
കേരളത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളിലൊരാളായിരിക്കെ, 2021 ലെ ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി വിട്ട് ഇറങ്ങിപ്പോകുന്നു. മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ആ പാര്‍ട്ടിയുടെ സംസ്ഥാന പ്രസിഡണ്ടാകുന്നു. ഒടുവില്‍ അവിടെയും തര്‍ക്കങ്ങളും വിഭാഗീയതയും… നാല് വര്‍ഷത്തിനുള്ളില്‍ അവിടെനിന്നും രാജിവെച്ച് പുറത്തേക്ക്… ഒരു രാഷ്ട്രീയകാലയളവില്‍ നേടേണ്ടതെല്ലാം നേടിയിട്ടും എങ്ങും കാലുറയ്ക്കാതെയാണ് പി സി ചാക്കോ എന്ന നേതാവിന്റെ പടിയിറക്കം. എന്‍സിപിയിലെ ആഭ്യന്തര കലഹത്തിന് പിന്നാലെ ഒടുവില്‍ പടിയിറങ്ങേണ്ടി വരുമ്പോള്‍ ചാക്കോയുടെ രാഷ്ട്രീയഭാവി ഇനി എന്താകുമെന്നത് ഒരു ചോദ്യചിഹ്നമായി അവശേഷിക്കുകയാണ്.