
ഒരു നാടിന്റെ ഒട്ടാകെയുള്ള ചരിത്രബോധ്യമായിരുന്നു എംജിഎസ് എന്ന മൂന്നക്ഷരം. ചരിത്രം എന്നാൽ കേവലം വർത്തമാന നിർമിതികളല്ല, അത് വസ്തുതാന്വേഷണമാണ് എന്ന് എംജിഎസ് നാരായണന്‍ കേരളീയ വൈജ്ഞാനിക സമൂഹത്തിന് തന്റെ ജീവിതത്തിലൂടെ കാണിച്ചുകൊടുത്തു.
മലബാർ സമരം സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെയെന്ന് തർക്കങ്ങളില്ലാതെ സമർത്ഥിച്ച ചരിത്രകാരനായിരുന്നു എംജിഎസ്. സമരവുമായി ബന്ധപ്പെട്ട ചരിത്രത്തിന്റെ പലവിധ ആഖ്യാനങ്ങൾ അപനിർമിതികളായി പടരുമ്പോൾ എംജിഎസ് തന്റെ നിലപാടിൽ, ചരിത്രബോധ്യങ്ങളിൽ ഉറച്ചുനിന്നു. വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി മലബാർ സമരത്തിന്റെ നേതൃത്വം വഹിച്ച പോരാളിയായിരുന്നുവെന്നും, അദ്ദേഹത്തിന് കക്ഷി രാഷ്ട്രീയമുണ്ടായിരുന്നില്ല എന്നും എംജിഎസ് തുറന്നുപറഞ്ഞു. സമരനേതാക്കളെ ചരിത്രത്തിൽ നിന്ന് എന്നന്നേയ്ക്കുമായി മായ്ച്ചുകളയാനുള്ള പല ശ്രമങ്ങളെയും രാഷ്ട്രീയപ്രേരിതമെന്ന് പറഞ്ഞ് എംജിഎസ് തള്ളിക്കളഞ്ഞിരുന്നു. എന്നാൽ സമരത്തിൽ പങ്കെടുത്തിരുന്ന ചിലർ മറ്റ് പല ഉദ്ദേശങ്ങളോടെയും സമരത്തെ സമീപിച്ചിരുന്നുവെന്നും എംജിഎസ് തുറന്നുപറഞ്ഞു.
മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ നിന്നും ചരിത്രത്തില്‍ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദം നേടി കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ അധ്യാപകനായിട്ടായിരുന്നു എംജിഎസിന്‍റെ തുടക്കം. 1973 ല്‍ കേരള സര്‍വകലാശാലയില്‍ നിന്ന് പിഎച്ച്ഡി കരസ്ഥമാക്കി. 1970 മുതല്‍ 1992 ല്‍ വിരമിക്കുന്നതു വരെ കാലിക്കറ്റ് സര്‍വകലാശാലയിലെ സോഷ്യല്‍ സയന്‍സ് ആന്റ് ഹ്യൂമാനീറ്റീസ് വകുപ്പിന്റെ തലവനായിരുന്നു. ഇന്ത്യന്‍ ചരിത്രകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് ഹിസ്റ്റോറിക്കല്‍ റിസര്‍ച്ചിന്റെ മെമ്പര്‍ സെക്രട്ടറി-ചെയര്‍മാന്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. ലണ്ടന്‍ സര്‍വകലാശാല കോമണ്‍വെല്‍ത്ത് അക്കാദമിക് സ്റ്റാഫ് ഫെലോ, മോസ്‌കോ ലെനിന്‍ഗ്രാഡ് സര്‍വകലാശാലകളില്‍ വിസിറ്റിങ് ഫെലോ, ടോക്യോവില്‍ വിസിറ്റിങ് പ്രൊഫസര്‍ എന്നീ തസ്തികകളില്‍ പ്രവര്‍ത്തിച്ചിരുന്നു.
കേരളത്തിലെ ചേര പെരുമാളുകളെ പരാമർശിക്കുന്ന നിരവധി മധ്യകാല വട്ടെഴുത്തു ലിഖിതങ്ങള്‍ എംജിഎസ് കണ്ടെത്തി പ്രസിദ്ധീകരിച്ചിരുന്നു. ഇന്ത്യന്‍ ചരിത്രപരിചയം, സാഹിത്യ അപരാധങ്ങള്‍, കേരള ചരിത്രത്തിന്റെ അടിസ്ഥാന ശിലകള്‍, കോഴിക്കോടിന്റെ കഥ, സെക്കുലര്‍ ജാതിയും സെക്കുലര്‍ മതവും, ജനാധിപത്യവും കമ്മ്യൂണിസവും, പെരുമാള്‍സ് ഓഫ് കേരള എന്നിവയാണ് പ്രമുഖ പുസ്തകങ്ങള്‍. പെരുമാൾസ് ഓഫ് കേരള പലപ്പോഴും എംജി എസിന്റെ മാസ്റ്റർപീസ് എന്നാണ് വിളിക്കപ്പെടുന്നത്.
2019 ല്‍ എംജിഎസിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ജാലകങ്ങള്‍ എന്ന് പുസ്തകത്തിനാണ് പുരസ്കാരം. സ്വാതന്ത്ര്യ സമരകാലഘട്ടം മുതല്‍ ആധുനികാനന്തര കേരളത്തിന്‍റെയും ഇന്ത്യയുടെയും സാമൂഹിക ജീവിതം രേഖപ്പെടുത്തിയ പുസ്തകമായിരുന്നു ജാലകങ്ങള്‍.
Content Highlights: MGS took stand on malabar riots