടെന്നാണ്. പൈന്‍ ഫോറസ്റ്റില്‍ നിന്ന് പാഞ്ഞെത്തിയ ആക്രമികള്‍ ആദിലിന് മുന്നിലും ആയുധങ്ങളുമായി പാഞ്ഞെത്തി. പേര് ചോദിച്ചുകൊണ്ടായിരുന്നു ആക്രമണം. മുസ്ലിം നാമം ആയതിനാല്‍ അവര്‍ ആദിലിനെ വെറുതെ വിടുകയും വിനോദസഞ്ചാരിക്ക് നേരെ തിരിയുകയും ചെയ്തു. അയാളുടെ പേര് പറഞ്ഞാല്‍ ഉണ്ടാകുന്ന അപകടം മുന്‍കൂട്ടി മനസിലാക്കിയത് കൊണ്ടായിരിക്കണം ആദില്‍ തീവ്രവാദികളുടെ കയ്യില്‍ നിന്നും ആയുധം പിടിച്ചു വാങ്ങാന്‍ ശ്രമിച്ചത്. ആയുധം പിടിച്ചു വാങ്ങാന്‍ ശ്രമിച്ച് വിനോദസഞ്ചാരിയെ മരണത്തില്‍നിന്ന് രക്ഷപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് ആദില്‍ സ്വന്തം ജീവന്‍ നഷ്ടപ്പെട്ടത്. മൂന്നുവട്ടം ആദിലിന് വെടിയേറ്റു. കശ്മീരി മുസ്ലിമായ ആദില്‍ ഒരിക്കലും ഭീകരരുടെ ലക്ഷ്യമായിരുന്നില്ലെന്നാണ് ദൃക്സാക്ഷികള്‍ പോലും പറയുന്നത്.
മകന്‍ യാത്ര പറഞ്ഞ് ജോലിക്ക് പോയതും മരണവാര്‍ത്ത അറിഞ്ഞതും ഏറെ സങ്കടത്തോടെയാണ് ആദിലിന്റെ പിതാവായ സയ്യിദ് ഹൈദര്‍ ഹുസൈന്‍ ഷാ ഓര്‍ത്തെടുക്കുന്നത്. ഉച്ചകഴിഞ്ഞാണ് പഹല്‍ഗാമിലെ ഭീകരാക്രമണ വിവരം ആദിലിന്റെ കുടുംബം അറിയുന്നത്. ആദിലിനെ തിരഞ്ഞ് പൊലീസ് സ്റ്റേഷനിലെത്തിയ കുടുംബത്തെ കാത്തിരുന്നിരുന്നത് അവന്റെ മരണവാര്‍ത്തയായിരുന്നു.
ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള അടക്കം നിരവധി പേരാണ് ആദിലിന്റെ അന്തിമസംസ്‌കാരത്തിനായി ഓടിയെത്തിയത്. ധീരനായ യുവാവിന്റെ കുടുംബത്തെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം നാടിനുണ്ടെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ആദിലിന്റെ ദാരുണമായ മരണം കശ്മീരിനെ മാത്രമല്ല ഈറനണിയച്ചത്, ഒരു രാജ്യത്തെ മുഴുവനുമാണ്. തന്റെ അതിഥിക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ആ യുവാവിന്റെ ഓര്‍മകള്‍ക്ക് മുന്നില്‍ ശിരസ്സുനമിക്കുകയാണ് രാജ്യം...
Content Highlights: Story of Syed Adil Hussain Shah who Died in Pahalgam Terrorist Attack