കേരളത്തിന് സുരക്ഷ വേണം, തമിഴ്നാടിന് വെള്ളവും; മഴയ്ക്കൊപ്പം കനക്കുന്ന മുല്ലപ്പെരിയാർ എന്ന ആശങ്ക

ഒരു അണക്കെട്ടിന്റെ കാലാവധിയായി സാധാരണ കണക്കാക്കുന്നത് അറുപത് വർഷമാണ്. എന്നാൽ 1895 ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാടിന് പാട്ടത്തിന് കൊടുത്തിരിക്കുന്നതാകട്ടെ 999 വർഷത്തേയ്ക്കും.
കേരളത്തിന് സുരക്ഷ വേണം, തമിഴ്നാടിന് വെള്ളവും; മഴയ്ക്കൊപ്പം കനക്കുന്ന മുല്ലപ്പെരിയാർ എന്ന ആശങ്ക
Updated on

മഴ കനക്കുന്നതിനൊപ്പം കനക്കുന്ന ഒരു ആശങ്കയാണ് കേരളത്തെ സംബന്ധിച്ചിടത്തോളം മുല്ലപ്പെരിയാർ ഡാം. മുല്ലപ്പെരിയാറിന്റെ വൃഷ്ടി പ്രദേശത്തെ കനത്ത മഴ കേരളത്തിന് ആശങ്കയാണെങ്കിൽ തമിഴ്നാടിന് അതൊരു ആശ്വാസമാണ്. തമിഴ്നാടിന്റെ ആവശ്യവും കേരളത്തിന്റെ ആശങ്കയും പരിഹരിക്കും വിധം ഈ പ്രശ്നത്തിന് ഒരു തീരുമാനം കണ്ടെത്താൻ ഇതുവരെയും കഴിഞ്ഞിട്ടില്ല. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 2024 മെയ് 28 ന് ചേരാനിരുന്ന നിർണായക യോഗവും മാറ്റി വെച്ചിരിക്കുകയാണ്. അതേസമയം മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനുള്ള കേരളത്തിന്റെ നീക്കത്തിനെതിരെ തമിഴ്‌നാട്ടിൽ ശക്തമായ പ്രതിഷേധവും നടക്കുന്നുണ്ട്.

ലോകത്തിൽ തന്നെ ഇന്ന് നിലവിലുള്ള ഉയരംകൂടിയ ഭൂഗുരുത്വഅണക്കെട്ടുകളിൽ ഏറ്റവും പഴക്കമുള്ള അണക്കെട്ടാണ് മുല്ലപ്പെരിയാർ. ഈ പഴയ അണക്കെട്ടിന്റെ സ്ഥാനത്ത് പുതിയ അണക്കെട്ട് എന്നത് കേരളത്തിന്റെ കാലങ്ങളായുള്ള ആവശ്യമാണ്. എന്നാൽ തമിഴ്നാടിനെ സംബന്ധിച്ചിടത്തോളം കേരളം പുതിയ അണക്കെട്ട് പണിയുമോ എന്നതാണ് ആശങ്ക. കേരളത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ഡാമിന്റെ കാര്യത്തിൽ എന്തുകൊണ്ടാണ് കേരളത്തിന് സ്വതന്ത്രമായി ഒരു തീരുമാനം എടുക്കാൻ കഴിയാത്തത്? സഹവർത്തിത്വത്തിൽ കഴിയുന്ന രണ്ട് അയൽ സംസ്ഥാനങ്ങൾക്കിടയിൽ കാലങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന മുല്ലപ്പെരിയാർ പ്രശ്നം എന്താണെന്ന് നോക്കാം.

ജോൺ പെനിക്യുക്ക്: സുർക്കിയുടെ ഉറപ്പുള്ള നിശ്ചയദാർഢ്യം

തേനി, മധുര, ദിണ്ടിക്കൽ, രാമനാഥപുരം എന്നിവിടങ്ങളിലെ ജലക്ഷാമം ബ്രിട്ടീഷ് ​ഗവൺമെന്റിനെ സംബന്ധിച്ചിടത്തോളം ഒരു തലവേദനയായിത്തീർന്നു. എന്നാൽ തിരുവിതാംകൂറിലെ പെരിയാറിന്റെ വൃഷ്ടി പ്രദേശങ്ങളിലാവട്ടെ സമൃദ്ധമായ മഴയും, നദി കരകവിഞ്ഞൊഴുകി പ്രളയവും. ഈ പ്രശ്നത്തിന് ബ്രിട്ടീഷുകാർ കണ്ടെത്തിയ പരിഹാരമായിരുന്നു പെരിയാർനദിയിലെ വെള്ളം, പശ്ചിമഘട്ടത്തിലെ മലതുരന്ന്, മധുരയിലൂടെയൊഴുകുന്ന വൈഗൈ നദിയിലെത്തിക്കുക എന്നത്. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഇത്. പദ്ധതി അസാദ്ധ്യമാണെന്നായിരുന്നു ഇതുസംബന്ധിച്ച് പഠനം നടത്തിയ ജയിംസ് കാഡ്‌വെല്ലിന്റെ നിഗമനം. പശ്ചിമഘട്ടത്തെ കുറിച്ച് കാഡ്‌വെല്ലിനുള്ള അറിവാണ് ഈ പഠനത്തിനു വേണ്ടി അദ്ദേഹത്തെ തിരഞ്ഞെടുക്കാൻ ബ്രട്ടീഷുകാരെ പ്രേരിപ്പിച്ചത്. എങ്കിലും വെള്ളം തിരിച്ചുവിടാനുള്ള ശ്രമത്തിൽനിന്ന് അവർ പിന്മാറിയില്ല.

1882-ൽ നിർമ്മാണവിദഗ്ദരായ കാപ്റ്റൻ പെനിക്യുക്ക്, ആർ സ്മിത്ത് എന്നിവരെ ബ്രിട്ടീഷുകാർ ഈ ഉത്തരവാദിത്തം എൽപിച്ചു. അതുവരെയുള്ള എല്ലാ പഴയപദ്ധതികളും പഠനവിധേയമാക്കിയശേഷം പുതിയ പദ്ധതി സമർപ്പിക്കാനായിരുന്നു ഇരുവരോടും ആവശ്യപ്പെട്ടത്. അങ്ങനെ 155 അടി ഉയരമുള്ള അണക്കെട്ടിന്‌ പെനിക്യുക്ക് പദ്ധതി തയ്യാറാക്കി. താഴെ 115.75 അടിയും മുകളിൽ 12 അടിയുമാണ്‌ വീതി. ചുണ്ണാമ്പ്, സുർക്കി, കരിങ്കല്ല് എന്നിവയുപയോഗിച്ചുള്ള അണക്കെട്ടിന് 53 ലക്ഷം രൂപയായിരുന്നു അക്കാലത്തു ചെലവു പ്രതീക്ഷിച്ചിരുന്നത്. ഈ തുകയുടെ ഏഴുശതമാനം വീതം എല്ലാവർഷവും പദ്ധതിയിൽനിന്നു തിരിച്ചുകിട്ടുമെന്നും പെനിക്യുക്ക് വിലയിരുത്തി. ഈ പദ്ധതി അം​ഗീകരിച്ച് ബ്രിട്ടീഷ് സർക്കാർ നിർമ്മാണനിർദ്ദേശം നൽകി.

1887ൽ അണക്കെട്ടിന്റെ ശിലാസ്ഥാപനകർമ്മം നിർവ്വഹിച്ച് നിർമ്മാണം ആരംഭിച്ചു. എന്നാൽ അത്ര എളുപ്പമായിരുന്നില്ല ഡാമിന്റെ നിർമ്മാണം. കനത്തമഴയും വെള്ളപ്പൊക്കവും നിർമ്മാണം തടസ്സപ്പെടുത്തി. കെട്ടിപ്പൊക്കിയഭാഗം വെള്ളപ്പാച്ചിലിൽ നശിച്ചു. കുറേയേറെപ്പേർ വെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. ജോലിക്കാർ വന്യമൃഗങ്ങൾക്കിരയായി. മലമ്പനി തൊഴിലാളികളുടെ ജീവനെടുത്തു. പ്രതിസന്ധികൾ ഒന്നിനുപുറകെ ഒന്നായി വന്നതോടെ നിർമ്മാണം തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചു. നിരാശനായ ജോൺ പെനിക്യൂക്ക് കുടുംബസമേതം ഇംഗ്ലണ്ടിലേക്കു മടങ്ങി. എന്നാൽ തോറ്റുമടങ്ങാൻ പെനിക്യുക്ക് തയ്യാറല്ലായിരുന്നു. ഇംഗ്ലണ്ടിലെത്തിയ അദ്ദേഹവും ഭാര്യ ഗ്രേസ് ജോർജ്ജീനയും അവിടെയുള്ള തങ്ങളുടെ സമ്പാദ്യം മുഴുവൻ വിറ്റു പണമാക്കിയശേഷം ഇന്ത്യയിലേക്കു തിരിച്ചുവന്നു. ഒരു വേനൽക്കാലത്തിന്റെ ആരംഭത്തിൽ ഡാം നിർമ്മാണം വീണ്ടും തുടങ്ങി. ഇത്തവണ ‌മഴക്കാലം ആപെനിക്യുക്ക് ഇട്ട അടിത്തറയെ തകർത്തില്ല. 1895ൽ അണക്കെട്ടിന്റെ നിർമ്മാണം പൂർത്തിയായി. എൺപത്തൊന്നുലക്ഷത്തിമുപ്പതിനായിരം (₹ 81,30,000) രൂപയായിരുന്നു ആകെച്ചെലവ്.

മുല്ലപ്പെരിയാറിലെ ജലം കൊണ്ട് കൃഷിയും ജീവിതവും തിരിച്ചുപിടിച്ച തമിഴ്ജനതയുടെ മനസ്സിലും വീടിന്റെ ചുമരുകളിലും അങ്ങനെ ദൈവങ്ങൾക്കൊപ്പം ജോൺ പെനിക്യൂക്കും ഇടം നേടി. തമിഴ്നാട്ടിൽ ജോൺ പെനിക്യുക്കിന് സ്മാരകം ഉയർന്നു.

60 വർഷം ആയുസ്സുള്ള ഡാമിന് 999 വർഷത്തെ പാട്ടക്കരാർ

ഒരു അണക്കെട്ടിന്റെ കാലാവധിയായി സാധാരണ കണക്കാക്കുന്നത് അറുപത് വർഷമാണ്. എന്നാൽ 1895 ൽ നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ട് തമിഴ്നാടിന് പാട്ടത്തിന് കൊടുത്തിരിക്കുന്നതാകട്ടെ 999 വർഷത്തേയ്ക്കും. 1886 ഒക്ടോബർ 29നാണ്, മുല്ലപ്പെരിയാർ അണക്കെട്ട് നിർമ്മിക്കാനുള്ള പെരിയാർ പാട്ടക്കരാർ (Periyar lease deed) ഒപ്പുവെക്കപ്പെട്ടത്. തിരുവിതാംകൂറിനുവേണ്ടി മരാമത്ത് സെക്രട്ടറി കെ കെ വി രാമഅയ്യങ്കാരും മദിരാശിക്കുവേണ്ടി സ്റ്റേറ്റ് സെക്രട്ടറി ജോൺ ചൈൽഡ് ഹാനിംഗ്ടണുമാണു കരാറിലൊപ്പുവച്ചത്. നദിയുടെ 155 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന 8000 ഏക്കർ സ്ഥലവും നിർമ്മാണത്തിനായി 100 ഏക്കർ സ്ഥലവുമാണ് പാട്ടമായി നൽകിയിരിക്കുന്നത്. 999 വർഷത്തേക്കാണു കരാർ. മദ്രാസ് സർക്കാർ കരാർ പുതുക്കാൻ ഉദ്ദേശിക്കുന്നുവെങ്കിൽ വീണ്ടും 999 വർഷത്തേക്ക് കരാർ നൽകേണ്ടിവരും. പാട്ടത്തുകയായി, ഏക്കറിന് 5 രൂപതോതിൽ 40,000 രൂപ വർഷംതോറും തിരുവിതാംകൂറിനു ലഭിക്കും.

വെള്ളം മദ്രാസ് സംസ്ഥാനത്തിലെ മധുര, രാമനാഥപുരം എന്നീ ജില്ലകളിലെ ജലസേചനത്തിനായി ഉപയോഗിക്കാനായിരുന്നു വ്യവസ്ഥ. കരാറിന്റെ കാര്യത്തിൽ തർക്കമുണ്ടായാൽ ഇരുഭാഗത്തുനിന്നുമുള്ള ഓരോ മദ്ധ്യസ്ഥന്മാരോ അമ്പയർമാരോ ഉൾപ്പെടുന്ന ട്രൈബ്യൂണലിനു വിടാം. 999 വർഷത്തേയ്ക്ക് നീണ്ടു നിൽക്കുന്ന ഈ കരാറാണ് ഇപ്പോഴും പുതിയ ഡാം എന്ന കേരളത്തിന്റെ ആവശ്യത്തിന് ഒരു തടസ്സമായി നിൽക്കുന്നത്. ഇന്ത്യ സ്വതന്ത്രമായതു മുതൽ തന്നെ കരാർ പുതുക്കാൻ തമിഴ്നാട് ശ്രമംതുടങ്ങിയിരുന്നു. 1958 നവംബർ 9ന് അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രി, കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ഇഎംഎസ് നമ്പൂതിരിപ്പാടുമായി ചർച്ചനടത്തി. അന്ന് സാധ്യതകളുണ്ടായിരിന്നിട്ടും ഉചിതമായൊരു തീരുമാനം എടുക്കാൻ ഇഎംഎസ് മന്ത്രി സഭയ്ക്ക് കഴിയാതെ പോയി.

1970 മെയ് 29ന് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന സി. അച്യുതമേനോനുമായി തമിഴ്നാട് നടത്തിയ ചർച്ചയുടെ പശ്ചാത്തലത്തിൽ, 1886ലെ പാട്ടക്കരാർ പുതുക്കാൻ തീരുമാനമായി. തമിഴ്‌നാടിനുവേണ്ടി പൊതുമരാമത്ത് സെക്രട്ടറി കെ എസ്സ് ശിവസുബ്രഹ്മണ്യവും കേരള സർക്കാറിനുവേണ്ടി അന്നത്തെ ജലവൈദ്യുതസെക്രട്ടറി കെ പി വിശ്വനാഥൻ നായരുമാണ് കരാറിലൊപ്പുവെച്ചത്. എന്നാൽ 1886 ലെ പാട്ടക്കരാറിലെ വ്യവസ്ഥകളെല്ലാം നിലനിറുത്തിക്കൊണ്ടായിരുന്നു ഈ പുതുക്കൽ. അണക്കെട്ടിലെ വെള്ളമുപയോഗിച്ച് വൈദ്യുതോല്പാദനം നടത്താൻ പുതിയകരാർ തമിഴ്നാടിന് അനുമതി നൽകി. 1886 ലെ കരാറിൽ പാട്ടത്തുക ഏക്കറിന് അഞ്ചുരൂപയായിരുന്നത്, പുതുക്കിയ കരാറിൽ ഏക്കറിന് മുപ്പതുരൂപയാക്കി ഉയർത്തി. കൂടാതെ മുപ്പതുവർഷം കൂടുമ്പോൾ പാട്ടത്തുക പുതുക്കാമെന്നും പുതിയ കരാർ വ്യവസ്ഥചെയ്തു. വൈദ്യുതോല്പാദനാവശ്യത്തിനായി, കുമളി വില്ലേജിൽ 42.17 ഏക്കർ സ്ഥലവും തമിഴ്നാടിനു പാട്ടത്തിനു നൽകാൻ പുതിയ കരാറിൽ അനുവദിച്ചു. വൈദ്യുതോല്പാദനത്തിന് 350 ദശലക്ഷം യൂണിറ്റ്‌വരെ, ഒരു കിലോവാട്ട് ഇയറിന് 12 രൂപ തോതിൽ തമിഴ്‌നാട് കേരളത്തിനു നൽകണമെന്ന് കരാറിൽ പറഞ്ഞിരിക്കുന്നു. എന്നാൽ വൈദ്യുതിയുടെ അളവ് 350 ദശലക്ഷത്തിൽ കൂടിയാൽ 18 രൂപവച്ചു നൽകണമെന്നാണ് കരാർ. ഇതാണ് കേരളവും തമിഴ്നാടും തമ്മിൽ നിലവിലുള്ള കരാർ.

കേരളത്തിന് സുരക്ഷ, തമിഴ്നാടിന് വെള്ളം

കാലവർഷം കനക്കുമ്പോഴൊക്കെ കേരളത്തിൽ ആശങ്കയും കനക്കും. മുല്ലപ്പെരിയാറിന് എന്തെങ്കിലും സംഭച്ചാൽ... 129 വർഷം പഴക്കമുള്ള ചുണ്ണാമ്പ് മിശ്രിതം ചേർത്ത് നിർമ്മിച്ച ഒരു ഡാം. കേരളത്തിലെ കാലാവസ്ഥയും ആകെ മാറിയിരിക്കുന്നു. പെട്ടെന്നുണ്ടാകുന്ന കനത്ത മഴയും പ്രളയവുമൊക്കെ കേരളത്തിന്റെ ആശങ്കകൂട്ടുമ്പോൾ തമിഴ്നാടിന്റെ പ്രശ്നം വെള്ളമാണ്. പുതിയ ഡാം പണിതാൽ തങ്ങൾക്ക് വെള്ളം കിട്ടാതെ വരുമോ എന്ന് മുല്ലപ്പെരിയാറിൽ നിന്നുള്ള വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്നവർ ഭയക്കുന്നു.

അയൽ സംസ്ഥാനങ്ങൾ തമ്മിലുള്ള ഈ തർക്കം സുപ്രീംകോടതി വരെ നീണ്ടു. മുല്ലപ്പെരിയാർ അണക്കെട്ട് കേരളത്തിലെ അഞ്ചു ജില്ലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നാണ് കേരളത്തിന്റെ വാദം. എന്നാൽ മുല്ലപ്പെരിയാറിന്റെ സുരക്ഷയെകുറിച്ച് നടന്നിട്ടുള്ള ശാസ്ത്രീയപഠനങ്ങൾ ചൂണ്ടിക്കാണിച്ച്, കേരളത്തിന്റെ വാദങ്ങളിൽ കഴമ്പില്ലെന്നാണ് തമിഴ്നാടിന്റെ വാദം. പെരിയാർ പാട്ടക്കരാർ ഇന്ത്യ സ്വതന്ത്രയാവുന്നതിനു മുമ്പു നിലവിൽവന്നതാണെന്നും സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷ് സർക്കാരും നാട്ടുരാജ്യങ്ങളും തമ്മിൽ നിലനിന്നിരുന്ന എല്ലാ ഉടമ്പടികളും കരാറുകളും സ്വയമേവ റദ്ദായെന്നും കേരളം സുപ്രീംകോടതിയിൽ വാദിച്ചിരുന്നു. എന്നാൽ 27/02/2006 ലെ സുപ്രീം കോടതി വിധി കേരളത്തിനനുകൂലമായില്ല. 1956 ലെ state Re organisation Act, section 108പ്രകാരം സ്വാതന്ത്ര്യത്തിനുമുൻപുള്ള മുഴുവൻ അന്തർസംസ്ഥാന ജലവൈദ്യുത കരാറുകളും നിലനിൽക്കും എന്ന കാരണത്താൽ കേരളത്തിൻെറ വാദം സുപ്രീംകോടതി തള്ളി. നിയമപരമായുള്ള പോരാട്ടങ്ങളിലെല്ലാം വിജയം തമിഴ്‌നാടിനൊപ്പമായിരുന്നു.

തമിഴ്നാടിന് ജലം നൽകുന്നതിൽ കേരളം ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. സുരക്ഷയെ മുൻനിർത്തി പുതിയ അണക്കെട്ട് എന്നതാണ് കേരളത്തിന്റെ ആവശ്യം. ഇതിനായുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ടും കേരളം തയാറാക്കിയിട്ടുണ്ട്. പുതിയ അണക്കെട്ട് നിർമിക്കാൻ കുറഞ്ഞത് 7 വർഷം വേണമെന്നാണ് ജലസേചന വകുപ്പിന്റെ വിലയിരുത്തൽ. എന്നാൽ, അടിയന്തരമായി ഡാം നിർമിക്കേണ്ടി വന്നാൽ 5 വർഷത്തിനകം നിർമാണം പൂർത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷ. പദ്ധതി നടപ്പിലാക്കാൻ ഇനി വേണ്ടത് പരിസ്ഥിതി ആഘാത പഠനവും വനം വന്യജീവി വകുപ്പിന്റെ അനുമതിയുമാണ്. പരിസ്ഥിതി ആഘാത പഠനവുമായി ബന്ധപ്പെട്ട് ഇന്നലെ (28/05/2024) നടക്കാനിരുന്ന നിർണായക യോഗം നടന്നിട്ടില്ല. ഡൽഹിയിൽ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം വിളിച്ച യോഗം മാറ്റിയതിന്റെ കാരണം കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. കേരളത്തിന്റെ ആശങ്കയും തമിഴ്നാടിന്റെ ആവശ്യവും പരി​ഗണിച്ച് ഉചിതമായ ഒരു തീരുമാനത്തിന് ഇനിയും കാത്തിരിക്കണമെന്ന് സാരം.

കേരളത്തിന് സുരക്ഷ വേണം, തമിഴ്നാടിന് വെള്ളവും; മഴയ്ക്കൊപ്പം കനക്കുന്ന മുല്ലപ്പെരിയാർ എന്ന ആശങ്ക
പലസ്തീൻ ഐക്യദാർഢ്യം സ്വാഭാവിക പ്രതികരണം, കാൻ പുരസ്കാരം ഇന്ത്യയിലെ മുഴുവൻ പെണ്ണുങ്ങൾക്കും; കനി കുസൃതി

Related Stories

No stories found.
logo
Reporter Live
www.reporterlive.com