കരിയറിന്റെ തുടക്കം മുതല്‍ ആസിഫ് പിന്തുടര്‍ന്നൊരു ആംഗ്രീ യംങ് മാൻ ഇമേജ് ഉണ്ടായിരുന്നു. ക്ഷുഭിത യൗവ്വനത്തിന്റെ കുപ്പായം അഴിച്ചുവെച്ച് 'കക്ഷി അമ്മിണിപ്പിള്ള'യിലും 'കെട്ട്യോളാണ് എന്റെ മാലാഖ'യിലും ആസിഫ് സാധാരണക്കാരന്റെ പ്രതിരൂപമായി. സാധാരണക്കാരനാകുമ്പോള്‍ അയാളിലെ അഭിനേതാവിനൊരു തിളക്കം അനുഭവപ്പെടാറുണ്ട്. ഇമോഷണല്‍ സീനുകളില്‍ കണ്ണുകള്‍ കൊണ്ട് കഥപറയുന്ന രീതി. 'കിഷ്‌കിന്ധാ കാണ്ഡ'ത്തിലും ആസിഫ് പിന്തുടരുന്നത് അതേ രീതിയാണ്. അയാളവിടെ മണ്ണിലേക്ക് ഇറങ്ങിനിന്നാണ് ഞെട്ടിക്കുന്നത്. കാണുന്നവരെ പ്രകടനത്താല്‍ തന്റെ അടുക്കലേക്ക് ചേര്‍ത്തുനിര്‍ത്തുന്നൊരു മാന്ത്രികത.