2023 ഏപ്രിലില് ഗായകന് മൂണ്ബിന്, മെയില് ഗായിക ഹേസൂ, ഒടുവിലിപ്പോള് 24 വയസുമാത്രമുള്ള ഗായിക നാഹീ. സമീപകാലങ്ങളിലായി ദക്ഷിണ കൊറിയന് വിനോദ ലോകത്തെ ഗ്ലാമറസ് സെലിബ്രിറ്റി താരങ്ങള് മരണപ്പെട്ട വാര്ത്തകളാണ് പുറത്തുവരുന്നത്. ഇവര്ക്കാകട്ടെ ലോകമെമ്പാടും നിരവധി ആരാധകരുമുണ്ട്. എന്തുകൊണ്ടാണ് കെ പോപ്പ് രംഗത്ത് തിളങ്ങി നില്ക്കുന്ന താരങ്ങള് മരണത്തിന് കീഴടങ്ങുന്നത്?
നാഹീയുടെ മരണകാരണം ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല് മൂണ്ബിന്റെയും ഹേസൂവിന്റെയും മരണം ആത്മഹത്യയെന്ന നിഗമനത്തിലാണ് പൊലീസ്. മുന് വര്ഷങ്ങളിലും സമാനമായി നിരവധി പോപ്പ് ഗായകര് ആത്മഹത്യ ചെയ്തിരുന്നു. ആഗോളതലത്തിലെ ആത്മഹത്യാ നിരക്ക് പരിശോധിക്കുമ്പോള് മുന്പന്തിയിലാണ് കൊറിയ. ലോകത്തെ തന്നെ ഏറ്റവും വേഗമേറിയ ഇന്റര്നെറ്റ് ഉള്ള രാജ്യം. ഏറ്റവുമധികം ആളുകള് സ്മാര്ട്ട് ഫോണ് ഉപയോഗിക്കുന്ന രാജ്യം. ഇതെല്ലാമാണ് ദക്ഷിണ കൊറിയ.
എന്നാല്, ആളുകളുടെ മാനസികാരോഗ്യത്തിന്റെ കാര്യത്തില് ഏറെ പിന്നിലാവുകയാണ് രാജ്യം. ദക്ഷിണ കൊറിയയിലെ സെലിബ്രിറ്റികള് തുടര്ച്ചായി മരണപ്പെടുന്നതിനെ ലോകം ഭീതിയോടെയാണ് നോക്കിക്കാണുന്നത്. കൊറിയയില് മരണപ്പെടുന്ന 10-നും 39-നും ഇടയ്ക്ക് പ്രായമുള്ളവരില് വലിയൊരു വിഭാഗത്തിന്റേതും ആത്മഹത്യയാണെന്ന റിപ്പോര്ട്ടുകള് ഞെട്ടിക്കുന്നതാണ്. താരങ്ങള് നേരിടുന്ന മാനസിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമായ പ്രധാന ഘടകം. നിരവധി യുവതാരങ്ങള് സൈബര് പരിഹാസങ്ങള്ക്ക് വിധേയരായിട്ടുണ്ട്. ലോകം മുഴുവനും നീണ്ടുകിടക്കുന്ന ആരാധകര് ഒരു തരത്തില് അവര്ക്ക് വെല്ലുവിളിയുമാകുന്ന സ്ഥിതിയും ഉണ്ട്.
കഠിനമായ പരിശീലനവും തൊഴില് വ്യവസ്ഥകളും താരങ്ങളെ മാനസികമായി ബുദ്ധിമുട്ടിപ്പിക്കാറുണ്ടെന്നാണ് റിപോര്ട്ടുകള്. പാട്ടിനൊപ്പം നൃത്തവും പഠിപ്പിച്ചാണ് ഇവരെ ബാന്ഡിനു ചേരുംവിധം പരുവപ്പെടുത്തിയെടുക്കുന്നത്. എന്നാല് അതിനിടെയുണ്ടാകുന്ന മാനസിക സംഘര്ഷങ്ങള് പരിഗണിക്കാറുമില്ല. ജനപ്രീതിക്കായി എപ്പോഴും ലൈവായി ഇരിക്കേണ്ടതും സോഷ്യല് മീഡിയയുമായി ഇടപഴകേണ്ടതുമായ സാഹചര്യം താരങ്ങളില് സമ്മര്ദ്ദത്തിനും ഉത്കണ്ഠയ്ക്കും ഇടയാക്കുന്നുണ്ട്. മറ്റൊന്ന് വിഷാദ രോഗമാണ്.
2017 സെപ്റ്റംബറില് ഷിനീ എന്ന ബോയ്സ് ബാന്ഡിലെ അംഗം കിം ജോങ്ഹ്യുന് മരണത്തിന് മുമ്പ് എഴുതിയ കുറിപ്പ് വിരല് ചൂണ്ടിയത് വിഷാദരോഗത്തിലേക്കായിരുന്നു. ഇതോടെയാണ് രാജ്യാന്തര തലത്തില് തന്നെ ദക്ഷിണ കൊറിയയുടെ പോപ്പ് സംഗീത സംസ്കാരത്തിനെതിരെ വിമര്ശനമുയര്ന്നത്. മാനസികമായി താരങ്ങള്ക്ക് വേണ്ട പിന്തുണ നല്കുന്നതിനുള്ള സംവിധാനങ്ങള് കൊറിയയില് ഇപ്പോഴും ബലപ്പെട്ടിട്ടില്ല എന്നതാണ് ഒടുവിലത്തെ മരണവും സൂചിപ്പിക്കുന്നത്. സൗന്ദര്യം കാത്തുസൂക്ഷിക്കാനും ആരാധകരുടെ പ്രിയപ്പെട്ടവരായിരിക്കാനും കനത്ത സമ്മര്ദമാണ് ബാന്ഡ് അംഗങ്ങള്ക്ക് ഏജന്സികളില് നിന്നുണ്ടാകാറുള്ളത്.
ആരാധകരുടെ പ്രതീക്ഷയ്ക്കൊത്തുയര്ന്നില്ലെങ്കില് ഈ ആരാധകര് തന്നെ താരങ്ങള്ക്കെതിരെ തിരിയുമെന്ന ബോധ്യവും ഇവരെയെല്ലാം അസ്വസ്ഥമാക്കാറുണ്ട്. ലോകമെമ്പാടും സ്വാധീനം ചെലുത്തുന്ന കെ പോപ്പ് താരങ്ങള് അവരുടെ മാനസിക ആരോഗ്യത്തിനും ക്ഷേമത്തിനും മുന്ഗണന നല്കേണ്ടത് അനിവാര്യമാണ്. രാജ്യത്തിന്റെ തന്നെ അഭിമാന താരങ്ങളായ കലാകാരന്മാരുടെയും മറ്റ് യുവാക്കളുടെയുമെല്ലാം ജീവന് സംരക്ഷിക്കാനുള്ള ഇടപെടലുകളിലേക്ക് കൊറിയ നീങ്ങുമെന്ന് പ്രതീക്ഷിക്കാം.