യുദ്ധം അവസാനിപ്പിക്കാൻ വെടി നിർത്തലടക്കം ഇസ്രയേൽ ഫോർമുല; ഹമാസ് അംഗീകരിക്കണമെന്ന് ജോ ബൈഡൻ

ഗാസയിലെ എല്ലാ മേഖലകളിൽ നിന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും. ഈ അവസരം നഷ്ടപ്പെടുത്താനാകില്ലെന്ന് ബൈഡൻ
യുദ്ധം അവസാനിപ്പിക്കാൻ വെടി നിർത്തലടക്കം ഇസ്രയേൽ ഫോർമുല; ഹമാസ് അംഗീകരിക്കണമെന്ന് ജോ ബൈഡൻ
Updated on

ന്യൂയോർക്ക്: ​ഗാസയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഇസ്രയേൽ പുതിയ മർ​ഗനിർദ്ദേശം മുന്നോട്ട് വെച്ചതായി അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. യുദ്ധം അവസാനിപ്പിക്കാനുള്ള സമയമെത്തിയിരിക്കുന്നുവെന്നും ഈ മാർ​ഗനിർദ്ദേശങ്ങൾ അം​ഗീകരിക്കണമെന്നും ബൈഡൻ ആവശ്യപ്പെട്ടു. എട്ട് മാസമായി തുടരുന്ന സംഘർഷം അവസാനിപ്പിക്കാൻ ഓരോ ഘട്ടങ്ങളായുള്ള നിർദ്ദേശമാണ് ഇസ്രയേൽ മുന്നോട്ട് വച്ചിരിക്കുന്നത്. ഇതോടെ ​ഗാസയിലെ എല്ലാ മേഖലകളിൽ നിന്നും ഇസ്രയേൽ സൈന്യത്തെ പിൻവലിക്കും. ഈ അവസരം നഷ്ടപ്പെടുത്താനാകില്ലെന്നും ബൈഡൻ വ്യക്തമാക്കി. എല്ലാ തടവുകാരെയും വിട്ടയയ്ക്കാനും വെടിനിർത്തലിനുമുള്ള നിർദ്ദേശമാണ് ഇസ്രയേൽ മുന്നോട്ട് വെക്കുന്നത്.

ആദ്യഘട്ടത്തിൽ സമ്പൂർണ്ണ വെടിനിർ‌ത്തൽ, ജനവാസ കേന്ദ്രങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിക്കൽ തുടങ്ങിയവയാണ് മുന്നോട്ട് വെക്കുന്നത്. ഇസ്രയേലിന്റെയും ഹമാസിന്റെയും പക്കലുള്ള ബന്ദികളെ മോചിപ്പിക്കും. ​ഗാസയിലേക്ക് 600 ട്രക്കുകളിൽ ഭക്ഷണവും മരുന്നും മറ്റ് സഹായങ്ങളും ദിവസവും എത്തിക്കും. ​ഗാസയിൽ താത്കാലിക പാർപ്പിട സൗകര്യം ഒരുക്കും. ഈ ആദ്യ ഘട്ടത്തിൽ ഖത്തറിന്റെയും അമേരിക്കയുടെയും മധ്യസ്ഥതയിൽ ചർച്ച നടക്കും. ആദ്യഘട്ടം വിജയിച്ചാൽ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. രണ്ടാം ഘട്ടത്തിൽ ​ഗാസയിൽ നിന്ന് സൈനികരെ പൂർണ്ണമായും പിൻവലിക്കാമെന്നാണ് ഇസ്രയേൽ നിർദ്ദേശിക്കുന്നത്. ഒപ്പം ഹ​മാസ് ബന്ദികളെ മോചിപ്പിക്കും. മൂന്നാംഘട്ടത്തിൽ ​ഗാസയുടെ പുനർനിർമ്മാണമാകും ഉണ്ടാകുക.

ഹമാസിനെ പ്രതിരോധത്തിലാക്കി യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമത്തിലാണ് അമേരിക്ക. ഹമാസ് ഈ നിർദ്ദേശം അം​ഗീകരിക്കണമെന്നാണ് അമേരിക്കയുടെ ആവശ്യം. തങ്ങളുടെ തുടർച്ചയായ ചർച്ചകളുടെ ഫലമാണ് ഈ നിർദ്ദേശങ്ങളെന്നും ബൈഡൻ വ്യക്തമാക്കി. ഒക്ടോബർ ഏഴിനാണ് ഇസ്രയേൽ ​ഗാസ യുദ്ധം ആരംഭിച്ചത്. സംഘർഷത്തിൽ തുടക്കം മുതൽ ഇസ്രയേലിനൊപ്പമാണ് അമേരിക്ക. ഇസ്രയേലിന് സൈന്യത്തിന് സഹായമടക്കം നൽകി സഹായിക്കുന്നതും അമേരിക്കയാണ്.

എന്നാൽ ​ഗാസയിലെ കിഴക്കൻ പ്രവിശ്യയായ റഫയിലെ ഇസ്രയേൽ ആക്രമണത്തെ കുറിച്ച് ബൈഡൻ പ്രതികരിച്ചില്ല. റഫയിലെ ആക്രമണത്തിനെതിരെ ലോകം മുഴുവൻ ഒറ്റക്കെട്ടായി രം​ഗത്തെത്തിയിരിക്കുകയാണ്. ​ഗാസയിലെ അഭയാർത്ഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രയേൽ ആക്രമണം ഇസ്രയേലിനെ പിന്തുണയ്ക്കുന്ന രാജ്യമെന്ന നിലയിൽ അമേരിക്കയ്ക്ക് മേൽ വലിയ സമ്മർദ്ദമാണ് സൃഷ്ടിച്ചത്. 45 പേരുടെ മരണത്തിന് ഇടയാക്കുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്ത ആക്രമണമാണ് ഇസ്രയേൽ റഫയ്ക്ക് മേൽ മെയ് 26ന് നടത്തിയത്.

യുദ്ധം അവസാനിപ്പിക്കാൻ വെടി നിർത്തലടക്കം ഇസ്രയേൽ ഫോർമുല; ഹമാസ് അംഗീകരിക്കണമെന്ന് ജോ ബൈഡൻ
'എല്ലാ കണ്ണുകളും റഫയിലേക്ക്'; പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന ചിത്രത്തിന് പിന്നിൽ

Related Stories

No stories found.
logo
Reporter Live
www.reporterlive.com