വീരപ്പനും ഇന്നും ബാക്കിയാകുന്ന ചോദ്യങ്ങളും

വീരപ്പന്റെ ക്രൂരതകളും കൊള്ളയും കൊലയുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ അത്രത്തോളം പ്രധാനമാണ് കാടിനുള്ളില്‍ നിന്ന് കൊള്ളമുതല്‍ വില്‍ക്കാനും പണം സമ്പാദിക്കാനും വീരപ്പന് എങ്ങനെ സാധിച്ചുവെന്ന ചോദ്യവും.
വീരപ്പനും ഇന്നും ബാക്കിയാകുന്ന ചോദ്യങ്ങളും
Updated on

വീരപ്പന്‍ വധിക്കപ്പെട്ടിട്ട് 19 വര്‍ഷമാകുന്നു. മരണശേഷം വീരപ്പനെക്കുറിച്ച് വീണ്ടും സജീവമായ ചര്‍ച്ചകള്‍ക്ക് വഴിതെളിച്ച ഒരു വര്‍ഷമാണിത്. വീരപ്പന്റെ ജീവിതത്തെ സമഗ്രമായി ദൃശ്യവത്കരിക്കുന്ന 'ദി ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന ഡോക്യുമെന്ററി പരമ്പര വീരപ്പനെ വീണ്ടും ചര്‍ച്ചകളില്‍ സജീവമാക്കിയിരുന്നു. സെല്‍വമണി സെല്‍വരാജ് സംവിധാനം ചെയ്ത് നെറ്റ്ഫ്ളിക്സില്‍ റിലീസ് ചെയ്ത ഈ ഡോക്യുമെന്ററി പരമ്പര ഏകപക്ഷീയമായ വീരപ്പന്‍ വിവരണമായിരുന്നില്ല.

വീരപ്പന്‍ വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ച ഉദ്യോഗസ്ഥരുടെയും വീരപ്പന്‍ കൊലപ്പെടുത്തിയവരുടെ ബന്ധുക്കളുടെയും വിവരണത്തിനൊപ്പം വീരപ്പന്റെ ജീവിതപങ്കാളി മുത്തുലക്ഷ്മിയുടെയും വീരപ്പന്റെ മറ്റ് അനുയായികളുടെയും വിവരണത്തിനും അതേ അളവില്‍ പ്രധാന്യം കൊടുക്കുന്നു എന്നതാണ് 'ദി ഹണ്ട് ഫോര്‍ വീരപ്പന്റെ' പ്രധാന്യം. വീരപ്പന്‍ എന്ന ക്രൂരതയുടെ പ്രതിരൂപത്തെ അനാവരണം ചെയ്യുന്നതിനൊപ്പം വീരപ്പനെ സമഗ്രമായി ചിത്രീകരിക്കുന്നതില്‍ 'ദി ഹണ്ട് ഫോര്‍ വീരപ്പന്‍' വിജയിച്ചിട്ടുണ്ട്.

വാചാതി കൂട്ടബലാത്സംഗക്കേസില്‍ കുറ്റക്കാരായ 215 ഉദ്യോഗസ്ഥരുടെ ഹര്‍ജി ഹൈക്കോടതി തള്ളിയത് വീരപ്പന്‍ ഡോക്യുമെന്ററി ചര്‍ച്ചയായി നില്‍ക്കെയാണ്. വീരപ്പന്‍ വേട്ടയുടെ പേരില്‍ ഉദ്യോഗസ്ഥര്‍ നടപ്പിലാക്കിയിരുന്ന കാടന്‍ നീതിയുടെ സംസാരിക്കുന്ന തെളിവായിരുന്നു വാചാതി കൂട്ടബലാത്സംഗം. ആദ്യ കാലത്ത് വീരപ്പന്‍ നടത്തിയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ഉദ്യോഗസ്ഥരുടെ കാട്ടുനീതിയും ഒരു കാരണമായിരുന്നെന്ന് പലരും പറഞ്ഞ് വെച്ചിട്ടുണ്ട്.

വാചാതിയുമായി ബന്ധപ്പെട്ടുണ്ടായ മദ്രാസ് ഹൈക്കോടതി വിധിയും വീരപ്പന്‍ ചര്‍ച്ചകളെ വീണ്ടും സജീവമാക്കിയിരുന്നു. ജസ്റ്റിസ് പി വേല്‍മരുകനാണ് വചാതിയില്‍ ഗോത്രവര്‍ഗ്ഗ സ്ത്രീകളെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ 215 ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന കീഴ്ക്കോടതി വിധി ശരിവെച്ചത്. വാചാതിയിലെ ഗോത്രവര്‍ഗ ജീവിതം മെച്ചപ്പെടുത്താനുള്ള പദ്ധതി തയ്യാറാക്കാന്‍ കോടതി സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയതും വളരെ പ്രാധാന്യത്തോടെ എടുത്ത് പറയേണ്ടതാണ്. വീരപ്പന്‍ കൊല്ലപ്പെട്ട് 19 വര്‍ഷത്തിനും വാചാതി കൂട്ടബലാത്സംഗം നടന്ന് 31 വര്‍ഷത്തിനും ശേഷമാണ് കോടതി വിധിയെന്നത് എടുത്ത് പറയേണ്ടതുണ്ട്. കേസില്‍ വിധി പറഞ്ഞ ജസ്റ്റിസ്, വാചാതി ഗ്രാമം സന്ദര്‍ശിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്.

1992 ജൂണ്‍ 20നായിരുന്നു ധര്‍മ്മപുരി ജില്ലയിലെ വാചാതി വീരപ്പന്‍ വേട്ടയ്ക്കായി ദൗത്യസംഘം വളയുന്നത്. വാചാതിക്കാര്‍ വീരപ്പനെ സഹായിച്ചു എന്നതായിരുന്നു ഉദ്യോഗസ്ഥരുടെ ആരോപണം. ഇവിടെ നിന്ന് പിടികൂടിയ 18 ആദിവാസി സ്ത്രീകളെ ഫോറസ്റ്റ് റേഞ്ച് ഓഫീസിലെത്തിച്ച് ദൗത്യസംഘം കൂട്ടബലാത്സംഗം ചെയ്തു. ഗ്രാമവാസികളെ മര്‍ദ്ദിക്കുകയും കുടിലുകള്‍ തകര്‍ക്കുകയും കൊള്ളയടിക്കുകയും ചെയ്തതിന് ശേഷമായിരുന്നു ഉദ്യോഗസ്ഥ സംഘം സ്ത്രീകളെ ക്രൂരബലാത്സംഗത്തിന് ഇരയാക്കിയത്.

നൂറിനടത്ത് സ്ത്രീകളെയും 28 കുട്ടികളെയും മൂന്ന്മാസം തടവിലിട്ടു. ഈ വിഷയത്തില്‍ സിപിഐഎം നല്‍കിയ പൊതുതാല്‍പ്പര്യ ഹര്‍ജിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ് നിയമത്തിന്റെ മുന്നിലെത്തിയത്. 1995ല്‍ മദ്രാസ് ഹൈക്കോടതി കേസ് സിബിഐക്ക് വിടുകയായിരുന്നു. ഒടുവില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് പ്രത്യേക കോടതി വിധിച്ചു. ഈ വിധിയെ ചോദ്യം ചെയ്ത് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളിയാണ് മദ്രാസ് ഹൈക്കോടതി 215 ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് വിധിച്ചിരിക്കുന്നത്.

വീരപ്പന്റെ പേരില്‍ ഉദ്യോഗസ്ഥര്‍ കാണിച്ച ക്രൂരതയും നിയമലംഘനവും നിയമത്തിന്റെ വഴിയിലൂടെ കടന്ന് പോകുകയും പ്രതികള്‍ ശിക്ഷിക്കപ്പെടുകയും ചെയ്തു. ക്രൂരതകളുടെ പേരില്‍ നിയമപരമായ വിചാരണ നിഷേധിക്കപ്പെട്ട വീരപ്പനെ വ്യാജ ഏറ്റുമുട്ടല്‍ നാടകത്തിലൂടെ കൊലപ്പെടുത്തുകയായിരുന്നു എന്ന ആക്ഷേപം ഇപ്പോഴും ബാക്കിയാണ്.

കൊല്ലപ്പെട്ട് 19 വര്‍ഷം തികഞ്ഞിട്ടും ഓരോ വര്‍ഷവും വീരപ്പന്‍ ഈ നിലയില്‍ ഒരു ഹോട്ട് ടോപ്പിക്കായി തന്നെ ബാക്കിയാവുകയാണ്. മുകളില്‍ പറഞ്ഞതൊന്നും വീരപ്പന്‍ ചെയ്ത കൊടും ക്രൂരതകള്‍ക്ക് ഒരുനിലയിലും ന്യായീകരണമാകുന്നില്ല. രാജ്യം കണ്ട ഏറ്റവും ക്രൂരനായ കാട്ടുകള്ളനായിരുന്നു വീരപ്പന്‍ എന്നതില്‍ ഒരു തര്‍ക്കവുമില്ല. കര്‍ണ്ണാടക, തമിഴ്നാട് സര്‍ക്കാരുകള്‍ സ്വന്തം നിലയിലും സംയുക്തമായും വീരപ്പനെ പിടികൂടാന്‍ നടത്തിയ ദൗത്യങ്ങള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട് കഴിഞ്ഞതാണ്. ഏതാണ്ട് 100 കോടിയോളം രൂപ വീരപ്പന്‍ വേട്ടയ്ക്കായി വിനിയോഗിച്ചുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍.

അമ്മാവന്‍ സാല്‍വൈ ഗൗണ്ടറെന്ന വനംവേട്ടക്കാരന്റെ സഹായിയായി വനത്തിന്റെ നിഗൂഢതയിലേക്ക് ഇറങ്ങുകയായിരുന്നു വീരപ്പന്‍. അമ്മാവനുമായി പിണങ്ങി സ്വന്തമായി കൊള്ളസംഘം ഉണ്ടാക്കിയ വീരപ്പന്‍ സത്യമംഗലം കാടുകളിലെ കാട്ടാനകളെ വേട്ടയാടി കൊമ്പുകളെടുത്തു, ചന്ദനമരം മുറിച്ചുകടത്തി. വീരപ്പന്‍ കൊന്ന ആനകളുടെ കണക്ക് ഏതാണ്ട് 2000-3000ത്തിനും ഇടയ്ക്ക് വരും. 65000 കിലോ ചന്ദനവും വീരപ്പന്‍ കടത്തിയതായാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. കോടികള്‍ മൂല്യം വരുന്ന ആനക്കൊമ്പും ചന്ദനവും വീരപ്പന്‍ കടത്തിവിറ്റിരുന്നു എന്നാണ് കണക്കാക്കുന്നത്.

കൊള്ളയ്ക്ക് എതിരുനിന്ന ഉദ്യോഗസ്ഥരെ വീരപ്പന്‍ നിഷ്‌കരുണം തന്നെ കൊലപ്പെടുത്തി. തന്നെ ഒറ്റിയവരോടും വീരപ്പന്‍ കരുണ കാണിച്ചില്ല. സഹോദരനെ അറസ്റ്റ് ചെയ്ത് ജയിലലടച്ച ഫോറസ്റ്റ് ഓഫീസറായ ചിദംബരത്തെ വീരപ്പന്‍ പിന്നീട് കൊലപ്പെടുത്തി. സത്യമംഗലം റെയ്ഞ്ചറായി ചിദംബരം എത്തുന്നത് വരെ വീരപ്പന്‍ പക വീട്ടാന്‍ അവസരം കാത്തിരുന്നു. വീരപ്പന് സ്വാധീനമുള്ള ഇടങ്ങളില്‍ ജനങ്ങളുടെ ജീവിത ദുരിതം അടക്കം അഭിസംബോധന ചെയ്ത ഐഎഫ്എസ് ഓഫീസറായ പാണ്ഡ്യപള്ളി ശ്രീനിവാസനെ അതിക്രൂരമായാണ് വീരപ്പന്‍ കൊലപ്പെടുത്തിയത്. 1992ല്‍ വീരപ്പനെ പിടികൂടാന്‍ തമിഴ്നാട്-കര്‍ണ്ണാടക സര്‍ക്കാരുകള്‍ സംയുക്തമായി സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സിന് രൂപം നല്‍കി. വീരപ്പന്‍ സംഘവും സ്പെഷ്യല്‍ ടാസ്‌ക് ഫോഴ്സും തമ്മിലുള്ള എലിയും പൂച്ചയും കളി തുടര്‍ന്നു.

കാട്ടിനുള്ളില്‍ താന്‍ തന്നെയാണ് രാജാവ് എന്ന് അടിവരയിട്ട് വീരപ്പന്‍ ടാസ്‌ക് ഫോഴ്സിനെ പലവട്ടം വെല്ലുവിളിച്ചു. വീരപ്പന്‍ വേട്ടയ്ക്ക് ചുക്കാന്‍ പിടിച്ച പൊലീസ് ഉദ്യോഗസ്ഥരായ ടി ഹരികൃഷ്ണയെയും ഷക്കീല്‍ അഹമ്മദിനെയും വീരപ്പന്‍ സംഘം കൊലപ്പെടുത്തി. വീരപ്പനെ തിരഞ്ഞുപോയ 44 അംഗ സംഘത്തിനെതിരെ കര്‍ണ്ണാടകയിലെ ചാമരാജ് നഗര്‍ ജില്ലയിലെ പാലാറില്‍ വെച്ച് വീരപ്പന്‍ സംഘം കുഴിബോബ് സ്ഫോടനം നടത്തി. 22പേരാണ് ഇതില്‍ കൊല്ലപ്പെട്ടത്. ഗുരുനാഥന്‍ എന്ന സംഘാംഗത്തെ വധിച്ചതിന് വീരപ്പന്‍ കൊലഗലിലെ രാമപുര പൊലീസ് സ്റ്റേഷന്‍ ആക്രമിച്ച് പൊലീസുകാരെ കൊലപ്പെടുത്തിയാണ് മറുപടി നല്‍കിയത്.

വീരപ്പന്റെ തലയ്ക്ക് അഞ്ചുകോടി ഇനാം പ്രഖ്യാപിക്കപ്പെട്ടു. ദൗത്യ സംഘത്തിന് പക്ഷെ വീരപ്പനെ തൊടാനായില്ല. പുതുനൂറ്റാണ്ട് പിറന്ന അതേ വര്‍ഷം വീരപ്പന്‍ കന്നഡ സിനിമയിലെ ഇതിഹാസ താരം രാജ്കുമാറിനെ തട്ടിക്കൊണ്ടുപോയി. 108 ദിവസം തടവില്‍ പാര്‍പ്പിച്ച രാജ്കുമാറിനെ വീരപ്പന്‍ വിട്ടയച്ചത് കോടികള്‍ പകരം വാങ്ങിയാണെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. 2002ല്‍ കര്‍ണ്ണാടകയിലെ മുന്‍മന്ത്രി മുനിയപ്പയെ വീരപ്പന്‍ തട്ടിക്കൊണ്ട് പോയി. പിന്നീട് മുനിയപ്പയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വീരപ്പന്റെ തലയ്ക്ക് കര്‍ണ്ണാടക 15 കോടി ഇനാം പ്രഖ്യാപിച്ചു.

വീരപ്പന്‍ വേട്ട മലയാളിയായ കെ വിജയ്കുമാറിന്റെ നേതൃത്വത്തില്‍ ശക്തമായി. വീരപ്പന്‍ സംഘവുമായി ബന്ധം സ്ഥാപിച്ച ദൗത്യസേനയിലെ ചാരന്മാര്‍ ഒടുവില്‍ വീരപ്പനെ കാടിന് വെളിയിലെത്തിച്ചു. ആരോഗ്യപ്രശ്നങ്ങള്‍ അലട്ടിയിരുന്ന വീരപ്പനെ ചികിത്സ നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചായിരുന്നു കാടിന് വെളിയിലെത്തിച്ചത്. ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ട വീരപ്പനെയും കൂട്ടാളികളെയും ദൗത്യസംഘം വഴിയില്‍വെച്ച് ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നു. ജീവനോടെ കിട്ടിയ വീരപ്പനെ നിയമത്തിന് വിട്ടുകൊടുക്കാതെ എന്തിനാണ് ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തിയതെന്ന ചോദ്യം ഇപ്പോഴും ബാക്കിയാണ്. 184 കൊലപാതകങ്ങള്‍ ചെയ്ത വീരപ്പനെ നിയമത്തിന് വിട്ടുകൊടുക്കാന്‍ ദൗത്യസംഘം തയ്യാറായില്ല. വീരപ്പന്‍ സംഘം കീഴടങ്ങാന്‍ തയ്യാറാവാതെ വെടിയുതിര്‍ത്തപ്പോള്‍ തിരികെ വെടിവെച്ചു എന്നാണ് ഏറ്റമുട്ടലിനെക്കുറിച്ചുള്ള ഔദ്യോഗിക ഭാഷ്യം. എന്തായാലും ഏറ്റുമുട്ടലില്‍ വീരപ്പനും സംഘാംഗങ്ങളായ സേത്തുക്കുളി ഗോവിന്ദന്‍, ചന്ദ്ര ഗൗഡര്‍, സേതുമണി എന്നിവര്‍ കൊല്ലപ്പെട്ടു.

ഏറ്റമുട്ടലുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങള്‍ ഇപ്പോഴും ബാക്കിയാണ്. വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി തന്നെ ഏറ്റുമുട്ടലിലെ ദുരൂഹതകള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്തുതന്നെയായാലും ഇത്തരം ആരോപണങ്ങളും സംശയങ്ങളും അഭ്യൂഹങ്ങളുമെല്ലാം ഇപ്പോഴും അതോപടി തുടരുകയാണ്. വീരപ്പന്‍ ജീവനോടെ നിയമത്തിന് മുന്നില്‍ എത്തരുതെന്ന് ആരെങ്കിലും ആഗ്രഹിച്ചിരുന്നോ എന്ന ചോദ്യം ഇപ്പോഴും പ്രസക്തമാണ്.

2000-3000 ആനകളെ കൊന്ന് കൊമ്പെടുക്കാനും 65000 കിലോ ചന്ദനമരം മുറിച്ച് കാടിന് പുറത്തെത്തിച്ച് വില്‍ക്കാനും വീരപ്പന് നാട്ടില്‍ സഹായികളുണ്ടായിരുന്നു എന്ന് വ്യക്തം. ചന്ദന ഫാക്ടറികളും രാഷ്ട്രീയ-ഉദ്യോഗസ്ഥ നേതൃത്വങ്ങളും തമ്മിലുള്ള രഹസ്യ ബാന്ധവങ്ങളെല്ലാം നേരത്തെ മുതല്‍ ചര്‍ച്ചയായ ഒരുനാട്ടില്‍ വീരപ്പന്‍ മുറിച്ച ചന്ദന മരങ്ങളും കാടിറങ്ങിയ ആനക്കൊമ്പുകളുമെല്ലാം ഇന്നും ഒരു ചോദ്യചിഹ്നം തന്നെയാണ്. വീരപ്പന് ഇത് വിറ്റ് കിട്ടിയ കോടികളും അത് വന്നവഴിയുമെല്ലാം വീരപ്പന്റെ കൊലപാതകത്തോടെ ശൂന്യതയില്‍ വിലയം പ്രാപിച്ചു. ദി ഹണ്ട് ഫോര്‍ വീരപ്പന്‍' എന്ന ഡോക്യുമെന്ററി പരമ്പര പോലും ഈയൊരു ചോദ്യം ചോദിക്കാനോ ഉത്തരം തേടാനോ ശ്രമിച്ചില്ല.

വീരപ്പന്റെ ക്രൂരതകളും കൊള്ളയും കൊലയുമെല്ലാം ചര്‍ച്ച ചെയ്യുമ്പോള്‍ അത്രത്തോളം പ്രധാനമാണ് കാടിനുള്ളില്‍ നിന്ന് കൊള്ളമുതല്‍ വില്‍ക്കാനും പണം സമ്പാദിക്കാനും വീരപ്പന് എങ്ങനെ സാധിച്ചുവെന്ന ചോദ്യവും. വീരപ്പന്റെയും സംഘാംഗങ്ങളുടെയും കൊലപാതകത്തോടെ കുഴിച്ച് മൂടപ്പെട്ടത് ഈ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com