ഗാസയിലെ താൽക്കാലിക വെടിനിർത്തൽ; ബന്ദികളെ മോചിപ്പിച്ച് ഹമാസ്: മോചിപ്പിച്ചവരിൽ 12 പേർ തായ് പൗരന്മാർ

നാല് ദിവസത്തെ വെടി നിർത്തൽ ഉടമ്പടി താൽക്കാലികം. അതിനുശേഷം ഇസ്രായേൽ പൂർണ്ണ സൈനിക ശക്തിയോടെ യുദ്ധം പുനരാരംഭിക്കുമെന്നും ഇസ്രയേൽ പ്രതിരോധ മന്ത്രി
ഗാസയിലെ താൽക്കാലിക വെടിനിർത്തൽ; ബന്ദികളെ മോചിപ്പിച്ച് ഹമാസ്: മോചിപ്പിച്ചവരിൽ 12 പേർ തായ് പൗരന്മാർ
Updated on

റഫ: ഗാസയിലെ താൽക്കാലിക വെടിനിർത്തൽ ധാരണയുടെ ഭാഗമായി ബന്ദികളെ മോചിപ്പിച്ച് ഹമാസ്. 12 തായ് പൗരന്മാരെയാണ് മോചിപ്പിച്ചത്. 13 ഇസ്രയേൽ പൗരന്മാരെ ഉടനടി മോചിപ്പിക്കുമെന്നാണ് റിപ്പോർട്ട്. ഗാസയിൽ തടവിലായിരുന്ന 12 തായ് തൊഴിലാളികളെ ഹമാസ് മോചിപ്പിച്ചതായി സർക്കാരിന് സ്ഥിരീകരണം ലഭിച്ചതായി തായ്‌ലൻഡ് പ്രധാനമന്ത്രി സ്രെത്ത തവിസിൻ അറിയിച്ചു. നാല് ദിവസം കൊണ്ട് 50 ബന്ദികളെ മോചിപ്പിക്കാം എന്നായിരുന്നു വെടിനിർത്തൽ ധാരണ. ഓരോ 10 ബന്ദികളുടെയും മോചനത്തിന് ഒരു ദിവസം അധിക വെടിനിർത്തലുണ്ടാകുമെന്നും ധാരണയുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനിടെ ഇസ്രയേൽ മോചിപ്പിക്കുമെന്ന് ധാരണയായിരുന്ന 39 പലസ്തീൻ തടവുകാരെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. 

ഇതിനിടെ നാല് ദിവസത്തെ വെടി നിർത്തൽ ഉടമ്പടി താൽക്കാലികം മാത്രമാണെന്ന ഇസ്രയേൽ സർക്കാരിൻ്റെ നിലപാട് ആവർത്തിച്ച് പ്രതിരോധമന്ത്രി യോവ് ഗാലൻ്റ് രംഗത്ത് വന്നു. അതിനുശേഷം ഇസ്രായേൽ പൂർണ്ണ സൈനിക ശക്തിയോടെ യുദ്ധം പുനരാരംഭിക്കുമെന്നും ലക്ഷ്യങ്ങൾ കൈവരിക്കുന്നത് വരെ യുദ്ധം തുടരുമെന്നും ഗാലൻ്റ് വ്യക്തമാക്കി. ഹമാസിനെ നശിപ്പിക്കുകയും ഗാസയിലുള്ള 240 ബന്ദികളെ നാട്ടിലേക്ക് കൊണ്ടുവരികയും ചെയ്യുമെന്ന് ഗാലൻ്റ് പറഞ്ഞു.

വെടിനിർത്തൽ ധാരണയുടെ ഭാഗമായി ഇന്ത്യൻ സമയം ഏഴരയോടെ ഹമാസ് ബന്ദികളെ റെഡ്ക്രേസിന് കൈമാറും എന്നായിരുന്നു ധാരണ. ഇസ്രയേലിലെ ജയിലുകളിലുള്ള 39 പലസ്തീൻ തടവുകാരേയും വിട്ടയയ്ക്കാൻ ധാരണയായിരുന്നു. ഇവരെ വെസ്റ്റ് ബാങ്കിലെ റാമല്ലയിലെത്തിക്കാനാണ് ധാരണ. വെടിനിർത്തൽ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയിലേക്ക് അവശ്യസാധനങ്ങളുമായി ട്രക്കുകൾ എത്തിത്തുടങ്ങിയിട്ടുണ്ട്.

മരുന്നും അവശ്യ സാധനങ്ങളുമായാണ് ഗാസയിലേക്ക് ട്രക്കുകൾ എത്തുന്നത്. ഓരോ ദിവസവും 300 ട്രക്ക് അവശ്യ സാധനങ്ങളും ഒരു ലക്ഷത്തിലധികം ലിറ്റർ ഇന്ധനവും ഈജിപ്ത് വഴി എത്തിക്കാനാണ് നിലവിലെ ശ്രമം. ഇന്ധനമെത്തുന്നതോടെ ഗാസയിലെ ആശുപത്രികളുടെ പ്രവർത്തനം പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ. പ്രത്യാശയുടെ നുറുങ്ങുവെട്ടം എന്നാണ് വെടിനിർത്തലിനെ ഖത്തർ വിശേഷിപ്പിച്ചത്. സാഹചര്യം നിരീക്ഷിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടരുമെന്നും ഖത്തർ വിദേശകാര്യ വക്താവ് അറിയിച്ചു.

അതേസമയം വെടിനിർത്തലിന് തൊട്ടുമുമ്പ് വരെ ഇസ്രയേൽ സൈന്യം ഗാസയിൽ രൂക്ഷമായ ആക്രമണം നടത്തി. ഇന്തോനേഷ്യൻ ആശുപത്രിയുടെ ഒരു ഭാഗം ഷെല്ലാക്രമണത്തിൽ തകർന്നു. ജബലിയ അഭയാർഥിക്യാമ്പിൽ 27 പേർ കൊല്ലപ്പെട്ടു. ബെയ്ത് ഹനൂനിലെ ജനവാസ കേന്ദ്രത്തിലും ആക്രമണമുണ്ടായി. 24 മണിക്കൂറിനിടെ 300 ഹമാസ് കേന്ദ്രങ്ങൾ തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു. വെസ്റ്റ് ബാങ്കിലും സൈന്യം പരിശോധന നടത്തി. അതിനിടെ അൽ-ഷിഫ ആശുപത്രി ഡയറക്ടറെ ഇസ്രയേൽ സൈന്യം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം ശക്തമാണ്. ആശുപത്രികളെ ആക്രമിക്കുന്നത് യുദ്ധക്കുറ്റമാണെന്നും ഡോക്ടർമാരെ ഉടൻ വിട്ടയക്കണമെന്നും ഹമാസ് ആവശ്യപ്പെട്ടിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com