വെടിനിർത്തലിൻ്റെ സമയപരിധി അവസാനിച്ചു; ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ

ഗാസയിൽ യുദ്ധം പുനരാരംഭിച്ചെന്ന് വ്യക്തമാക്കി ഇസ്രയേൽ
വെടിനിർത്തലിൻ്റെ സമയപരിധി അവസാനിച്ചു; ഗാസയിൽ ആക്രമണം പുനരാരംഭിച്ച് ഇസ്രയേൽ
Updated on

റഫ: വെടിനിർത്തലിനുള്ള സമയപരിധി അവസാനിച്ചതോടെ ഗാസയിൽ യുദ്ധം പുനരാരംഭിച്ചെന്ന് വ്യക്തമാക്കി ഇസ്രയേൽ. വടക്കൻ ഗാസയിൽ വെടിവെയ്പ്പും സ്ഫോടനവും ഉണ്ടായതായി റിപ്പോർട്ട്. ഹമാസ് വെടിനിർത്തൽ കരാർ ലംഘിച്ചതായും ഇസ്രയേലിലേയ്ക്ക് വെടിവെയ്പ്പ് ഉണ്ടായതായും ഇസ്രയേലി പ്രതിരോധ സേന ആരോപിച്ചു.

ഇതിനിടെ വെടിനിർത്തൽ അവസാനിച്ചതിന് ശേഷം ഇസ്രയേൽ തെക്കൻ ഗാസയിൽ ആക്രമണം പുനരാരംഭിച്ചു. ഇസ്രയേൽ ഗാസയിൽ ആക്രമണം പുനരാരംഭിച്ചതിന് ശേഷം 21 പലസ്തീനികൾ കൊല്ലപ്പെട്ടതായി ആരോഗ്യ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു. ജബിലിയ ക്യാമ്പിൽ അടക്കം അഭയാർത്ഥി ക്യാമ്പുകളിൽ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. ഇതിനകം ബോംബാക്രമണം നടന്ന തെക്കൻ ഗാസയുടെ ചില ഭാഗങ്ങളിൽ ആളുകളോട് ഒഴിഞ്ഞുപോകാൻ ആവശ്യപ്പെടുന്ന ലഘുലേഖകൾ ഇസ്രയേൽ സൈന്യം വിതരണം ചെയ്തതായും റിപ്പോർട്ടുണ്ട്.

ഗസ്സയെ നൂറുകണക്കിന് ചെറിയ മേഖലകളായി വിഭജിക്കുന്ന ഒരു ഭൂപടം ഇസ്രയേൽ സൈന്യം പ്രസിദ്ധീകരിച്ചു. ഇസ്രയേൽ സൈന്യത്തിൻ്റെ വെബ്‌സൈറ്റിൽ ഇത് സംബന്ധിച്ച അറിയിപ്പും പ്രസിദ്ധീകരിച്ചു. പുതിയതായി അടയാളപ്പെടുത്തിയ സോണുകൾക്കുള്ളിലെ സുരക്ഷാ മുന്നറിയിപ്പുകൾ പിന്തുടരാൻ ഈ അറിയിപ്പിൽ പലസ്തീനികളോട് ആവശ്യപ്പെടുന്നുണ്ട്. അടയാളപ്പെടുത്തിയ സോണുകളിലോ സമീപത്തോ താമസിക്കുന്നവർ ആ പ്രദേശത്തെ സംബന്ധിച്ച് സൈന്യം നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ഗാസയിൽ വെടിനിർത്തലല്ല പരിഹാരം എന്ന് വ്യക്തമാക്കി ഹമാസ് രംഗത്ത് വന്നു. ഇസ്രയേലിൻ്റെ അധിനിവേശം അവസാനിപ്പിക്കാനുള്ള സംവിധാനങ്ങൾ കണ്ടെത്തുകയാണ് യഥാർത്ഥ പരിഹാരമെന്നും ഹമാസ് വ്യക്തമാക്കി. എല്ലാ മധ്യസ്ഥരുമായും സംഭാഷണങ്ങൾ നടത്താൻ ഞങ്ങൾ സമയം ചെലവഴിച്ചുവെന്ന് വ്യക്തമാക്കിയ ഹമാസ് ആക്രമണം അവസാനിപ്പിക്കുന്നതിനുള്ള ഒരു ധാരണയിലെത്താൻ ശ്രമിക്കുന്ന ഈജിപ്തിൻ്റെയും ഖത്തറിൻ്റെയും ശ്രമങ്ങൾക്ക് നന്ദി പറയുന്നതായും വ്യക്തമാക്കി. ഗാസയിലെ ജനങ്ങളുടെ താൽപ്പര്യത്തിന് പ്രയോജനം ചെയ്യുന്ന നിലയിൽ ആക്രമണം അവസാനിപ്പിക്കാനുള്ള ഏത് ശ്രമത്തിനും തങ്ങൾ തയ്യാറാണെന്നും ഹമാസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com