ന്യൂഡല്ഹി: ഡല്ഹി മദ്യനയക്കേസില് ജയിലിലായിട്ടും മുഖ്യമന്ത്രി പദം രാജിവെക്കാത്ത അരവിന്ദ് കെജ്രിവാള് നാണംകെട്ടവനാണെന്ന് കേന്ദ്രമന്ത്രി ഹര്ദീപ് പുരി. അറസ്റ്റ് ചോദ്യം ചെയ്തുള്ള അരവിന്ദ് കെജ്രിവാളിന്റെ ഹര്ജി ഡല്ഹി ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് കേന്ദ്ര മന്ത്രിയുടെ പ്രതികരണം. ഹൈക്കോടതി ഉത്തരവ് അവഗണിച്ച് മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന അരവിന്ദ് കെജ്രിവാളിനെയാണ് കേന്ദ്രമന്ത്രി ഹര്ദീപ് പുരി വിമര്ശിച്ചത്. കെജ്രിവാള് ധാര്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്ഹി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അറസ്റ്റിന് മുമ്പ് ഇഡി കെജ്രിവാളിന് ഒമ്പത് സമന്സ് അയച്ചിരുന്നു. കഴിഞ്ഞ ആറ് മാസമായി അദ്ദേഹം ഈ നോട്ടീസുകളില് നിന്ന് ഒഴിഞ്ഞുമാറുന്നത് ചില കാരണങ്ങള് കൊണ്ടായിരിക്കാം. കെജ്രിവാളിനെ ഇപ്പോള് നിയമം പിടികൂടിയിരിക്കുകയാണെ്. എന്നിട്ടും മുഖ്യമന്ത്രിയായി തുടരുന്നത് നാണമില്ലായ്മയുടെ അഭ്യാസമാണ്. രാജിവെച്ച് മറ്റാരെയെങ്കിലും ഡല്ഹി സര്ക്കാരിനെ നയിക്കാന് അനുവദിക്കണം.
അറസ്റ്റിലേക്ക് നയിച്ച ഭൗതിക തെളിവുകള് ഇഡിയുടെ കൈവശമുണ്ടെന്ന് കെജ്രിവാളിന്റെ ഹര്ജി തള്ളിക്കൊണ്ട് ഹൈക്കോടതിപറഞ്ഞിരുന്നു. അറസ്റ്റ് നിയമവിരുദ്ധമായി കണക്കാക്കാനാവില്ലല്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു. എന്നാല്, ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്ട്ടി അറിയിച്ചു. പാര്ട്ടിയെയും കെജ്രിവാളിനെയും ഇല്ലാതാക്കാനുള്ള ഏറ്റവും വലിയ രാഷ്ട്രീയ ഗൂഢാലോചനയാണ് എക്സൈസ് നയ കുംഭകോണമെന്നും പാര്ട്ടി നേതൃത്വം അറിയിച്ചു.
ഡല്ഹി മദ്യനയ അഴിമതിക്കേസില് അരവിന്ദ് കെജ്രിവാളിന് ഗൂഢാലോചനയില് പങ്കുണ്ടെന്ന എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം ഡല്ഹി ഹൈക്കോടതി ശരിവെക്കുകയായിരുന്നു. കുറ്റകൃത്യത്തില് അരവിന്ദ് കെജ്രിവാളിന് പങ്കുണ്ടെന്നാണ് ഇഡി രേഖകള് വ്യക്തമാക്കുന്നതെന്നും കോടതി വ്യക്തമാക്കി. കെജ്രിവാളിന്റെ അറസ്റ്റും റിമാന്ഡും നിയമപരമാണെന്നും ഇഡി വാദം ശരിവെച്ച് ഡല്ഹി ഹൈക്കോടതി വ്യക്തമാക്കി. ജുഡീഷ്യല് കസ്റ്റഡിയില് വിട്ട കെജ്രിവാള് ഇപ്പോള് തീഹാര് ജയിലിലാണ്.