പോണ് വീഡിയോ കാണുന്നത് നിയമപരമായി കുറ്റകരമാണോ എന്നത് പലര്ക്കും അറിയാത്ത കാര്യമാണ്. സ്വകാര്യ സമയങ്ങളില് വ്യക്തികള് പോണ് വീഡിയോ കാണുന്നത് തെറ്റല്ലെന്നാണ് നിയമം പറയുന്നത്. കേരള ഹൈക്കോടതി ഈ വിഷയത്തില് നടത്തിയ ഒരു നിരീക്ഷണം പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. പൊതുസ്ഥലത്ത് നിന്ന് പോണ് വീഡിയോ കണ്ട യുവാവിനെതിരെ ആലുവ പൊലീസ് രജിസ്റ്റര് ചെയ്ത കേസ് റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി പറഞ്ഞത്, സ്വകാര്യ സമയങ്ങളില് വ്യക്തികള് അശ്ലീല വീഡിയോ കാണുന്നത് നിയമപരമായി തെറ്റല്ലെന്നാണ്. അതായത് ഒരാള് അയാളുടെ ഫോണില് സ്വകാര്യമായി വീഡിയോകള് കാണുന്നത് കുറ്റകരമല്ലെന്ന് സാരം.
അതേസമയം, 18 വയസ്സില് താഴെയുള്ള കുട്ടികള് ഉള്പ്പെട്ട പോണ് വീഡിയോ കാണുന്നത് നിയമപരമായി കുറ്റകരമാണ്. പോണ് വീഡിയോ, കുറ്റകരമാകുന്ന സന്ദര്ഭങ്ങളും ചുമത്തിയേക്കാവുന്ന ശിക്ഷയും എന്തൊക്കെയാണെന്ന് വിശദമായി നോക്കാം.ഐടി ആക്ട് 2000-ത്തിലെ സെക്ഷന് 67 പ്രകാരം ഇലക്ട്രോണിക് ഉപകരണങ്ങള് വഴി അശ്ലീലമായ വസ്തുക്കള് പ്രസിദ്ധീകരിക്കുകയോ പ്രക്ഷേപണം ചെയ്യുകയോ ചെയ്താല് മൂന്ന് വര്ഷം വരെ തടവും അഞ്ച് ലക്ഷം രൂപ വരെ പിഴയും ലഭിക്കും.ഐപിസി സെക്ഷന് 292 പ്രകാരം ഇത്തരം ഉള്ളടക്കങ്ങളുള്ള പുസ്തകങ്ങള്, ലഘുലേഖകള്, എഴുത്തുകള്, പെയിന്റിംഗുകള്, വീഡിയോ എന്നിവയുടെ വില്പ്പന, വിതരണം, പ്രദര്ശനം എന്നിവ കുറ്റകരമാണ്.
സോഷ്യല് മീഡിയയില് പോസ്റ്റ് ചെയ്യുകയോ, സന്ദേശമായി അയക്കുകയോ മറ്റേതെങ്കിലും ഇലക്ട്രോണിക് മാര്ഗങ്ങള് വഴി വീഡിയോകള് പങ്കിടുന്നതോ കുറ്റകരമാണെന്ന് നിയമം പറയുന്നു. 2015-ല് കേന്ദ്ര സര്ക്കാര് നിരവധി പോണ് സൈറ്റുകള് താല്ക്കാലികമായി ബ്ലോക്ക് ചെയ്തിരുന്നുവെങ്കിലും പലതിന്റെയും നിരോധനം പിന്നീട് നീക്കുകയുണ്ടായി. എന്നാല് ചൈല്ഡ് പോണ് ചിത്രീകരിക്കുന്ന സൈറ്റുകള് ഇപ്പോഴും പൂര്ണമായും നിരോധിച്ചിട്ടുണ്ട്. പതിനെട്ടുവയസിനു താഴെയുള്ള കുട്ടികളുടെ പോണ് വീഡിയോകള് കാണുകയോ ഷെയര് ചെയ്യുകയോ ചെയ്താല് അത് കുറ്റകരമാണ്.
ഐടി ആക്ട് പ്രകാരം കുട്ടികളുടെ ലൈംഗിക ദൃശ്യങ്ങള് കാണുന്നതും ശേഖരിക്കുന്നതും വിതരണം ചെയ്യുന്നതും അഞ്ച് വര്ഷം വരെ തടവും പത്ത് ലക്ഷം രൂപവരെ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. ഇത്തരം വീഡിയോകള് ഇന്ബോക്സില് ലഭിച്ചാല് ഉടന് അവ ഡിലീറ്റ് ചെയ്യണമെന്നും അല്ലെങ്കില് നിയമപരമായ നടപടികള് നേരിടേണ്ടിവരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. കുട്ടികളുടെ നഗ്നചിത്രങ്ങള് ഓണ്ലൈനില് തിരഞ്ഞവരെ പിടികൂടാന് ഓപ്പറേഷന് പി ഹണ്ടുമായി കേരള പൊലീസും സജ്ജമാണ്.
ചില ടെലഗ്രാം, ഇന്സ്റ്റാഗ്രാം ഗ്രൂപ്പുകളില് വലിയ ഫയല്സുകള് വരാറില്ലേ.. അവ ഡൗണ്ലോഡ് ചെയ്തെന്നിരിക്കട്ടെ. അതില് ചിലപ്പോള് ചൈല്ഡ് പോണോഗ്രഫി ഉള്പ്പെടെ ഉണ്ടായേക്കാം. കുട്ടികളുടെ ന്യൂഡിറ്റി കാണിക്കുന്ന തരത്തിലുള്ള എന്ത് വന്നാലും ആ ഗ്രൂപ്പ് നിരീക്ഷണത്തിലായേക്കാം. അങ്ങനെയെങ്കില് ആ ഗ്രൂപ്പിലെ അംഗമെന്ന നിലയില് നമ്മളും കുടുങ്ങുമെന്നുറപ്പാണ്. ഇത്തരം പ്രവര്ത്തനങ്ങള് നടത്തുന്ന ഗ്രൂപ്പുകളും ചാനലുകളും ശ്രദ്ധയില്പ്പെടുന്നവര് എത്രയും വേഗം പൊലീസിനെ അറിയിക്കാനും ശ്രദ്ധിക്കണം.
ഇപ്പറഞ്ഞവയാണ് പോണ് വീഡിയോകളുമായി ബന്ധപ്പെട്ടുള്ള നിയമ വശങ്ങള്. പോണ് വീഡിയോകള് കാണുന്നത് എത്രത്തോളം സുരക്ഷിതമാണെന്ന കാര്യത്തില് പലര്ക്കും ധാരണയുണ്ടാകില്ല. പോണ് വീഡിയോ സൈറ്റുകള് സ്ഥിരമായി സന്ദര്ശിക്കുന്നവര് അതിലെ ചതിക്കുഴികള് പലപ്പോഴും മനസിലാക്കാതെ പോകുന്നുമുണ്ട്. വീഡിയോകള് കണ്ടുകൊണ്ടിരിക്കുന്നതിനിടെ വരുന്ന പോപ് അപ്പുകളും പരസ്യങ്ങളും ശ്രദ്ധിക്കാറില്ലേ? ഇവ തുറക്കുമ്പോള് ചില ഫയലുകള് നമ്മളറിയാതെ ഫോണിലേക്ക് സേവ് ചെയ്യപ്പെടും. കൂടുതല് വീഡിയോകള്ക്കായി ആപ്പുകള് ഇന്സ്റ്റാള് ചെയ്യാനുള്ള ഓപ്ഷനുകളും ശ്രദ്ധിച്ചിട്ടില്ലേ? ഈ ആപ്പുകളുപയോഗിച്ച് നമ്മുടെ ഡിവൈസിന്റെ നിയന്ത്രണം ഏറ്റെടുക്കാന് വരെ തട്ടിപ്പുകാര്ക്ക് കഴിയും.
ഇനി പോണ് വീഡിയോകള് കണ്ടുകൊണ്ടിരിക്കുന്നവരെ സൈബര്സെല്ലിന്റെ പേരില്, ഭയപ്പെടുത്തി തട്ടിപ്പ് നടത്തുന്നവരുമുണ്ട്. 'പോണ് വീഡിയോ കാണുന്നവരെ, ഇന്ത്യന് സൈബര്സെല് അധികൃതര് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, എത്രയും വേഗം പിഴ അടയ്ക്കണം' എന്ന മെസേജ് കണ്ട് പിഴയടച്ചവരുണ്ട്. എന്നാല് അത് തട്ടിപ്പ് മാത്രമായിരുന്നു. സുരക്ഷിതമാല്ലാത്ത സൈറ്റുകളില് നിന്ന് പോണ് വീഡിയോ കണ്ടുകൊണ്ടിരിക്കുന്ന സമയത്തെ ആളുകളുടെ ദൃശ്യങ്ങള് ഫോണിലൂടെ മാല്വെയര് വഴി പകര്ത്തി ആ ദൃശ്യങ്ങള് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള് പലരുടെയും ആത്മഹത്യയിലേക്ക് വരെ നയിച്ചിട്ടുമുണ്ട്. കുറച്ചുനേരത്തെ ആനന്ദത്തിനുവേണ്ടി പോണ് സൈറ്റുകള് സന്ദര്ശിക്കുന്നവരുടെ ജീവിതം എന്നെന്നേക്കുമായി താറുമാറായേക്കാം. അതുകൊണ്ട് പോണ് വീഡിയോ കാണുന്നവരുണ്ടെങ്കില് അത് ഏറ്റവും സുരക്ഷിതമായി മാത്രമാണെ് ഉറപ്പ് വരുത്തുന്നത് നല്ലതാണ്.