
മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ചതുപ്പു പനി(Marsh Fever) എന്നും ഈ രോഗം അറിയപ്പെട്ടിരുന്നു. ഏകകോശ ജീവികള്‍ ഉള്‍ക്കൊള്ളുന്ന ഫൈലം പ്രോട്ടോസോവ വിഭാഗത്തില്‍, പ്ലാസ്‌മോഡിയം ജനുസ്സില്‍ പെട്ട പരാദങ്ങളാണ് ഈ രോഗമുണ്ടാക്കുന്നത്.
മനുഷ്യനിലേക്ക് രോഗം പകരുന്നതാകട്ടെ അനോഫിലിസ് ഇനത്തില്‍പെട്ട പെണ്‍കൊതുകിലൂടെയാണ്. പ്ലാസ്‌മോഡിയം ശരീരത്തില്‍ പ്രവേശിച്ചാല്‍ 48 മുതല്‍ 72 മണിക്കൂറുകള്‍ക്കുള്ളില്‍ സാധാരണഗതിയില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. രക്തത്തിലൂടെ പരാദങ്ങള്‍ കരളിന്റെ കോശങ്ങളില്‍ പ്രവേശിച്ച് പെരുകുന്നു. തുടര്‍ന്ന് കരളിന്റെ കോശങ്ങള്‍ നശിക്കുമ്പോള്‍ അത് പരാദങ്ങളെ പുറത്തുവിടുന്നു. അടുത്തഘട്ടത്തില്‍ ഇവ ശരീരത്തിലെ ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവിടെയും പെരുകുന്നു. ഇങ്ങനെ പെരുകുന്ന പരാദങ്ങള്‍ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതോടെ ശരീരത്തില്‍ രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങും. അപൂര്‍വം അവസരങ്ങളില്‍ രക്തദാനത്തിലൂടെയും രോഗം പകരാവുന്നതാണ്.
മലേറിയയുടെ ആദ്യ ലക്ഷണങ്ങള്‍ മറ്റു പകര്‍ച്ചപ്പനികളോട് സാമ്യമുള്ളവയാണ് എന്നതുകൊണ്ട് രോഗനിര്‍ണയവും ചികിത്സയും വൈകാം. വൈറല്‍ പനി, ഡെങ്കിപ്പനി, ഫ്‌ളൂ എന്നിവയ്ക്ക് ഉണ്ടാകുന്നതുപോലെ ശക്തമായ പനിയും തലവേദനയും ശരീരവേദനയും ആണ് ആദ്യലക്ഷണങ്ങള്‍. അതുപോലെതന്നെ മലേറിയയുടെ രോഗാണുക്കളില്‍ പ്ലാസ്‌മോഡിയം മലേറിയ, പ്ലാസ്‌മോഡിയം ഫാല്‍സിപാറം എന്നിവയില്‍ ഏതു മൂലമാണ് പനി ഉണ്ടാവുന്നത് എന്നതനുസരിച്ച് ലക്ഷണങ്ങളില്‍ മാറ്റങ്ങളും കണ്ടുവരുന്നുണ്ട്.
പനിയാണ് പ്രധാന ലക്ഷണം, ശക്തമായ പനി, വിറയലോടു കൂടിയ പനി എന്നിങ്ങനെ പനി രണ്ടു വിധത്തിലുണ്ടാവാം. പനി ഒന്നിടവിട്ട ദിവസം മാത്രം ഉണ്ടാകുന്നു. ഇത് മലമ്പനി(മലേറിയ)യുടെ ഒരു പ്രത്യേക ലക്ഷണമാണ്. സാധാരണ മലേറിയയുടെ (പ്ലാസ്‌മോഡിയം വൈവാക്‌സ് മൂലമുണ്ടാവുന്നത്) പ്രധാന ലക്ഷണമാണിത്. അതോടൊപ്പം രോഗിക്ക് വിറയലും നല്ല തണുപ്പും ഉണ്ടാവുകയോ, രോഗിയുടെ ശരീരത്തില്‍ പൊള്ളുന്ന പനിയും ഒപ്പം തലവേദനയും അനുഭവപ്പെടുകയോ, അമിതമായി വിയര്‍ക്കുകയും ഒപ്പം തളരുകയും ചെയ്യുകയും ചെയ്യുന്നു. ഇതു കൂടാതെ മറ്റു ലക്ഷണങ്ങളായ ശരീരവേദന, തലവേദന, സന്ധിവേദന, ഛര്‍ദ്ദി, ഓക്കാനം, വിളര്‍ച്ച (അനീമിയ) എന്നിവയും കാണപ്പെടാറുണ്ട്.
ചികിത്സിക്കാതിരുന്നാല്‍ ഗുരുതരമായ വിളര്‍ച്ചക്ക് കാരണമാകും. അത് പിന്നീട് ജീവനുതന്നെയും ഭീഷണിയായേക്കാം. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ വഷളാകുന്നതിനു മുമ്പ്, എത്രയും പെട്ടെന്ന് ചികിത്സ സ്വീകരിക്കണം. പ്രത്യേകിച്ച് ഗര്‍ഭിണികളിലും കുട്ടികളിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. പനി ബാധിച്ചവരുടെ രക്തപരിശോധനയിലൂടെയാണ് രോഗം സ്ഥിരീകരിക്കുന്നത്. രോഗത്തെക്കുറിച്ച് സംശയം തോന്നിയാല്‍ ക്ലോറോക്വിന്‍ (Chloroquine) എന്ന ഗുളികയാണ് പ്രാഥമിക ചികിത്സയുടെ ഭാഗമായി നല്‍കുന്നത്. രക്ത പരിശോധനയിലൂടെ മലേറിയ ആണെന്ന് ഉറപ്പായാല്‍ രോഗിക്ക് തുടര്‍ന്ന് സമ്പൂര്‍ണ ചികിത്സ (Radical treatment) നല്‍കുന്നു. നിലവില്‍ മലമ്പനിക്കെതിരെ ഫലപ്രദമായ മരുന്നുകള്‍ വിപണിയിലുണ്ട്.
മിക്കവര്‍ക്കും വീട്ടില്‍ വെച്ചുള്ള ചികിത്സ മാത്രം മതിയാവും. ചുരുക്കം ചിലരില്‍ ആശുപത്രിയില്‍ താമസിച്ചുള്ള ചികിത്സ ആവശ്യമായി വരും. ചികിത്സയ്ക്ക് ശേഷവും രോഗി ആരോഗ്യം വീണ്ടെടുക്കുന്നതിനുള്ള ഭക്ഷണക്രമത്തിലും മറ്റും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഡോക്ടറുടെ നിര്‍ദേശാനുസരണം നിര്‍ദ്ദേശിക്കുന്ന കാലയളവ് മുഴുവന്‍ മരുന്നുകള്‍ കഴിച്ചാലും പൂര്‍ണ ആരോഗ്യം വീണ്ടെടുക്കണമെങ്കില്‍ ആഴ്ചകളോ മാസങ്ങളോ വേണ്ടി വരും, പ്രത്യേകിച്ചും സെറിബ്രല്‍ മലേറിയയോ മറ്റു സങ്കീര്‍ണതകളോ ഉണ്ടായിട്ടുള്ളവരില്‍.
കൊതുകുകള്‍ വളരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ഇത്തരം അസുഖങ്ങള്‍ വരാതിരിക്കാന്‍ ആദ്യം ചെയ്യേണ്ടത്. വീടും പരിസരങ്ങളും വൃത്തിയായി സൂക്ഷിക്കുക, കൊതുകിന്റെ വാസസ്ഥലങ്ങള്‍ നശിപ്പിക്കുക, പാത്രങ്ങളിലും കുപ്പികളിലും മറ്റും വെള്ളം കെട്ടികിടക്കാന്‍ അനുവദിക്കാതിരിക്കുക, കിണറും വാട്ടര്‍ ടാങ്കുകളും വല കൊണ്ട് മൂടുക, കൊതുകിന്റെ മുട്ട വിരിഞ്ഞുണ്ടാവുന്ന കൂത്താടികളെ കൂട്ടത്തോടെ നശിപ്പിക്കുവാന്‍ കീടനാശിനികളോ മണ്ണെണ്ണയോ മോസ്‌ക്വിറ്റോ ലാര്‍വിസിഡന്‍ ഓയിലോ ജലോപരിതലത്തില്‍ ഒഴിക്കുക. തുടങ്ങിയവ ചെയ്യുന്നതോടൊപ്പംരോഗി രോഗം ഭേദമാകുന്നതു വരെ കൊതുകു വലയ്ക്കുള്ളില്‍തന്നെ കിടക്കാനും ശ്രദ്ധിക്കണം.
നമുക്കിടയില്‍ താമസിക്കുന്നവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ രോഗമില്ലാത്തവരും കൂടെ ഉള്ളവര്‍ക്ക് രോഗമുള്ള കാലയളവില്‍ കൊതുകു വല ഉപയോഗിക്കണം. കൂടാതെ ശരീരം മുഴുവന്‍ മൂടുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഉപയോഗിക്കുക. വീടിനുള്ളില്‍ കൊതുക് കടക്കാതിരിക്കാന്‍ വലകള്‍ തറയ്ക്കുക. കൊതുകുതിരികള്‍, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന റിപ്പല്ലര്‍, ബാറ്റ് എന്നിവ ഉപയോഗിക്കുന്നതും രോഗപ്രധിരോധത്തിന് നല്ലതാണ്.
Content Highlights: How Is Malaria Caused? Symptoms And Treatments