ഇസ്രയേൽ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിൽ പ്രവേശിച്ചു; ഹമാസ് കേന്ദ്രങ്ങളിൽ നുഴഞ്ഞു കയറി

കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഗാസയുടെ വടക്ക് പ്രദേശത്ത് ഇസ്രയേൽ സൈന്യം നുഴഞ്ഞു കയറിയത്
ഇസ്രയേൽ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിൽ പ്രവേശിച്ചു; ഹമാസ് കേന്ദ്രങ്ങളിൽ നുഴഞ്ഞു കയറി
Updated on

ഗാസസിറ്റി: ഇസ്രയേലിന്റെ സൈനിക ടാങ്കുകൾ വടക്കൻ ഗാസയിലേക്ക് പ്രവേശിച്ചു. ഇന്നലെ രാത്രിയോടെയാണ് ഗാസ അതിർത്തിയിലെ ഹമാസ് കേന്ദ്രങ്ങളിലെത്തി ഇസ്രയേൽ സൈനിക ടാങ്കുകൾ ആക്രമിച്ചത്. കരയുദ്ധത്തിനുള്ള ഒരുക്കങ്ങൾ നടക്കുകയാണെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ഗാസയുടെ വടക്ക് പ്രദേശത്ത് ഇസ്രയേൽ സൈന്യം നുഴഞ്ഞു കയറിയത്. ഇതുവരെ 6500 ൽ അധികം ആളുകൾ കൊല്ലപ്പെടുകയും 1600 ലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.

അടിയന്തരമായി ആവശ്യമായ സഹായങ്ങൾ നൽകുന്നതിന് ഗാസയിൽ സമ്പൂർണ വെടിനിർത്തലിന് ഇസ്രയേൽ സമ്മതിക്കേണ്ടതുണ്ടെന്ന് പലസ്തീൻ വിദേശകാര്യ മന്ത്രി റിയാദ് അൽ-മാലികി പറഞ്ഞു. ഗാസയിലെ ഇസ്രയേൽ ആക്രമണത്തെ അദ്ദേഹം പ്രതികാരത്തിന്റെ യുദ്ധം എന്നും വിശേഷിപ്പിച്ചു. സഹായം എത്തിക്കുന്നതിന്റെ ഭാഗമായി ഗാസയിലെ ബോംബാക്രമണം നിർത്തിവയ്ക്കാൻ യൂറോപ്യൻ യൂണിയൻ നേതാക്കൾ ആവശ്യപ്പെടാൻ ഒരുങ്ങുകയാണ്.

ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധി സർക്കാർ കൈകാര്യം ചെയ്യുന്ന രീതിയെ ഇസ്രയേൽ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് വിമർശിച്ചു. യുദ്ധം സർക്കാരിൽ ആഘാതം ഉണ്ടാക്കുന്നത് മനസ്സിലാക്കാം. എന്നാൽ ആ ആഘാതത്തെ മറികടക്കാൻ കഴിയുന്നില്ല എന്നത് മനസ്സിലാക്കാൻ പ്രയാസമാണെന്ന് അദ്ദേഹം പറഞ്ഞു. പലായനം ചെയ്ത പൗരന്മാർക്ക് മെച്ചപ്പെട്ട പരിചരണവും സാമ്പത്തിക പരിരക്ഷയുമുൾപ്പടെ നിരവധി ശുപാർശകൾ സർക്കാരിന് നൽകിയതായും അദ്ദേഹം പറഞ്ഞു.

ഇസ്രയേല്‍ - ഹമാസ് യുദ്ധത്തിന്റെ സമയത്ത് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്‍റെ മകന്‍ യായിര്‍ അമേരിക്കയിലെ മയാമി ബീച്ചില്‍ ആഘോഷിക്കുകയാണെന്ന് വിമർശനം ഉയരുകയാണ്. നാല് ലക്ഷം യുവാക്കള്‍ യുദ്ധമുഖത്ത് നിൽക്കുമ്പോൾ പ്രധാനമന്ത്രിയുടെ മകൻ ഇസ്രയേലിൽ പോലുമില്ലെന്നാണ് വിമർശനം. യായിർ ഫ്ലോറിഡയിലെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. യായിറിന്‍റെ ബീച്ചില്‍ നിന്നുള്ള ഒരു ഫോട്ടോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ടായിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ സമീപ കാലത്ത് എടുത്തതാണോ എന്ന് വ്യക്തമല്ല.

അതേസമയം ഇന്ത്യ-മിഡിൽ ഈസ്റ്റ്-യൂറോപ്പ് സാമ്പത്തിക ഇടനാഴിയുടെ പുരോഗതിയാണ് ഇസ്രയേലിനെതിരായ ഹമാസിന്റെ ആക്രമണത്തിന് ഒരു കാരണമാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു. ഇതിന് തന്റെ പക്കൽ തെളിവുകൾ ഇല്ല, എന്നാൽ തന്റെ തോന്നൽ പങ്കുവെക്കുക മാത്രമാണ് ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിലാണ് സാമ്പത്തിക ഇടനാഴി പ്രഖ്യാപിച്ചത്. റോഡ്, റെയിൽ, കപ്പൽ മാർഗങ്ങളിലൂടെ മേഖലയെയാകെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com