കൊച്ചി കായലിൽ നിന്ന് ഇടുക്കിയിലെ മാട്ടുപ്പെട്ടിയിലേക്ക് സീപ്ലെയ്ൻ പറന്നുയർന്നപ്പോൾ ഒപ്പം ചിറകടിച്ചുയർന്നത് കേരളത്തിൻ്റെ ടൂറിസം മേഖലയിലെ കുതിപ്പിൻ്റെ പ്രതീക്ഷകൾ കൂടിയാണ്. കേരളത്തിലെ പ്രധാന നഗരങ്ങളായ കൊച്ചിയിൽ നിന്നും കോഴിക്കോട് നിന്നുമെല്ലാം വളരെ പെട്ടെന്ന് യാത്ര ചെയ്യാൻ കഴിയുന്ന സീപ്ലെയ്നാണ് ഇന്നലെ പരീക്ഷണ ഓട്ടം നടത്തിയത്. മന്ത്രി പി എ മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്തത് അതിനാൽ തന്നെ കേരളത്തിൻ്റെ ടൂറിസം മേഖലയിലെ സ്വപ്നങ്ങൾക്ക് കൂടിയാണ്. വിജയവാഡയിൽ നിന്നാണ് ഈ സീപ്ലെയ്ൻ കേരളത്തിലേക്ക് എത്തിയത്. ഡി ഹാവ് ലാൻഡ് കാനേഡിയൻ കമ്പനിയുടെ 17 സീറ്റുകളുള്ള സീപ്ലെയ്നാണ് കൊച്ചിയിൽ എത്തിയത്. കനേഡിയൻ പൗരന്മാരായ ഡാനിയൽ മോണ്ട്ഗോമെറി, റോഡ്ഗർ ബ്രിൻഡ്ജർ എന്നിവരായിരുന്നു സീപ്ലെയ്ൻ്റെ പൈലറ്റുമാർ. കരയിലും വെള്ളത്തിലും പറന്നിറങ്ങാനാവുന്ന ആംഫീബിയൻ വിമാനമാണ് സീപ്ലെയിൻ.