ഡൽഹി: ഇസ്രയേലിൽ നാല് ലക്ഷം യുവാക്കൾ രാജ്യത്തിനായി ഹമാസിനെതിരെ യുദ്ധത്തിനിറങ്ങുമ്പോൾ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ മകൻ യായിർ നെതന്യാഹു എവിടെയാണ് ? ഇസ്രയേലിലെ ജനങ്ങളും ലോകം മുഴുവനും ഈ ചോദ്യമാണ് കുറച്ച് ദിവസങ്ങളായി ഉന്നയിക്കുന്നത്. അതിനിടെ 32കാരനായ യായിർ അമേരിക്കയിലെ മിയാമി ബീച്ചിൽ ആഘോഷിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഈ ചിത്രം പഴയതോ ഏറ്റവും പുതിയതോ എന്ന് വ്യക്തമല്ലെങ്കിലും യായിർ രാജ്യത്തെ യുവാക്കൾക്കൊപ്പം യുദ്ധമുഖത്തില്ലെന്നതാണ് ഇസ്രയേൽ പൌരന്മാരെ പ്രകോപിപ്പിക്കുന്നത്.
ഒക്ടോബർ ഏഴിനാണ് ഇസ്രയേൽ ഹമാസ് യുദ്ധം ആരംഭിക്കുന്നത്. 1400 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്. ഗാസയിൽ 5000ലേറെ പേർ കൊല്ലപ്പെട്ടു. ഈ വർഷം ആദ്യം യായിർ ഫ്ലോറിഡയിലേക്ക് താമസം മാറിയെന്നാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. 'ഞങ്ങൾ ഞങ്ങളുടെ കുടുംബവും വീടും ജോലിയും കുട്ടികളെയുമെല്ലാം ഉപേക്ഷിച്ച് യുദ്ധത്തിനിറങ്ങിയപ്പോൾ യായിർ മിയാമിയിൽ ജീവിതം ആഘോഷിക്കുകയാണ്' - എന്ന് യുദ്ധമുഖത്തുള്ള ഒരു ഇസ്രയേൽ ജവാൻ ദ ടൈംസ് മാധ്യമത്തോട് പറഞ്ഞു.
'എന്റെ രാജ്യത്തെ ഉപേക്ഷിക്കാൻ എനിക്കാകുമായിരുന്നില്ല, അതിനാൽ എല്ലാം ഉപേക്ഷിച്ച് ഞാൻ യുദ്ധത്തിനിറങ്ങി. അപ്പോൾ ഈ ഗുരുതര സമയത്ത് എവിടെയാണ് പ്രധാനമന്ത്രിയുടെ മകൻ? എന്തുകൊണ്ട് അയാൾ ഇസ്രയേലിലില്ല?' - മറ്റൊരു ജവാൻ ചോദിച്ചു. ഇസ്രയേലുകാരെല്ലാവരും ഐക്യദാർഢ്യപ്പെടേണ്ട സമയമാണ് ഇപ്പോൾ. പ്രധാനമന്ത്രിയുടെ മകൻ അടക്കം നമ്മൾ ഓരോരുത്തരും ഇവിടെ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ദ ടൈംസിനോട് പറഞ്ഞു.
നെതന്യാഹുവിന്റെ മൂന്നാമത്തെ ഭാര്യ സാറയുടെ മകനാണ് പോഡ്കാസ്റ്ററായ യായിർ. സോഷ്യൽ മീഡിയയിൽ മുസ്ലിം വിരുദ്ധ പോസ്റ്റുകൾ നൽകി പല തവണ വിവാദങ്ങളിൽ പ്രത്യക്ഷപ്പെട്ടയാളാണ് യായിർ. 2018 ൽ യായിറിന്റെ ഫേസ്ബുക്ക് അക്കൌണ്ട് 24 മണിക്കൂർ നേരത്തേക്ക് ബ്ലോക്ക് ചെയ്തിരുന്നു. എല്ലാ മുസ്ലിങ്ങളും പലായനം ചെയ്യുന്നതുവരെ ഇസ്രയേലിൽ സമാധാനമുണ്ടാകില്ലെന്നായിരുന്നു ബ്ലോക്ക് ലഭിക്കാൻ കാരണമായ പോസ്റ്റ്.
"There will not be peace here until: 1. All the Jews leave the land of Israel. 2. All the Muslims leave the land of Israel. I prefer the second option," - എന്നായിരുന്നു സോഷ്യൽ മീഡിയയിൽ പോസ്റ്റ്.
ഏകദേശം അഞ്ച് വർഷം മുമ്പ്, ഒരു സ്ട്രിപ്പ് ക്ലബ്ബിന് പുറത്തുവച്ച് യായിർ പറഞ്ഞ ചില വാക്കുകൾ വീഡിയോയായി പുറത്തുവന്നത് വലിയ വിവാദമായിരുന്നു. ഒരു ബിസിനസ്സുകാരനുവേണ്ടി തന്റെ പിതാവ് 20 ബില്യൺ ഡോളർ ഗ്യാസ് ഇടപാട് നടത്തിയത് എങ്ങനെയെന്ന് സൂചിപ്പിക്കുന്നതായിരുന്നു ആ വീഡിയോ. ഇതോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യരുതെന്ന് യായിറിനോട് നെതന്യാഹുവും സാറയും ആവശ്യപ്പെട്ടുവെന്നാണ് പിന്നീട് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.
മാസങ്ങൾക്ക് മുമ്പ്, നെതന്യാഹുവിനെതിരെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ബെന്നി ഗാന്റ്സുമായി ബന്ധപ്പെടുത്തി ഒരു യുവതിയുടെ പേര് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെ നൽകിയ അപകീർത്തി കേസിൽ യായിറിന് ഇസ്രയേൽ കോടതി 34000 ഡോളർ പിഴ ചുമത്തിയിരുന്നു. ഇതിന് പിന്നാലെയാണ് യായിർ അമേരിക്കയിലേക്ക് താമസം മാറിയത്.
ഗാസയിൽ ഇസ്രയേൽ വ്യോമാക്രമണം: 30 ലേറെ പേർ കൊല്ലപ്പെട്ടു, മരിച്ചവരിൽ കുട്ടികളും