
പശ്ചിമേഷ്യയില് യുദ്ധം തുടരുന്ന സാഹചര്യത്തില് അടിയന്തര യോഗം വിളിച്ച് അറബ് ലീഗ്. അറബ് ലീഗ് വിദേശകാര്യമന്ത്രിമാരുടെ നേതൃത്വത്തിലാണ് യോഗം ചേരുക. മറ്റന്നാള് ഈജിപ്തിലെ കെയ്റോയിലാണ് യോഗം. നിലവില് മധ്യസ്ഥ ചര്ച്ചയുമായി ഖത്തര് രംഗത്തുവന്നു. ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാന് ശ്രമം നടക്കുന്നുണ്ട്.
അതേസമയം യുദ്ധത്തിന്റെ പശ്ചാത്തലത്തില് പലസ്തീനുള്ള ധനസഹായം യൂറോപ്യന് യൂണിയന് നിര്ത്തിവെച്ചു. 691 ദശലക്ഷം യൂറോയുടെ ധനസഹായം നിര്ത്തിവെക്കുന്നതായി യൂറോപ്യന് യൂണിയന് കമ്മീഷണര് ഒലിവര് വര്ഹേലി പറഞ്ഞു. സാധാരണഗതിയിലുള്ള ഒരു ബിസിനസും ഉണ്ടായിരിക്കുന്നതല്ലെന്നും അദ്ദേഹം എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു.
ഇതിനിടെ ഇസ്രായേലിനെ പിന്തുണച്ച് അമേരിക്കയും രംഗത്തിറങ്ങി. പശ്ചിമേഷ്യയിലെ സംഘര്ഷ മേഖലയിലേക്ക് അമേരിക്ക യുദ്ധക്കപ്പലുകളും വിമാനങ്ങളും അയച്ചു. നാവിക സേനയെ അയച്ചെന്ന് യു എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിന് അറിയിച്ചു. മെഡിറ്ററേനിയന് കടലില് അമേരിക്കന് നാവിക സേനയെ വിന്യസിച്ചിട്ടുണ്ട്. ഇസ്രയേലിന് അത്യാധുനിക യുദ്ധോപകരണങ്ങള് നല്കുമെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക