'വെടിയുണ്ടകൾ എന്നെ നിശബ്ദയാക്കില്ല'; ഗുൽ മകായ് എന്ന മലാല

താലിബാൻ തീവ്രവാദികളെ ചൊടിപ്പിച്ച ബ്ലോഗ് എഴുതുമ്പോൾ മലാലക്ക് വെറും 11 വയസ് മാത്രമാണ് ഉണ്ടായിരുന്നത്

സീനത്ത് കെ സി
5 min read|09 Oct 2023, 11:15 am
dot image

ഇന്ന് മലാലക്ക് വെടിയേറ്റ ദിവസമാണ്. ആരാണ് ഈ മലാല? എന്ന താലിബാൻ തീവ്രവാദികളുടെ ചോദ്യത്തിന് ഞാനാണ് മലാല എന്ന് ഉച്ചത്തിൽ വിളിച്ചുപറയാനും അവരെ തിരിച്ച് ചോദ്യം ചെയ്യാനും ധൈര്യം കാണിച്ച കരുത്തുറ്റ പെൺകുട്ടി. ലോകമെങ്ങുമുളള പെൺകുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനു വേണ്ടിയുള്ള പോരാട്ടത്തിലൂടെ ശ്രദ്ധ നേടിയ മലാല പാകിസ്താനിലെ പെൺകുട്ടികളെ സംബന്ധിച്ചിടത്തോളം മാലാഖ തന്നെയാണ്. കണ്ണുതുറപ്പിച്ച മാലാഖ. മലാലയുടെ പിതാവ് സിയാവുദ്ദീൻ യൂസഫ്സായ് പാകിസ്താനിലെ സ്വാത് ജില്ലയിലുളള ഖുഷാർ പബ്ലിക് സ്കൂളിന്റെ ഉടമയും എഴുത്തുകാരനുമായിരുന്നു. അതുകൊണ്ടുതന്നെ എല്ലാ കുട്ടികളും വിദ്യാസമ്പന്നരാകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് തന്റെ പിതാവിലൂടെ വളരെ ചെറുപ്പത്തിലെ മലാല മനസ്സിലാക്കിയിരുന്നു. പിതാവ് പകർന്നു നൽകിയ ധൈര്യമായിരുന്നു വിദ്യാഭ്യാസ അനിവാര്യതയെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ഉറക്കെ സംസാരിക്കാൻ മലാലയെ പ്രാപ്തയാക്കിയത്.

പാകിസ്താനിലെ സ്വാത് ജില്ലയിലെ മങ്കോരയിൽ 1997 ജൂലൈ 12ന് ആണ് മലാലയുടെ ജനനം. 2007 ൽ സ്വാത് താലിബാൻ പിടിച്ചെടുത്തതോടെയാണ് മലാല എന്ന പെൺകുട്ടിയെ ലോകം അറിയുന്നത്. താലിബാൻ പിടിമുറുക്കിയതോടെ സ്ത്രീകളുടെ അവകാശങ്ങളും ഒരോന്നായി എടുത്തൊഴിവാക്കപ്പെട്ടു. സ്വാത്തിലെ ടെലിവിഷനും സംഗീതവും പെൺകുട്ടികളുടെ വിദ്യാഭ്യാസവും സ്ത്രീകൾ സാധനങ്ങൾ വാങ്ങാൻ മാർക്കറ്റിൽ പോകുന്നതിൽപോലും താലിബാൻ നിരോധനം ഏർപ്പെടുത്തി. എന്നാൽ താലിബാന്റെ ക്രൂരതയ്ക്കെതിരെ സംസാരിക്കണമെന്ന് സിയാവുദ്ദീൻ യൂസഫ്സായ് തന്റെ മകളോട് ആവശ്യപ്പെട്ടു. മലാലയെ വിദ്യാഭ്യാസ അവകാശ പ്രവർത്തകയാക്കിയതും പിതാവ് സിയാവുദ്ദീൻ യൂസഫ്സായി ആയിരുന്നു. സ്വതന്ത്രമായി സംസാരിക്കാനും അവൾക്ക് കഴിയുന്നതെല്ലാം പഠിക്കാനും മലാലയെ അച്ഛൻ സിയാവുദ്ദീൻ പ്രോത്സാഹിപ്പിച്ചിരുന്നു.

2009ൽ ബിബിസി ഉർദുവിൽ പ്രസിദ്ധീകരിച്ച ഹൃദയസ്പർശിയായ മലാലയുടെ ബ്ലോഗായിരുന്നു അവളുടെ ജീവിതത്തെ മാറ്റിമറിച്ചത്. സ്വാതിലെ താലിബാന്റെ അക്രമണങ്ങളെ കുറിച്ച് മലാല അക്കമിട്ട് ബിബിസി ഡയറിയിൽ എഴുതി. വിദ്യാഭ്യാസം തുടരാനും പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നേടാനുമുള്ള അവളുടെ ആഗ്രഹവും കുറിപ്പിൽ എഴുതിയിരുന്നു. എന്നാൽ ഇത് യാഥാസ്ഥിതിക നിലപാടുളള താലിബാനെ ചൊടിപ്പിച്ചു.

താലിബാൻ തീവ്രവാദികളെ ചൊടിപ്പിച്ച ബ്ലോഗ് എഴുതുമ്പോൾ മലാലക്ക് വെറും 11 വയസ് മാത്രമാണ് ഉണ്ടായിരുന്നത്. അന്ന് പഷ്തൂൺ നാടോടി കഥയിലെ നായികയായ ഗുൽ മകായ് എന്ന തൂലികാ നാമത്തിലായിരുന്നു മലാല ബ്ലോഗ് എഴുതിയത്. 2009 ജനുവരിയിൽ ശീതകാല അവധിക്ക് സ്കൂൾ അടച്ചപ്പോൾ തന്റെ ബ്ലോഗിൽ മലാല എഴുതിയത് ഇപ്രകാരമായിരുന്നു, 'പെൺകുട്ടികൾ അവധിക്കാലത്തെക്കുറിച്ച് അത്ര ആവേശം കാട്ടിയില്ല, കാരണം താലിബാൻ അവരുടെ വിദ്യാഭ്യാസം നിരോധിച്ചാൽ അവർക്ക് വീണ്ടും സ്കൂളിൽ വരാൻ കഴിയില്ലെന്ന് അവർക്കറിയാമായിരുന്നു. ഒരു ദിവസം സ്കൂൾ തുറക്കും എന്ന വിശ്വാസത്തിലാണ് ഞാൻ, എന്നാൽ ഇനി സ്കൂളിലേക്ക് തിരിച്ചുവരവ് ഉണ്ടാകില്ലല്ലോ എന്ന് ഓർത്ത് ഞാൻ ആ കെട്ടിടത്തിലേക്ക് നോക്കി'.

തീവ്രവാദികളെ ഭയന്ന് വിദ്യാർത്ഥികൾ ക്ലാസിൽ നിന്ന് ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ തനിക്കും തന്റെ സുഹൃത്തുക്കൾക്കും തോന്നിയ ഉത്കണ്ഠയെ കുറിച്ചും പെൺകുട്ടികൾ തങ്ങളിലേക്കു ശ്രദ്ധ ആകർഷിക്കാതിരിക്കാൻ യൂണിഫോം ധരിക്കാതെ സാധാരണ വസ്ത്രം ധരിച്ച് സ്കൂളിൽ പോകാൻ തുടങ്ങിയതിനെപ്പറ്റിയും അവൾ ഡയറിയിൽ രേഖപ്പെടുത്തി.

ബിബിസിയിലൂടെ നിരന്തരം പ്രസിദ്ധീകരിക്കപ്പെട്ട മലാലയുടെ ബ്ലോഗുകൾ താലിബാന്റെ ഉറക്കം കെടുത്തുന്നതായിരുന്നു. എന്നാൽ ഗുൽ മക്കായി എന്ന അപരനാമത്തിന്റെ ഉടമയെ കണ്ടെത്താൻ താലിബാന് കഴിഞ്ഞിരുന്നില്ല. ബ്ലോഗിലൂടെ വിമർശിക്കുന്നത് ആരാണെന്ന് ഒടുവിൽ താലിബാൻ കണ്ടെത്തി. തങ്ങൾക്കെതിരെ ശബ്ദമുയർത്തിയ പെൺകുട്ടിക്ക് വധശിക്ഷയിൽ കുറഞ്ഞതൊന്നും നൽകില്ലെന്നായിരുന്നു താലിബാന്റെ ഭീഷണി.

മലാലയെ തേടിയിറങ്ങിയ താലിബാൻ തീവ്രവാദികൾ ഒടുവിൽ അവളെ കണ്ടെത്തി. 2012 ഒക്ടോബറിൽ ഒരു താലിബാൻ തോക്കുധാരി മലാല സഞ്ചരിച്ചിരുന്ന സ്കൂൾ ബസിലേക്ക് ഇരച്ചുകയറി. 'നിങ്ങളിൽ ആരാണ് മലാല?' പറഞ്ഞില്ലെങ്കിൽ മുഴുവൻപേരെയും വെടിവച്ചുകൊല്ലുമെന്ന് അയാൾ ഭീഷണി മുഴക്കി. സഹപാഠികളാരും മലാലയെ ചൂണ്ടിക്കാണിച്ചില്ല. ഭയന്നുവിറച്ച കുട്ടികളുടെ കൂട്ടത്തിൽ നിന്നും അവസാനം അയാൾ മലാലയെ കണ്ടുപിടിക്കുകയും അവളുടെ തലയ്ക്ക് നേരെ യാതൊരു ദയയുമില്ലാതെ നിറയൊഴിക്കുകയും ചെയ്തു. വെടിയുണ്ട അവളുടെ ഇടത് നെറ്റിയിൽ പതിക്കുകയും തലയോട്ടിയിൽ തുളച്ചുകയറുന്നതിനുപകരം ചർമ്മത്തിനടിയിലൂടെ തുളച്ചുകയറുകയും ചെയ്തു. വധശ്രമത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത താലിബാൻ വക്താവ് 'ഏറ്റവും വേഗം അവസാനിപ്പിക്കേണ്ട അശ്ലീലതയുടെ പുതിയ അധ്യായം' എന്ന് മലാലയെ വിശേഷിപ്പിച്ചതും ലോകത്തിന് കേൾക്കേണ്ടി വന്നു. മതേതര വിദ്യാഭ്യാസം പ്രോത്സാഹിപ്പിച്ചതിന് ആണ് തങ്ങൾ അവളെ ലക്ഷ്യം വെച്ചതെന്നും താലിബാൻ വെളിപ്പെടുത്തിയിരുന്നു.

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകവെയായിരുന്നു മലാലക്ക് നേരെയുളള ആക്രമണം. ആക്രമണത്തിൽ മലാലയുടെ തലയ്ക്കും കഴുത്തിനും ഗുരുതരമായ പരിക്കേറ്റിരുന്നു. മലാലയുടെ രണ്ടു സുഹൃത്തുക്കൾക്കും അന്ന് പരിക്കേറ്റിരുന്നു. ആദ്യം പാകിസ്താനിലെ മിലിട്ടറി ആശുപത്രിയിൽ ശസ്ത്രക്രിയക്ക് വിധേയായക്കിയ ശേഷം അടിയന്തര ചികിത്സയ്ക്കായി ബ്രിട്ടനിലേക്ക് കുടുംബം കൊണ്ടുപോവുകയായിരുന്നു. ബർമിംഗ്ഹാമിലെ ക്വീൻ എലിസബത്ത് ആശുപത്രിയിലായിരുന്നു മലാലയുടെ ചികിത്സ.

മരണത്തോട് മല്ലിട്ട മലാല എന്ന കൊച്ചുപെൺകുട്ടിക്ക് വേണ്ടി ലോകമാകെ പ്രാർത്ഥിച്ചു. പെൺകുട്ടിക്ക് നേരെ നിറയൊഴിച്ചുള്ള താലിബാൻ നടപടിക്കെതിരെ ലോകം പ്രതിഷേധവുമായി രംഗത്തെത്തി. മലാലയ്ക്ക് വെടിയേറ്റതിന് പിന്നാലെ തങ്ങളുടെ മണ്ണിൽ നിന്ന് താലിബാനെ തുരത്തണമെന്ന ചിന്ത പാക് പൗരന്മാരിൽ ഉണർന്നു. തങ്ങളുടെ സഹപാഠിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് വിദ്യാർത്ഥികളും തെരുവിലിറങ്ങി. ഒക്ടോബർ 12ന് പാകിസ്ഥാനിലെ 50 ഇസ്ലാമിക പുരോഹിതർ ചേർന്ന് മലാലക്കെതിരെ വെടിയുതിർത്ത അക്രമികളെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു കോടി പാകിസ്താൻ രൂപ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.

ഏറെ നാൾ നീണ്ട ചികിത്സയ്ക്കൊടുവില് മലാല ജീവിതത്തിലേയ്ക്ക് തിരിച്ചു വന്നു. 2013 ൽ പൂർണമായി സുഖം പ്രാപിച്ച മലാല ഒരു വീഡിയോ സന്ദേശത്തിലൂടെ ലോകത്തെ അഭിസംബോധന ചെയ്തു. പ്രതിസന്ധികളെ തരണം ചെയ്ത് ഞാൻ ജീവിതത്തിലേക്ക് തിരികെയെത്തിയിരിക്കുന്നു. ഇത് എന്റെ രണ്ടാം ജന്മമാണ്. ഇനിയുള്ള നാളുകൾ താലിബാനെതിരെ ശക്തമായി പൊരുതും. പെൺകുട്ടികൾക്ക് നിഷേധിക്കപ്പെട്ട വിദ്യാഭ്യാസത്തിനായി അഹോരാത്രം പ്രവർത്തിക്കും. ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനായി പ്രാർത്ഥിച്ച മുഴുവൻ ജനങ്ങൾക്കും നന്ദി അറിയിക്കുന്നതായും മലാല വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.

താലിബാന്റ തോക്കിന് മുമ്പിൽ ഭയക്കില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടിരുന്ന മലാലയെ 2013 ൽ ലോകത്തിലെ ഏറ്റവും സ്വാധീനമുള്ള ആളുകളിൽ ഒരാളായി ടൈംസ് മാഗസിൻ തിരഞ്ഞെടുത്തു. സമാധാനത്തിനുളള നോബേൽ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെട്ടതും ഇതേ വർഷമാണ്. സമാധാനത്തിനുളള നോബേൽ ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 'ഞാൻ മലാല' എന്ന മലാലയുടെ ആത്മകഥ പ്രകാശനം ചെയ്തതും 2013ൽ ആണ്.

സുഖം പ്രാപിച്ച മലാല ബ്രിട്ടനിലെ എഡ്ജ്ബാസ്റ്റൺ ഹൈസ്കൂളിൽ ചേർന്നു. അവളുടെ പിതാവിന് ബിർമിംഗ്ഹാമിലെ പാകിസ്താൻ കോൺസുലേറ്റിൽ മൂന്ന് വർഷത്തേക്ക് ജോലി ലഭിക്കുകയും ചെയ്തു. എല്ലാ പെൺകുട്ടികളും എല്ലാ കുട്ടികളും പഠിക്കണമെന്ന് താൻ ആഗ്രഹിക്കുന്നു എന്ന് പറഞ്ഞ മലാല പിന്നീട് ആഗോളതലത്തിൽ വിദ്യാഭ്യാസത്തിന്റെ പ്രചാരകയായി മാറി. 2014 ൽ പാക് സർക്കാർ സ്വാത് മേഖലയെ താലിബാനികളിൽ നിന്നും മോചിപ്പിച്ചിരുന്നു. 2017 ൽ ഓക്സ്ഫോർഡ് ലേഡി മാർഗരറ്റ് ഹാളിൽ പൊളിറ്റിക്സ്, ഫിലോസഫി, ഇക്കണോമിക്സ് (പിപിഇ) എന്നീ വിഷയങ്ങൾ പഠിക്കാൻ മലാല തീരുമാനിച്ചു. പഠനത്തിനിടയിലും പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായുളള ക്യാമ്പയിൻ തുടർന്നുകൊണ്ടിരുന്നു. ബോക്കോ ഹറം തീവ്രവാദികള് തടവിലാക്കിയ 200 പെൺകുട്ടികളെ മോചിപ്പിക്കാൻ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നൈജീരിയൻ പ്രസിഡൻറ് ഗുഡ്ലക്ക് ജോനാഥനെ കാണാനും മലാല ധൈര്യത്തോടെ ഇറങ്ങി.

2009 ൽ മലാലയെ പറ്റി ഒരു ഡോക്യുമെന്ററി പുറത്തിറങ്ങിയിരുന്നു. 2011ൽ കിഡ്സ് റൈറ്റ്സ് ഫൗണ്ടേഷൻ നൽകുന്ന അന്താരാഷ്ട്ര കുട്ടികളുടെ സമാധാന സമ്മാനം മലാലയ്ക്കായിരുന്നു. 2012 ൽ സ്വന്തം രാജ്യമായ പാകിസ്താൻ മലാലക്ക് ദേശീയ സമാധാനത്തിനുളള അവാർഡ് നൽകി ആദരിക്കുകയും ദേശീയ മലാല സമാധാന പുരസ്കാരം എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. 8 വയസ്സിന് താഴെയുള്ളവർക്കായാണ് ഈ അവാർഡ് നൽകുന്നത്. 2013 മുതൽ മലാലയുടെ ജന്മദിനമായ ജൂലൈ 12 ന് ഐക്യരാഷ്ട്ര സംഘടന മലാല ദിനമായി ആചരിച്ചു വരുന്നു.

വെടിയുണ്ടകൾക്ക് തോൽപ്പിക്കാനാകാത്ത മലാല തിരിച്ചുവരവിന് ശേഷവും ബ്ലോഗുകൾ എഴുതി. 'ബിബിസിക്ക് വേണ്ടി ഉറുദുവിൽ എഴുതിയ എന്റെ കുറിപ്പുകൾ ഞാൻ വീണ്ടും വായിച്ചു. അമ്മയ്ക്ക് എന്റെ തൂലികാനാമം ഗുൽ മക്കായ് ഇഷ്ടപ്പെട്ടു. എനിക്കും ആ പേര് ഇഷ്ടമാണ്, കാരണം എന്റെ യഥാർത്ഥ പേരിന്റെ അർത്ഥം 'ദുഃഖം' എന്നാണ്,' എന്ന് തിരിച്ചുവരവിന് ശേഷം മലാല ബ്ലോഗിലെഴുതി.

ആക്രമണം നടന്ന് പത്ത് വർഷത്തിന് ശേഷം 2022 ഒക്ടോബറിലാണ് മലാല തന്റെ സ്വന്തം രാജ്യത്തേക്ക് തിരിച്ചെത്തിയത്. അതിശക്തമായ മഴയും പ്രളയവും മൂലം ബുദ്ധിമുട്ടിയ പാകിസ്താനിലേക്ക് ലോക രാജ്യങ്ങളുടെ ശ്രദ്ധ ലഭിക്കുന്നതിന് വേണ്ടിയായിരുന്നു മലാലയുടെ അന്നത്തെ പാക് സന്ദർശനം. മലാല പാകിസ്താൻ സന്ദർശിച്ച ദിവസം സ്വാത് താഴ്വരയിലെ സ്കൂളിൽ അവൾക്കൊപ്പം പഠിച്ചിരുന്ന മറ്റ് വിദ്യാർത്ഥികൾ അവളുടെ സ്വന്തം നാടായ മങ്കോരയിൽ വർധിച്ചുവരുന്ന അക്രമണങ്ങൾക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു. 2021ൽ അഫ്ഗാനിൽ നിന്ന് താലിബാൻ ഭരണം പിടിച്ചെടുത്തത് സ്വാത് മേഖലയിൽ വീണ്ടും ഭീകരപ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലേക്ക് നയിച്ചിരുന്നു.

താലിബാൻ അഫ്ഗാനിലെ സ്ത്രീകളുടെ വിദ്യാഭ്യാസം നിരോധിച്ചതിനെയും മലാല വിമർശിച്ചിരുന്നു. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് താലിബാൻ നേതാക്കൾക്ക് മലാല കത്തയയ്ക്കുകയും ചെയ്തു. വിദ്യാഭ്യാസത്തിനുള്ള നിരോധനം പിൻവലിച്ച് സ്കൂളുകൾ ഉടനടി തുറക്കുക. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്ന ലോകത്തിലെ ഏക രാജ്യം അഫ്ഗാനിസ്ഥാനാണെന്നും മലാല കത്തിലൂടെ കുറ്റപ്പെടുത്തിയിരുന്നു.

24-ാം വയസിൽ പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഹൈ പെർഫോമൻസ് സെന്റർ ജനറൽ മാനേജർ അസർ മാലികിനെ മലാല വിവാഹം ചെയ്തു. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. മലാലയും കുടുംബവും ബ്രിട്ടണിലാണ് നിലവിൽ താമസിച്ചുവരുന്നത്.

'പഠിക്കാനുള്ള എൻറെ അവകാശത്തെ ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ് ?, പുസ്തകവും പേനയുമാണ് നമ്മുടെ ആയുധം. വിദ്യാഭ്യാസമാണ് ഏക പരിഹാരം,' ദൃഢനിശ്ചയമുളള, ധൈര്യശാലിയായ സ്വന്തം സാമൂഹത്തിനും ലോകത്തിനും തന്നെ മാതൃകയായ, മലാല യൂസഫ്സായിയുടെ ഈ വാക്കുകൾ ഇന്നും അടിച്ചമർത്തപ്പെട്ടവർക്കായി ധ്വനിക്കുന്നു.

dot image
To advertise here,contact us
dot image