സൈബര്‍ തട്ടിപ്പുകളുടെ വലിയ ലോകത്തെ ഒരു പുത്തന്‍ രീതിയാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്. അന്വേഷണ ഉദ്യോഗസ്ഥര്‍ ആണെന്ന വ്യാജേന രംഗത്ത് വരുന്ന തട്ടിപ്പുകാര്‍ തങ്ങളുടെ ഇരകളെ കണ്ടെത്തി ഡിജിറ്റല്‍ അറസ്റ്റിന് വിധേയമാക്കുന്നു. അവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്നു. പണം ലഭിക്കുന്നതോടെ മുങ്ങുന്നു. ഇതാണ് ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പ്…
ഇത്തരത്തില്‍ പണം നഷ്ടമായത് നിരവധിപ്പേര്‍ക്കാണ്. ലോകത്തിന്റെ ഏതെങ്കിലും ഒരു കോണിലിരുന്ന് തട്ടിപ്പുകാര്‍ മൊബൈല്‍ സ്‌ക്രീനില്‍ ഇരകളെ തളച്ചിടുന്ന രീതിയാണിത്. വീഡിയോ കോളിലൂടെ ആളുകളെ തട്ടിപ്പിന് ഇരയാക്കുന്ന ഈ രീതി രാജ്യമൊട്ടാകെ വ്യാപിക്കുകയാണ്.
ഇക്കൂട്ടരാകട്ടെ ആദ്യം അപഹരിക്കുന്നത് പണമല്ല, നമ്മുടെ സമയമാണ്. ചുരുങ്ങിയ സമയംകൊണ്ട് ദ്രുതഗതിയില്‍ തീരുമാനങ്ങളെടുക്കാന്‍ ഇരകളെ തട്ടിപ്പുകാര്‍ പ്രേരിപ്പിക്കും. മനസ്സിന്റെ താളം തെറ്റിക്കാന്‍ ഇവര്‍ പലവഴികളും നോക്കും. തട്ടിപ്പില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ചിന്തിക്കാനുള്ള സമയം ഇവര്‍ നമുക്ക് തരില്ല. പിന്നീട് ആവശ്യമുള്ള പണം അപഹരിച്ച് സൈബര്‍ ലോകത്തിന്റെ ഇരുട്ടിലേയ്ക്ക് മറയും.
എന്താണ് യഥാര്‍ത്ഥത്തില്‍ ഡിജിറ്റല്‍ അറസ്റ്റ്? ഈ വലയില്‍ വീണുപോകാതിരിക്കാന്‍ എന്തൊക്കെ ശ്രദ്ധിക്കണം.. നമുക്ക് നോക്കാം
സിബിഐയെന്നും ഇഡിയെന്നും പൊലീസെന്നും ടെലികോം ഏജന്‍സിയെന്നുമൊക്കെപ്പറഞ്ഞ് തട്ടിപ്പുസംഘം കോളിലൂടെ ഇരകളെത്തേടിയെത്തും. മയക്കുമരുന്ന് കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ പോലുള്ള ക്രിമിനല്‍ കേസില്‍ സര്‍ക്കാര്‍ അന്വേഷണ ഏജന്‍സി പിടികൂടിയതായി അവകാശപ്പെട്ട് ഏജന്‍സി ഉദ്യോഗസ്ഥരെന്ന വ്യാജേന ഇവര്‍ ഇരയെ ഭീഷണിപ്പെടുത്തും. ഇതിനായി വ്യാജരേഖകളാകും ഉപയോഗിക്കുക. അന്വേഷണ ഏജന്‍സികളുടെ ഓഫീസിനെ അനുകരിക്കുന്ന സ്റ്റുഡിയോകളും തട്ടിപ്പുകാര്‍ ഒരുക്കും. ഇതിനായി എഐ ഉള്‍പ്പെടെയുള്ള സാങ്കേതിക വിദ്യകളും ഇവര്‍ ഉപയോഗിക്കും. പണം ലഭിക്കുന്നതുവരെ വീഡിയോ കോള്‍ പ്ലാറ്റ്ഫോമുകളില്‍ ഇരയെ ഇവര്‍ നിര്‍ബന്ധിച്ച് ഇരുത്തും. കേസ് ഒത്തുതീര്‍പ്പാക്കാനോ ജാമ്യം നല്‍കാനോ കുറ്റവാളികള്‍ പണം ആവശ്യപ്പെടും.
കേരളത്തിലും ഇത്തരം തട്ടിപ്പുകാര്‍ കുറവല്ല.
മുംബൈ പൊലീസ് ചമഞ്ഞ് എറണാകുളം സ്വദേശിയില്‍ നിന്ന് അഞ്ചുലക്ഷം തട്ടിയെടുത്തത് കോഴിക്കോട് സ്വദേശിയായ യുവാവാണ്. ഇയാളെ പൊലീസ് പിടികൂടുകയും ചെയ്തിരുന്നു. നടി മാല പാര്‍വതിയില്‍ നിന്ന് സാമ്പത്തിക തട്ടിപ്പിന് ശ്രമം നടന്നുവെന്ന വാര്‍ത്തയും നമ്മള്‍ കണ്ടതാണ്. വൈദികനായ ഗീവര്‍ഗീസ് കൂറിലോസിനും തട്ടിപ്പുകാരുടെ കെണിയില്‍ പെട്ട് പണം നഷ്ടമായിട്ടുണ്ട്. ഇവരുടെ ആധാര്‍ വിവരങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ചായിരുന്നു തട്ടിപ്പിന് ശ്രമം നടന്നത്.
ഇത്തരം സന്ദര്‍ഭത്തില്‍ പരിഭ്രാന്തരാകാതെ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. അക്കൗണ്ടുകളുടെ വിശദാംശങ്ങള്‍ നല്‍കാതിരിക്കാനും ശ്രദ്ധിക്കണം. ഇവര്‍ അയക്കുന്ന ലിങ്കുകളില്‍ ക്ലിക്ക് ചെയ്യാതിരിക്കലും പ്രധാനമാണ്. തട്ടിപ്പിന് ഇരയായി എന്ന് ബോധ്യപ്പെട്ടാല്‍ എത്രയും നേരത്തെ പൊലീസിനെ വിവരം അറിയിക്കേണ്ടതുണ്ട്. അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ പൊലീസിന് ചെയ്യാനാകും.
തട്ടിപ്പ് നടന്നതിന് ശേഷമുള്ള ആദ്യ 24 മണിക്കൂര്‍ വളരെ നിര്‍ണായകമാണ്. എത്രയും വേഗം 1930 എന്ന നമ്പറില്‍ സൈബര്‍ പൊലീസിനെ അറിയിക്കണം. നേരത്തെ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ പണം തിരിച്ച് കിട്ടാനുള്ള സാധ്യത കൂടുതലാണ്. പ്രതികളെ പിടികൂടാനും വലിയ തട്ടിപ്പുകളുടെ ചുരുളഴിക്കാനും ഇത് ഉപകാരപ്രദമാകും. www.cybercrime.gov.in എന്ന വെബ്സൈറ്റിലും നമുക്ക് പരാതി രജിസ്റ്റര്‍ ചെയ്യാം. ഓര്‍ക്കേണ്ട പ്രധാനകാര്യം സിബിഐയും ഇഡിയും പൊലീസുമൊന്നും ആരെയും വീഡിയോ കോളിലൂടെ അറസ്റ്റ് ചെയ്യാറില്ല എന്നതാണ്.
രാജ്യത്തെ ഒരു അന്വേഷണ ഏജന്‍സിയും വീഡിയോ കോളിലൂടെ ആരെയും അറസ്റ്റ് ചെയ്യില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുമ്പോഴും തട്ടിപ്പുകാര്‍ പിന്‍വാങ്ങുന്നില്ല എന്നതും വസ്തുതയാണ്. കാരണം ഇപ്പോഴും ഇവരുടെ കെണിയില്‍ കുടുങ്ങാന്‍ ആളുകളുണ്ടെന്ന് സംഘത്തിന് നന്നായി അറിയാം. എന്തായാലും രാജ്യത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പ് രീതികളില്‍ ഒന്നുമാത്രമാണ് 'ഡിജിറ്റല്‍ അറസ്റ്റ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ട, ജാഗ്രത മതി.
content highlights: what is digital arrest