ഇന്ത്യയും കാനഡയും തമ്മിൽ ഇപ്പോൾ എന്താണ് പ്രശ്നം? ഹർദീപ് സിങ് നിജ്ജാർ അതിന് കാരണമായതെങ്ങനെ?

2007ൽ ലുധിയാനയിൽ ആറ് പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബോംബ് സ്ഫോടനത്തിലടക്കം പ്രതിയാണ് ഹർദീപ് സിങ് നിജ്ജാർ

സീനത്ത് കെ സി
4 min read|20 Sep 2023, 04:24 pm
dot image

ഖലിസ്ഥാൻ വിഘടനവാദം എങ്ങനെയാണ് ഇന്ത്യ-കാനഡ ബന്ധത്തെ ബാധിക്കുന്നത്? ശിഥിലമായികൊണ്ടിരിക്കുന്ന ഇന്ത്യ-കാനഡ ബന്ധത്തിൽ കൂടുതൽ വിളളൽ വീഴ്ത്തുന്നതാണ് ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് ഉയർന്നു വരുന്ന ആരോപണങ്ങള്. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന ആരോപണം ഇരു രാജ്യങ്ങളുടേയും നയതന്ത്രബന്ധത്തെയാണ് ബാധിച്ചിരിക്കുന്നത്. കാനഡയുടെ നയതന്ത്ര പ്രതിനിധിയെ നീക്കി ഇന്ത്യയും ഇന്ത്യയുടെ നയതന്ത്ര ഉദ്യോഗസ്ഥനെ നീക്കി കാനഡയും പ്രതിഷേധം അറിയിച്ചിരിക്കുകയാണ്.

കഴിഞ്ഞ ജൂണ് 18 നാണ് ബ്രിട്ടീഷ് കൊളംബിയയിലെ ഗുരുദ്വാരയ്ക്ക് പുറത്തുവച്ച് ഹര്ദീപ് സിങ് മുഖംമൂടിയണിഞ്ഞെത്തിയ രണ്ടു പേരുടെ വെടിയേറ്റ് കൊല്ലപ്പെടുന്നത്. ബ്രിട്ടീഷ് കൊളംബിയയിലെ മുതിര്ന്ന ഖലിസ്ഥാന് നേതാക്കളില് ഒരാളായ നിജ്ജാർ പഞ്ചാബ് മേഖലയില് പ്രത്യേക സിഖ് സംസ്ഥാനം രൂപീകരിക്കുന്നതിന് വേണ്ടി നിരന്തരം വാദിച്ചുകൊണ്ടിരുന്നയാളായിരുന്നു. കൊലപാതകത്തിന് പിന്നാലെ ഖലിസ്ഥാൻ അനുകൂലികൾ ഇന്ത്യക്ക് നേരെ ആരോപണം ഉന്നയിച്ചിരുന്നു. ജസ്റ്റിൻ ട്രൂഡോ ഇതേ ആരോപണം പാർലമെന്റിൽ ഉന്നയിച്ചതാണ് ഇരുരാജ്യങ്ങളുടേയും ബന്ധം ഉലച്ചത്. അച്ഛന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യൻ സർക്കാരാണെന്ന് എപ്പോഴും സംശയിച്ചിരുന്നതായി ഹർദീപ് സിങ് നിജ്ജാറിന്റെ മകൻ ബൽരാജ് സിങ് നിജ്ജാറും പറഞ്ഞിരുന്നു.

ആരാണ് ഹർദീപ് സിങ് നിജ്ജാർ ?

2020ൽ ആണ് ഇന്ത്യ ഹർദീപ് സിങ് നിജ്ജാറിനെ ഭീകരനായി പ്രഖ്യാപിച്ചത്. പത്ത് ലക്ഷം രൂപയാണ് എൻഐഎ ഈ ഖലിസ്ഥാൻ നേതാവിന് വിലയിട്ടിട്ടുളളത്. 2021 ൽ ജലന്തറിലെ ഹിന്ദുസന്ന്യാസിയുടെ കൊലപാതകത്തിന് പിന്നാലെയാണ് ഇന്ത്യ ഇയാളുടെ തലയ്ക്ക് പത്ത് ലക്ഷം വിലയിട്ടത്.

പഞ്ചാബിലെ ഭർ സിങ് പുരയാണ് ഹർദീപ് സിങിന്റെ സ്വദേശം. 1997ൽ കാനഡയിലേക്ക് വ്യാജ പാസ്പോർട്ടിൽ കുടിയേറിയ ഹർദീവ് സിങ് നിജ്ജാർ പല തവണ തന്നെ അഭയാർത്ഥിയായി പ്രഖ്യാപിക്കണമെന്ന് കാനഡ സർക്കാരിനോട് അപേക്ഷിച്ചിരുന്നു. പ്ലംബറായി ജോലി ചെയ്തുപോന്ന ഹർദീപ് സ്പോൺസർഷിപ്പിനായി അവസാനം ഒരു കനേഡിയൻ യുവതിയെ വിവാഹം ചെയ്തു. എന്നാൽ ഹർദീപിന്റെ വിവാഹ ശേഷമുള്ള അപേക്ഷയും കാനഡ തളളി. കനേഡിയൻ യുവതിയിൽ ഹർദീപിന് രണ്ടു മക്കളുണ്ട്.

കുടിയേറ്റ കാലം മുതൽ കാനഡയിലെ ഖലിസ്ഥാൻ അനുകൂലികളുമായി അടുത്ത ബന്ധമാണ് ഹർദീപ് പുലർത്തിയിരുന്നത്. ഖലിസ്ഥാൻ ടൈഗർ ഫോഴ്സ് എന്ന നിരോധിത സംഘടനയുടെ ബുദ്ധികേന്ദ്രം നിജ്ജാറായിരുന്നുവെന്നാണ് റിപ്പോർട്ട്. സെപ്പറേറ്റിസ്റ്റ് ഔട്ട്ഫിറ്റ് സിഖ്സ് ഫോർ ജസ്റ്റിസ് എന്ന നിരോധിത സംഘടനയുടേയും അംഗമായിരുന്നു കൊല്ലപ്പെട്ട ഹർദീപ് സിങ് നിജ്ജാർ.

2007ൽ ലുധിയാനയിൽ ആറ് പേർ കൊല്ലപ്പെടുകയും 40 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ബോംബ് സ്ഫോടനത്തിലടക്കം പ്രതിയാണ് ഹർദീപ് സിങ് നിജ്ജാർ. 2009ൽ പട്യാലയിൽ രാഷ്ട്രീയ സിഖ് സൻഗദ് പ്രസിഡന്റായിരുന്ന റുൾദ സിങ്ങിന്റെ കൊലപാതകത്തിനു പിന്നിലും ഹർദീപ് സിങ് നിജ്ജാറിന് പങ്കുണ്ട്. 2013ൽ പാക് കെടിഎഫ് തലവൻ ജഗ്താർ സിങ് താരയെ ഇയാൾ സന്ദർശിച്ചെന്ന് റിപ്പോർട്ടുകളുണ്ട്. 2015ൽ പാക് ചാരസംഘടന ഐഎസ്ഐ ഹർദീപിന് ആയുധപരിശീലനം നൽകിയെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ വിഭാഗം കരുതുന്നു. ഹർദീപ് സിങ് നിജ്ജാറിന്റെ നേതൃത്വത്തിൽ കാനഡയിൽ ഇന്ത്യക്ക് നേരെ ആക്രമണം നടത്താനായി ഗൂഢാലോചന നടക്കുന്നുണ്ടെന്ന് ഇന്ത്യ ആരോപിച്ചിരുന്നു. ഇതിൽ ഇന്ത്യൻ സർക്കാർ കാനഡ സർക്കാരിന് ജാഗ്രത നിർദേശവും നൽകിയിരുന്നു.

ജസ്റ്റിൻ ട്രൂഡോയുടെ നിലപാട്

ഹർദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യയുടെ പങ്ക് ആവർത്തിക്കുകയാണ് ജസ്റ്റിൻ ട്രൂഡോ. അന്വേഷണത്തിൽ ഇന്ത്യ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. തന്റെ വാദം ഉറപ്പിക്കാനായി ട്രൂഡോ അഞ്ച് ശക്തികളെ പ്രേരിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ജി20 ഉച്ചകോടിയിൽ ഈ വിഷയത്തിൽ സംയുക്ത പ്രസ്താവന പുറപ്പെടുവിക്കാൻ ഈ അഞ്ച് ശക്തികളേയും ട്രൂഡോ പ്രേരിപ്പിച്ചെന്നും റിപ്പോർട്ടിലുണ്ട്. ഇന്ത്യയെ ഒരു പ്രധാന എതിരാളിയായി ട്രൂഡോ കാണുന്നു. ഇതിലേക്ക് പടിഞ്ഞാറൻ രാജ്യങ്ങളേയും വലിച്ചിഴക്കുകയാണ് ട്രൂഡോയുടെ ലക്ഷ്യമെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയാണെന്ന് പാർലമെന്റിൽ പ്രഖ്യാപിച്ച ജസ്റ്റിൻ ട്രൂഡോയോട് മൃദു സമീപനമാണ് അമേരിക്ക സ്വീകരിച്ചത്. സംഭവത്തിൽ അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുമ്പിൽ കൊണ്ടുവരണമെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. എന്നാൽ ട്രൂഡോയുടേത് ഗുരുതര ആരോപണങ്ങളാണെന്നാണ് ബ്രിട്ടൻ പ്രതികരിച്ചത്. അന്വേഷണം നടക്കുന്ന ഘട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകിന്റെ പ്രതിനിധി പറഞ്ഞിരുന്നു.

ഔദ്യോഗികമായി കനേഡിയൻ പൗരത്വം നൽകാത്ത ഹർദീപിനെ സ്വന്തം പൗരനായി പ്രഖ്യാപിക്കുന്നതിലേക്ക് ജസ്റ്റിൻ ട്രൂഡോയെ നയിച്ചത് വോട്ട് ബാങ്ക് തന്നെയാണ്. 2015ൽ ജസ്റ്റിൻ ട്രൂഡോ അധികാരത്തിൽ എത്തിയതിന് ശേഷമാണ് കാനഡയിൽ ഖലിസ്ഥൻ അനുകൂലികൾ ശക്തി പ്രാപിച്ചത്. ആ തിരഞ്ഞെടുപ്പിൽ ട്രൂഡോയുടെ ലിബറൽ പാർട്ടിക്ക് പലയിടത്തും ഖലിസ്ഥാൻ അനുകൂലികളുടെ പിന്തുണ ലഭിച്ചിരുന്നു. 16 ലക്ഷം ഇന്ത്യൻ വംശജരാണ് കാനഡയില് ഉള്ളത്. ഇത് കനേഡിയൻ ജനസംഖ്യയുടെ മൂന്ന് ശതമാനം വരും. ഇവരിൽ വലിയൊരു വിഭാഗം സിഖുകാരാണ്. 19 ഇന്ത്യൻ വംശജ എംപിമാരുള്ള കാനഡയിൽ സിഖുകാർ പ്രതിരോധമന്ത്രിസ്ഥാനത്തുവരെ എത്തിയ ചരിത്രമുണ്ടായിട്ടുണ്ട്. രാഷ്ട്രീയമായിട്ട് ഇവിടുത്തെ സിഖുകാർ ശക്തരാണെന്നതാണ് ട്രൂഡോയുടെ നീക്കത്തിന് പിന്നിലും.

ട്രൂഡോയുടെ ഖലിസ്ഥാൻ പ്രീണനമാണ് 2018ൽ അദ്ദേഹം ഇന്ത്യ സന്ദർശിച്ചപ്പോൾ ആരും അത്ര ശ്രദ്ധകൊടുക്കാതിരുന്നതിന് പിന്നിലും. അന്ന് എട്ടു ദിവസത്തെ സന്ദർശനത്തിന് ഇന്ത്യയിലെത്തിയ ട്രൂഡോയെ സ്വീകരിക്കാൻ പ്രമുഖ മന്ത്രിമാരാരും പോയില്ല. ഖലിസ്ഥാൻ അനുകൂല വാദികൾക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം നൽകുന്നതായിരുന്നു ഇതിന് കാരണം. അന്ന് കാനേഡിയൻ പ്രധാനമന്ത്രിക്ക് ഡൽഹിയിലെ കാനഡ സ്ഥാനപതി കാര്യാലയം ഒരുക്കിയ വിരുന്നിൽ ഖലിസ്ഥാൻ വാദിയായ ജസ്പാൽ സിങ് അത് വാലുമുണ്ടായിരുന്നു. 1986 ൽ പഞ്ചാബ് മന്ത്രിയായ മൽകിയത് സിങ് സിദ്ദുവിനെ വധിക്കാൻ ശ്രമിച്ച കേസിൽ 20 വർഷം തടവിൽ കഴിഞ്ഞയാളായിരുന്നു ജസ്പാൽ സിങ് അത് വാൽ. ഖലിസ്ഥാൻ അനുകൂല വാദികളെ പിന്തുണച്ച ട്രൂഡോ വോട്ട്ബാങ്ക് രാഷ്ട്രീയം കളിക്കുകയാണെന്ന് ആരോപിച്ച് ഇന്ത്യയുടെ 22 മുൻ സ്ഥാനപതിമാർ അന്ന് തുറന്ന കത്തെഴുതിയിരുന്നു.

ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1984 ൽ നടത്തിയ ഓപ്പറേഷൻ ബ്ലൂസ്റ്റാറിന്റെ 39-ാം വാർഷികത്തിൽ കാനഡയിൽ നടന്ന പരേഡിലെ ഒരു ടാബ്ലോ ഇന്ത്യയുടെ പ്രതിഷേധത്തിനും വിമർശനത്തിനും കാരണമായിരുന്നു. ഇന്ദിരാ ഗാന്ധിയുടെ വധം പുനരാവിഷ്കരിക്കുന്നതായിരുന്നു ആ ടാബ്ലോ. 'ദർബാർ സാഹിബ് ആക്രമണത്തിനുളള പ്രതികാരം' എന്ന് എഴുതിയ പ്ലക്കാർഡും ഈ പരിപാടിയിൽ ഉയർന്നിരുന്നു.

കാനഡയിൽ അഭയം പ്രാപിക്കുന്ന ഖാലിസ്ഥാൻ വാദികൾക്ക് നേരെ നടപടിയെടുക്കാൻ അദ്ദേഹം സൗകര്യപൂർവ്വം വിസമ്മതിച്ചുവെന്ന് ആരോപണമുണ്ട്. ജി20 ഉച്ചകോടിയിൽ ഹർദീപ് സിങിന്റെ വധം ഉന്നയിച്ചതും ഇന്ത്യയെ ചൊടിപ്പിച്ചിട്ടുണ്ട്. ഉച്ചകോടിയിൽ ട്രൂഡോ ഒറ്റപ്പെട്ടു. വിമാനം കേടായി ഇന്ത്യയിൽ രണ്ടു ദിവസം അസ്വീകാര്യനായ അതിഥിയെ പോലെ തങ്ങേണ്ടിവന്നതും ട്രൂഡോയെ കാനഡയിൽ പരിഹാസ്യനാക്കി. കടുത്ത പ്രതിപക്ഷ ആക്രമണവും നേരിട്ടുവെന്ന് റിപ്പോർട്ടുകൾ പറയുന്നു. ട്രൂഡോയുടെ പുതിയ ആരോപണം മോദി സർക്കാരിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കുമെന്നും ആംഗ്ലോ-സാക്സൺ ബ്ലോക്കിന് ഇന്ത്യയ്ക്കെതിരെ ഒരുമിച്ചുനിൽക്കാനുള്ള ഒരു ഘടകമായി മാറുമെന്നും വിലയിരുത്തലുണ്ട്.

കാനഡയിൽ അഭയം പ്രാപിച്ച ഖലിസ്ഥാൻ വാദികൾ ആരെല്ലാം

1. ഖാലിസ്ഥാൻ ടൈഗർ ഫോഴ്സിലെ അർഷ്ദീപ് സിങ് ദല. കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലാണ് താമസം.

2. സതീന്ദർജിത് സിങ് ബ്രാർ അഥവാ ഗോൾഡി ബ്രാർ. 2026 വരെ സാധുതയുള്ള ഇന്ത്യൻ പാസ്പോർട്ടുമായി കാനഡയിൽ തുടരുന്നു.

3. സ്നോവർ ധില്ല്യൺ. ഒന്റാറിയോയിലാണ് താമസം.

4. രമൺദീപ് സിങ് അഥവാ രാമൺ ജഡ്ജ്. കാനഡയിലെ ബിസിയിൽ താമസിക്കുന്നു.

5. ഖാലിസ്ഥാൻ ലിബറേഷൻ ഫ്രണ്ടിന്റെ ഗുർജിത് സിങ് ചീമ. ടൊറന്റോയിലാണ് താമസം.

6. ഗുർജീന്ദർ സിങ് പന്നു

7. കെഎൽഎഫിന്റെ ഗുർപ്രീത് സിങ്. കാനഡയിലെ സറേയിലാണ് താമസം.

8. ഐഎസ്വൈഎഫിന്റെ ( ഇന്റർനാഷണൽ സിഖ് യൂത്ത് ഫെഡറേഷൻ) തെഹൽ സിങ്. ടൊറന്റോയിലാണ് താമസം.

9. ഐഎസ്വൈഎഫിലെ മൽകീത് സിങ് ഫൗജി. സറേയിലാണ് താമസം. കാനഡ.

10. ഐഎസ്വൈഎഫിന്റെ മൻവീർ സിങ് ദുഹ്റ. കാനഡയിലെ ബിസിയിൽ താമസിക്കുന്നു

11. ഐഎസ്വൈഎഫിന്റെ പർവ്കർ സിങ് ദുലൈ അല്ലെങ്കിൽ പരി ദുലൈ. കാനഡയിലെ സറേയിലാണ് താമസം.

12. കെടിഎഫ് (ഖലിസ്ഥാൻ ടൈഗർ ഫോഴ്സ്) ലെ മൊനീന്ദർ സിങ് ബിജാൽ. കാനഡയിലെ വാൻകൂവറിൽ താമസിക്കുന്നു.

13. ഐഎസ്വൈഎഫിന്റെ ഭഗത് സിങ് ബ്രാർ അകക് ഭഗ്ഗു ബ്രാർ. ടൊറന്റോയിലാണ് താമസം.

14. ഐഎസ്വൈഎഫിന്റെ സതീന്ദർ പാൽ സിങ് ഗിൽ. കാനഡയിലെ വാൻകൂവറിൽ താമസിക്കുന്നു.

15. സുലിന്ദർ സിങ് വിർക്ക്. കാനഡയിലെ ബ്രാംപ്ടണിലാണ് താമസം.

16. കെഎൽഎഫിന്റെ മൻവീർ സിങ്. കാനഡയിലെ ടൊറന്റോയിലാണ് താമസം.

17. ലഖ്ബീർ സിങ് അല്ലെങ്കിൽ ലാൻഡ. കാനഡയിലാണ് താമസം.

18. സുഖ്ദുൽ സിങ് അല്ലെങ്കിൽ സുഖ് ദുനെകെ. ഒന്റാറിയോയിലാണ് താമസം.

19. ഹർപ്രീത് സിങ്. കാനഡയിലെ ബ്രാംപ്ടണിലാണ് താമസം.

20. സന്ദീപ് സിങ് അല്ലെങ്കിൽ സുനി എന്ന ടൈഗർ. കാനഡയിലെ ബിസിയിൽ താമസിക്കുന്നു.

21. കെടിഎഫിന്റെ മന്ദീപ് സിങ് ധലിവാൾ. കാനഡയിലെ സറേയിലാണ് താമസം.

കാനഡയിൽ അഭയം പ്രാപിച്ച ഖലിസ്ഥാൻ വാദികളുടെ കണക്കുകള് പരസ്യമാണെങ്കിലും ഇവർക്കെതിരെ യാതൊരുതരത്തിലുളള നടപടിയും ട്രൂഡോ സർക്കാർ സ്വീകരിച്ചിട്ടില്ല. പക്ഷേ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി കനേഡിയൻ പ്രധാനമന്ത്രി സിഖുകാർക്കിടയിൽ വിഭജനം സൃഷ്ടിക്കുകയാണ്.

ട്രൂഡോയുടെ പ്രസ്താവന അടിസ്ഥാനരഹിതവും അസംബന്ധവും

കാനഡയുടെ നയതന്ത്ര പ്രതിനിധിയെ പുറത്താക്കി ഇന്ത്യ തിരിച്ചടിച്ചെങ്കിലും കാലങ്ങളായി ഇന്ത്യയെ അലട്ടുന്ന ഖലിസ്ഥാൻ പ്രശ്നം തീരുന്നില്ലെന്നതാണ് വസ്തുത. ബ്രിട്ടൻ, ഓസ്ട്രേലിയ, യുഎസ് എന്നീ രാജ്യങ്ങളിലും ഖലിസ്ഥാൻ വിഘടനവാദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉയർന്നുവരാറുണ്ട്. ബ്രിട്ടനിലും ഓസ്ട്രേലിയയിലും യുഎസിലും ഇന്ത്യൻ നയതന്ത്രസ്ഥാപനങ്ങൾക്കുനേരെ ഖലിസ്ഥാൻ വാദികൾ അക്രമം നടത്തിയിരുന്നു. അമൃത്പാൽ സിങ്ങിനെ ഇന്ത്യ അറസ്റ്റ് ചെയ്തതും സിഖ്സ് ഫോർ ജസ്റ്റിസ് സംഘടന ഖലിസ്ഥാൻ സംബന്ധിച്ച് വിദേശ സിഖുകാർക്കിടയിൽ അഭിപ്രായവോട്ടെടുപ്പിന് നീക്കം നടത്തിയതും പ്രശ്നങ്ങൾക്ക് ആക്കം കൂട്ടുന്നു. ഇന്ത്യ പ്രതിഷേധമറിയിച്ചതോടെ കൂടുതൽ പ്രശ്നങ്ങളുണ്ടാകാതിരിക്കാനും അഭിപ്രായവോട്ടെടുപ്പ് തടയാനും അവിടത്തെ ഭരണകൂടങ്ങൾ ശ്രദ്ധിച്ചു. എന്നാൽ ഈ രീതിയിലുള്ള ഒരു സഹകരണവും കാനഡയുടെ ഭാഗത്ത് നിന്നുണ്ടായില്ല.

ഹർദീപ് സിങ് നിജ്ജാറിനെ കൊലപ്പെടുത്തിയതിന് പിന്നിൽ ഇന്ത്യയാണെന്ന ജസ്റ്റിൻ ട്രൂഡോയുടെ ആരോപണത്തെ അടിസ്ഥാന രഹിതവും അസംബന്ധവുമെന്ന് പറഞ്ഞാണ് ഇന്ത്യ തളളിയത്. ഖലിസ്ഥാൻ വിഷയത്തിൽ കനേഡിയൻ സർക്കാർ നടപടിയെടുക്കാതിരിക്കുന്നതു ദീർഘകാലമായുള്ള പ്രശ്നമാണ്. ഖലിസ്ഥാൻ അനുകൂല വാദികൾ ഇന്ത്യക്ക് നേരെ നടത്തുന്ന നീക്കങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് അടിസ്ഥാനമില്ലാത്ത ആരോപണങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ കനേഡിയൻ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങൾ തള്ളിക്കളഞ്ഞതാണെന്നും ഇന്ത്യ പ്രതികരിച്ചിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് കാനഡ ഉന്നയിക്കുന്നത്. ആരോപണം പൂര്ണ്ണമായി തള്ളിക്കളയുന്നുവെന്നും ഇന്ത്യൻ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നം രൂക്ഷമായതോടെ സ്വതന്ത്ര വ്യാപാര കരാർ ഒപ്പുവെക്കുന്നത് ഉൾപ്പെടെയുള്ള നീക്കങ്ങള് ഇരുരാജ്യങ്ങളും നിർത്തിവച്ചിരിക്കുകയാണ്.

dot image
To advertise here,contact us
dot image