മത്സരിക്കാൻ സാധിച്ച ഏക പരിഷ്കരണവാദി; ഇറാൻ്റെ ഹൃദയം വിജയത്തോട് തുന്നിച്ചേർത്ത് മസൂദ് പെസെഷ്‌കിയന്‍

ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ പെസെഷ്‌കിയാന്‍ വളരെ സൂക്ഷമമായി ഇറാന്റെ രാഷ്ട്രീയ-സാമൂഹിക സമവാക്യങ്ങളെ തുന്നിച്ചേര്‍ത്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്
മത്സരിക്കാൻ സാധിച്ച ഏക പരിഷ്കരണവാദി; ഇറാൻ്റെ ഹൃദയം വിജയത്തോട് തുന്നിച്ചേർത്ത് മസൂദ് പെസെഷ്‌കിയന്‍
Updated on

ഇടക്കാല പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരിഷ്‌കരണവാദിയായ മസൂദ് പെസെഷ്‌കിയന്‍ വിജയിച്ചത് ഇറാന്‍ രാഷ്ട്രീയത്തില്‍ എങ്ങനെ പ്രതിഫലിക്കുമെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകര്‍. തീവ്രപാരമ്പര്യ വാദിയായിരുന്ന ഇബ്രാഹിം റെയ്‌സി ഹെലികോപ്റ്റര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഇറാനില്‍ ഇടക്കാല തിരഞ്ഞെടുപ്പ് നടന്നത്. പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുമായി ഏറെ അടുപ്പമുള്ള നേതാവ് കൂടിയായിരുന്നു ഇബ്രാഹിം റെയ്‌സി. എന്നാല്‍ പുരോഗമനവാദിയായ മസൂദ് അധികാരത്തില്‍ എത്തുന്നത് ഇറാന്‍ പിന്തുടരുന്ന പാരമ്പര്യ നിലപാടുകളെ ഏതുനിലയില്‍ സ്വാധീനിക്കുമെന്നാണ് ഇനി കണ്ടറിയേണ്ടത്.

ആദ്യ റൗണ്ട് പോളിങ്ങില്‍ നിശ്ചിത ശതമാനം വോട്ടുകള്‍ ആര്‍ക്കും നേടാന്‍ കഴിയാതെ വന്നതോടെയാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കാന്‍ ഇറാനില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നത്. 30 ദശലക്ഷം വോട്ടുകളില്‍ പെസെഷ്‌കിയാന്‍ 16 ദശലക്ഷത്തിലധികം വോട്ടുകളാണ് നേടിയത്. മസൂദിനെ കൂടാതെ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗര്‍ ഗാലിബാഫ്, സുരക്ഷാ ഉദ്യോഗസ്ഥന്‍ സയീദ് ജലീലി സുരക്ഷാ ഉദ്യോഗസ്ഥന്‍ മൊസ്തഫ പൗര്‍മുഹമ്മദി എന്നിവരാണ് മത്സരരംഗത്തുണ്ടായിരുന്നത്. നേരത്തെ ആറ് പേര്‍ മത്സരരംഗത്തുണ്ടായിരുന്നെങ്കിലും രണ്ടുപേര്‍ പിന്മാറിയിരുന്നു. ടെഹ്റാന്‍ മേയര്‍ അലിറേസ സകാനി, സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അമീര്‍-ഹുസൈന്‍ ഗാസിസാദെ ഹഷേമി എന്നിവരാണ് തിരഞ്ഞെടുപ്പിന് മുമ്പ് മത്സരരംഗത്ത് നിന്നും പിന്മാറിയത്.

നേരത്തെ പ്രമുഖരായ പലരും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകാന്‍ യോഗ്യരല്ലെന്ന് ഗാര്‍ഡിയന്‍ കൗണ്‍സില്‍ കണ്ടെത്തിയിരുന്നു. മുന്‍ പ്രസിഡന്റ് മഹ്‌മൂദ് അഹമ്മദി നെജാദ്, മൂന്ന് തവണ പാര്‍ലമെന്റ് സ്പീക്കറായിരുന്ന അലി ലാരിജാനി, മുന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനിയുടെ ആദ്യ വൈസ് പ്രസിഡന്റായിരുന്ന ഇഷാഖ് ജഹാംഗിരി, പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനിയുടെ വിശ്വസ്തനായ വഹിദ് ഹഗാനിയന്‍, റോഡ്, നഗരവികസന മന്ത്രി മെഹര്‍ദാദ് ബസര്‍പാഷും തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥികളാകാന്‍ യോഗ്യരല്ലെന്ന് കണ്ടെത്തിയിരുന്നു. എന്തുകൊണ്ടാണ് ഇവരുടെ സ്ഥാനാര്‍ത്ഥിത്വം നിരസിക്കപ്പെട്ടതെന്ന് ഗാര്‍ഡിയന്‍ കൗണ്‍സില്‍ പരസ്യമായി പ്രഖ്യാപിച്ചിട്ടില്ല.

ഗാര്‍ഡിയന്‍ കൗണ്‍സില്‍ ഇറാന്റെ ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പരിശോധനാ സംവിധാനമാണ്. മറ്റ് കാര്യങ്ങള്‍ക്കൊപ്പം, പ്രസിഡന്റ്, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളില്‍ ആര്‍ക്കൊക്കെ മത്സരിക്കാമെന്ന് തീരുമാനിക്കാനുള്ള ചുമതലയും ഗാര്‍ഡിയന്‍ കൗണ്‍സിലിനുണ്ട്. 12 അംഗങ്ങളാണ് ഗാര്‍ഡിയന്‍ കൗണ്‍സിലില്‍ ഉള്ളത്. പരമോന്നത നേതാവ് അയത്തൊള്ള ഖൊമേനി നേരിട്ട് നിയമിക്കുന്ന ഇസ്ലാമിക കര്‍മ്മശാസ്ത്രത്തില്‍ മികവ് പുലര്‍ത്തുന്ന ആറ് പുരോഹിതന്മാരും, ഖൊമേനി തന്നെ നിയമിച്ച ജുഡീഷ്യറി മേധാവി തിരഞ്ഞെടുക്കുന്ന ആറ് നിയമ വിദഗ്ധരും ഉള്‍പ്പെടുന്നതാണ് ഗാര്‍ഡിയന്‍ പാനല്‍. 2020 മുതലുള്ള എല്ലാ പ്രസിഡന്‍ഷ്യല്‍, പാര്‍ലമെന്റ് തിരഞ്ഞെടുപ്പുകളിലും മിതവാദികളും പരിഷ്‌കരണവാദികളുമായ സ്ഥാനാര്‍ത്ഥികളെ ഗാര്‍ഡിയന്‍ കൗണ്‍സി അയോഗ്യരാക്കിയിരുന്നു. യാഥാസ്ഥിതിക വിഭാഗങ്ങള്‍ക്ക് മാത്രമാണ് മത്സരിക്കാന്‍ അവസരം കൊടുത്തത്. ഈ തിരഞ്ഞെടുപ്പില്‍ മത്സരത്തിനൊരുങ്ങിയ 80 സ്ഥാനാര്‍ത്ഥികളില്‍ ആറ് പേര്‍ക്ക് മാത്രമായിരുന്നു മത്സരത്തിന് അനുമതി ലഭിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഗാര്‍ഡിയന്‍ കൗണ്‍സില്‍ അംഗീകരിച്ച ഏക പരിഷ്‌കരണവാദിയായിരുന്നു മസൂദ് പെസെഷ്‌കിയന്‍. ഈയൊരു പശ്ചാത്തലത്തില്‍ നടന്ന തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ കഴിഞ്ഞുവെന്നതാണ് മസൂദിന്റെ പ്രസിഡന്റ് പദവിയെ സവിശേഷമാക്കുന്നത്.

ഗാസ യുദ്ധത്തെ ചൊല്ലിയുള്ള പ്രാദേശിക സംഘര്‍ഷങ്ങള്‍, ഇറാന്റെ ആണവ പദ്ധതിയെച്ചൊല്ലി പാശ്ചാത്യരാജ്യങ്ങളുമായുള്ള തര്‍ക്കം, ഇറാന്റെ ഉപരോധം ബാധിച്ച സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ആഭ്യന്തര അതൃപ്തി എന്നിവയുടെ പശ്ചാത്തലത്തിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യാഥാസ്ഥിതിക-തീവ്രയാഥാസ്ഥിതിക ക്യാമ്പുകളുടെയും മിതവാദികളുടെയും പിന്തുണയാണ് മസൂദിന് തുണയാതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഇറാന്‍ രാഷ്ട്രീയത്തില്‍ യാഥാസ്ഥിതിക-തീവ്രയാഥാസ്ഥിതിക വാദികള്‍ക്ക് ഉള്ള മേല്‍ക്കൈ കൂടിയാണ് പരിഷ്‌കരണ നിലപാടുകളുടെ പേരില്‍ ഇതുവരെ അത്രയേറെ അറിയപ്പെടാതെ പോയ പെസെഷ്‌കിയാന്‍ തകര്‍ത്തിരിക്കുന്നത്. പരിഷ്‌കരണവാദിയായ മുന്‍ പ്രസിഡന്റുമാരായ മുഹമ്മദ് ഖതാമിയുടെയും മിതവാദിയായ ഹസ്സന്‍ റൂഹാനിയുടെയും അംഗീകാരത്തോടെ ഇറാനിലെ പ്രധാന പരിഷ്‌കരണവാദ സഖ്യം പെസെഷ്‌കിയനെ പിന്തുണച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

പെസെഷ്‌കിയാന്റെ പ്രധാന എതിരാളിയായ സയീദ് ജലീലി വിട്ടുവീഴ്ചയില്ലാത്ത പാശ്ചാത്യവിരുദ്ധ നിലപാടുകളുടെ പേരില്‍ പ്രസിദ്ധനാണ്. നേരത്തെ ഇറാന്റെ ആണവ വിലപേശലുകളില്‍ നേരത്തെ പങ്കാളിയായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥന്‍ കൂടിയായിരുന്നു ജലീലി. രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി നടന്ന ടെലിവിഷന്‍ സംവാദത്തില്‍ പ്രധാന എതിരാളികള്‍ രണ്ട് ടെലിവിഷന്‍ സംവാദങ്ങളില്‍ പങ്കെടുത്തിരുന്നു. ഇറാന്റെ സാമ്പത്തിക പ്രശ്നങ്ങളും അന്താരാഷ്ട്ര ബന്ധങ്ങളും ഇന്റര്‍നെറ്റ് നിയന്ത്രണങ്ങളുമാണ് സംവാദത്തില്‍ പ്രധാന ചര്‍ച്ചയായത്.

2022ല്‍ മഹ്സ അമിനിയുടെ കസ്റ്റഡി മരണത്തിനു ശേഷം സ്ത്രീകള്‍ക്ക് ശിരോവസ്ത്രം നിര്‍ബന്ധമാക്കുന്ന പൊലീസ് പട്രോളിംഗിനെ 'പൂര്‍ണമായും' എതിര്‍ക്കുമെന്ന പരസ്യമായ നിലപാട് പെസെഷ്‌കിയന്‍ സ്വീകരിച്ചിരുന്നു. ദീര്‍ഘകാലമായി നിലനില്‍ക്കുന്ന ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുമെന്നും പെസെഷ്‌കിയന്‍ പറഞ്ഞിരുന്നു. 22 കാരിയും ഇറാനിയന്‍ കുര്‍ദ്ദ് വനിതയുമായ മഹ്സ അമിനിയെ ഡ്രസ് കോഡ് ലംഘിച്ചുവെന്നാരോപിച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അമിനിയുടെ മരണം മാസങ്ങളോളം ഇറാനില്‍ രക്തരൂക്ഷിതമായ പ്രക്ഷോഭങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. ഇറാനെ അതിന്റെ ഒറ്റപ്പെടലില്‍ നിന്ന് കരകയറ്റാനും ആണവകരാര്‍ പുനരുജ്ജീവിപ്പിക്കാനും പാശ്ചാത്യരാജ്യങ്ങളുമായി 'സൃഷ്ടിപരമായ ബന്ധങ്ങള്‍' വേണ്ടതുണ്ടെന്നും പെസെഷ്‌കിയന്‍ അഭിപ്രായപ്പെട്ടിരുന്നു. 69-കാരനായ ഹൃദയശസ്ത്രക്രിയാ വിദഗ്ദ്ധനായ പെസെഷ്‌കിയാന്‍ വളരെ സൂക്ഷമമായി ഇറാന്റെ രാഷ്ട്രീയ-സാമൂഹിക സമവാക്യങ്ങളെ തുന്നിച്ചേര്‍ത്തുവെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com